This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍ണാട്ടിക്‌ യുദ്ധങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കര്‍ണാട്ടിക്‌ യുദ്ധങ്ങള്‍

Carnatic Wars

18-ാം ശ.ത്തില്‍ കര്‍ണാട്ടിക്‌ സമതലത്തില്‍ വച്ച്‌ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മില്‍ നടത്തിയ മൂന്നു യുദ്ധങ്ങള്‍. ദക്ഷിണേന്ത്യയില്‍ പൂര്‍വപര്‍വതനിരകള്‍ക്കും കോരമണ്ഡലം (കോറമണ്ടലം) തീരത്തിനും ഇടയ്‌ക്കുള്ള സമതലപ്രദേശങ്ങളെ അന്ന്‌ പാശ്ചാത്യര്‍ കര്‍ണാട്ടിക്‌ എന്ന പദം കൊണ്ടാണ്‌ വിശേഷിപ്പിച്ചിരുന്നത്‌. വാണിജ്യാവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ എത്തിച്ചേര്‍ന്ന ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ഈ പ്രദേശത്ത്‌ അധികാരം സ്ഥാപിക്കുന്നതിനു നടത്തിയ സായുധസംഘട്ടനങ്ങളാണ്‌ കര്‍ണാട്ടിക്‌ യുദ്ധങ്ങള്‍ എന്നറിയപ്പെടുന്നത്‌.

ഡ്യൂപ്ലേ

ഒന്നാം കര്‍ണാട്ടിക്‌ യുദ്ധം (1746-48). ആസ്‌റ്റ്രിയന്‍ പിന്തുടര്‍ച്ചാവകാശയുദ്ധ(1740-48)ത്തോടനുബന്ധിച്ച്‌ ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാകമ്പനിയും ഫ്രഞ്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയും തമ്മില്‍ കര്‍ണാട്ടിക്കില്‍ വച്ചു നടത്തിയ ആദ്യത്തെ യുദ്ധം. യുദ്ധാരംഭത്തില്‍ തന്നെ ഫ്രഞ്ച്‌സൈന്യം ബ്രിട്ടീഷുകാരുടെ പ്രധാന സങ്കേതമായിരുന്ന മദ്രാസ്‌ പിടിച്ചടക്കി (1746). നിസ്സഹായരായ ബ്രിട്ടീഷുകാര്‍ മേല്‍ക്കോയ്‌മ സ്ഥാനം വഹിച്ചിരുന്ന കര്‍ണാട്ടിക്‌ നവാബായ അന്‍വറുദ്ദീനോട്‌ ഫ്രഞ്ചുകാര്‍ക്കെതിരെ പരാതിപ്പെട്ടു. ഫ്രഞ്ച്‌കാരെ മദ്രാസില്‍ നിന്നു തുരത്തുന്നതിനും അവരെ ശിക്ഷിക്കുന്നതിനുമായി നവാബ്‌ അയച്ച സൈന്യത്തെ അഡയാറില്‍ വച്ച്‌ ഫ്രഞ്ച്‌ സേന പരാജയപ്പെടുത്തി. മദ്രാസ്‌ തിരിച്ചു പിടിക്കുന്നതിനും ബ്രിട്ടീഷുകാര്‍ക്ക്‌ കഴിഞ്ഞില്ല. ഫ്രഞ്ചുകാരുടെ പ്രധാന സങ്കേതമായിരുന്ന പോണ്ടിച്ചേരി ആക്രമിക്കാന്‍ ചെന്ന ബ്രിട്ടീഷുപടയ്‌ക്കും വമ്പിച്ച പരാജയമാണുണ്ടായത്‌. ആസ്‌റ്റ്രിയന്‍ പിന്തുടര്‍ച്ചാവകാശയുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള എയ്‌ലാഷാപ്പല്‍ ഉടമ്പടി കര്‍ണാട്ടിക്കില്‍ യുദ്ധത്തിലേര്‍പ്പെട്ടിരുന്ന ഫ്രഞ്ച്‌ഇംഗ്ലീഷ്‌ കമ്പനികളെയും ഒത്തുതീര്‍പ്പിലെത്തിച്ചു. ഈ കരാര്‍ അനുസരിച്ച്‌ രണ്ടു കമ്പനികളും പിടിച്ചെടുത്തിരുന്ന പ്രദേശങ്ങള്‍ പരസ്‌പരം കൈമാറി.

വിദേശശക്തികളുടെ കടന്നുകയറ്റങ്ങളെ ശരിയായി മനസ്സിലാക്കാനോ ഒറ്റക്കെട്ടായി നിന്ന്‌ അവരെ നേരിടാനോ കര്‍ണാട്ടിക്കിലെ ഭരണകര്‍ത്താക്കള്‍ക്കു കഴിഞ്ഞില്ല. ഇന്ത്യന്‍ ഭരണാധികാരികളുടെ പരസ്‌പരവൈരം മുതലെടുക്കുകയാണ്‌ സാമ്രാജ്യസ്ഥാപനത്തിന്‌ ഏറ്റവും പറ്റിയ മാര്‍ഗം എന്നു ഫ്രഞ്ച്‌ നേതാവായ ഡ്യൂപ്ലേയ്‌ക്ക്‌ ഒന്നാം കര്‍ണാട്ടിക്‌ യുദ്ധത്തോടെ മനസ്സിലായി. ഈ മാര്‍ഗം രണ്ടാം കര്‍ണാട്ടിക്‌ യുദ്ധത്തില്‍ പ്രയോഗിക്കപ്പെടുകയും ചെയ്‌തു.

റോബര്‍ട്ട്‌ ക്ലൈവ്‌

രണ്ടാം കര്‍ണാട്ടിക്‌ യുദ്ധം (1749-54). മുഗള്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ച ദക്ഷിണേന്ത്യയിലും പ്രത്യാഘാതങ്ങള്‍ ഉളവാക്കി: ഡക്കാണ്‍ സുബേദാര്‍ നിസാംമുല്‍മുല്‍ക്കും അദ്ദേഹത്തിന്റെ കീഴിലുള്ള പ്രാദേശികാധികാരികളും സ്വതന്ത്രരായിത്തീര്‍ന്നു. നിസാമിന്‌ നാമമാത്രമായ അധികാരമേ കര്‍ണാട്ടിക്‌ നവാബിന്റെ മേല്‍ ഉണ്ടായിരുന്നുള്ളു. ഹൈദരാബാദ്‌ ആസ്ഥാനമാക്കിയിരുന്ന നിസാം ആസഫ്‌ജാ 1748ല്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ദ്വിതീയ പുത്രന്‍ നാസിര്‍ജങ്ങും പൗത്രന്‍ മുസഫര്‍ജങ്ങും സിംഹാസനത്തിനുവേണ്ടി അവകാശവാദങ്ങള്‍ ഉന്നയിച്ചു. ഇതേ സമയം കര്‍ണാട്ടിക്‌ നവാബായ അന്‍വറുദ്ദീനെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചെടുക്കുന്നതിന്‌ ചന്ദാസാഹിബും മുന്നോട്ടുവന്നു. ബ്രിട്ടീഷുകാരെ നശിപ്പിച്ച്‌ ഡക്കാണില്‍ ഫ്രഞ്ച്‌ആധിപത്യം സ്ഥാപിക്കുന്നതിനു കര്‍ണാട്ടിക്കിലെയും ഹൈദരാബാദിലെയും രാഷ്‌ട്രീയ കാര്യങ്ങളില്‍ സജീവമായി ഇടപെടേണ്ടത്‌ ആവശ്യമാണെന്ന്‌ മനസ്സിലാക്കിയ ഡ്യൂപ്ലേ നാസിര്‍ജങ്ങിനെതിരെ മുസഫര്‍ജങ്ങിനും അന്‍വറുദ്ദീനെതിരെ ചന്ദാസാഹിബിനും പിന്തുണ നല്‌കി. നാസിര്‍ ജങ്ങിനെയും അന്‍വറുദ്ദീനെയും സഹായിക്കുന്നതിന്‌ ബ്രിട്ടീഷുകാരും തീരുമാനിച്ചത്‌ രണ്ടാം കര്‍ണാട്ടിക്‌ യുദ്ധത്തിനു വഴിയൊരുക്കി.

ചന്ദാസാഹിബിന്റെ സൈന്യം അംബുര്‍ യുദ്ധത്തില്‍ വച്ച്‌ അന്‍വറുദ്ദീനെ പരാജയപ്പെടുത്തി വധിച്ചു. അന്‍വറുദ്ദീന്റെ പുത്രന്‍ മുഹമ്മദലി തിരുച്ചിറപ്പള്ളിക്കോട്ടയില്‍ അഭയം തേടി. ചന്ദാസാഹിബും ഫ്രഞ്ച്‌ സൈന്യവും മുഹമ്മദലിയെ പിന്തുടര്‍ന്ന്‌ തിരുച്ചിറപ്പള്ളിക്കോട്ട വളഞ്ഞു. ഇതേ സമയം തന്നെ ഹൈദരാബാദില്‍ നാസിര്‍ജങ്‌ വധിക്കപ്പെടുകയും ഫ്രഞ്ച്‌ സഹായത്തോടെ മുസഫര്‍ജങ്‌ ഡക്കാണ്‍ സുബേദാറും നിസാമുമായി അവരോധിക്കപ്പെടുകയും ചെയ്‌തു. അങ്ങനെ നിസാമിനെയും നവാബിനെയും തങ്ങളുടെ വരുതിയില്‍ കൊണ്ടു വരുന്നതിന്‌ ഡ്യൂപ്ലേക്കു കഴിഞ്ഞു. ഡക്കാണിലെ വൈസ്‌റോയ്‌ എന്ന പദവിയും അധികാരവും നല്‌കി നിസാം ഡ്യൂപ്ലേയെ ബഹുമാനിച്ചു. ജനറല്‍ ബുസ്സിയുടെ നേതൃത്വത്തില്‍ ഒരു ഫ്രഞ്ച്‌ സൈന്യം ഹൈദരാബാദില്‍ എത്തിയതോടെ ദക്ഷിണേന്ത്യയില്‍ ഫ്രഞ്ച്‌ കമ്പനിയുടെ സ്വാധീനം ശക്തമായി.

പക്ഷേ തുടര്‍ന്നുണ്ടായത്‌ നാടകീയമായ സംഭവവികാസങ്ങളാണ്‌. തിരുച്ചിറപ്പള്ളിക്കോട്ടയില്‍ അഭയം തേടിയിരുന്ന മുഹമ്മദലിക്ക്‌ സഹായം നല്‌കുവാന്‍ ബ്രിട്ടീഷുകാര്‍ തയ്യാറായി. റോബര്‍ട്ട്‌ ക്ലൈവിന്റെ നേതൃത്വത്തില്‍ ഒരു ബ്രിട്ടീഷ്‌ സൈന്യം ചന്ദാസാഹിബിന്റെ തലസ്ഥാനമായ ആര്‍ക്കാട്ട്‌ നഗരം പെട്ടെന്ന്‌ ആക്രമിച്ചു. ചന്ദാസാഹിബിന്റെ ശ്രദ്ധ തിരുച്ചിറപ്പള്ളിയില്‍ നിന്നു തിരിച്ചുവിടുകയായിരുന്നു ബ്രിട്ടീഷുകാരുടെ ഉദ്ദേശ്യം. ക്ലൈവ്‌ ഉദ്ദേശിച്ചിരുന്നതു പോലെ ചന്ദാസാഹിബും ഫ്രഞ്ച്‌സൈന്യവും തിരുച്ചിറപ്പള്ളിയുപേക്ഷിച്ച്‌ ആര്‍ക്കാട്ടില്‍ പാഞ്ഞെത്തി. 53 ദിവസം നീണ്ടുനിന്ന യുദ്ധത്തിനുശേഷം ക്ലൈവ്‌ ആര്‍ക്കാട്‌ പിടിച്ചടക്കി. ചന്ദാസാഹിബ്‌ പലായനം ചെയ്‌തു. ബ്രിട്ടീഷുകാരുടെ ബന്ധുവായ തഞ്ചാവൂര്‍ രാജാവിന്‌ കീഴടങ്ങി. തിരുച്ചിറപ്പള്ളിയില്‍ നിന്ന്‌ മുഹമ്മദലിയെ രക്ഷിക്കുന്നതിനും അയാളെ കര്‍ണാട്ടിക്‌ നവാബായി (1753) അവരോധിക്കുന്നതിനും ബ്രിട്ടീഷുകാര്‍ക്കു കഴിഞ്ഞു. കീഴടങ്ങിയ ചന്ദാസാഹിബ്‌ അധികം കഴിയുന്നതിനു മുമ്പു വധിക്കപ്പെട്ടു.

ഈ തിരിച്ചടിയില്‍ ക്ഷുഭിതരായ ഫ്രഞ്ച്‌ അധികാരികള്‍ ഡ്യൂപ്ലേയെ തിരിച്ചു വിളിച്ചു. തുടര്‍ന്ന്‌ ഫ്രഞ്ചു പ്രതിപുരുഷനായി പുതുശ്ശേരിയില്‍ എത്തിയ ഗൊഡേഹു ബ്രിട്ടീഷുകാരുമായി സഖ്യത്തിലായതോടെ രണ്ടാം കര്‍ണാട്ടിക്‌ യുദ്ധം അവസാനിച്ചു.

മൂന്നാം കര്‍ണാട്ടിക്‌ യുദ്ധം (1756-63). യൂറോപ്പില്‍ സപ്‌തവത്‌സരയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ (1756) ബ്രിട്ടനും ഫ്രാന്‍സും എതിര്‍പക്ഷങ്ങളില്‍ ചേര്‍ന്നു കര്‍ണാട്ടിക്കിലും യുദ്ധം തുടങ്ങി. ഡിലാലി പ്രഭുവിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച്‌ സൈന്യത്തിനു ഈ യുദ്ധത്തില്‍ കാര്യമായ വിജയമൊന്നും നേടുവാന്‍ കഴിഞ്ഞില്ല. കേണല്‍ ഫോര്‍ഡിന്റെ കീഴിലുള്ള ബ്രിട്ടീഷ്‌ സൈന്യം മസൂലിപട്ടണവും വടക്കന്‍ സര്‍ക്കാറും പിടിച്ചെടുത്തു. വാണ്ടിവാഷില്‍ വച്ച്‌ 1760ല്‍ നടന്ന യുദ്ധത്തില്‍ സര്‍ അയര്‍കൂട്ടിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ്‌ സൈന്യം ഫ്രഞ്ച്‌ സൈന്യത്തെ പരാജയപ്പെടുത്തി.

1761ല്‍ പുതുശ്ശേരിയും ബ്രിട്ടീഷുകാര്‍ക്കധീനമായതോടെ ഇന്ത്യയില്‍ ഫ്രഞ്ചുകാരുടെ പരാജയം പരിപൂര്‍ണമായി. എന്നാല്‍ 1763ലെ പാരിസ്‌ ഉടമ്പടിയിലെ വ്യവസ്ഥകളനുസരിച്ച്‌ ഇന്ത്യയില്‍ ഫ്രഞ്ച്‌കാര്‍ക്കുണ്ടായിരുന്ന പ്രദേശങ്ങള്‍ അവര്‍ക്കു തിരിച്ചു കിട്ടി. ഈ പ്രദേശങ്ങള്‍ വ്യാപാരാവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കുകയുള്ളുവെന്നു ഫ്രഞ്ചുകാര്‍ക്ക്‌ ഉറപ്പു നല്‌കേണ്ടി വന്നു.

1954 ഒ.ല്‍ ഇന്ത്യയില്‍ ലയിക്കുന്നതുവരെ ഈ പ്രദേശങ്ങള്‍ ഫ്രഞ്ച്‌ സാമ്രാജ്യത്തിന്റെ ഭാഗമായി നിലനിന്നിരുന്നു.

(പ്രാഫ. എ.ജി. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍