This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍ണാഡ്‌, ഗിരീഷ്‌ (1938 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കര്‍ണാഡ്‌, ഗിരീഷ്‌ (1938 - )

ഗിരീഷ്‌ കര്‍ണാഡ്‌

ജ്ഞാനപീഠം നേടിയ കന്നഡ നാടകകൃത്തും ചലച്ചിത്രനടനും സംവിധായകനും. 1938 മേയ്‌ 19നു മഹാരാഷ്‌ട്രയിലെ മാതേരനില്‍ ജനിച്ചു. ഗിരീഷ്‌ രഘുനാഥ്‌ കര്‍ണാഡ്‌ എന്നാണ്‌ പൂര്‍ണനാമം. കര്‍ണാടകസര്‍വകലാശാലയില്‍ നിന്നും ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയില്‍ നിന്നും ബിരുദങ്ങള്‍ കരസ്ഥമാക്കിയ കര്‍ണാഡ്‌ 1963ല്‍ ചെന്നൈയിലെ ഓക്‌സ്‌ഫഡ്‌ യൂണിവേഴ്‌സിറ്റി പ്രസ്സിന്റെ അസിസ്റ്റന്റ്‌ മാനേജരായും 1969ല്‍ മാനേജരായും നിയമിക്കപ്പെട്ടു. 1970ല്‍ ഇദ്ദേഹത്തിന്‌ചലച്ചിത്രരംഗത്ത്‌ പ്രവര്‍ത്തിക്കുന്നതിനായുള്ള ഹോമി ഭാഭാ ഫെലോഷിപ്പ്‌ ലഭിച്ചു. 1973-75 കാലഘട്ടത്തില്‍ ഇദ്ദേഹം പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേലധികാരിയായി സേവനം അനുഷ്‌ഠിച്ചു. കര്‍ണാടക നാടക അക്കാദമി പ്രസിഡന്റ്‌, കേന്ദ്ര സംഗീതനാടക അക്കാദമി ചെയര്‍മാന്‍, കര്‍ണാടക സര്‍വകലാശാലയിലെ ഡയറക്ടര്‍ ഒഫ്‌ ലെറ്റേഴ്‌സ്‌ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്‌.

നാടകരംഗത്ത്‌ ചരിത്രവും ഐതിഹ്യവും ഇടകലര്‍ത്തി ആധുനികവും സമകാലികവുമായ പ്രശ്‌നങ്ങളെ അവതരിപ്പിക്കുന്ന രീതിയാണ്‌ ഇദ്ദേഹം അവലംബിച്ചത്‌. യയാതി (1961), തുഗ്ലക്ക്‌ (1964), ഹയവദന (1971), അഞ്ചുമല്ലിഗെ (1977), ഹിത്തിന ഹുഞ്‌ജ (1980), നാഗമണ്ഡല (1988), തലെദണ്ഡ (1990), അഗ്നി മാട്ടു മളെ (1995), ടിപ്പുവിന കനവുഗളു (2000) എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രധാന നാടകങ്ങള്‍. തന്റെ ഏതാനും നാടകങ്ങള്‍ ഇദ്ദേഹം തന്നെ ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. തുഗ്ലക്ക്‌, ഹയവദന, ടിപ്പുവിന കനവുഗളു തുടങ്ങിയവ ഉദാഹരണങ്ങളാണ്‌. ഏകാങ്ക സംഗ്രഹ എന്നൊരു ഏകാങ്കനാടക സമാഹാരവും ഇദ്ദേഹത്തിന്റേതായുണ്ട്‌. കാകനകോടെ (1967), ഹരിജന്‍വര (1967), കാസ്‌റ്റ്‌ കോണ്‍ഫ്‌ളിക്‌റ്റ്‌ ഇന്‍ കന്നഡ സിനിമ (1980), സ്വാമി ആന്‍ഡ്‌ ഫ്രന്‍ഡ്‌സ്‌ (1986-87), കള്‍ച്ചര്‍ (1987), ഇന്‍ സെര്‍ച്ച്‌ ഒഫ്‌ എ ന്യൂ തിയെറ്റര്‍ (1988), തിയെറ്റര്‍ ഇന്‍ ഇന്ത്യ (1997), ദി ആര്‍ട്‌സ്‌ ആന്‍ഡ്‌ സോഷ്യല്‍ ചെയ്‌ഞ്ച്‌ ഇന്‍ ഇന്ത്യ (1998) തുടങ്ങി കന്നഡയിലും ഇംഗ്ലീഷിലുമായി നിരവധി പ്രബന്ധങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌.

ചലച്ചിത്രരംഗത്തും കര്‍ണാട്‌ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. അഭിനയം, തിരക്കഥാരചന, സംവിധാനം എന്നീ രംഗങ്ങളിലെല്ലാം ഇദ്ദേഹം വിജയപൂര്‍വം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഇദ്ദേഹം സംവിധാനം ചെയ്‌തിട്ടുള്ള പ്രശസ്‌ത ചിത്രങ്ങളാണ്‌ വംശവൃക്ഷ, കാട്‌ തുടങ്ങിയവ. സംസ്‌കാര, അങ്കുര്‍, നിഷാന്ത്‌ എന്നീ ചിത്രങ്ങളില്‍ ഇദ്ദേഹം നായകനായി അഭിനയിച്ചിട്ടുമുണ്ട്‌. ചലച്ചിത്രരംഗത്തും നാടകരംഗത്തും ഉള്ള കര്‍ണാഡിന്റെ മികച്ച സംഭാവനകള്‍ക്ക്‌ വിവിധ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്‌. 1961ലും 71ലും നല്ല നാടകത്തിനുള്ള മൈസൂര്‍ സ്റ്റേറ്റ്‌ അവാര്‍ഡ്‌, 1969ലെ കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ്‌, 1971ലെ ഭാരതീയ നാട്യസംഘത്തിന്റെ കമലാദേവി അവാര്‍ഡ്‌ എന്നിവ ഇക്കൂട്ടത്തില്‍ പ്രധാനങ്ങളാണ്‌. 1961ലെ നല്ല നാടകത്തിനുള്ള മൈസൂര്‍ സ്റ്റേറ്റ്‌ അവാര്‍ഡ്‌ യയാതിക്കാണ്‌ ലഭിച്ചത്‌.

കര്‍ണാഡ്‌ സംഭാഷണമെഴുതുകയും നായകനായി അഭിനയിക്കുകയും ചെയ്‌ത സംസ്‌കാര 1970ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡിനര്‍ഹമായി. ഇദ്ദേഹം സംവിധാനം ചെയ്‌ത വംശവൃക്ഷ 1971ലെ മികച്ച ചിത്രത്തിനുള്ള ദേശീയ ബഹുമതിയും ഫിലിം ഫോറത്തിന്റെ ഫാല്‍ക്കേ അവാര്‍ഡും കരസ്ഥമാക്കി. 1973ല്‍ ഇദ്ദേഹം സംവിധാനം ചെയ്‌ത കാട്‌ എന്ന ചിത്രത്തിന്‌ മികച്ച ചിത്രത്തിനുള്ള രണ്ടാം സ്ഥാനം ലഭിച്ചു. 1976ല്‍ ഇദ്ദേഹം കാരന്തിനോടൊപ്പം മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ നേടി. 1978 ലെ മികച്ച കന്നഡചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്‌ കര്‍ണാഡിന്റെ "ഒന്താനൊന്തു കാലദല്ലി' എന്ന ചിത്രത്തിന്‌ ലഭിച്ചു. പദ്‌മശ്രീ (1974), പദ്‌മഭൂഷണ്‍ (1992), ജ്ഞാനപീഠം (1998), കാളിദാസ്‌ സമ്മാന്‍ (1999) എന്നീ ബഹുമതികളും ഇദ്ദേഹത്തിന്‌ ലഭിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍