This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍ണാടക സര്‍വകലാശാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കര്‍ണാടക സര്‍വകലാശാല

1949ല്‍ സ്ഥാപിതമായ കര്‍ണാടകത്തിലെ ധാര്‍വാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വകലാശാല. ജസ്റ്റിസ്‌ എന്‍.എസ്‌. ലോക്കര്‍ ചെയര്‍മാനായി 1947 ഏ. 17നു കര്‍ണാടകസര്‍വകലാശാലാ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ നിര്‍ദേശാനുസരണം 1949 ഏ.ല്‍ കര്‍ണാടക സര്‍വകലാശാലാ ബില്‍ ബോംബെ നിയമസഭ അംഗീകരിക്കുകയും 1949 ആഗ.ല്‍ ബോംബെ ലൈബ്രറി ക്യൂറേറ്ററുടെ ആഫീസില്‍ സര്‍വകലാശാലയുടെ ആദ്യകാല പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്‌തു. 1949 ഒ.ലാണ്‌ സര്‍വകലാശാലയുടെ ആസ്ഥാനം കര്‍ണാടകത്തിലെ ധാര്‍വാറിലേക്ക്‌ മാറ്റിയത്‌. സര്‍വകലാശാല 144 ഹെ. സ്ഥലത്ത്‌ സ്ഥിതിചെയ്യുന്നു.

കര്‍ണാടക യൂണിവേഴ്‌സിറ്റി മന്ദിരം

മൂന്നാമത്തെ വി.സി. ആയ ഡോ. ഡി.സി. പാവാതെയുടെ കാലത്താണ്‌ (1954-67) സര്‍വകലാശാല ഏറ്റവും പുരോഗതി നേടിയത്‌. ഇന്ന്‌ കല, ശാസ്‌ത്രം, സാമൂഹിക ശാസ്‌ത്രം എന്നീ 3 ഫാക്കല്‍റ്റികളിലായി നിരവധി വകുപ്പുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.

കലാശാസ്‌ത്രങ്ങള്‍, സാങ്കേതികശാസ്‌ത്രം, നിയമം, ലൈബ്രറിസയന്‍സ്‌, വാണിജ്യം തുടങ്ങി പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളിലും ബിരുദബിരുദാനന്തര കോഴ്‌സുകള്‍ ഈ സര്‍വകലാശാല നടത്തിവരുന്നു; പിഎച്ച്‌.ഡി.; ഡി.ലിറ്റ്‌., ഡി.എസ്സി. തുടങ്ങിയ ഉന്നത ബിരുദങ്ങളും നല്‌കിവരുന്നുണ്ട്‌. വിദ്യാര്‍ഥികള്‍ക്കുവേണ്ടി നിരവധി സ്‌കോളര്‍ഷിപ്പുകളും ഏര്‍പ്പെടുത്തിയിരിക്കുന്നു.

ജൂണില്‍ ആരംഭിച്ച്‌ ഏ.ല്‍, വര്‍ഷാവസാനപരീക്ഷയോടുകൂടി, അധ്യയനവര്‍ഷം അവസാനിക്കുന്നു. കര്‍ണാടകസംസ്ഥാന സര്‍വിസിലും അര്‍ധഗവണ്‍മെന്റ്‌ സര്‍വിസിലും സേവനം അനുഷ്‌ഠിക്കുന്നവര്‍ക്കും കര്‍ണാടക സംസ്ഥാനത്തിലുള്ളവര്‍ക്കും ഗോവയിലുള്ളവര്‍ക്കും പ്രവറ്റായി വിവിധ പരീക്ഷകള്‍ എഴുതുന്നതിനുള്ള സംവിധാനങ്ങളും ഈ സര്‍വകലാശാല ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ധാര്‍വാറിലുള്ള സമുദ്രജന്തുശാസ്‌ത്രഗവേഷണകേന്ദ്രം, ഗുല്‍ബര്‍ഗയിലുള്ള പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ സെന്റര്‍, സന്ദൂറിലുള്ള ടെക്‌നോളജിക്കല്‍ പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ സെന്റര്‍ എന്നിവയും ഈ സര്‍വകലാശാലയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളാണ്‌.

കര്‍ണാടക സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന മറ്റൊരു സ്ഥാപനമാണ്‌ കന്നഡ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌. പ്രാദേശിക ചരിത്രം, പുരാവസ്‌തു ശാസ്‌ത്രം, ശിലാലേഖവിദ്യ, കന്നഡഭാഷയും സാഹിത്യവും എന്നിവയെക്കുറിച്ചാണ്‌ ഇവിടെ ഗവേഷണം നടത്തുന്നത്‌. സുസജ്ജമായ ഒരു ലൈബ്രറി (ബാസവണ്ണ ലൈബ്രറി) ഇവിടെ പ്രവര്‍ത്തിക്കുന്നു. സര്‍വകലാശാലയുടെ ഓരോ വിഭാഗത്തിനും വിശിഷ്ട പഠനത്തിനുതകുന്ന പുസ്‌തകങ്ങളുള്ള പ്രത്യേകം ലൈബ്രറികളുണ്ട്‌.

സര്‍വകലാശാലയുടെ പ്രസിദ്ധീകരണവിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഗ്രാമീണര്‍ക്കായി പ്രത്യേക ക്ലാസ്സുകളും ക്യാംപുകളും സംഘടിപ്പിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍