This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍ണാട്ടിക്‌ നവാബുമാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കര്‍ണാട്ടിക്‌ നവാബുമാര്‍

കര്‍ണാട്ടിക്‌ (വടക്കു ഗുണ്ടലഗാമനദിക്കും തെക്ക്‌ കൊല്ലിടം നദിക്കും ഇടയിലുള്ള പ്രദേശം) ഭരിച്ചിരുന്നതു കൊണ്ട്‌ കര്‍ണാട്ടിക്‌ നവാബുമാരെന്നും ആര്‍ക്കാട്‌ തലസ്ഥാനമാക്കി ഭരിച്ചിരുന്നതുകൊണ്ട്‌ ആര്‍ക്കാട്‌ നവാബുമാരെന്നും അറിയപ്പെട്ടിരുന്ന മുസ്‌ലിം നാടുവാഴികള്‍.

മറാത്തികളുടെ അധികാരം തെക്കേ ഇന്ത്യയില്‍ വ്യാപിക്കുന്നതു തടയാനായി മുഗള്‍ചക്രവര്‍ത്തി ഔറംഗസീബ്‌ (അറംഗസീബ്‌) 1690ല്‍ സൈന്യാധിപനായ സുള്‍ഫിക്കര്‍ഖാനെ നിയോഗിച്ചു. മറാഠാ ആധിപത്യത്തിലുള്ള ജിന്‍ജി 1698ല്‍ സുള്‍ഫിക്കര്‍ പിടിച്ചടക്കി. അതോടുകൂടി കര്‍ണാട്ടിക്കില്‍ മറാത്തികള്‍ക്കുണ്ടായിരുന്ന സ്വാധീനം അവസാനിച്ചു. അതിനുശേഷം സുള്‍ഫിക്കര്‍ മധുരനായ്‌ക്കന്മാരെ തോല്‌പിച്ച്‌ സാമന്തന്മാരാക്കുകയും രാമനാട്‌ ശിവഗംഗാപ്രദേശങ്ങളിലെ മറവപ്രഭുക്കന്മാരെ കീഴടക്കുകയും ചെയ്‌തു. 1701ല്‍ സുള്‍ഫിക്കര്‍ഖാനു പകരം ദാവൂദ്‌ഖാന്‍ കര്‍ണാട്ടിക്‌ ഗവര്‍ണറായി നിയമിക്കപ്പെട്ടു.

നവായത്‌രാജവംശം. ഔറംഗസീബിന്റെ നിര്യാണത്തിനു ശേഷം ഹൈദരാബാദിലെ വൈസ്രായി ആയ ആസഫ്‌ജാ ക നിസാമുല്‍മുല്‍ക്ക്‌ സആദത്തുല്ലാഖാനെ കര്‍ണാട്ടിക്‌ നവാബായി നിയമിച്ചു (1707). സആദത്തുല്ലാഖാന്‍ നവായത്‌വംശജനും പേരെടുത്ത ഒരു പോരാളിയുമായിരുന്നു. ഹൈദരാബാദിലെ നിസാമിന്റെ ആധിപത്യം പരോക്ഷമായി അംഗീകരിച്ചിരുന്നുവെങ്കിലും സ ആദത്തുല്ലാഖാന്‍ സ്വതന്ത്രനായ ഒരു ഭരണാധികാരിയായിട്ടാണ്‌ പെരുമാറിയിരുന്നത്‌. 1714ല്‍ ഇദ്ദേഹം ജിന്‍ജി പിടിച്ചടക്കി. സ ആദത്തുല്ലാഖാനെ പിന്തുടര്‍ന്ന്‌ ദോസ്‌ത്‌ അലി നവാബായി (1722). 1732ല്‍ തെക്കന്‍ പ്രദേശങ്ങള്‍ പിടിച്ചടക്കുന്നതിനായി ദോസ്‌ത്‌ അലി തന്റെ പുത്രനായ സഫ്‌ദര്‍ അലിയെയും മരുമകനായ ചന്ദാസാഹിബിനെയും നിയോഗിച്ചു. സഫ്‌ദര്‍ അലി തഞ്ചാവൂരിലെ സായാജിനെ തോല്‌പിച്ച്‌ മറ്റൊരു അവകാശിയായ പ്രതാപ്‌സി ങ്ങിനെ രാജാവാക്കി (1739). ഇതിനിടയില്‍ ചന്ദാസാഹിബ്‌ മധുരയിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന റാണി മീനാക്ഷിയെ ബന്ധനസ്ഥയാക്കി മധുരയും തിരുച്ചിറപ്പള്ളിയും കൈവശമാക്കിയിരുന്നു (1736). ഇപ്രകാരം കര്‍ണാട്ടിക്‌ രാജ്യം തെക്കേ ഇന്ത്യ മുഴുവന്‍ വ്യാപിച്ചു.

മധുരയിലെയും തഞ്ചാവൂരിലെയും പുറത്താക്കപ്പെട്ട നായ്‌ക്‌വംശജര്‍ മറാത്താ രാജാവായ സാഹുവിനോട്‌ സഹായം അഭ്യര്‍ഥിച്ചു. ദക്ഷിണേന്ത്യയില്‍ മുസ്‌ലിം ഭരണം വ്യാപിക്കുന്നതില്‍ അമര്‍ഷം പൂണ്ട സാഹു ഒരു മറാത്തി സൈന്യത്തെ അവിടേക്ക്‌ അയച്ചു (1740). രഘുജി ഭോണ്‍സ്ലെയുടെ കീഴിലുള്ള ഈ സൈന്യം ദോസ്‌ത്‌ അലിയെ യുദ്ധത്തില്‍ തോല്‌പിച്ചു വധിച്ചു. സഫ്‌ദര്‍ അലിയാവട്ടെ ഒരു കോടി രൂപ കപ്പം കൊടുത്തു രക്ഷപ്പെട്ടു. തിരുച്ചിറപ്പള്ളിയില്‍ പാളയമടിച്ചിരുന്ന ചന്ദാസഹിബിനെ മറാത്തികള്‍ തടവുകാരനായി പിടിച്ച്‌ സത്താറയിലേക്കു കൊണ്ടുപോയി. മറാത്തികള്‍ തിരുച്ചിറപ്പള്ളിയും സമീപപ്രദേശങ്ങളും കൈവശപ്പെടുത്തി.

തെക്കേ ഇന്ത്യയിലെ മറാത്താ ആധിപത്യം അവസാനിപ്പിക്കുന്നതിനായി 1743ല്‍ നിസാം തെക്കേ ഇന്ത്യ ആക്രമിച്ചു. ആറു മാസത്തെ ഉപരോധത്തിനുശേഷം മുരാരി റാവുവിനെ തോല്‌പിച്ച്‌ നിസാം തിരുച്ചിറപ്പള്ളി തിരിച്ചുപിടിച്ചു. നിസാം മടങ്ങിപ്പോവുമ്പോള്‍ തിരുച്ചിറപ്പള്ളിയിലെ നവാബ്‌ ആയും കര്‍ണാട്ടിക്‌ നവാബായ സ ആദത്തുല്ലാഖാന്‍ കകന്റെ രക്ഷാകര്‍ത്താവായും ഖ്വാജാ അബ്‌ദുല്ലയെ നിയമിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ മരണത്തിനുശേഷം (1744) അന്‍വറുദ്ദീനെ നിസാം ആ സ്ഥാനത്തേക്കു നിശ്ചയിച്ചു. അന്‍വറുദ്ദീന്റെ പ്രരണയില്‍ സ ആദത്തുല്ലാഖാന്‍ കക വധിക്കപ്പെട്ടു; അന്‍വറുദ്ദീന്‍ കര്‍ണാട്ടിക്‌ നവാബായി നിയമിക്കപ്പെടുകയും ചെയ്‌തു.

കര്‍ണാട്ടിക്‌ യുദ്ധങ്ങള്‍. 1748ല്‍ മറാത്തികള്‍ ചന്ദാസാഹിബിനെ തടവില്‍ നിന്നു വിട്ടയച്ചു. ആര്‍ക്കാട്ടില്‍ തിരിച്ചെത്തിയ ചന്ദാസാഹിബ്‌ അന്‍വറുദ്ദീനുമായി ഒരു മത്സരത്തില്‍ ഏര്‍പ്പെട്ടു. ഈയവസരത്തില്‍ ഹൈദരാബാദിലുണ്ടായ ഒരു അധികാര മത്സരത്തില്‍ ചന്ദാസാഹിബും അന്‍വറുദ്ദീനും വ്യത്യസ്‌ത കക്ഷികളെ സഹായിച്ചു. തെക്കേ ഇന്ത്യയിലെ വ്യാപാരക്കുത്തക ആഗ്രഹിച്ചിരുന്ന ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും പങ്കു ചേര്‍ന്ന ഈ മത്സരമാണ്‌ കര്‍ണാട്ടിക്‌ യുദ്ധങ്ങള്‍ എന്ന്‌ ദക്ഷിണേന്ത്യന്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത്‌. നോ: കര്‍ണാട്ടിക്‌ യുദ്ധങ്ങള്‍ഫ്രഞ്ചുകാര്‍ ചന്ദാസാഹിബിന്റേയും ബ്രിട്ടീഷുകാര്‍ അന്‍വറുദ്ദീന്റേയും പക്ഷം പിടിച്ചുനടത്തിയ മൂന്നു യുദ്ധങ്ങള്‍ ആറു കൊല്ലത്തോളം നീണ്ടുനിന്നു. യുദ്ധത്തിനിടയ്‌ക്ക്‌ അന്‍വറുദ്ദീന്‍ അന്തരിക്കുകയും മുഹമ്മദലി നവാബായി വാഴിക്കപ്പെടുകയും ചെയ്‌തു. ചന്ദാസാഹിബിന്റെ സൈന്യം ഫ്രഞ്ചുസഹായത്തോടുകൂടി തിരുച്ചിറപ്പള്ളിക്കോട്ട ഉപരോധിച്ചു. കോട്ടയ്‌ക്കകത്തുണ്ടായിരുന്ന മുഹമ്മദലിയുടെ പതനം സുനിശ്ചിതമായിരുന്നു. ഈ സംഭവം ഒഴിവാക്കാന്‍ വേണ്ടിയാണ്‌ ക്ലൈവ്‌ ചന്ദാസാഹിബിന്റെ തലസ്ഥാനമായ ആര്‍ക്കാട്‌ ആക്രമിച്ചു കീഴടക്കിയത്‌. ആര്‍ക്കാട്‌ തിരിച്ചുപിടിക്കാനുള്ള ചന്ദാസാഹിബിന്റെ ശ്രമം വിജയിച്ചില്ലെന്നു മാത്രമല്ല യുദ്ധത്തില്‍ ചന്ദാസാഹിബ്‌ വധിക്കപ്പെടുകയും ചെയ്‌തു (1754). അതോടുകൂടി മുഹമ്മദലിയുടെ ഭരണം കര്‍ണാട്ടിക്കില്‍ സുസ്ഥിരമായി.

വല്ലാജാഹ്‌ രാജവംശം. വല്ലാജാഹ്‌ രാജവംശത്തിലെ പ്രസിദ്ധനായ രാജാവ്‌ നവാബ്‌ മുഹമ്മദലി (1754-1795) ആയിരുന്നു. കര്‍ണാട്ടിക്‌ രാജ്യം അതിന്റെ പ്രാധാന്യത്തിന്റെ ഉച്ചകോടിയില്‍ എത്തുകയും പിന്നീട്‌ അസ്‌തമിക്കുകയും ചെയ്‌തത്‌ ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു. ചന്ദാസാഹിബിനെതിരായി മുഹമ്മദലി മൈസൂറിലെ നഞ്ചരാജയുടെ സഹായം തേടിയിരുന്നു. എന്നാല്‍ ചന്ദാസാഹിബിന്റെ പതനം ഈ സഹായം ആവശ്യമില്ലാതാക്കി. നഞ്ചരാജയ്‌ക്ക്‌ പ്രതിഫലം നല്‌കാന്‍ വിസമ്മതിച്ചതിനെതിരായി മൈസൂര്‍ സൈന്യം കര്‍ണാട്ടിക്‌ ആക്രമിച്ചുവെങ്കിലും വിജയിച്ചില്ല. അതിന്റെ പിന്തുടര്‍ച്ചയായിട്ടാണ്‌ ഹൈദരലിയും ടിപ്പു സുല്‍ത്താനും കര്‍ണാട്ടിക്‌ കീഴടക്കാന്‍ ശ്രമിച്ചത്‌. ബ്രിട്ടീഷുകാരുടെ സഹായത്തോടുകൂടി മുഹമ്മദലി തന്റെ എതിരാളികളെയെല്ലാം തോല്‌പിച്ചുവെങ്കിലും ഓരോ യുദ്ധം കഴിയുമ്പോഴും നവാബ്‌ കൂടുതല്‍ കൂടുതല്‍ കടക്കാരനായിത്തീര്‍ന്നു. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാകമ്പനി ഉദ്യോഗസ്ഥന്മാര്‍ നവാബിന്‌ അമിതമായ പലിശയ്‌ക്കു കടം കൊടുക്കുന്നതില്‍ യാതൊരു വൈമുഖ്യവും കാണിച്ചില്ല. കടം വാങ്ങിയ തുകയെല്ലാം ധൂര്‍ത്തടിച്ച നവാബ്‌ തന്റെ രാജ്യത്തിലെ പ്രധാന വരുമാനമാര്‍ഗങ്ങളെല്ലാം ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥന്മാര്‍ക്ക്‌ പണയം കൊടുത്തിരുന്നു. കടം വീട്ടാനോ ഭരണം നടത്താനോ കഴിയാതിരുന്ന നവാബ്‌ 1781ല്‍ കര്‍ണാട്ടിക്കിലെ നികുതിപ്പിരിവ്‌ നടത്താനുള്ള അധികാരം ഇംഗ്ലീഷ്‌ കമ്പനിക്ക്‌ വിട്ടുകൊടുത്തു. 1795ല്‍ മുഹമ്മദലി മരിക്കുമ്പോള്‍ കര്‍ണാട്ടിക്കിന്റെ യഥാര്‍ഥഭരണാധികാരികള്‍ ഇംഗ്ലീഷ്‌ കമ്പനിയായിരുന്നു.

മുഹമ്മദലിയെത്തുടര്‍ന്ന്‌ കര്‍ണാട്ടിക്‌ നവാബ്‌ ആയത്‌ ഉംറത്തുല്‍ ഉമറാ (1795-1801) ആയിരുന്നു. തുടര്‍ന്ന്‌ അലിഹുസൈന്‍ നവാബായി. നാട്ടില്‍ ഉടനീളം വീശിയടിച്ച സ്വാതന്ത്യ്രസമരം കണക്കിലെടുത്ത്‌ ബ്രിട്ടീഷുകാര്‍ കര്‍ണാട്ടിക്കിന്റെ ഭരണം ഏറ്റെടുക്കാന്‍ ശ്രമിച്ചു. അതിനു വിസമ്മതിച്ച അലിഹുസൈനെ പുറത്താക്കി പകരം അസീമുദ്‌ദൗലയെ നവാബായി വാഴിച്ചു. പെന്‍ഷന്‍ സ്വീകരിച്ചുകൊണ്ടു അസീമുദ്‌ദൗല കര്‍ണാട്ടിക്കിനെ ബ്രിട്ടീഷുകാര്‍ക്ക്‌ അടിയറവച്ചു (1801).

(ഡോ. എ.പി. ഇബ്രാഹിം കുഞ്ഞ്‌).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍