This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍ത്താര്‍ സിങ്‌, ഗ്യാനി (1902 - 74)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കര്‍ത്താര്‍ സിങ്‌, ഗ്യാനി (1902 - 74)

പഞ്ചാബിലെ അകാലിദള്‍ നേതാവ്‌. ലാല്‍പൂര്‍ ജില്ലയിലെ ഒരു ജാഠ്‌സിക്ക്‌ കര്‍ഷകകുടുംബത്തില്‍ സര്‍ദാര്‍ ഭഗത്‌സിങ്ങിന്റെയും ജിയോയുടെയും പുത്രനായി 1901ല്‍ ജനിച്ചു. ബാല്യകാല വിവാഹം ഒരാചാരമായിരുന്ന അക്കാലത്ത്‌ ഇദ്ദേഹം ഭഗത്‌സിങ്ങിന്റെ പുത്രി ഹര്‍ണാം കൗറിനെ, ചെറുപ്പത്തില്‍ത്തന്നെ വിവാഹം ചെയ്‌തു. ഖാല്‍സ ഹൈസ്‌കൂളില്‍ നിന്ന്‌ 1927ല്‍ മെട്രിക്കുലേഷന്‍ പാസ്സായി. തുടര്‍ന്ന്‌ അമൃതസരസ്സിലെ ഖാല്‍സ കോളജില്‍ ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. മാസ്റ്റര്‍ താരാസിങ്ങിന്റെയും സുന്ദര്‍സിങ്ങിന്റെയും സ്വാധീനവലയത്തിലായ ഇദ്ദേഹം ഒരു സിക്കുമത പരിഷ്‌കരണവാദിയായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. രണ്ടുവര്‍ഷത്തോളം അകാലിദളാധ്യക്ഷ സ്ഥാനം വഹിച്ചിരുന്ന കര്‍ത്താര്‍ സിങ്‌ ശിരോമണി അകാലിദളിന്റെ കാര്യദര്‍ശിയായും ശിരോമണി ഗുരുദ്വാര പ്രബന്ധക്‌ കമ്മിറ്റിയംഗമായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. സൈമണ്‍കമ്മിഷനെ ബഹിഷ്‌കരിക്കുന്ന സംരംഭത്തിലും കമ്യൂണല്‍ അവാര്‍ഡ്‌ നടപ്പാക്കുന്നതിനെതിരായ സമരത്തിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. വിവിധ കര്‍ഷക സംഘടനകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരുന്ന ഇദ്ദേഹം 1937ല്‍ പഞ്ചാബ്‌ നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. സാമുദായികവാദത്തിന്റെ വക്താവായി മാറിയ ഇദ്ദേഹം 1941ല്‍ കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞു. ഇന്ത്യാപാകിസ്‌താന്‍ വിഭജനം യാഥാര്‍ഥ്യമാവുകയാണെങ്കില്‍ അതോടൊപ്പം ഒരു സ്വതന്ത്ര സിക്ക്‌ രാഷ്‌ട്രവും രൂപീകരിക്കണം എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യം. പഞ്ചാബിലെ പൊതുജീവിതത്തില്‍ ഇദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക്‌ ഇപ്പോഴും വലിയ സ്ഥാനമുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍