This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍ണാടകസംഗീതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

കര്‍ണാടകസംഗീതം

ദക്ഷിണേന്ത്യന്‍ ശാസ്‌ത്രീയ സംഗീതം. ആധുനിക ഭാരതീയ സംഗീതത്തിന്‌ രണ്ടു വിഭാഗങ്ങളുണ്ട്‌; ഔത്തരാഹമെന്നും ദാക്ഷിണാത്യമെന്നും. രണ്ടിന്റെയും അടിസ്ഥാന തത്ത്വങ്ങള്‍ ഏറെക്കുറെ ഒന്നുതന്നെയാണെങ്കിലും പേര്‍ഷ്യന്‍ സംഗീതത്തിന്റെ സ്വാധീനത്തിനു വിധേയമായി രൂപം പ്രാപിച്ച്‌ ഉത്തരേന്ത്യയില്‍ പ്രചാരത്തില്‍ വന്നത്‌ ഔത്തരാഹവും, ഏതാണ്ടു സ്വതന്ത്രമായിത്തന്നെ വികസിച്ചും എന്നാല്‍ സ്വന്തം അന്തസ്സത്തയ്‌ക്കു കോട്ടം തട്ടാതെ അന്യസമ്പ്രദായങ്ങളില്‍ നിന്ന്‌ സ്വീകാര്യമായവയെ സ്വീകരിച്ചും ദക്ഷിണേന്ത്യയില്‍ നിലനിന്നുവരുന്നതു ദാക്ഷിണാത്യവുമാണ്‌. ഇവയെ യഥാക്രമം ഹിന്ദുസ്ഥാനി സംഗീതമെന്നും കര്‍ണാടക സംഗീതമെന്നും പറഞ്ഞുവരുന്നു.

ചരിത്രം

കര്‍ണാടകസംഗീതമെന്ന നാമം എങ്ങനെയുണ്ടായി എന്നു നിശ്ചിതമായി പറയാന്‍ പ്രയാസമാണ്‌. എ.ഡി. 16-ാം ശ.ത്തിന്റെ ഉത്തരാര്‍ധത്തില്‍ കര്‍ണാടകദേശത്തു ജീവിച്ചിരുന്ന അതിപ്രസിദ്ധഗാനകര്‍ത്താവായ പുരന്ദരദാസനാണ്‌ ദക്ഷിണഭാരതത്തില്‍ ഇപ്പോള്‍ നടപ്പിലുള്ള സംഗീതാഭ്യസനപദ്ധതി ആവിഷ്‌കരിച്ചതും അതിന്‌ ആധാരമായ സ്വരാവലി, അലങ്കാരം, ഗീതം മുതലായ ഗാനരൂപങ്ങള്‍ രചിച്ചതും അവയ്‌ക്കു സൂളാദി സപ്‌തതാളങ്ങളെന്നറിയപ്പെടുന്ന ലഘുവായ താളങ്ങള്‍ പ്രചരിപ്പിച്ചതും. ഇക്കാരണത്താല്‍ ഇദ്ദേഹത്തെ "കര്‍ണാടകസംഗീതപിതാമഹന്‍' എന്ന്‌ പറഞ്ഞുവരുന്നു. ഈ പദ്ധതി സ്വാഭാവികമായും ഇദ്ദേഹത്തിന്റെ ജന്മദേശമായ കര്‍ണാടകത്തില്‍ ആദ്യം പ്രചരിച്ചിരുന്നിരിക്കണം. അതുകൊണ്ട്‌ അതനുസരിച്ചുള്ള സംഗീതസമ്പ്രദായത്തിന്‌ ഉത്തരദേശത്തേതില്‍ നിന്നും വ്യത്യസ്‌തമായി "കര്‍ണാടകസംഗീതം' എന്ന നാമം ലഭിച്ചതായും, മറ്റു ദാക്ഷിണാത്യപ്രദേശങ്ങളില്‍ പ്രചരിച്ചപ്പോഴും ആ പേരില്‍ത്തന്നെ അത്‌ അറിയപ്പെട്ടുവന്നതായും ഊഹിക്കാം.

സ്വരം

ഷഡ്‌ജം, ഋഷഭം, ഗാന്ധാരം, മധ്യമം, പഞ്ചമം, ധൈവതം, നിഷാദം എന്നീ പേരുകളുള്ളവയും യഥാക്രമം സ, രി, ഗ, മ, പ, ധ, നി എന്നു പ്രയോഗിക്കപ്പെടുന്നവയുമായ സപ്‌തസ്വരങ്ങളാണ്‌ കര്‍ണാടക സംഗീതത്തിന്‌ അടിസ്ഥാനം. ഇവയില്‍ ഷഡ്‌ജത്തിനും പഞ്ചമത്തിനും വകഭേദങ്ങളില്ല. അവയെ "പ്രകൃതി സ്വരങ്ങള്‍' എന്നു പറയുന്നു. മറ്റുള്ളവയ്‌ക്ക്‌ ഈരണ്ടിനങ്ങളുണ്ട്‌. അവയെ "വികൃതിസ്വരങ്ങള്‍' എന്നു പറയുന്നു. ഇങ്ങനെ പന്ത്രണ്ടു സ്വരഭേദങ്ങളുണ്ട്‌. അവയ്‌ക്കു "സ്വരസ്ഥാനങ്ങള്‍' എന്നാണ്‌ പേര്‍. ഇവയില്‍ നാലെണ്ണത്തിന്‌ ഈരണ്ടു നാമങ്ങളുണ്ട്‌. അങ്ങനെ സ്വരനാമങ്ങള്‍ പതിനാറാണ്‌; (1) ഷഡ്‌ജം, (2) ശുദ്ധഋഷഭം, (3) ചതുഃശ്രുതിഋഷഭം (ശുദ്ധഗാന്ധാരം), (4) ഷട്‌ശ്രുതി ഋഷഭം (സാധാരണ ഗാന്ധാരം) (5) അന്തരഗാന്ധാരം, (6) ശുദ്ധമധ്യമം, (7) പ്രതിമധ്യമം, (8) പഞ്ചമം, (9) ശുദ്ധധൈവതം, (10) ചതുഃശ്രുതിധൈവതം (ശുദ്ധനിഷാദം), (11) ഷട്‌ശ്രുതി ധൈവതം (കൈശികി നിഷാദം), (12) കാകലി നിഷാദം.

പുരന്ദരദാസന്‍

സ്വരങ്ങളുടെ മേല്‌പോട്ടുള്ള ഗതിയെ (സരിഗമപധനി) "ആരോഹണം' എന്നും താഴോട്ടുള്ള ഗതിയെ (നിധപമഗരിസ) "അവരോഹണം' എന്നും പറയുന്നു. സ്വരങ്ങളുടെ നിലയ്‌ക്കു "സ്ഥായി' എന്നു പേര്‍. ഇതു മന്ദ്രം, മധ്യം, താരം എന്നു മൂന്നു പ്രകാരത്തിലാണ്‌. ഷഡ്‌ജം ഉച്ചരിക്കപ്പെടുന്ന ശ്രുതിയെ ആധാരമാക്കി സരിഗമപധനി എന്നത്‌ "മധ്യസ്ഥായി'യും ഈ ഷഡ്‌ജത്തില്‍ നിന്നും താഴോട്ടുള്ള ഗതിയില്‍ നിധപമഗരിസ എന്നത്‌ "മന്ദ്രസ്ഥായി'യും, മധ്യസ്ഥായിയിലുള്ള നിഷാദത്തില്‍ നിന്നും മേലോട്ട്‌ സരിഗമപധനി എന്നത്‌ "താരസ്ഥായി'യുമാണ്‌. സാധാരണയായി ഗാനങ്ങളില്‍ സ്വരസഞ്ചാരം മന്ദ്രസ്ഥായിപഞ്ചമത്തിനും താരസ്ഥായിപഞ്ചമത്തിനും ഇടയ്‌ക്ക്‌ ഒതുങ്ങിയിരിക്കും. വാദ്യങ്ങളില്‍ ഈ പരിധി കവിഞ്ഞും പ്രയോഗം സാധ്യമാണ്‌.

രാഗം

രാഗമാണ്‌ സംഗീതത്തിലെ ഏറ്റവും കാതലായ അംശം. രഞ്‌ജകമായ രീതിയില്‍ സ്വരങ്ങളുടെ മേളനമാണ്‌ രാഗം എന്നു പൊതുവേ പറയാം. ഏഴു സ്വരങ്ങളുള്‍ക്കൊള്ളുന്ന രാഗങ്ങളെ "സമ്പൂര്‍ണ രാഗങ്ങള്‍' എന്നും, ആറു സ്വരങ്ങള്‍ മാത്രമുള്ളവയെ "ഷാഡവങ്ങള്‍' എന്നും അഞ്ചു സ്വരങ്ങളുള്ളവയെ "ഔഡവങ്ങള്‍' എന്നും പറയുന്നു. അപൂര്‍വമായി നാലു സ്വരം മാത്രമുള്ളവയും കാണും. അവയ്‌ക്കു "സ്വരാന്തരങ്ങള്‍' എന്നു പേര്‌. നാലില്‍ കുറവായ സ്വരങ്ങളേ ഉള്ളുവെങ്കില്‍ അതിന്‌ രാഗമെന്ന പേരില്ല. അതുപോലെ സാധാരണ സ്വരക്രമത്തില്‍ നിന്നും വ്യത്യസ്‌തമായ സ്വരക്രമമാണുള്ളതെങ്കില്‍ അതിന്‌ "വക്രരാഗ'മെന്നു പേര്‍. ഷഡ്‌ജവും പഞ്ചമമോ മധ്യമമോ ഏതെങ്കിലുമൊന്നും എല്ലാ രാഗങ്ങളിലുമുണ്ട്‌. തന്റേതായ സ്വരത്തില്‍ നിന്നും ഭിന്നമായ ഒരു സ്വരം ഒരു രാഗത്തില്‍ ഏതെങ്കിലും പ്രയോഗത്തില്‍ വരുന്നുവെങ്കില്‍ അതിനെ "അന്യസ്വരം' എന്നും അത്തരം രാഗത്തെ "ഭാഷാംഗരാഗം' എന്നും പറയുന്നു. ഒരു രാഗത്തിന്റെ ആരോഹണാവരോഹണങ്ങളാണ്‌ അതിന്റെ സ്വരൂപത്തെ പ്രധാനമായി കാണിക്കുന്നത്‌.

രാഗങ്ങളെ ജനകരാഗങ്ങളെന്നും ജന്യരാഗങ്ങളെന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു. വിഭിന്ന സ്വരസ്ഥാനങ്ങളിലായി ഏഴു സ്വരങ്ങളും ക്രമസമ്പൂര്‍ണമായ ആരോഹണാവരോഹണങ്ങളിലുള്ളവ "ജനക' രാഗങ്ങളും മറ്റുള്ളവ "ജന്യ'രാഗങ്ങളുമാണ്‌. ജനകരാഗങ്ങളെ "മേളകര്‍ത്താക്കള്‍' എന്നും പറയുന്നു. ഏതു ജന്യരാഗത്തിനും അതില്‍ കാണുന്ന സ്വരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ജനകരാഗം കല്‌പിക്കാവുന്നതാണ്‌. പക്ഷേ ഇത്‌ സൗകര്യത്തിനുവേണ്ടിയുള്ള ഒരു രീതിയെന്നല്ലാതെ, ജനകരാഗങ്ങള്‍ ആദ്യമുണ്ടായവയും ജന്യരാഗങ്ങള്‍ അവയില്‍ നിന്നുദ്‌ഭവിച്ചവയുമാണെന്നും ധരിക്കരുത്‌. ജന്യരാഗങ്ങളെന്നു വ്യവഹരിക്കപ്പെടുന്ന പലതും വളരെ പ്രാചീനങ്ങളാണ്‌.

മേളകര്‍ത്താപദ്ധതി

17-ാം ശ.ത്തില്‍ ജീവിച്ചിരുന്ന വെങ്കടമഖി ആവിഷ്‌കരിച്ച മേളകര്‍ത്താപദ്ധതിയാണ്‌ ആധുനികകര്‍ണാടകസംഗീതത്തിന്‌ അവലംബമായിട്ടുള്ളത്‌. പന്ത്രണ്ടു സ്വരസ്ഥാനങ്ങളിലായി നിവേശിപ്പിച്ചിട്ടുള്ള സപ്‌തസ്വരങ്ങളില്‍ ഷഡ്‌ജപഞ്ചമങ്ങളും മറ്റവയില്‍ ഓരോ വകഭേദവും ചേരുമ്പോള്‍ ഉണ്ടാകുന്ന 72 മേളങ്ങളാണ്‌ ഇതിലുള്ളത്‌. ഋഷഭത്തിന്റെ മൂന്നു ഭേദങ്ങളെ ര, രി, രു എന്നും ഗാന്ധാരത്തിന്റെ മൂന്നു ഭേദങ്ങളെ ഗ, ഗി, ഗു എന്നും കുറിച്ചാല്‍ ഇവ തമ്മില്‍ രഗ, രഗി, രഗു, രിഗി, രിഗു എന്നിങ്ങനെ ആറു തരം മേളനമുണ്ടാകും. ഋഷഭഗാന്ധാരമേളനങ്ങളോരോന്നും ധൈവതനിഷാദമേളനങ്ങളോരോന്നിനോടും ചേരുമ്പോള്‍ ആറാറുവീതം ആകെ മുപ്പത്താറ്‌ വകഭേദങ്ങളുണ്ടാവുന്നു. ഇവ ശുദ്ധ മധ്യമത്തോടു ചേരുമ്പോള്‍ മുപ്പത്താറും പ്രതിമധ്യമത്തോടു ചേരുമ്പോള്‍ മുപ്പത്താറുമായി ആകെ 72 മേളങ്ങളുണ്ടാകുന്നു. ഈ മേളകര്‍ത്താക്കളുടെ പട്ടിക കൊടുത്തിരിക്കുന്നു.

	ശുദ്ധമധ്യമമേളങ്ങള്‍		പ്രതിമധ്യമമേളങ്ങള്‍
I	1.	കനകാംഗി		VII	37.	സാലഗം	
	2.	രത്‌നാംഗി			38.	ജലാര്‍ണവം	
	3.	ഗാനമൂര്‍ത്തി			39.	ഝാലവരാളി
	4.	വനസ്‌പതി			40. 	നവനീതം
	5.	മാനവതി			41.	പാവനി
	6.	താനരൂപി			42.	രഘുപ്രിയ
II	7.	സേനാപതി		VIII	43.	ഗവാംബോധി
	8.	ഹനുമത്തോടി		44.	ഭവപ്രിയ
	9.	ധേനുക			45.	ശുഭപന്തുവരാളി
	10.	നാടകപ്രിയ			46.	ഷഡ്വിധമാര്‍ഗിണി
	11.	കോകിലപ്രിയ		47.	സുവര്‍ണാംഗി
	12.	രൂപവതി			48.	ദിവ്യമണി
III	13.	ഗായകപ്രിയ	IX		49.	ധവളാംബരി
	14.	വകുളാഭരണം		50.	നാമനാരായണി
	15.	മായാമാളവഗൗളം		51.	കാമവര്‍ധിനി
	16.	ചക്രവാകം			52.	രാമപ്രിയ
	17.	സൂര്യകാന്തം			53.	ഗമനശ്രമ
	18.	ഹാടകാംബരി		54.	വിശ്വംഭരി
IV	19.	ഝങ്കാരധ്വനി	X	55.	ശ്യാമളാംഗി
	20.	നഠഭൈരവി			56.	ഷണ്‌മുഖപ്രിയ
	21.	കീരവാണി			57.	സിംഹേന്ദ്രമധ്യമം
	22.	ഖരഹരപ്രിയ			58.	ഹേമവതി
	23.	ഗൗരിമനോഹരി		59.	ധര്‍മവതി
	24.	വരുണപ്രിയ			60.	നീതിമതി
V	25.	മാരരഞ്‌ജനി	XI	61.	കാന്താമണി
	26.	ചാരുകേശി			62.	ഋഷഭപ്രിയ
	27.	സരസാംഗി			63.	ലതാംഗി
	28.	ഹരികാംബോജി		64.	വാചസ്‌പതി
	29.	ധീരശങ്കരാഭരണം		65.	മേചകല്യാണി
	30.	നാഗനന്ദിനി			66.	ചിത്രാംബരി
VI	31.	യാഗപ്രിയ		XII	67.	സുചരിത്ര
	32.	രാഗവര്‍ധനി		68.	ജ്യോതിസ്വരൂപിണി
	33.	ഗാംഗേയഭൂഷണി		69.	ധാതുവര്‍ധിനി
	34.	വാഗധീശ്വരി			70.	നാസികാഭൂഷണി
	35.	ശൂലിനി			71.	കോസലം
	36.	ചലനാട്ട			72.	രസികപ്രിയ
 

ഇപ്പോള്‍ പ്രചാരത്തിലുള്ളവയില്‍ ഏറ്റവും മുഖ്യമായ മേളകര്‍ത്താരാഗങ്ങള്‍ ഹനുമത്തോടി, മായാമാളവഗൗളം, നഠഭൈരവി, ഖരഹരപ്രിയ, ഹരികാംബോജി, ധീരശങ്കരാഭരണം, മേചകല്യാണി എന്നിവയാണ്‌. ഇവയുടെ ജന്യങ്ങളാണ്‌ അധികവും പ്രചാരത്തിലുള്ളത്‌. ധേനുക, ചക്രവാകം, കാമവര്‍ധിനി, ഷണ്‌മുഖപ്രിയ, ലതാംഗി തുടങ്ങിയവയും പാടിവരുന്നുണ്ട്‌. അഠാണ, ആനന്ദഭൈരവി, ആരഭി, കമാശ്‌, കാംബോജി, കുറിഞ്ചി, കേദാരഗൗളം, ചെഞ്ചുരുട്ടി, ദര്‍ബാര്‍, ദേവഗാന്ധാരി, ധന്യാസി, നാഥനാമക്രിയ, നാട്ട, നീലാംബരി, പന്തുവരാളി, പൂര്‍വികല്യാണി, ബിലഹരി, ബിഹാഗ്‌, ബേഗഡ, ഭൂപാളം, ഭൈരവി, മധ്യമാവതി, മുഖാരി, മോഹനം, യദുകുലകാംബോജി, വരാളി, വസന്ത, ശ്രീരാഗം, ശഹാന, സുരുട്ടി, സൗരാഷ്‌ട്രം, ഹിന്ദോളം, സാവേരി മുതലായവ പ്രസിദ്ധിയേറിയ ജന്യരാഗങ്ങളാണ്‌. ഭൈരവി, കാംബോജി, ബിലഹരി, നീലാംബരി മുതലായവ ഭാഷാംഗരാഗങ്ങള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌. നോ: രാഗങ്ങള്‍

താളം

ധ്രുവം, മഠ്യം, രൂപകം, ഝമ്പ, ത്രിപുട, അട, ഏകം എന്നീ ഏഴു താളങ്ങളാണ്‌ കര്‍ണാടകസംഗീതത്തിനാധാരം. ഇവയെ "സൂളാദിസപ്‌തതാളങ്ങള്‍' എന്നു പറയുന്നു. പുരന്ദരദാസര്‍ രചിച്ചിട്ടുള്ള സൂളാദി എന്ന സംഗീതകൃതിവിശേഷത്തില്‍ സര്‍വപ്രധാനമായി സ്വീകരിച്ചിട്ടുള്ളതുകൊണ്ടായിരിക്കാം ഈ പേര്‌ വന്നുചേര്‍ന്നത്‌. ഇവയ്‌ക്കു ലഘു, ദ്രുതം, അനുദ്രുതം എന്നിവ അംഗങ്ങള്‍. ലഘുവിനെ ഒരു നേര്‍വര കൊണ്ടും (|), ദ്രുതത്തെ ഒരു വൃത്തം കൊണ്ടും (O), അനുദ്രുതത്തെ ഒരു അര്‍ധവൃത്തം കൊണ്ടും അടയാളപ്പെടുത്തുന്നു. ലഘുവിന്‌ ഒരടിയും തുടര്‍ന്നു വിരലെണ്ണലും, ദ്രുതത്തിന്‌ ഒരടിയും ഒരു വീച്ചും, അനുദ്രുതത്തിന്‌ ഒരടിമാത്രം എന്നിങ്ങനെ ക്രിയകള്‍. സപ്‌തതാളങ്ങളുടെ അംഗങ്ങള്‍ ഇപ്രകാരമാണ്‌: ധ്രുവം | ഛ | |; മഠ്യം | ഛ |; രൂപകം ഛ |; ഝമ്പ | ശ്ശ ഛ; ത്രിപുട | ഛ ഛ; അട | | ഛ ഛ; ഏകം |. ലഘുവിനു ത്യ്രശ്രം (ഇതിനെ "തിശ്രം' എന്നും പറഞ്ഞുവരുന്നു), ചതുരശ്രം, ഖണ്ഡം, മിശ്രം, സങ്കീര്‍ണം എന്നിങ്ങനെ അഞ്ചു ജാതികളുണ്ട്‌. ഇവയ്‌ക്കു യഥാക്രമം 3, 4, 5, 7, 9 എന്നിങ്ങനെ അക്ഷരകാലപ്രമാണം. ഇവയെ ലംബരേഖയ്‌ക്കു തൊട്ട്‌ ഈ സംഖ്യ കൂടി രേഖപ്പെടുത്തിക്കാണിക്കുന്നു. ഉദാ. ത്യ്രശ്രജാതി ലഘുവിന്‌ |3 എന്നും ചതുരശ്രജാതിലഘുവിന്‌ |4 എന്നും, ഇവയില്‍ ആദ്യ ത്തെ അക്ഷരകാലത്തിന്‌ അടിയും ശേഷിച്ചവയ്‌ക്കു വിരലെണ്ണലുമാണ്‌. ദ്രുതത്തിനു രണ്ടക്ഷരകാലം. ഇവയില്‍ ആദ്യത്തേതിന്‌ അടിയും രണ്ടാമത്തേതിനു വീച്ചുമാണ്‌. അനുദ്രുതത്തിന്‌ ഒരക്ഷര കാലം മാത്രം, ഒരടി. ജാതി പറയാതെ താളനാമം മാത്രം പറഞ്ഞാല്‍ ധ്രുവം, മഠ്യം, രൂപകം, ഏകം എന്നിവയിലെ ലഘു ചതുരശ്രജാതിയും; ഝമ്പയിലേതു മിശ്രജാതിയും; ത്രിപുടയിലേതു ത്യ്രശ്രജാതിയും; അടയിലേതു ഖണ്ഡജാതിയും ആണെന്ന്‌ സാമാന്യസങ്കേതം.

ത്യാഗരാജസ്വാമികള്‍

ഈ ഏഴു താളങ്ങളും സ്വീകരിച്ചിട്ടുണ്ടെങ്കിലും ധ്രുവവും മഠ്യവും അപൂര്‍വമായിട്ടേ കാണുന്നുള്ളു. ഏകതാളവും താരതമ്യേന കുറവാണ്‌. അടതാളം മിക്കവാറും "വര്‍ണ'മെന്ന ഗാനരൂപത്തില്‍ മാത്രമാണ്‌ സ്വീകരിച്ചുകാണുന്നത്‌. ത്രിപുടയില്‍ ത്യ്രശ്ര ജാതി കൂടാതെ ചതുരശ്രജാതിയും സര്‍വസാധാരണമാണ്‌. ഇതിനെ "ആദിതാളം' എന്നു പറയുന്നു. ഇവയ്‌ക്കു പുറമേ "ചാപ്പുതാളം' എന്നൊരിനമുണ്ട്‌. ഇതില്‍ അടിയെന്ന ക്രിയ മാത്രമേ ഉപയോഗിക്കുന്നുള്ളു. ഏഴക്ഷരകാലമുള്ള ത്രിപുടതാളത്തെ ഒന്നും നാലും അക്ഷരങ്ങളില്‍ അടിച്ചു പ്രയോഗിക്കുന്നത്‌ "മിശ്രചാപ്പ്‌'; പത്തക്ഷരമുള്ള ഝമ്പതാളത്തെ അഞ്ചക്ഷരം വീതമുള്ള രണ്ടു ഖണ്ഡങ്ങളായി പിരിച്ച്‌ ഓരോന്നിലും ഒന്നും മൂന്നും അക്ഷരങ്ങളില്‍ അടിച്ചു പ്രയോഗിക്കുന്നത്‌ ഖണ്ഡചാപ്പ്‌. ഝമ്പതാളത്തെ പലപ്പോഴും ഇങ്ങനെ ലഘൂകരിച്ചു പ്രയോഗിച്ചുകാണുന്നു. രൂപകതാളത്തെയും വിരലെണ്ണല്‍ കൂടാതെയാണ്‌ സാധാരണയായി കാണിക്കുന്നത്‌. നോ: താളങ്ങള്‍ ഗാനവും താളവും ഒരുമിച്ചു തുടങ്ങുന്നുവെങ്കില്‍ "സമഗ്രഹ'മെന്നും, ഗാനത്തിന്റെ ആരംഭത്തിനു മുമ്പേ താളം തുടങ്ങുന്നുവെങ്കില്‍ "അനാഗതഗ്രഹ'മെന്നും, ഗാനം ആരംഭിച്ചതിനുശേഷം താളം തുടങ്ങുന്നുവെങ്കില്‍ "അതീതഗ്രഹ'മെന്നും പറയുന്നു. താളത്തിന്റെ വേഗത്തിനു "ലയം' എന്നു പേര്‍. ഇത്‌ വിളംബം, മധ്യം, ദ്രുതം എന്നു മൂന്നു വിധമാണ്‌. വിളംബത്തെ "ചൗക്കം' എന്നും പറയുന്നു. മധ്യം വിളംബത്തിന്‍െറ ഇരട്ടിയും ദ്രുതം മധ്യത്തിന്റെ ഇരട്ടിയുമാണ്‌. ഒരു ഗാനം അതിന്റെ താളത്തില്‍ സാധാരണ വേഗതയില്‍ പാടുന്നത്‌ "ഒന്നാംകാലം', അതിന്റെ ഇരട്ടി വേഗതയിലാണെങ്കില്‍ "രണ്ടാംകാലം', അതിന്റെയും ഇരട്ടിവേഗതയിലാണെങ്കില്‍ "മൂന്നാംകാലം'.

ഗാനരൂപങ്ങള്‍

കര്‍ണാടകസംഗീതത്തിലെ ഗാനരൂപങ്ങളില്‍ സ്വരാവലി, അലങ്കാരം, ഗീതം, വര്‍ണം, കീര്‍ത്തനം, കൃതി, പദം, തില്ലാന, രാഗമാലിക എന്നിവയാണ്‌ പ്രധാനപ്പെട്ടവ. ഗാനരൂപങ്ങളില്‍ ചിലതില്‍ സ്വരങ്ങള്‍ മാത്രവും ചിലതില്‍ ഈ സ്വരസമൂഹത്തില്‍ പ്രയോഗിക്കേണ്ടതായ അക്ഷരസമൂഹവും കാണും. ഈ രണ്ടാമതു തരത്തിലുള്ളവയില്‍ ഗാനത്തിന്റെ സ്വരൂപത്തെ കാണിക്കുന്ന സ്വരസമൂഹത്തിന്‌ "ധാതു' അല്ലെങ്കില്‍ "വര്‍ണമട്ട്‌' എന്നും, ഈ ധാതുവില്‍ പ്രയോഗിച്ചു പാടേണ്ടതായ പദാവലിക്ക്‌ "മാതു' അല്ലെങ്കില്‍ "സാഹിത്യം' എന്നും പറയുന്നു.

മുത്തുസ്വാമി ദീക്ഷിതര്‍

സപ്‌തസ്വരങ്ങളെ മധ്യസ്ഥായി ഷഡ്‌ജം മുതല്‍ താരസ്ഥായി ഷഡ്‌ജം വരെ അവയുടെ ആരോഹണാവരോഹണ മുറയ്‌ക്ക്‌ ഏതെങ്കിലും മേളകര്‍ത്താരാഗത്തില്‍ (സാധാരണയായി മായാമാളവഗൗളത്തില്‍) ആദിതാളത്തില്‍ പാടുന്നതു "സ്വരാവലി'. ഇതിനെ "സരളി'യെന്നും പറയുന്നു. സ്വരാവലിയുടെ തന്നെ പരിധി മന്ദ്രസ്ഥായിയിലേക്കും താരസ്ഥായിയിലേക്കും വ്യാപിക്കുമ്പോള്‍ "വരിശകള്‍' ആകുന്നു. സപ്‌തതാളങ്ങളില്‍ വിവിധ ജാതികളിലായി വരുന്ന അക്ഷരകാലങ്ങള്‍ക്കു യോജിച്ച വിധത്തില്‍ സ്വരങ്ങളെ വരിശക്രമത്തില്‍ ഘടിപ്പിച്ചിട്ടുള്ള സ്വരാഭ്യാസങ്ങളെ "അലങ്കാരങ്ങള്‍' എന്നു പറയുന്നു. സ്വരാവലി, വരിശകള്‍, അലങ്കാരങ്ങള്‍ എന്നിവ സംഗീതത്തിന്റെ പ്രാഥമികാഭ്യസനത്തിന്‌ ഉപയോഗിക്കുന്നവയായതുകൊണ്ട്‌ അവയെ "അഭ്യാസഗാനങ്ങള്‍' എന്നു പറയുന്നു. സ്വരാവലി ഒന്ന്‌, രണ്ട്‌, മൂന്ന്‌, നാല്‌ എന്നീ കാലങ്ങളിലും വരിശകളും അലങ്കാരങ്ങളും ആദ്യത്തെ മൂന്നു കാലങ്ങളിലുമാണ്‌ അഭ്യസിക്കുന്നത്‌. പ്രാഥമികസ്വരാഭ്യാസങ്ങള്‍ക്കു ശേഷം പരിശീലിക്കുന്നതാണ്‌ "ഗീതം'. ഇതു ഗാനങ്ങളില്‍ വച്ച്‌ ഏറ്റവും ലഘുവായ ഒരിനമാണ്‌. ഏതു രാഗത്തിലാണോ രചിച്ചിട്ടുള്ളത്‌ ആ രാഗത്തിന്റെ സാമാന്യസ്വരൂപത്തെയും സഞ്ചാരക്രമങ്ങളെയും ഇതു വെളിപ്പെടുത്തുന്നു. ചുരുക്കം ചില ഗീതങ്ങളില്‍ പല്ലവിക്കു തുല്യമായി ഒരു ഭാഗം കാണാമെങ്കിലും പൊതുവേ അവയവവിഭാഗമില്ലാതെ തുടര്‍ച്ചയായിപ്പോകുന്ന ഗാനരീതിയാണ്‌ ഇതിലുള്ളത്‌. ഇതു "ലക്ഷ്യഗീത'മെന്നും "ലക്ഷണഗീത'മെന്നും രണ്ടു തരത്തിലാണ്‌. ലക്ഷ്യഗീതം രാഗസ്വഭാവത്തെ മാത്രം വെളിപ്പെടുത്തുന്നതും ഈശ്വരസ്‌തുതിപരമായ സാഹിത്യത്തോടുകൂടിയതുമാണ്‌. പുരന്ദരദാസരുടെ "ശ്രീഗണനാഥ' എന്നു മലഹരി രാഗത്തിലും "വരവീണാ' എന്നു മോഹനരാഗത്തിലുമുള്ള ഗീതങ്ങള്‍ ഉദാഹരണങ്ങളാണ്‌. ലക്ഷണഗീതങ്ങളില്‍ ആദ്യത്തെ ഒരു ഭാഗം മാത്രം ദേവസ്‌തുതിപരമായും ശേഷം ഭാഗങ്ങള്‍ ഏത്‌ രാഗത്തിലാണോ ഗീതം രചിക്കപ്പെട്ടിട്ടുള്ളത്‌ അതിന്റെ ലക്ഷണത്തെ സാഹിത്യമായി സ്വീകരിച്ചവയും ആയിരിക്കും. മുദുവെങ്കടമഖിയുടെ "രവികോടിതേജ' എന്ന മായാമാളവഗൗളഗീതം ഇതിനു പ്രസിദ്ധമായ ഉദാഹരണമാണ്‌.

ശ്യാമാശാസ്‌ത്രികള്‍

"സ്വരജതി'യെന്ന ഗാനരൂപത്തിന്‌ പല്ലവി, അനുപല്ലവി, ചരണങ്ങള്‍ എന്നീ അംഗങ്ങളുണ്ട്‌. ചരണങ്ങള്‍ ഭിന്നഭിന്നമായ ധാതുക്കളില്‍ ക്രമേണ ദൈര്‍ഘ്യം കൂട്ടിക്കൂട്ടി രചിച്ചിട്ടുള്ളവയും മൂന്നുമുതല്‍ എട്ടുവരെ എണ്ണമുള്ളവയുമായിരിക്കും. സാഹിത്യം ഈശ്വരസ്‌തുതിയോ ശൃംഗാരപരമോ ഒരു മഹാപുരുഷനെപ്പറ്റിയുള്ള പ്രശംസയോ ആയിട്ടാണ്‌ കാണുന്നത്‌. ശ്യാമാശാസ്‌ത്രിയുടെ "കാമാക്ഷി അംബ' എന്ന ഭൈരവിരാഗസ്വരജതി പ്രസിദ്ധമാണ്‌. സാഹിത്യമില്ലാതെയും ചില സ്വരജതികള്‍ കാണുന്നു. ഇവയെ "ജതിസ്വരം' എന്നു പറയുന്നു.

പല്ലവി, അനുപല്ലവി, മുക്തായിസ്വരം എന്നിവയോടുകൂടിയ പൂര്‍വാംഗത്തോടുകൂടിയും; ചരണം, ചരണസ്വരങ്ങള്‍ എന്നിവയോടു കൂടിയ ഉത്തരാംഗത്തോടു കൂടിയും; രാഗത്തിന്റെ ഭാവത്തെ നല്ലപോലെ വെളിപ്പെടുത്തുന്ന രഞ്‌ജകപ്രയോഗങ്ങളും വിശേഷസഞ്ചാരങ്ങളും ഉള്‍ക്കൊള്ളുന്ന ഗാനമാണ്‌ "വര്‍ണം'. ഒരു രാഗത്തിന്റെ പ്രയോഗങ്ങളെ വര്‍ണിക്കുന്നു, അതായത്‌ വിവരിക്കുന്നു എന്നതുകൊണ്ട്‌ ഈ നാമം ഇതിന്‌ അന്വര്‍ഥമാണ്‌. വര്‍ണങ്ങള്‍ ഒട്ടുമുക്കാലും ആദിതാളത്തിലോ അടതാളത്തിലോ ആണ്‌ രചിക്കപ്പെട്ടു കാണുന്നത്‌. ഇവ "താനവര്‍ണ'ങ്ങളെന്നും "പദവര്‍ണ'ങ്ങളെന്നും രണ്ടു തരത്തിലാണ്‌. രണ്ടിലും സാഹിത്യം ഭക്തിപരമോ ശൃംഗാരപരമോ പ്രശംസാപരമോ ആയിരിക്കും. പക്ഷേ താനവര്‍ണം മധ്യലയത്തില്‍ രചിച്ചിട്ടുള്ളതും പല്ലവി, അനുപല്ലവി, ചരണപല്ലവി എന്നിവയ്‌ക്കു മാത്രം സാഹിത്യവും ശേഷിച്ച ഭാഗത്തിനു സ്വരങ്ങള്‍ മാത്രവുമായിട്ടുള്ളതുമാണ്‌. ഭൈരവി രാഗത്തില്‍ ആദിയപ്പയ്യായുടെ "വിരിബോണി' തോഡി രാഗത്തില്‍ പട്ടണം സുബ്രഹ്മണ്യയ്യരുടെ "ഏറാനാപൈ' കാംബോജി രാഗത്തില്‍ സ്വാതിതിരുനാളിന്റെ "സരസിജനാഭ' മുതലായവ ഇതിന്‌ ഉദാഹരണങ്ങളാണ്‌. പദവര്‍ണം വിളംബിതലയത്തില്‍ രചിച്ചിട്ടുള്ളതും ധാതുവിനു മുഴുവനും സാഹിത്യമുള്ളതുമാണ്‌. ഇതില്‍ ഭാവപ്രകടനത്തിനു വളരെ സൗകര്യമുള്ളതുകൊണ്ട്‌ ഭരതനാട്യത്തില്‍ ഇതൊരു പ്രധാനമായ അംഗമാണ്‌. കമാശ്‌ രാഗത്തില്‍ സ്വാതിതിരുനാളിന്റെ "സാ വാമാ രുഷാ', ആനന്ദഭൈരവിയില്‍ സുബ്ബരാമദീക്ഷിതരുടെ "സാരെകുനിടു', ആരഭിയില്‍ ഇരയിമ്മന്‍ തമ്പിയുടെ "അംബഗൗരി' മുതലായവ ഉദാഹരണങ്ങള്‍.

ദേവതാസ്‌തുതിപരമായ ഒരു ഗാനരൂപമാണ്‌ "കീര്‍ത്തനം'. ഇതിന്‌ പല്ലവി, അനുപല്ലവി, ചരണം എന്നീ വിഭാഗങ്ങളുണ്ട്‌. ചിലപ്പോള്‍ അനുപല്ലവി ഇല്ലാതെയുമിരിക്കാം. കീര്‍ത്തനത്തിലെ ചരണങ്ങള്‍ക്കെല്ലാം ഒരേ ധാതു തന്നെയായിരിക്കും. സാമാന്യമായ രാഗങ്ങളും ലഘുവായ താളങ്ങളുമാണ്‌ സാധാരണയായി ഉപയോഗിക്കുന്നത്‌. ലഘുവായ സഞ്ചാരങ്ങള്‍ മാത്രമേ ഇവയില്‍ കാണുന്നുള്ളു. ചരണത്തിന്റെ ഉത്തരഭാഗം ഏറിയകൂറും അനുപല്ലവി പോലെയും പൂര്‍വഭാഗം ചിലപ്പോള്‍ പല്ലവി പോലെ തന്നെയുമിരിക്കും. സാഹിത്യത്തില്‍ ഈശ്വരമഹിമാനുവര്‍ണനമോ, പ്രാര്‍ഥനയോ, പുരാണകഥാകഥനമോ ആണ്‌ വിഷയം. ഇവയില്‍ സാഹിത്യം പ്രധാനവും സംഗീതം സാഹിത്യത്തിന്‌ ഒരുപകരണവുമായിട്ടുവേണം വിചാരിക്കാന്‍. യദുകുലകാംബോജിയില്‍ ത്യാഗരാജസ്വാമിയുടെ "പാഹിരാമചന്ദ്ര', പന്തുവരാളിയില്‍ സ്വാതിതിരുനാളിന്റെ "സാരസാക്ഷ പരിപാലയ', ശ്രീരാഗത്തില്‍ ഇരയിമ്മന്‍ തമ്പിയുടെ "കരുണ ചെയ്‌വാനെന്തു' മുതലായവ ഉദാഹരണങ്ങള്‍. നോ: കീര്‍ത്തനം


കീര്‍ത്തനത്തിന്റെ തന്നെ വിസ്‌തൃതവും പരിഷ്‌കൃതവുമായ രൂപമാണ്‌ "കൃതി'. ഇതില്‍ സാഹിത്യത്തെക്കാള്‍ സംഗീതത്തിനാണ്‌ പ്രാധാന്യം. സാഹിത്യം ദേവതാസ്‌തുതിയാകണമെന്നു നിര്‍ബന്ധമില്ല; സാരോപദേശപരമോ, വര്‍ണനാപരമോ, തത്ത്വപ്രതിപാദനപരമോ, സ്വാനുഭവങ്ങളെ പ്രതിപാദിക്കുന്നതോ ആകാം. മിക്കവാറും ഒരു ചരണമേ കാണുകയുള്ളു. കൂടുതല്‍ ചരണങ്ങളുള്ളവയില്‍ ചിലപ്പോള്‍ ഒന്നിനൊന്നു വ്യത്യസ്‌തമായ ധാതുക്കള്‍ ഉണ്ടായിരിക്കും. സംഗതി, ചിട്ടസ്വരം, മധ്യമകാലസാഹിത്യം, സ്വരാക്ഷരം, ചൊല്‍ക്കെട്ട്‌ തുടങ്ങിയ ഗാനാലങ്കാരങ്ങളും രാഗത്തിലെ അപൂര്‍വ പ്രയോഗങ്ങളും കൃതികളില്‍ കാണാവുന്നതാണ്‌. ഒരു ഗാനകര്‍ത്താവിന്‌ തന്റെ ജ്ഞാനത്തെയും ഗായകന്‌ മനോധര്‍മത്തെയും പ്രകടിപ്പിക്കുന്നതിനു കൃതി വക നല്‌കുന്നു. സംഗീത ത്രിമൂര്‍ത്തികളെന്നറിയപ്പെടുന്ന ത്യാഗരാജസ്വാമി, മുത്തുസ്വാമിദീക്ഷിതര്‍, ശ്യാമാശാസ്‌ത്രി എന്നിവര്‍; സ്വാതിതിരുനാള്‍ മഹാരാജാവ്‌, പട്ടണം സുബ്രഹ്മണ്യയ്യര്‍, രാമനാഥപുരം ശ്രീനിവാസയ്യങ്കാര്‍, മൈസൂര്‍ വാസുദേവാചാര്യര്‍, പാപനാശം ശിവന്‍ മുതലായവര്‍ വിശിഷ്ടകൃതികര്‍ത്താക്കളാണ്‌. ശങ്കരാഭരണത്തില്‍ ത്യാഗരാജന്റെ "സ്വരരാഗസുധ', ഹംസധ്വനിയില്‍ മുത്തുസ്വാമിദീക്ഷിതരുടെ "വാതാപിഗണപതിം', ആനന്ദഭൈരവിയില്‍ ശ്യാമശാസ്‌ത്രിയുടെ "മരിവേറെ ഗതി', കാംബോജിയില്‍ സ്വാതിതിരുനാളിന്റെ "രാസവിലാസ' എന്നിവ ഉദാഹരണങ്ങള്‍. നോ: കൃതി

ചില കീര്‍ത്തനങ്ങളും കൃതികളും സമുച്ചയങ്ങളായി കാണുന്നു. ത്യാഗരാജസ്വാമിയുടെ ദിവ്യനാമകീര്‍ത്തനങ്ങള്‍, കോവൂര്‍ പഞ്ചരത്‌നം, തിരുവൊറ്റിയൂര്‍ പഞ്ചരത്‌നം, മുത്തുസ്വാമി ദീക്ഷിതരുടെ കമലാംബാനവാവരണം, ശ്യാമശാസ്‌ത്രിയുടെ നവരത്‌നമാലിക, സ്വാതിതിരുനാളിന്റെ നവരാത്രികീര്‍ത്തനങ്ങള്‍ എന്നിവ ഈ ഇനത്തില്‍പ്പെടുന്നു. ദൃഷ്ടാന്തത്തിനായി കമലാംബാനവാവരണം പരിശോധിക്കാം. തന്ത്രശാസ്‌ത്രപ്രകാരമുള്ള നവാവരണമെന്ന ധ്യാനക്രമമനുസരിച്ച്‌ തിരുവാരൂരിലെ കമലാംബികയെന്ന ദേവിയുടെ മാനസിക പൂജയെ അടിസ്ഥാനമാക്കിയുള്ളതാണ്‌ ഈ കൃതിസമുച്ചയം. നവാവരണങ്ങള്‍ക്കോരോന്നിനും ഒന്നുവീതം ഒമ്പതും, ധ്യാനവും മംഗളവും ചേര്‍ന്ന്‌ ആകെ പതിനൊന്നു കൃതികള്‍ ഈ ഗാനാവലിയിലുണ്ട്‌.

		കൃതി	രാഗം	താളം
	1. 	കമലാംബികേ	തോഡി	രൂപകം
	2. 	കമലാംബാസംരക്ഷതു	ആനന്ദഭൈരവി	ത്രിപുട
	3. 	കമലാംബാംഭജരേ	കല്യാണി	ആദി
	4. 	ശ്രീകമലാംബികയാ	ശങ്കരാഭരണം	രൂപകം
	5. 	കമലാംബികായൈ	കാംബോജി	ഖണ്ഡ അട
	6. 	ശ്രീകമലാംബികായാഃ	ഭൈരവി	മിശ്രഝമ്പ
	7. 	കമലാംബികായസ്‌തവ	പുന്നാഗവരാളി	രൂപകം
	8. 	ശ്രീകമലാംബികായാം	ശഹാന	ത്രിപുട
	9. 	ശ്രീകമലാംബികേളവാവ	ഘണ്ട	ആദി
	10. 	ശ്രീകമലാംബാജയതി	ആഹരി	രൂപകം
	11. 	ശ്രീകമലാംബികേ	ശ്രീ	ഖണ്ഡ ഏകം
 

പല്ലവി, അനുപല്ലവി, ചരണങ്ങള്‍ എന്നീ അംഗങ്ങളോടുകൂടി വിളംബിതലയത്തില്‍ നായികാനായകബന്ധത്തെ ഉത്‌കൃഷ്ടമായി പ്രതിപാദിക്കുന്ന ശൃംഗാരപ്രധാനമായ ഗാനമാണ്‌ "പദം'. നായിക തന്റെ വിരഹവേദനയെ സഖിയോടു പറഞ്ഞു കേള്‍പ്പിക്കുകയോ, നായികയുടെ സങ്കടങ്ങളെ സഖി നായകനോടുണര്‍ത്തിക്കുകയോ ചെയ്യുന്ന രൂപത്തിലാണ്‌ മിക്കവാറും പദങ്ങളിലെ സാഹിത്യം. ഇവയിലെ ഭാവം ലൗകികശൃംഗാരമല്ല, ഈശ്വരപ്രമമാണ്‌. നായിക ജീവാത്‌മാവിനെയും നായകന്‍ പരമാത്‌മാവിനെയും അവര്‍ തമ്മിലുള്ള അനുരാഗം ജീവാത്‌മാവിനു പരമാത്‌മപ്ര-ാപ്‌തിക്കുള്ള മോഹത്തെയും സഖി ഈ ഉദ്ദേശ്യസാധ്യത്തിനുള്ള മാര്‍ഗോപദേഷ്ടാവായ ഗുരുവിനെയും പ്രതിനിധാനം ചെയ്യുന്നതായി കരുതപ്പെടുന്നു. ക്ഷേത്രജ്ഞനാണ്‌ പദകര്‍ത്താക്കളില്‍ അഗ്രഗണ്യന്‍. അദ്ദേഹത്തിന്റെ തെലുങ്കുപദങ്ങള്‍ അതിമനോഹരങ്ങളും ഭാവാവിഷ്‌കരണത്തിന്‌ അത്യന്തം ഉതകുന്നവയുമാണ്‌. സാരംഗപാണി, കസ്‌തൂരിരംഗയ്യാ, മെരട്ടൂര്‍ വെങ്കടരാമശാസ്‌ത്രി, സ്വാതിതിരുനാള്‍, ഇരയിമ്മന്‍തമ്പി എന്നിവരും ശ്രഷ്‌ഠങ്ങളായ നിരവധി പദങ്ങള്‍ രചിച്ചിട്ടുണ്ട്‌. നാട്യത്തിലാണ്‌ പദങ്ങള്‍ അധികവും ഉപയോഗപ്പെടുത്തുന്നത്‌. ശങ്കരാഭരണത്തില്‍ ക്ഷേത്രജ്ഞന്റെ "ചല്ലനായെനു', അഠാണയില്‍ സ്വാതിതിരുനാളിന്റെ "വലപ്പുതാളവശമാ', ഇരയിമ്മന്‍തമ്പിയുടെ "കാമാകൃതേകാന്ത' മുതലായവ ഉദാഹരണങ്ങള്‍.

സ്വാതിതിരുനാള്‍ മഹാരാജാവ്‌

പദത്തിന്റെ ഒരു വകഭേദമാണ്‌ "ജാവളി'. ഇതിലെ ശൃംഗാരം പൊതുവേ ലൗകികമാണ്‌. രചന മിക്കവാറും മധ്യകാലത്തിലാണ്‌. കമാശ്‌ രാഗത്തില്‍ പട്ടണം സുബ്രഹ്മണ്യയ്യരുടെ "അപുടുമനസു', പരശ്‌ രാഗത്തില്‍ ധര്‍മപുരി സുബ്ബരായരുടെ "സ്‌മരസുന്ദരാംഗുനി', കാംബോജിയില്‍ ഇരയിമ്മന്‍തമ്പിയുടെ "പ്രാണനാഥനെനിക്കു നല്‌കിയ' എന്നിവ ഉദാഹരണങ്ങളാണ്‌. തനധീം തക ഝണു മുതലായ താളജതികളെ രാഗതാളങ്ങളോടു ചേര്‍ത്തുള്ള ഒരുതരം ഗാനമാണു "തില്ലാന'. മുഖ്യമായി നാട്യത്തിനാണ്‌ ഇതുദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. ഇതിന്‌ പല്ലവി, അനുപല്ലവി, ഒരു ചരണം എന്നീ അംഗങ്ങള്‍ കാണുന്നു. സാധാരണയായി പല്ലവിയും അനുപല്ലവിയും ജതികള്‍ കൊണ്ടുമാത്രവും ചരണത്തിന്റെ പൂര്‍വാര്‍ധം സ്‌തുതിപരമായോ പ്രശംസാപരമായോ ഉള്ള സാഹിത്യത്താലും ഉത്തരാര്‍ധം ജതികളാലും നിര്‍മിതമായിരിക്കും. സ്വാതിതിരുനാള്‍ മൈസൂര്‍ ശേഷണ്ണ, രാമനാഥപുരം ശ്രീനിവാസയ്യങ്കാര്‍, ലാല്‍ഗുഡി ജയരാമന്‍, ബാലമുരളി മുതലായവര്‍ തില്ലാനകള്‍ രചിച്ചിട്ടുണ്ട്‌. പരശ്‌ രാഗത്തില്‍ ശ്രീനിവാസയ്യങ്കാരുടെ "താനോം തനന', ചെഞ്ചുരുട്ടിയില്‍ ശേഷണ്ണായുടെ "ധിരനാതനധീം', ധനാശി രാഗത്തില്‍ സ്വാതിതിരുനാളിന്റെ "ഗീതദുനികു' എന്നിവ ഉദാഹരണങ്ങളാണ്‌.

പല രാഗങ്ങളിലായി രചിച്ചിട്ടുള്ള ഏതു ഗാനത്തെയും "രാഗമാലിക'യെന്നു പറയാമെങ്കിലും കര്‍ണാടകസംഗീതത്തില്‍ ആ പേരില്‍ ഒരു പ്രത്യേകമായ ഗാനരൂപം തന്നെയുണ്ട്‌. ഇതില്‍ തുല്യമായ ആവര്‍ത്തനങ്ങളോടുകൂടിയ അനേകം ഖണ്ഡങ്ങള്‍, ഓരോ ഖണ്ഡവും ഓരോ രാഗത്തിലായി, ഉണ്ടായിരിക്കും. ഓരോ ഖണ്ഡത്തിലും ആദ്യത്തെ ഭാഗം സാഹിത്യവും, പിന്നീടുള്ള ഭാഗം സാധാരണയായി സാഹിത്യം എത്ര ആവര്‍ത്തത്തിലാണോ അത്രയും ആവര്‍ത്തം ചിട്ടസ്വരവുമായിരിക്കും. ഓരോ ഖണ്ഡത്തിലും ഒടുവിലത്തെ ആവര്‍ത്തം ആദ്യഖണ്ഡത്തിന്റെ ഒടവിലത്തേതുതന്നെ. ഇങ്ങനെ ആവര്‍ത്തിക്കപ്പെടുന്ന ഭാഗത്തെ "മകുടം' എന്നു പറയുന്നു. മകുടം കഴിഞ്ഞാല്‍ ആദ്യഖണ്ഡത്തിലെ പല്ലവി സ്ഥാനത്തുള്ള സാഹിത്യം തന്നെ പാടിയിട്ടാണ്‌ അടുത്ത ഖണ്ഡം പാടേണ്ടത്‌. ഒടുവിലത്തെ ഖണ്ഡത്തില്‍ അതിലെ രാഗത്തിലെ സ്വരാവര്‍ത്തം കഴിഞ്ഞാല്‍ അര ആവര്‍ത്തം വീതമോ ഒരാവര്‍ത്തം വീതമോ അതിനു മുമ്പുള്ള രാഗങ്ങളില്‍ വിലോമക്രമത്തില്‍ സ്വരം നിവേശിപ്പിച്ചിരിക്കുന്നു. ഇതിനുശേഷം മകുടം പാടി പല്ലവി പാടണം. ശങ്കരാഭരണം, കാംബോജി, നീലാംബരി, ഭൈരവി, തോഡി, സുരുട്ടി, നാഥനാമക്രിയ, ഭൂപാളം എന്നീ രാഗങ്ങളിലായി രൂപകതാളത്തില്‍ സ്വാതിതിരുനാള്‍ രചിച്ചിട്ടുള്ള "പന്നഗേന്ദ്രശയന' എന്ന രാഗമാലിക വളരെ പ്രസിദ്ധമാണ്‌.

രാഗംതാനംപല്ലവി എന്നൊരിനം കര്‍ണാടകസംഗീതത്തിലുണ്ട്‌. ത, ദ, രി, ന, തോം, നം, രം എന്നീ അക്ഷരങ്ങളെയും അവയുടെ ഒടുവില്‍ക്കാണുന്ന അ, ഇ തുടങ്ങിയ സ്വരങ്ങളെയും ഉപയോഗിച്ച്‌ രാഗത്തിന്റെ വിവിധസഞ്ചാരങ്ങളെ ഗമകത്തോടുകൂടി രഞ്‌ജകമായും വിളംബമധ്യദ്രുതകാലങ്ങള്‍ ഉള്‍ക്കൊണ്ടും രാഗഭാവം നല്ലപോലെ വെളിപ്പെടത്തക്കവണ്ണവും പാടുന്നതിനെ "രാഗാലാപനം' എന്നു പറയുന്നു. ഇതു തന്നെയാണ്‌ പ്രകൃതത്തില്‍ "രാഗം'. വിസ്‌താരമായി ആലാപനം ചെയ്‌തതിനുശേഷം ത, അ, നം എന്ന അക്ഷരങ്ങളുപയോഗിച്ച്‌ മധ്യകാലത്തില്‍ പാടി രാഗത്തിന്റെ സ്വരൂപത്തെ പൂര്‍ണമായി കാണിക്കുന്നത്‌ "താനം'. സ്‌തുതിപരമോ പ്രശംസാപരമോ ആയതും ഒന്നോ രണ്ടോ താളവട്ടങ്ങളില്‍ ഒതുങ്ങിയതുമായി വിളംബിതലയത്തിലുള്ള സാഹിത്യമാണ്‌ പ്രകൃതത്തില്‍ "പല്ലവി'. പല്ലവി പാടുന്നതിനെ ആരംഭം, നിരവല്‍, കല്‌പനാസ്വരം എന്നു മൂന്നായി വിഭജിക്കാം. ഉചിതമായ ധാതുവില്‍ രചിച്ചിട്ടുള്ള പല്ലവി സാഹിത്യത്തെ, വേണ്ടിടത്തോളമുള്ള ഗമകാദ്യലങ്കാരങ്ങളോടുകൂടി മൂന്നു കാലങ്ങളിലുമായി ആവര്‍ത്തിച്ചാവര്‍ത്തിച്ചു പല പ്രകാരത്തില്‍ പാടുന്നതാണ്‌ ആരംഭം. നിരവല്‍ എന്നത്‌ പല്ലവി സാഹിത്യത്തിലെ അക്ഷരങ്ങളെ അകാരഇകാരഉകാരങ്ങളോടുകൂടി യഥാവസരം നീട്ടി വിഭിന്ന ലയങ്ങളില്‍ പാടുന്നതാണ്‌. കല്‌പനാസ്വരം എന്നതിനെ മിക്കവാറും നിരവല്‍ സാഹിത്യത്തിലും അകാരഇകാരാദി സ്ഥാനങ്ങളിലും അതാതുസ്വരങ്ങളെത്തന്നെ ഉപയോഗപ്പെടുത്തി ക്രമപ്രവൃദ്ധമായ താളാവര്‍ത്തങ്ങളില്‍ പാടുന്നതായി കണക്കാക്കാം. പല്ലവി പാടുന്നതില്‍ താളത്തിന്റെ ഗതിഭേദങ്ങള്‍ പ്രയോഗിച്ചു ഗായകര്‍ അവരുടെ പാടവം പ്രകടമാക്കാറുണ്ട്‌.

ഗാനാലങ്കാരങ്ങള്‍

ഗാനങ്ങളുടെ സ്വരൂപത്തെയും പ്രയോഗത്തെയും മെച്ചപ്പെടുത്തുന്ന ഘടകങ്ങളെ "ഗാനാലങ്കാരങ്ങള്‍' എന്നു പറയുന്നു. ഇവയില്‍ ഗമകം, സംഗതി, ചിട്ടസ്വരം, സ്വരസാഹിത്യം, ചൊല്‍ക്കെട്ട്‌, മധ്യമകാലം, സ്വരാക്ഷരം, ശബ്‌ദാലങ്കാരം, മുദ്ര എന്നിവയാണ്‌ പ്രധാനപ്പെട്ടവ. കേള്‍വിക്കു സുഖമായിരിക്കത്തക്കവണ്ണമുള്ള സ്വരങ്ങളുടെ കമ്പത്തിന്‌, അതായത്‌ ഇളക്കത്തിന്‌ "ഗമകം' എന്നു പേര്‍. ഒരേ സ്വരത്തെ തന്നെ വിറപ്പിക്കുന്നത്‌ (കമ്പിതം), ദ്രുതഗതിയില്‍ സ്വരങ്ങളെ ഇരട്ടിപ്പിക്കുന്നത്‌ (സ്‌ഫുരിതം), ഒരു സ്വരത്തെ അടുത്ത മേല്‍സ്വരം കൂടി ധ്വനിക്കത്തക്കവണ്ണം പ്രയോഗിക്കുന്നത്‌ (ആഹതം), അതുപോലെ തൊട്ടുതാഴെയുള്ള സ്വരം കൂടി ധ്വനിപ്പിക്കുന്നത്‌ (പ്രത്യാഹതം) മുതലായ പല വകഭേദങ്ങള്‍ ഇതിനുണ്ട്‌.

ആവര്‍ത്തിച്ചാവര്‍ത്തിച്ചു പാടാന്‍ സൗകര്യമുള്ള ഒരു ഗാനഭാഗത്തില്‍ ആവര്‍ത്തനം തോറും ധാതുവില്‍ വളരെ മനോഹരമായും പടിപടിയായും വരുന്ന മാറ്റങ്ങളെ "സംഗതികള്‍' എന്നു പറയുന്നു. കൃതികളില്‍ സാധാരണമായ ഈ അലങ്കാരം അധികമായും പല്ലവിയുടെ ആദ്യഭാഗത്താണു കാണുന്നത്‌.

ചില കൃതികളില്‍ അനുപല്ലവിയെത്തുടര്‍ന്ന്‌ ഏതാനും ആവര്‍ത്തങ്ങളിലായി രാഗത്തിന്റെ ഏറ്റവും ഭംഗിയായ ചില സഞ്ചാരങ്ങള്‍ ഉള്‍ക്കൊള്ളുന്നതും മിക്കവാറും മധ്യകാലത്തില്‍ രചിച്ചിട്ടുള്ളതുമായ ഒരു ധാതുഭാഗം കാണാം. ഇതിനെ "ചിട്ടസ്വരം' എന്നു പറയുന്നു. പട്ടണം സുബ്രഹ്മണ്യയ്യരുടെ "രഘുവംശസുധാംബുധിചന്ദ്ര' എന്ന കഥനകുതൂഹലകൃതിയിലെ ചിട്ടസ്വരം മനോഹരമാണ്‌.

ചിട്ടസ്വരത്തിനു ചിലപ്പോള്‍ ഉചിതമായ സാഹിത്യം കൂടിയുണ്ടായിരിക്കും. ഈ സാഹിത്യത്തെ "സ്വരസാഹിത്യം' എന്നു പറയുന്നു. ഇത്തരം കൃതികളില്‍ സാധാരണയായി ചിട്ടസ്വരത്തെ അനുപല്ലവി കഴിഞ്ഞും സ്വരസാഹിത്യത്തെ ചരണത്തിന്റെ ഒടുവിലും പാടിവരുന്നു. സുബ്ബരായ ശാസ്‌ത്രിയുടെ "ജനനി നിനുവിനാ' എന്ന രീതിഗൗള കൃതിയില്‍ സ്വരസാഹിത്യം കാണാം. ചിട്ടസ്വരത്തിന്‍െറ സ്ഥാനത്തില്‍ സ്വരവും ജതിയും കൂടിച്ചേര്‍ന്നു വരുന്നതായാല്‍ അതിനെ "ചൊല്‍ക്കെട്ട്‌' എന്നു പറയുന്നു. ഇത്‌ അനുപല്ലവിയുടെ ഒടുവില്‍ മാത്രമാണുള്ളത്‌. മുത്തുസ്വാമിദീക്ഷിതരുടെ "ആനന്ദനടനപ്രകാശം' എന്ന കേദാരകൃതിയിലും സ്വാതിതിരുനാളിന്റെ "രാസവിലാസ' എന്ന കാംബോജികൃതിയിലും ചൊല്‍ക്കെട്ടു കാണാം.

മഹാവൈദ്യനാഥയ്യര്‍

ചില കൃതികളില്‍ അനുപല്ലവിയുടെയോ ചരണത്തിന്റെയോ രണ്ടിന്റെയുമോ സാഹിത്യത്തിലെ അവസാനഭാഗം മധ്യകാലത്തില്‍ രചിച്ചിട്ടുള്ളതായിരിക്കും. ഇതിനെ "മധ്യമകാലസാഹിത്യം' എന്നു പറയുന്നു. മുത്തുസ്വാമി ദീക്ഷിതരുടെ കൃതികളില്‍ ഇത്‌ സാധാരണമാണ്‌. ധാതുവിലുള്ള ഒരു സ്വരത്തിന്റെ സ്ഥാനത്ത്‌ അതേ സ്വരം തന്നെ മാതുവിലും വരുന്നുണ്ടെങ്കില്‍ അതിനെ "സ്വരാക്ഷരം' എന്നു പറയുന്നു. സ്വാതിതിരുനാളിന്റെ കൃതികള്‍ ഇതില്‍ മികച്ചു നില്‌ക്കുന്നു. രാമസ്വാമിദീക്ഷിതരുടെ "സാരിഗാ' എന്നാരംഭിക്കുന്ന തോഡിരാഗവര്‍ണം സ്വരാക്ഷരം കൊണ്ടു നിറഞ്ഞതാണ്‌.

ശബ്‌ദാലങ്കാരങ്ങള്‍ മാതുവിനെ ആശ്രയിച്ചവയാണ്‌. ഒരു രാഗത്തിന്റെ ആദ്യത്തെ ആവര്‍ത്തത്തിന്റെ ആദിയില്‍ ഏതക്ഷരമാണോ ഉള്ളത്‌ അതു തന്നെയോ അതിനനുരൂപമായ മറ്റേതെങ്കിലും അക്ഷരമോ അടുത്ത ആവര്‍ത്തത്തിന്റെ ആദിയിലും വരുന്നതു നന്നായിരിക്കും. പല്ലവിക്കും അനുപല്ലവിക്കും ദ്വിതീയാക്ഷരപ്രാസം വേണം. ചരണത്തിന്റെ ആവര്‍ത്തങ്ങളിലും ഇത്‌ അഭികാമ്യമാണ്‌. ചരണത്തില്‍ അന്ത്യാക്ഷരപ്രാസവും നിവേശിപ്പിക്കുന്നത്‌ ശ്രാവ്യഗുണം വര്‍ധിപ്പിക്കും. ദീക്ഷിതര്‍ കൃതികളില്‍ ഈ ശബ്‌ദാലങ്കാരങ്ങള്‍ സാര്‍വത്രികമാണ്‌.

ഗാനത്തില്‍ രാഗനാമത്തിന്‍െറ നിവേശനം "രാഗമുദ്ര'; താളനാമത്തിന്റേത്‌ "താളമുദ്ര'; കവി സ്വകൃതികളില്‍ നിയതമായി ഉപയോഗിക്കുന്ന പ്രത്യേകപദം"കവിമുദ്ര'. ദീക്ഷിതര്‍ കൃതികളില്‍ രാഗമുദ്ര സാധാരണമാണ്‌; താളമുദ്ര അത്രതന്നെ കാണുന്നില്ല. പുരന്ദരദാസര്‍ (പുരന്ദരവിഠല), ത്യാഗരാജസ്വാമി എന്നിവര്‍ സ്വനാമവും, ദീക്ഷിതര്‍ "ഗുരുഗുഹ', ശ്യാമശാസ്‌ത്രി "ശ്യാമകൃഷ്‌ണ', സ്വാതിതിരുനാള്‍ "പദ്‌മനാഭ' അല്ലെങ്കില്‍ അതിന്റെ പര്യായങ്ങള്‍, പട്ടണം സുബ്രഹ്മണ്യയ്യര്‍ "വെങ്കടേശ' എന്നീ പദങ്ങളും കവിമുദ്രയായി സ്വീകരിച്ചിരിക്കുന്നു.

വാദ്യം

പാപനാശം ശിവന്‍

കര്‍ണാടകസംഗീതത്തില്‍ ഉപയോഗപ്പെടുത്തുന്ന തന്ത്രിവാദ്യങ്ങള്‍ വീണ, അതിന്റെ ഒരു വകഭേദമായി കരുതാവുന്ന ഗോട്ടുവാദ്യം, വയലിന്‍ എന്നീ ഗാനവാദ്യങ്ങളും; തംബൂര്‍ എന്ന ശ്രുതിവാദ്യവും; മോര്‍സിങ്‌ എന്ന താളവാദ്യവുമാണ്‌. സുഷിരവാദ്യങ്ങളില്‍ പുല്ലാങ്കുഴലും നാഗസ്വരവും ക്ലാരിനെറ്റും ആണ്‌ പ്രധാന ഗാനവാദ്യങ്ങള്‍. റീഡ്‌ വാദ്യവിഭാഗത്തില്‍പ്പെടുന്ന പാശ്ചാത്യവാദ്യമായ ഹാര്‍മോണിയം അപൂര്‍വമായി സ്വീകരിക്കാറുണ്ട്‌. പക്ഷേ ഈ വാദ്യത്തിലെ സമാന്തരസ്വരസംവിധാനം ഗമകപ്രധാനമായ ഈ സംഗീതത്തിന്‌ അത്ര തന്നെ യോജിച്ചതല്ല. നാഗസ്വരത്തോടുകൂടി ഉപയോഗിക്കുന്ന ഒത്തു എന്നതാണ്‌ ഈ വിഭാത്തിലെ ശ്രുതിവാദ്യം. അവനദ്ധവാദ്യങ്ങളില്‍ മൃദംഗമാണ്‌ ഏറ്റവും പ്രധാനം. ഗഞ്ചിറ എന്ന വാദ്യവും ഉപയോഗിക്കാറുണ്ട്‌. നാഗസ്വരത്തിന്‌ അകമ്പടിയായി ഉപയോഗിക്കുന്ന തകിലാണ്‌ മറ്റൊരു ചര്‍മവാദ്യം. ഘനവാദ്യങ്ങളില്‍ ഘടവും ജാലറുമാണ്‌ മുഖ്യമായവ.

സംഗീതക്കച്ചേരി

സംഗീതക്കച്ചേരി

ഇപ്പോള്‍ നടപ്പിലുള്ള സംഗീതക്കച്ചേരി സര്‍വസാധാരണമായിട്ടുള്ളത്‌ ഒരു ഗായകന്‍, ഒരു വയലിന്‍ വാദകന്‍, ഒരു മൃദംഗവാദകന്‍ എന്നിവര്‍ ചേര്‍ന്ന സംഘമാണ്‌. ചിലപ്പോള്‍ മൃദംഗത്തിനു പുറമേ, ഗഞ്ചിറ, ഘടം, മോര്‍സിങ്‌ എന്നിവയില്‍ ഏതെങ്കിലും ഒന്നോ എല്ലാം തന്നെയോ മേളക്കൊഴുപ്പിനുവേണ്ടി ഉപയോഗപ്പെടുത്തുന്നുണ്ട്‌. ഈ വിഭാഗത്തിലുള്ള പൂര്‍ണ്ണമായ സംഗീതക്കച്ചേരിയെ പൂര്‍വാംഗമെന്നും ഉത്തരാംഗമെന്നും രണ്ടായി പിരിക്കാം. പൂര്‍വാംഗത്തില്‍ മിക്കവാറും കൃതികളാണ്‌ പാടിവരുന്നത്‌. അതില്‍ ചൗക്കകാലകൃതികളും മധ്യകാലകൃതികളും ഇടകലര്‍ത്തിയും സന്ദര്‍ഭാനുസരണം അതാതു കൃതിക്കു യോജിച്ചവണ്ണം രാഗാലാപനം, നിരവല്‍, കല്‌പനാസ്വരം മുതലായവചേര്‍ത്തും; ഉത്തരാംഗത്തില്‍ രാഗം, താനം, പല്ലവി എന്ന ഇനവും; പദം, ജാവലി, രാഗമാലിക മുതലായവയും പാടുന്നു. ഇടയ്‌ക്ക്‌ താളവാദ്യത്തിനു തനിയായിട്ട്‌ "തനിയാവര്‍ത്തനം' എന്നു വ്യവഹരിച്ചുവരുന്ന അംഗവും കാണും. ഇത്തരം കച്ചേരികള്‍ ഒരു താനവര്‍ണത്തോടുകൂടി ആരംഭിച്ച്‌ മംഗളത്തോടുകൂടി അവസാനിപ്പിക്കുന്നതാണ്‌ സമ്പ്രദായം.

ശേഷണ്ണ

ഗാനവാദ്യപ്രധാനമായ കച്ചേരിയില്‍ വീണ, പുല്ലാങ്കുഴല്‍, ഗോട്ടുവാദ്യം, വയലിന്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നും താളവാദ്യമായി മൃദംഗവും കാണും. അപൂര്‍വമായി ഒന്നിലധികം താളവാദ്യങ്ങളും കണ്ടെന്നുവരാം. ഗാനക്രമം മുമ്പു പറഞ്ഞതുതന്നെ. നാഗസ്വരക്കച്ചേരിയില്‍ ശ്രുതിക്ക്‌ ഒത്തും താളത്തിന്‌ തകിലും ഉപയോഗിക്കുന്നു. താളാംഗങ്ങള്‍ കാണിക്കുന്നതിന്‌ ഇതില്‍ കൈമണിയും സാധാരണമാണ്‌. ആദ്യത്തെ ഇനത്തില്‍ ചിലപ്പോള്‍ രണ്ടു ഗായകന്മാരും രണ്ടാമത്തേതില്‍ ഒരേ ഇനത്തിലുള്ള രണ്ടു ഗാനവാദ്യവും ഉള്ളതായ സംഗീതക്കച്ചേരികളും നടപ്പിലുണ്ട്‌. രണ്ടു നാഗസ്വരമെന്നതാണ്‌ ഇന്നു പ്രായേണ കാണുന്നത്‌.

ശാസ്‌ത്രഗ്രന്ഥങ്ങള്‍

കര്‍ണാടകസംഗീതത്തിനാധാരമായ ശാസ്‌ത്രഗ്രന്ഥങ്ങള്‍, ഭാരതീയ സംഗീതത്തിന്‌ പൊതുവേതന്നെ പ്രാമാണികങ്ങളായ ശാര്‍ങദേവന്റെ സംഗീതരത്‌നാകരം, രാമാമാത്യന്റെ സ്വരമേളകലാനിധി, സോമനാഥന്റെ രാഗവിബോധം ഇവയും ഗോവിന്ദദീക്ഷിതരുടെ സംഗീതസുധ, വെങ്കടമഖിയുടെ ചതുര്‍ദണ്ഡിപ്രകാശിക, തുളജന്റെ സംഗീതസാരാമൃതം എന്നിവയുമാണ്‌. ഗോവിന്ദാചാര്യരുടെ സംഗ്രഹചൂഡാമണി വെങ്കടമഖി ആസൂത്രണം ചെയ്‌ത മേളകര്‍ത്താ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഒട്ടനേകം ജന്യരാഗങ്ങളുടെ സമ്പൂര്‍ണ രൂപം നല്‌കുന്ന ഗീതങ്ങള്‍ നിറഞ്ഞതാണ്‌. സുബ്ബരാമദീക്ഷിതരുടെ സംഗീതസമ്പ്രദായപ്രദര്‍ശിനിയാണ്‌ ഇന്നു നിലവിലിരിക്കുന്ന കര്‍ണാടക സംഗീതത്തിനു മാര്‍ഗദര്‍ശകമായിട്ടുള്ളത്‌. ഇതില്‍ മേളങ്ങളുടെയും അവയുടെ പ്രധാന ജന്യരാഗങ്ങളുടെയും പൂര്‍ണമായ വിവരണങ്ങളും മതഭേദങ്ങളും ഉദാഹരണങ്ങളും കൊടുത്തിരിക്കുന്നു. ഓരോ രാഗത്തിനും ഗീതങ്ങള്‍, വര്‍ണങ്ങള്‍, കീര്‍ത്തനങ്ങള്‍ മുതലായവ ഉദാഹരണങ്ങളായി കൊടുത്തിട്ടുണ്ട്‌. പല ഗാനകൃത്തുക്കളുടെയും ഗായകന്മാരുടെയും ചരിത്രവും, സംഗീത ശാസ്‌ത്ര പ്രതിപാദകമായ ഒരു ഭാഗവും ഇതിലുണ്ട്‌. ആറ്റൂര്‍ കൃഷ്‌ണപ്പിഷാരടിയുടെ സംഗീതചന്ദ്രിക മുഖ്യമായി പ്രാചീന സംഗീതത്തെയാണ്‌ പരാമര്‍ശിക്കുന്നതെങ്കിലും, ആധുനിക സംഗീതത്തിനു പ്രയോജനപ്പെടുന്ന ഏതാനും അംശങ്ങളും ഉള്‍ക്കൊള്ളുന്നു.

ഗാനകര്‍ത്താക്കള്‍

ത്യാഗരാജസ്വാമികള്‍, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമശാസ്‌ത്രികള്‍ എന്നിവരാണ്‌ ആധുനിക കര്‍ണാടക സംഗീതത്തിലെ ഏറ്റവും ശ്രദ്ധേയരായ ഗാനകര്‍ത്താക്കള്‍. ഇവരുടെ കൃതികളാണ്‌ സംഗീതക്കച്ചേരികളില്‍ ഭൂരിഭാഗവും ആലപിക്കപ്പെടുന്നത്‌. ഒരു പ്രകാരത്തില്‍ ത്യാഗരാജകൃതികളില്‍ ഭാവവും, ദീക്ഷിതര്‍ കൃതികളില്‍ രാഗവും, ശാസ്‌ത്രികള്‍ കൃതികളില്‍ താളവും മികച്ചുനില്‌ക്കുന്നതായി പറയാം. ഇവര്‍ മൂന്നു പേരും സമകാലികരും സംഗീതത്തിന്റെ വിളനിലമായ ചോളദേശീയരുമാണ്‌. ത്യാഗരാജകൃതികളുടെ മാധുര്യവും, ദീക്ഷിതര്‍ കൃതികളുടെ ഗാംഭീര്യവും, ശാസ്‌ത്രികള്‍ കൃതികളുടെ പ്രൗഢിയും അനുഭവൈകവേദ്യമാണ്‌. ദീക്ഷിതര്‍ സംസ്‌കൃതത്തിലും മറ്റു രണ്ടുപേരും തെലുഗുവിലുമാണ്‌ പ്രായേണ സംഗീതകവനം ചെയ്‌തിട്ടുള്ളത്‌. ഈ ത്രിമൂര്‍ത്തികള്‍ക്കു സമശീര്‍ഷനാണ്‌ തിരുവിതാംകൂറിലെ സ്വാതിതിരുനാള്‍ മഹാരാജാവ്‌. ഗാനവൈപുല്യം, ഭാഷാവൈവിധ്യം, ഭക്തിപ്രാചുര്യം എന്നിവ ഇദ്ദേഹത്തിന്റെ കൃതി സമുദായത്തിന്‌ തനിപ്പെട്ട മേന്മ നല്‌കുന്നു. കര്‍ണാടക സംഗീതത്തിലെ എല്ലാ ഇനങ്ങള്‍ക്കും ഇദ്ദേഹത്തിന്‍െറ ഉദാരമായ സംഭാവനയുണ്ട്‌. കൃച്ഛ്രസാധ്യമായ "വര്‍ണം' എന്ന ഇനത്തില്‍ ഇരുപത്തഞ്ചില്‍പ്പരം ഉത്‌കൃഷ്ടങ്ങളായ ഗാനങ്ങള്‍ ഇദ്ദേഹത്തിന്റെതായുണ്ട്‌. വീണ കുപ്പയ്യര്‍, വാലാജപേട്ട വെങ്കടരമണ ഭാഗവതര്‍, ക്ഷേത്രജ്ഞന്‍, ഭദ്രാചല രാമദാസന്‍, നാരായണ തീര്‍ഥര്‍, പല്ലവി ഗോപാലയ്യര്‍, പട്ടണം സുബ്രഹ്മണ്യയ്യര്‍, രാമനാഥപുരം ശ്രീനിവാസയ്യങ്കാര്‍, മഹാവൈദ്യനാഥയ്യര്‍, കോടീശ്വരയ്യര്‍, മൈസൂര്‍ വാസുദേവാചാര്യര്‍, ഊത്തുക്കാട്‌ വെങ്കടസുബ്ബയ്യര്‍, ഹരികേശനല്ലൂര്‍ മുത്തയ്യാ ഭാഗവതര്‍ തുടങ്ങിയവര്‍ പ്രശസ്‌തരായ ഗാനകര്‍ത്താക്കളാണ്‌.

മുത്തയ്യാ ഭാഗവതര്‍

തഞ്ചാവൂര്‍ സഹോദരന്മാരെന്ന പേരില്‍ പ്രസിദ്ധരായ വടിവേലു, പൊന്നയ്യാ, ചിന്നയ്യാ, ശിവാനന്ദം എന്നിവര്‍ ഭരതനാട്യത്തിന്‌ ഒരു നൂതനപദ്ധതി ഏര്‍പ്പെടുത്തി അതിനുവേണ്ട ഗാനങ്ങള്‍ രചിച്ചു. ഇവര്‍ക്ക്‌ സ്വാതിതിരുനാളിന്റെ പ്രാത്സാഹനം വളരെയുണ്ടായിരുന്നു.

ഗോപാലകൃഷ്‌ണഭാരതി, മുത്തുത്താണ്ടവര്‍, മാരിമുത്താപിള്ള, പൊന്നയ്യാ പിള്ള, ലക്ഷ്‌മണന്‍ പിള്ള, നീലകണ്‌ഠശിവന്‍, പാപനാശം ശിവന്‍, ദേശികവിനായകം പിള്ള, എണ്ണപ്പാടം വെങ്കടരാമ ഭാഗവതര്‍, ജി.എന്‍. ബാലസുബ്രഹ്മണ്യം, ഡോ. ബാലമുരളീകൃഷ്‌ണ, "തുളസീവനം' മുതലായവര്‍ വളരെയേറെ ശാസ്‌ത്രീയഗാനങ്ങള്‍ രചിച്ചിട്ടുണ്ട്‌. ഇക്കൂട്ടത്തില്‍ ക്രിസ്‌തുമതാനുയായിയായ വേദനായകം പിള്ള പ്രത്യേകം പ്രസ്‌താവമര്‍ഹിക്കുന്നു. മൈസൂര്‍ സദാശിവരായര്‍, വാസുദേവാചാര്യര്‍, തുടങ്ങിയവര്‍ കന്നഡ ഭാഷയില്‍ സംഗീതസംഭാവന ചെയ്‌തു. സ്വാതിതിരുനാളിനു പുറമേ, ഇരയിമ്മന്‍ തമ്പി, കുട്ടിക്കുഞ്ഞു തങ്കച്ചി, കെ.സി. കേശവ പിള്ള, കുട്ടമത്ത്‌ കുഞ്ഞികൃഷ്‌ണക്കുറുപ്പ്‌ എന്നിവര്‍ മലയാളത്തില്‍ ഗാനങ്ങള്‍ രചിച്ച്‌ നമ്മുടെ ഗാനസമ്പത്തിനെ സംപുഷ്ടമാക്കിയവരാണ്‌.

ഗായകര്‍

കര്‍ണാടകസംഗീതപ്രസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുകയും അതിനു നവീനമായ രൂപഭാവങ്ങള്‍ പ്രദാനം ചെയ്യാന്‍ തങ്ങളുടെ സംഭാവനകളിലൂടെ പ്രയത്‌നിക്കുകയും ചെയ്‌ത നിരവധി കലാകാരന്മാര്‍ ദക്ഷിണേന്ത്യയിലുണ്ട്‌. ഗായകന്മാരും വീണ, വയലിന്‍, മൃദംഗം, പുല്ലാങ്കുഴല്‍, ക്ലാരിനെറ്റ്‌, നാഗസ്വരം, തകില്‍, ഗോട്ടുവാദ്യം എന്നീ സംഗീതോപകരണങ്ങള്‍ പ്രയോഗിക്കുന്നതില്‍ വൈദഗ്‌ധ്യം നേടിയവരും സംഗീതശാസ്‌ത്രജ്ഞന്മാരും; ഗവേഷകന്മാരും മറ്റും ഈ വിഭാഗത്തില്‍ മുന്‍പന്തിയില്‍ നില്‌ക്കുന്നു.

ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍

വായ്‌പാട്ട്‌. ഷട്‌കാല ഗോവിന്ദമാരാര്‍, മഹാവൈദ്യനാഥയ്യര്‍, പാലക്കാട്‌ പരമേശ്വരഭാഗവതര്‍, പാലക്കാട്‌ അനന്തരാമഭാഗവതര്‍, അരിയക്കുടി രാമാനുജ അയ്യങ്കാര്‍, ടി.കെ. ജയരാമയ്യര്‍, മുസിരി സുബ്രഹ്മണ്യയ്യര്‍, മഹാരാജപുരം വിശ്വനാഥയ്യര്‍, മുടികൊണ്ടാന്‍ വെങ്കടരാമയ്യര്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ചിറ്റൂര്‍ സുബ്രഹ്മണ്യ പിള്ളൈ, ജി.എന്‍. ബാലസുബ്രഹ്മണ്യം, ടൈഗര്‍ വരദാചാര്യര്‍, പാലക്കാട്‌ രാമ ഭാഗവതര്‍, മധുര മണി അയ്യര്‍, ആലത്തൂര്‍ സഹോദരന്മാര്‍, സാത്തൂര്‍ എ.ജി. സുബ്രഹ്മണ്യം, ശെമ്മങ്കുടി ശ്രീനിവാസയ്യര്‍, പാലക്കാട്‌ കെ.വി. നാരായണസ്വാമി, എം.ഡി. രാമനാഥന്‍, ഡോ. മധുര എസ്‌. രാമനാഥന്‍, ഡി.കെ. ജയരാമന്‍, കല്ലടക്കുറിച്ചി വേദാന്തഭാഗവതര്‍, വൊലറ്റി വെങ്കടേശ്വരലു, നെടുനൂരി കൃഷ്‌ണമൂര്‍ത്തി, ഡോ. എം. ബാലമുരളീകൃഷ്‌ണ, ടി.എം. ത്യാഗരാജന്‍, ആര്‍.കെ. ശ്രീകണ്‌ഠന്‍, എസ്‌. കല്യാണരാമന്‍, മഹാരാജപുരം സന്താനം, മധുര സോമസുന്ദരം, വി. രാമചന്ദ്രന്‍, ബി.വി. രാമന്‍, ബി.വി. ലക്ഷ്‌മണന്‍, ജയവിജയന്മാര്‍, മധുര ശേഷഗോപാലന്‍, ശീര്‍കാഴി ഗോവിന്ദരാജന്‍, സന്ധ്യാവന്ദനം ശ്രീനിവാസറാവു, ടി.കെ. ഗോവിന്ദറാവു, ടി.എം. സൗന്ദരരാജന്‍, സി.എസ്‌ കൃഷ്‌ണയ്യര്‍, പുതുക്കോട്‌ കൃഷ്‌ണമൂര്‍ത്തി, നെല്ലയ്‌ കൃഷ്‌ണമൂര്‍ത്തി, ചേര്‍ത്തല ആര്‍. ഗോപാലന്‍ നായര്‍, മാവേലിക്കര ആര്‍. പ്രഭാകരവര്‍മ, നെയ്യാറ്റിന്‍കര വാസുദേവന്‍, നെയ്യാറ്റിന്‍കര മോഹനചന്ദ്രന്‍, കെ.ജെ. യേശുദാസ്‌, എം.ജി. രാധാകൃഷ്‌ണന്‍, എന്‍.സി. വസന്തകോകിലം, കെ.ബി. സുന്ദരാംബാള്‍, എം.എസ്‌. സുബ്ബലക്ഷ്‌മി, ഡി.കെ. പട്ടമ്മാള്‍, എം.എല്‍. വസന്തകുമാരി, ബൃന്ദാമുക്താ, സി. സരോജലളിത, രാധാജയലക്ഷ്‌മി, പാറശ്ശാല പൊന്നമ്മാള്‍, കമലാ കൈലാസനാഥന്‍, ഡോ. സി.കെ. രേവമ്മ, പി. ലീല, ഡോ. കെ.ഓമനക്കുട്ടി, പെരുമ്പാവൂര്‍. ജി. രവീന്ദ്രനാഥ്‌, സഞ്‌ജയ്‌ സുബ്രഹ്മണ്യം. നിത്യശ്രീ മഹാദേവന്‍, എം.കെ. ശങ്കരന്‍ നമ്പൂതിരി, ടി.എം. കൃഷ്‌ണ, ബോംബെ ജയശ്രീ.

വയലിന്‍. തിരുക്കൊടിക്കാവില്‍ കൃഷ്‌ണയ്യര്‍, ദ്വാരം വെങ്കടസ്വാമിനായിഡു, മൈസൂര്‍ ടി. ചൗഡയ്യ, രാജമാണിക്യം പിള്ളൈ, ഗോവിന്ദസ്വാമി നായ്‌ക്കര്‍, ലാല്‍ ഗുഡി ജയരാമന്‍, ടി.എന്‍. കൃഷ്‌ണന്‍, എം.എസ്‌. ഗോപാലകൃഷ്‌ണന്‍, എം.എസ്‌. അനന്തരാമന്‍, ചാലക്കുടി എന്‍.എസ്‌. നാരായണ സ്വാമി, കണ്ടദേവി അളഗിരിസ്വാമി, സി.ആര്‍.മണി, എ. കന്യാകുമാരി, കുന്നക്കുടി വൈദ്യനാഥന്‍, ഡോ. എല്‍. സുബ്രഹ്മണ്യം, വൈദ്യനാഥന്‍, ശങ്കര്‍, എം. ചന്ദ്രശേഖരന്‍, ആറ്റിങ്ങല്‍ എം. സുബ്രഹ്മണ്യ ശര്‍മ, കെ. വെങ്കിടാചലം, ബി. ശശികുമാര്‍, വി. ത്യാഗരാജന്‍, മൈസൂര്‍ നാഗരാജന്‍, ചാലക്കുടി ബാലകൃഷ്‌ണന്‍, വി.വി. സുബ്രഹ്മണ്യന്‍.

മൃദംഗം. അഴകു നമ്പിയാപിള്ളൈ, ചാത്തപുരം സുബ്ബയ്യര്‍, തഞ്ചാവൂര്‍ വൈദ്യനാഥയ്യര്‍, പഴനി സുബ്രഹ്മണ്യപിള്ളൈ, എസ്‌.വി.എസ്‌. നാരായണന്‍, പാലക്കാട്‌ ടി.എസ്‌. മണി അയ്യര്‍, പാലക്കാട്‌ രഘു, സി.എസ്‌. മുരുകഭൂപതി, ഉമയാള്‍പുരം കെ. ശിവരാമന്‍, മാവേലിക്കര കൃഷ്‌ണന്‍കുട്ടിനായര്‍, മാവേലിക്കര വേലുക്കുട്ടിനായര്‍, പുതുക്കോട്‌ കൃഷ്‌ണന്‍, ടി.വി. ഗോപാലകൃഷ്‌ണന്‍, വെല്ലൂര്‍ രാമഭദ്രന്‍, ഗുരുവായൂര്‍ ദൊരൈ, ടി.കെ. മൂര്‍ത്തി, മദ്രാസ്‌ എ. കണ്ണന്‍, തഞ്ചാവൂര്‍ ടി. ഉപേന്ദ്രന്‍.

വീണ. ശേഷണ്ണ, വീണ ധനമ്മാള്‍, കാരക്കുടി സാംബശിവയ്യര്‍, ഏമനി ശങ്കരശാസ്‌ത്രി, എസ്‌. ബാലചന്ദര്‍, ചിട്ടിബാബു, കെ.എസ്‌. നാരായണസ്വാമി, ദേശമംഗലം സുബ്രഹ്മണ്യയ്യര്‍, മൈസൂര്‍ ദൊരസ്വാമി അയ്യങ്കാര്‍, കല്യാണകൃഷ്‌ണ ഭാഗവതര്‍, ആര്‍. വെങ്കിടരാമന്‍, ഗായത്രി, പിച്ചുമണി, കെ.പി. ശിവാനന്ദം ശാരദ.

പുല്ലാങ്കുഴല്‍. ശരഭശാസ്‌ത്രി, ടി.ആര്‍. മഹാലിംഗം, പല്ലടം സഞ്‌ജീവറാവു, എന്‍. കേശി, എന്‍. രമണി, ജി.എസ്‌. ശ്രീകൃഷ്‌ണന്‍, കെ.എസ്‌. ഗോപാലകൃഷ്‌ണന്‍, ശിക്കില്‍ നീലാകുഞ്ചുമണി, കെ.സി. നടരാജന്‍, പ്രപഞ്ചം സീതാറാം.

ഘടം. തിരുവില്വാമല വില്വാദ്രി അയ്യര്‍, ആലങ്കുടി രാമചന്ദ്രന്‍, പാലക്കാട്‌ വി. സുന്ദരം, ടി.എച്ച്‌. വിനായക റാം, ടി.വി. വാസന്‍, ഉമയാള്‍പുരം കോദണ്ഡ രാമയ്യര്‍.

ഗഞ്ചിറ. പുതുക്കോട്ട ദക്ഷിണാമൂര്‍ത്തി പിള്ളൈ, ആര്‍.എസ്‌. കൃഷ്‌ണമൂര്‍ത്തി റാവു.

മോര്‍സിങ്‌. പക്കീരിസ്വാമി, വെങ്കു അയ്യര്‍.

ക്ലാരിനെറ്റ്‌. എ.കെ.സി. നടരാജന്‍, വേണു ഗോപാലന്‍.

നാഗസ്വരം. തിരുവഴിമിഴിലൈ സുബ്രഹ്മണ്യപിള്ളൈ, ടി.എന്‍. രാജരത്‌നം, കാരൈക്കുറിച്ചി അരുണാചലം, തിരുവിടൈമരുതൂര്‍ വീരുസ്വാമി പിള്ളൈ, നാമഗിരിപ്പേട്ട കൃഷ്‌ണന്‍, ഷേക്ക്‌ ചിന്നമൗലാനാ, അമ്പലപ്പുഴ സഹോദരന്‌മാര്‍, തിരുവിഴ രാഘവ പണിക്കര്‍, തിരുവിഴ ജയശങ്കര്‍, മധുര എം.പി.എന്‍. പൊന്നുസ്വാമിസേതുരാമന്‍, ചുടലയാണ്ടി കമ്പര്‍.

തകില്‍. വലങ്കൈമാന്‍ സുബ്രഹ്മണ്യം, വളയപ്പട്ടി സുബ്രഹ്മണ്യം.

ഗോട്ടുവാദ്യം. ദേവക്കോട്ടൈ നാരായണ അയ്യങ്കാര്‍, ബുദലൂര്‍ കൃഷ്‌ണമൂര്‍ത്തി ശാസ്‌ത്രി, സാവിത്രി അമ്മാള്‍, സഖാ രാമറാവു, രവി കിരണ്‍.

സംഗീതശാസ്‌ത്രജ്ഞന്മാര്‍. മതംഗന്‍, ശാര്‍ങദേവന്‍, നാരദന്‍, പാര്‍ശ്വദേവന്‍, ലോചനകവി, തുളജ, ഗോവിന്ദാചാര്യ, ഗോവിന്ദസ്വാമി ദീക്ഷിതര്‍, വെങ്കടമഖി, ജസ്റ്റിസ്‌ ടി.എല്‍. വെങ്കടരാമയ്യര്‍, പ്രാഫ. സാംബമൂര്‍ത്തി, വി.വി. ഷടഗോപന്‍, ടി.വി. സുബ്ബറാവു, കെ.സി. ത്യാഗരാജന്‍, എല്‍.എസ്‌. രാജഗോപാലന്‍, ആറ്റൂര്‍ കൃഷ്‌ണപിഷാരടി, ഡോ. എസ്‌. രാമനാഥന്‍, ഡോ. എസ്‌. വെങ്കടസുബ്രഹ്മണ്യയ്യര്‍, ഡോ. വി. രാഘവന്‍, ഡോ. വി.കെ. നാരായണമേനോന്‍, എ.കെ. രവീന്ദ്രനാഥ്‌.

അന്യാംശം

മറ്റു സംഗീതസമ്പ്രദായങ്ങളില്‍ നിന്നു ചിലതൊക്കെ കര്‍ണാടകസംഗീതം സ്വീകരിച്ചിട്ടുണ്ട്‌. സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്താതെ വികസിക്കുന്നതിന്‌ പുറത്തു നിന്നു കൊള്ളാവുന്നതെന്തും സ്വീകരിക്കാന്‍ ഒരിക്കലും വൈമുഖ്യം കാണിക്കാത്ത ദക്ഷിണേന്ത്യന്‍ സംഗീതം ഇതിനെയൊക്കെ സ്വാംശീകരിച്ചിട്ടുമുണ്ട്‌. ഇപ്പോള്‍ പരമപ്രധാനമായ തോഡിയും കല്യാണിയും രാഗങ്ങള്‍ പേര്‍ഷ്യന്‍ സംഗീതം വഴി നമുക്ക്‌ ലഭിച്ചതാണ്‌. യമുനാകല്യാണി, ഹമീര്‍ കല്യാണി, ഹുസേനി, കമാശ്‌ ബിഹാഗ്‌, സിന്ധുഭൈരവി മുതലായവ ഹിന്ദുസ്ഥാനിസംഗീതത്തില്‍ നിന്നു പകര്‍ന്നവയാണ്‌. കഥനകുതൂഹലം, കുന്തളവരാളി, സുപോഷിണി തുടങ്ങിയ രാഗങ്ങള്‍ പാശ്ചാത്യസംഗീതത്തില്‍ നിന്നു രൂപം പ്രാപിച്ചവയാണ്‌. യാഥാസ്ഥിതികനെന്നു സ്വാഭാവികമായി കരുതിവരുന്ന മുത്തുസ്വാമി ദീക്ഷിതര്‍ പാശ്ചാത്യസംഗീതരീതിയില്‍ത്തന്നെ "നോട്ടുകൃതികള്‍' എന്നറിയപ്പെടുന്ന മുപ്പതോളം ഗാനങ്ങള്‍ രചിച്ചിട്ടുണ്ടെന്നും അവയൊക്കെ വളരെ പ്രസിദ്ധി നേടിയവയുമാണെന്നറിയുമ്പോള്‍, ദക്ഷിണ ഭാരതീയര്‍ക്ക്‌ സംഗീതത്തോടുള്ള മനോഭാവം വ്യക്തമാവുന്നു.

ഇന്നത്തെ കര്‍ണാടകസംഗീത സദസ്സില്‍ അനുപേക്ഷണീയമായി തീര്‍ന്നിട്ടുള്ള വയലിന്‍ പാശ്ചാത്യമായ ഉപകരണമാണെന്നത്‌ നിര്‍വിവാദമാണ്‌. അതിന്‍െറ സാധ്യതകളെ പരീക്ഷിച്ചു ബോധ്യപ്പെട്ടു നമ്മുടെ സംഗീതത്തില്‍ അതിനു സ്ഥാനം കൊടുത്തത്‌ മുത്തുസ്വാമിദീക്ഷിതരുടെ സഹോദരനായ ബാലുസ്വാമിദീക്ഷിതരും ശിഷ്യനായ വടിവേലുവുമാണ്‌. അതുപോലെ തന്നെ ക്ലാരിനെറ്റ്‌ ഭരതനാട്യത്തിന്‌ ഉപകരണവാദ്യമായി സ്വീകരിക്കപ്പെട്ടു. നാഗസ്വരത്തിന്റെ സ്ഥാനം ഇന്ന്‌ ക്ലാരിനെറ്റിനും വന്നിട്ടുണ്ട്‌.

ഗവേഷകര്‍

കര്‍ണാടകസംഗീതത്തിന്റെ വിവിധാംശങ്ങളെപ്പറ്റി ഉപരിഗവേഷണം നടത്തുകയും പുതിയൊരു "മാനം' കൈവരുത്തുവാനുതകുന്ന ഗവേഷണപ്രബന്ധങ്ങളും ഗ്രന്ഥങ്ങളും രചിക്കുകയും ചെയ്‌ത പല സംഗീതശാസ്‌ത്രവിശാരദരും ദക്ഷിണേന്ത്യയിലെ സര്‍വകലാശാലകളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌. "രാഗത്തിന്റെ നാദാത്‌മരൂപ'ത്തെപ്പറ്റി പ്രബന്ധമെഴുതി കേരള സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റു നേടിയ ഡോ. സി.കെ. രേവമ്മ, "സംഗീതത്തിനു രാജകൊട്ടാരങ്ങള്‍ നല്‌കിയ സംഭാവനകളെ'പ്പറ്റി പഠനം നടത്തി മദ്രാസ്‌ സര്‍വകലാശാലയില്‍ നിന്നു പിഎച്ച്‌.ഡി. ബിരുദം നേടി ഡോ. സീത, നിരവധി ഗവേഷണ ഗ്രന്ഥങ്ങള്‍ രചിച്ച്‌ അഖിലേന്ത്യാ യശസ്സാര്‍ജിച്ചിട്ടുള്ള പ്രാഫ. ഗൗരികുപ്പു സ്വാമി, "ചിലപ്പതികാരത്തിലെ സംഗീതം' എന്ന വിഷയത്തെ പുരസ്‌കരിച്ച്‌ ഗവേഷണം നടത്തി മദ്രാസ്‌ സര്‍വകലാശാലയില്‍ നിന്നു ഡോക്‌ടറേറ്റ്‌ നേടിയ ഡോ. രാമനാഥന്‍ എന്നിവര്‍ ഈ രംഗത്തെ പ്രമുഖരില്‍ ചിലര്‍ മാത്രമാണ്‌. കര്‍ണാടക സംഗീതത്തിലെയും ഹിന്ദുസ്ഥാനി സംഗീതത്തിലെയും സമാനാംശങ്ങളെപ്പറ്റിയുള്ള താരതമ്യപഠനവും ചില ഇന്ത്യന്‍ സര്‍വകലാശാലകളില്‍ ആരംഭിച്ചിട്ടുണ്ട്‌. ഭാരതീയ സംഗീതത്തിന്‌ പുതിയൊരു സ്വരൂപവും സ്വഭാവവും പ്രദാനം ചെയ്യുവാന്‍ ഈ നൂതനപഠനസരണി സഹായകമാകുമെന്നതിനു സംശയമില്ല.

(ഡോ. എസ്‌. വെങ്കടസുബ്രഹ്മണ്യയ്യര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍