This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍ണാല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കര്‍ണാല്‍

ഹരിയാനയിലെ ഒരു ജില്ലയും തലസ്ഥാന നഗരവും. സംസ്ഥാനത്തിന്റെ കിഴക്കരുകില്‍ ഉത്തര്‍പ്രദേശിനോട്‌ ചേര്‍ന്നുകിടക്കുന്ന കര്‍ണ്ണാല്‍ ജില്ല പുരാണപ്രസിദ്ധമാണ്‌. ഈ പ്രദേശത്തുള്ള നദികളും മലകളും പ്രാചീനജനപദങ്ങളുമെല്ലാം മഹാഭാരതത്തില്‍ പരാമൃഷ്ടമായിട്ടുണ്ട്‌. കുന്തീപുത്രനായ കര്‍ണന്റെ നാമധേയത്തില്‍ നിന്നാണ്‌ കര്‍ണാല്‍ എന്ന സ്ഥലനാമം നിഷ്‌പന്നമായിട്ടുള്ളതെന്നു കരുതപ്പെടുന്നു. മഹാഭാരതത്തില്‍ പ്രതിപാദിച്ചിട്ടുള്ള കുരുക്ഷേത്രത്തിന്റെ ഭാഗങ്ങളുള്‍ക്കൊള്ളുന്ന, കര്‍ണാല്‍ ജില്ലയിലെ പല പ്രദേശങ്ങളുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങള്‍ പ്രചാരത്തിലുണ്ട്‌. നഗരം. കര്‍ണന്‍ സ്ഥാപിച്ചുവെന്ന്‌ വിശ്വസിക്കപ്പെടുന്ന കര്‍ണാല്‍ പട്ടണം പശ്ചിമയമുനാകനാലിന്റെ കിഴക്കേ തീരത്ത്‌ സംസ്ഥാനതലസ്ഥാനമായ ചണ്ഡീഗഢിന്‌ 120 കി.മീ. തെക്കായി സ്ഥിതിചെയ്യുന്നു. ഗ്രാന്റ്‌ ട്രങ്ക്‌ റോഡില്‍ ഡല്‍ഹിക്ക്‌ 117 കി.മീ. വടക്കായുള്ള ഈ നഗരം ഡല്‍ഹിഅമൃത്‌സര്‍ റെയില്‍പ്പാതയിലുള്ള ഒരു പ്രമുഖ സ്റ്റേഷന്‍കൂടിയാണ്‌. കാര്‍ഷികപ്രധാനമായ ഈ ജില്ലയില്‍ ഉത്‌പാദിപ്പിക്കുന്ന ധാന്യങ്ങള്‍ പരുത്തി, കറിയുപ്പ്‌, ലോഹങ്ങള്‍ എന്നീ ചരക്കുകളുടെ വിപണനകേന്ദ്രമാണ്‌ കര്‍ണാല്‍. മുഖ്യവ്യവസായങ്ങള്‍ സസ്യഎണ്ണ, കറിയുപ്പ്‌, മദ്യം, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ ഉത്‌പാദനമാണ്‌. ജനസംഖ്യ: 1,73,751 (1991).

1843ല്‍ ബ്രിട്ടീഷ്‌ അധീനത്തിലായ കര്‍ണാല്‍ പട്ടണത്തില്‍ 1867ല്‍ ഒരു മുനിസിപ്പാലിറ്റി സ്ഥാപിതമായി. 12-ാം ശ.ത്തില്‍ ബൂആലി കലണ്ടറുടെ സ്‌മരണയ്‌ക്കായി ഘിയാസ്‌ ഉദ്‌ദിന്‍ പണിയിച്ച മാര്‍ബിള്‍ ശവകുടീരം നഗരത്തിലെ ചരിത്രപ്രാധാന്യമുള്ള ഒരാകര്‍ഷണകേന്ദ്രമാണ്‌. സ്വാതന്ത്യ്രപ്രാപ്‌തിക്കുശേഷം ആസൂത്രിത പദ്ധതികളനുസരിച്ച്‌ കര്‍ണാലിനെ സമൂലം പരിഷ്‌കരിച്ചാണ്‌ പുതിയ നഗരം പണിതുയര്‍ത്തിയത്‌.

ജില്ല. കിഴക്ക്‌ ഉത്തര്‍പ്രദേശിനോട്‌ ചേര്‍ന്നു കിടക്കുന്ന കര്‍ണാലിന്റെ അയല്‍ജില്ലകള്‍ വടക്ക്‌ കുരുക്ഷേത്ര, യമുനാനഗര്‍ ജില്ലകള്‍, പടിഞ്ഞാറ്‌ ജിന്‍ഡ്‌ (Jind) കൈതാല്‍ (Kaithal) ജില്ലകള്‍, തെക്ക്‌ പാനിപ്പട്ട്‌ എന്നിവയാണ്‌. ഗംഗാനദിയുടെ പശ്ചിമതീരത്തുള്ള ഫലഭൂയിഷ്‌ഠമായ എക്കല്‍തടത്തിലാണ്‌ കര്‍ണാല്‍ ജില്ല വ്യാപിച്ചുകിടക്കുന്നത്‌. വിസ്‌തൃതി: 2520 ച.കി.മീ. ജില്ലയുടെ മധ്യത്തിലൂടെ തെക്കുവടക്ക്‌ എഴുന്നു കാണുന്ന ഭൂപ്രദേശം ഗംഗയമുനാനദികള്‍ക്കിടയ്‌ക്കുള്ള ജലവിഭാജക(water shed)ത്തിന്റെ ഭാഗമാണ്‌. ജില്ലയുടെ ഭൂരിഭാഗവും കൃഷിയിടങ്ങളാണ്‌. ഇവയില്‍ പകുതിയിലേറെ വരുന്ന ഭാഗങ്ങളില്‍ കനാലുകളും ഭൂഗര്‍ഭജലവും ഉപയോഗിച്ചുള്ള ജലസേചനസൗകര്യം ഉണ്ട്‌. ജില്ലയിലെ മുഖ്യ കാര്‍ഷിക വിളകള്‍ ഗോതമ്പ്‌, കരിമ്പ്‌, പരുത്തി, മില്ലറ്റ്‌, ചോളം, ബാര്‍ലി, മുതിര എന്നിവയാണ്‌. ഹരിയാനയിലെ അഞ്ച്‌ യാത്രാവിമാനത്താവളങ്ങളിലൊന്ന്‌ കര്‍ണാലിലാണ്‌. ജില്ലയിലെ ജനസംഖ്യ: 12,74,183 (1991).

രജപുത്രരില്‍ നിന്ന്‌ മുഗള്‍ഭരണത്തിന്‍കീഴിലായ ഈ മേഖലയില്‍ വച്ച്‌ 1739 ഫെ. 24നു നാദിര്‍ഷായും മുഹമ്മദ്‌ഷായും തമ്മിലുണ്ടായ ഏറ്റുമുട്ടലാണ്‌ "കര്‍ണാല്‍ യുദ്ധം' എന്ന പേരിലറിയപ്പെടുന്നത്‌. കാന്ദഹാറില്‍ നിന്ന്‌ കാബൂള്‍ വഴി കര്‍ണാലില്‍ എത്തിയ നാദിര്‍ഷായുടെ അരലക്ഷം അംഗസംഖ്യയുണ്ടായിരുന്ന സേനയെ പതിനായിരം പേര്‍ മാത്രമുള്‍ക്കൊണ്ടിരുന്ന മുഗള്‍സേന ചെറുത്തെങ്കിലും ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്‌. കര്‍ണാല്‍ യുദ്ധാനന്തരം ഡല്‍ഹിയിലെത്തിയ നാദിര്‍ഷാ മാ. 11നു അവിടെ കൂട്ടക്കൊല നടത്തിയശേഷം മയൂരസിംഹാസനമുള്‍പ്പെടെ പല അമൂല്യവസ്‌തുക്കളും കൊള്ളചെയ്‌ത്‌ മേയ്‌ 5നു മടങ്ങിപ്പോയി.

18-ാം ശ.ത്തിന്റെ ഉത്തരാര്‍ധത്തില്‍ ഇവിടേക്കു കടന്നുകയറിയ സിക്കുകാര്‍ 1767ല്‍ കര്‍ണാലിനു 22 കി.മീ. വടക്കായുള്ള കയ്‌താല്‍ കോട്ട കൈവശപ്പെടുത്തി. 1843ല്‍ ഇവിടം ബ്രിട്ടീഷ്‌ ഇന്ത്യയോടു ചേര്‍ക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍