This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍ത്താവ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കര്‍ത്താവ്‌

രചിക്കുക, നിര്‍വഹിക്കുക, ഉണ്ടാക്കുക എന്നൊക്കെ അര്‍ഥങ്ങളുള്ള കര്‍ത്തൃശബ്‌ദത്തില്‍നിന്നു നിഷ്‌പന്നമായ മലയാളനാമപദം. എല്ലാറ്റിനുമുപരിയായി നിന്നുകൊണ്ട്‌ എല്ലാറ്റിനെയും അതതിന്റെ വേലയില്‍ പ്രവര്‍ത്തിപ്പിച്ച്‌ സൃഷ്ടിസ്ഥിതിസംഹാരം നിര്‍വഹിക്കുന്ന ദൈവമെന്ന്‌ മതപരമായ അര്‍ഥം. ഉത്ഥാനം ചെയ്‌ത യേശുവിന്‌ അനുയായികള്‍ നല്‌കിയ നാമം എന്ന നിലയിലാണ്‌ "കര്‍ത്താവ്‌' എന്ന പദം ഇപ്പോള്‍ പ്രധാനമായും ഉപയോഗിച്ചുവരുന്നത്‌.

ഹീബ്രുഭാഷയിലുള്ള "യാഹ്‌വേ' (യഹോവാ) എന്ന പദത്തിന്റെ അര്‍ഥവുമായി ബന്ധപ്പെടുത്തിയാണ്‌ "കര്‍ത്താവ്‌' എന്ന നൂതന പദം രൂപംകൊണ്ടതും പ്രയോഗത്തില്‍ വന്നതും. ദൈവം മോശയ്‌ക്കു പ്രത്യക്ഷനായി സ്വയം "യാഹ്‌വേ'എന്നു പരിചയപ്പെടുത്തി. (പുറപ്പാട്‌ 3:1316). ദൈവത്തോടുള്ള ആദരവുമൂലം "യാഹ്‌വേ' എന്ന പേര്‌ യഹൂദര്‍ പിന്നീട്‌ ഉച്ചരിക്കാതെയായി; പകരം "കര്‍ത്താവ്‌' എന്ന അര്‍ഥമുള്ള "അദൊണായ്‌' എന്നു പറഞ്ഞുവന്നു. പഴയനിയമത്തിന്റെ പുരാതന ഗ്രീക്‌ പരിഭാഷയായ "സപ്‌തതി'യില്‍ ഇത്‌ "ക്യൂരിയോസ്‌' (kyrios)എന്നാണ്‌ തര്‍ജുമ ചെയ്‌തിരിക്കുന്നത്‌; "കര്‍ത്താവ്‌' എന്ന അര്‍ഥവും. ദൈവനാമമായ "കര്‍ത്താവ്‌' എന്ന പേര്‌ യേശുവിന്‌ നല്‌കുകവഴി ആദിമക്രസ്‌തവര്‍ അദ്ദേഹത്തിന്‌ ദൈവതുല്യം സ്ഥാനം നല്‌കിയിരുന്നു. ക്രിസ്‌തുവിനെ ആദിമക്രസ്‌തവര്‍ "ഒരു ദൈവമായി' പാടി സ്‌തുതിക്കുന്നു എന്ന്‌ റോമിലെ ട്രാജന്‍ ചക്രവര്‍ത്തിക്കുള്ള ഒരു കത്തില്‍ പ്ലിനി രണ്ടാമന്‍ എഴുതിയിട്ടുണ്ട്‌. (ലുശ 10:69).

എ.ഡി. ഒന്നാം ശ.ത്തിന്റെ പൂര്‍വാര്‍ധത്തില്‍ ക്രസ്‌തവര്‍ "കര്‍ത്താവ്‌' എന്ന പേരു നല്‌കി യേശുവിനെ പ്രത്യേകം ബഹുമാനിച്ചു തുടങ്ങി എന്ന്‌ ബൈബിള്‍ പുതിയനിയമത്തില്‍ പരാമര്‍ശങ്ങളുണ്ട്‌. യേശുക്രിസ്‌തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിലൊരാളായ സെന്റ്‌ തോമസ്‌ ഉത്ഥിതനായ യേശു തനിക്കു പലസ്‌തീനില്‍ വച്ചു പ്രത്യക്ഷനായപ്പോള്‍ "എന്റെ കര്‍ത്താവേ, എന്റെ ദൈവമേ' എന്നുദ്‌ഘോഷിച്ചുകൊണ്ട്‌ അവിടത്തെ സ്വീകരിച്ച സംഭവം യോഹന്നാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. (യോഹ. 20: 2429). "യേശു കര്‍ത്താവാകുന്നു' എന്ന്‌ ഏറ്റുപറയുന്നത്‌ രക്ഷാകരമായ വിശ്വാസപ്രഖ്യാപനമാണെന്നും', "അതിന്‌ ദൈവാത്‌മാവിന്റെ വരം ആവശ്യമാണെന്നും', "ജീവിതത്തിലും മരണത്തിലും നാം കര്‍ത്താവിന്റേതാകുന്നു' എന്നും സെയ്‌ന്റ്‌പോള്‍ അസന്ദിഗ്‌ധമായി പഠിപ്പിച്ചിട്ടുണ്ട്‌. (റോമ. 10: 9; 14: 78; കൊരി. 12: 3; മത്താ. 10: 32). ഭൗതികജീവിതകാലത്തും ക്രിസ്‌തു പലപ്പോഴും "കര്‍ത്താവ്‌' എന്ന്‌ അഭിസംബോധന ചെയ്യപ്പെട്ടിട്ടുണ്ട്‌. (മത്താ. 14: 28; മര്‍ക്കൊ. 7: 28; ലൂക്കൊ. 10: 40; യോഹ. 4: 11) മരണത്തെ അതിജീവിച്ചു സ്വര്‍ഗത്തിലേക്കുയര്‍ന്ന്‌ എല്ലാറ്റിന്റെയും അധിപതി എന്ന നിലയില്‍ ദൈവത്തിന്റെ വലതുഭാഗത്ത്‌ ഉപവിഷ്ടനായപ്പോഴാണ്‌, യേശു പൂര്‍ണമായും "കര്‍ത്താവ്‌' ആകുന്നത്‌. "കര്‍ത്താവായ യേശു സ്വര്‍ഗത്തിലേക്കെടുക്കപ്പെട്ടു. അവിടന്ന്‌ ദൈവത്തിന്റെ വലതുഭാഗത്ത്‌ ഉപവിഷ്ടനായി' (മര്‍ക്കൊ. 16: 19; ഹെബ്രാ. 1: 3 - 4; 4: 14). യേശുവിന്‍െറ ഈ മഹത്വീകരണത്തെ "സ്വര്‍ഗാരോഹണം' എന്നു ക്രസ്‌തവര്‍ വിശേഷിപ്പിക്കുന്നു. സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും തനിക്കുണ്ടെന്ന്‌ (താന്‍ കര്‍ത്താവാണെന്ന്‌) ഉത്ഥിതനായ ക്രിസ്‌തുനാഥന്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്‌. (മത്താ. 28: 18; 11: 27; 7: 29; 9: 18).

യേശുവിന്റെ കുരിശിലെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും മഹത്വീകരണത്തിന്റെയും സ്‌മരണ നിലനിര്‍ത്തിക്കൊണ്ടുള്ള അവിടത്തെ അന്ത്യതിരുവത്താഴബലിയുടെ (മത്താ. 26: 26-28) ആവര്‍ത്തന(eucharistic service)ത്തെ "കര്‍ത്താവിന്റെ അത്താഴം' (The Lord's Supper) എന്ന്‌ വിളിക്കാറുണ്ട്‌. ഈ ബലി സമര്‍പ്പണത്തിനായിക്രസ്‌തവര്‍ ഒരുമിച്ചു സമ്മേളിക്കുന്ന ദിവസമായ ഞായറാഴ്‌ചയേശു ഉത്ഥാനം ചെയ്‌ത ദിവസം കര്‍ത്താവേശുവിന്‌ പ്രത്യേകം സമര്‍പ്പിക്കപ്പെട്ട ദിവസമായിത്തീര്‍ന്നു. (The Lord's day: ശ്ലീഘ, 1: 10). യേശു തന്റെ ശിഷ്യന്‌മാരെ പഠിപ്പിച്ച "സ്വര്‍ഗസ്ഥനായ പിതാവേ' എന്നാരംഭിക്കുന്ന പ്രാര്‍ഥനയ്‌ക്കു "കര്‍ത്തൃപ്രാര്‍ഥന' എന്നും പേരുണ്ട്‌.

മഹാഭാരതാന്തര്‍ഗതമായ വിഷ്‌ണുസഹസ്രനാമത്തില്‍ ജഗത്തെല്ലാം ആരുടെ കര്‍മമാണോ, ആ കര്‍മത്തിന്റെ നിര്‍വാഹകന്‍ സര്‍വതന്ത്രസ്വതന്ത്രനായ സ്രഷ്ടാവ്‌ എന്നെല്ലാമുള്ള അര്‍ഥങ്ങളില്‍ കര്‍ത്തൃശബ്‌ദം പ്രയോഗിച്ചിട്ടുണ്ട്‌. ("ക്രാധഹാക്രാധകൃത്‌ കര്‍ത്താ' 47; "കരണം, കാരണം, കര്‍ത്താ' 54). ഇതിഹാസപുരാണാദികളില്‍ ബ്രഹ്മാവിഷ്‌ണുമഹേശ്വരന്‌മാരെ കുറിക്കുന്നതിനും ഈ ശബ്‌ദം ഉപയോഗിച്ചുകാണുന്നു.

പ്രാചീന മലയാള സാഹിത്യത്തില്‍ ഈശ്വരനെ സ്രഷ്ടാവായി വിശേഷിപ്പിക്കുന്നിടങ്ങളില്‍ കര്‍ത്തൃശബ്‌ദം പ്രയുക്തമായിട്ടുണ്ട്‌. ഉദാ. "എന്റും കേടിന്റിയേ ഇരിക്കിന്റെ കര്‍ത്താവുമിവനേ' (ദൂതവാക്യം ഗദ്യം) "സര്‍വലോകത്തിനും കര്‍ത്താ ഭവാനല്ലോ' (അധ്യാത്മരാമായണം).

വ്യാകരണത്തില്‍ ക്രിയാവ്യാപാരത്തിന്‌ ആശ്രയമായ കാരകത്തിന്‌ കര്‍ത്താവെന്നാണ്‌ പേര്‌. ഇത്‌ പ്രയോജ്യകര്‍ത്താവെന്നും പ്രയോജക കര്‍ത്താവെന്നും രണ്ടുവിധത്തിലുണ്ടെന്ന്‌ കേരളപാണിനീയത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. വ്യവഹാര ഭാഷയില്‍ പ്രഭു, ഇടപ്രഭു, അവകാശി, ജനയിതാവ്‌, പുരോഹിതന്‍ എന്നീ അര്‍ഥങ്ങളിലും "കര്‍ത്താവ്‌' എന്ന പദം പ്രയോഗിച്ചുവരുന്നു. കേരളത്തിലെ നായര്‍സമുദായത്തിലെ പ്രാമാണികന്‌മാരുടെ ഒരു വിഭാഗവും "കര്‍ത്താവ്‌' എന്ന പേരില്‍ അറിയപ്പെടുന്നു. മൂവായിരം നായര്‍ക്ക്‌ ഉടമസ്ഥനെയാണ്‌ കര്‍ത്താവെന്നോ, കയ്‌മള്‍ എന്നോ മുമ്പൊക്കെ പറഞ്ഞുവന്നിരുന്നത്‌ (ശക്തന്‍ തമ്പുരാന്‍). "കര്‍ത്താവില്‍ നിദ്ര പ്രാപിക്കുക' (മരിക്കുക) എന്നൊരു ശൈലിയും പ്രചാരത്തിലുണ്ട്‌

(ഫാ. ഡോ. ജെ. വലിയമംഗലം; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍