This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍ണരോഗങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കര്‍ണരോഗങ്ങള്‍

കര്‍ണേന്ദ്രിയത്തിനുണ്ടാകുന്ന രോഗങ്ങള്‍. സ്ഥൂലങ്ങളും സൂക്ഷ്‌മങ്ങളുമായ കര്‍ണേന്ദ്രിയ ഭാഗങ്ങളിലേതിനെയെങ്കിലും ഒറ്റയ്‌ക്കോ അല്ലാതെയോ, ആശ്രയിച്ചുണ്ടാകുന്ന രോഗങ്ങളെല്ലാം കര്‍ണരോഗങ്ങളില്‍ ഉള്‍പ്പെടുന്നു. ചിലപ്പോള്‍ സമീപസ്ഥങ്ങളായ അവയവങ്ങളെ ബാധിച്ച രോഗങ്ങളുടെ ലക്ഷണങ്ങളും ഇടകലര്‍ന്നു കണ്ടേക്കാം.

ചെവിയുടെ ബാഹ്യഖണ്ഡം (outer canal), മധ്യഖണ്ഡം (middle canal), ചൗചുകാസ്ഥി (mastoid bone) എന്നീ മൂന്നു ഭാഗങ്ങളിലാണ്‌ സാധാരണയായി രോഗം ഉണ്ടാകുന്നത്‌. ചെവിയുടെ ബാഹ്യഖണ്ഡത്തില്‍ ശോഥം ഉണ്ടാവുന്നതിനെ "ഓട്ടൈറ്റിസ്‌ എക്‌സ്‌ടേര്‍ണ' എന്നു പറയുന്നു. ബാക്‌ടീരിയ, വൈറസ്‌, പൂപ്പലുകള്‍ തുടങ്ങിയ ഏതെങ്കിലും സൂക്ഷ്‌മജീവിയാകാം ശോഥത്തിന്‌ ഹേതു. വായ്‌ തുറക്കുമ്പോള്‍ അതിയായ വേദന അനുഭവപ്പെടും. കീഴ്‌ത്താടി അനങ്ങുമ്പോള്‍ ചെവിയില്‍ നിന്നും സ്രവം ഒലിച്ചുവരും. വൃത്തിഹീനമായ തുണികൊണ്ടോ മറ്റു വസ്‌തുക്കള്‍കൊണ്ടോ ചെവിക്കകം വൃത്തിയാക്കാനും ചൊറിയാനും ശ്രമിക്കുമ്പോള്‍ ഈ രോഗം ഉണ്ടാവാം. മറ്റുള്ളവര്‍ ഉപയോഗിച്ച സ്റ്റെതസ്‌കോപ്പോ, ഇയര്‍ഫോണോ ഉപയോഗിച്ചാലും ഇതു പിടിപെടാം. അധികം വിയര്‍ക്കുക, പൊടി ഏല്‌ക്കുക, വൃത്തിഹീനമായ ജലാശയങ്ങളില്‍ മുങ്ങിക്കുളിക്കുക എന്നീ കാരണങ്ങള്‍കൊണ്ടും "ഓട്ടൈറ്റിസ്‌ എക്‌സ്‌ടേര്‍ണ' ഉണ്ടാവാം. പ്രത്യേക ഉപകരണം ഉപയോഗിച്ച്‌ ചെവി കഴുകി വൃത്തിയാക്കി മരുന്ന്‌ ഒഴിച്ചാല്‍ ഈ രോഗം ഭേദമാകുന്നതാണ്‌.

ഏതെങ്കിലും അന്യപദാര്‍ഥങ്ങള്‍ ചെവിയില്‍ കടന്നുകൂടിയാലും ചെവിക്കുത്തും ഓട്ടൈറ്റിസും ഉണ്ടാവും. കുട്ടികള്‍ ചിലപ്പോള്‍ ചെറിയ കായ്‌കളോ മറ്റു വസ്‌തുക്കളോ ചെവിയില്‍ കടത്തിവയ്‌ക്കും. ചില അവസരത്തില്‍ ഉറുമ്പ്‌, പേന്‍ തുടങ്ങിയ പ്രാണികള്‍ ചെവിയില്‍ കടന്നും ഉപദ്രവം സൃഷ്ടിക്കും.

ചെവിക്ക്‌ തൊട്ടു പിറകിലായുള്ള എല്ലിന്‌ രോഗബാധ ഉണ്ടാകുന്നതാണ്‌ മറ്റൊരസുഖം. ഈ അസ്ഥിക്കകത്തെ വായുകോശങ്ങളില്‍ ഉണ്ടാവുന്ന ശോഥത്തെ "മാസ്‌റ്റോയിഡൈറ്റിസ്‌' എന്നു പറയുന്നു. ഈ അസുഖം ദുസ്സഹമായ വേദന ഉണ്ടാക്കുന്നു. കേള്‍വിക്കുറവും അനുഭവപ്പെടും. അസുഖത്തിന്റെ ആദ്യനാളുകളില്‍ ആന്റിബയോട്ടിക്കുകള്‍ കൊണ്ട്‌ രോഗം ഭേദമാക്കാവുന്നതാണ്‌. പഴുപ്പുണ്ടായിട്ടുണ്ടെങ്കില്‍ ഒരു ചെറിയ ശസ്‌ത്രക്രിയകൊണ്ട്‌ അത്‌ അകറ്റാം. രോഗം മൂര്‍ച്ഛിച്ചാല്‍ ശസ്‌ത്രക്രിയ ചെയ്‌ത്‌ അസ്ഥി മാറ്റേണ്ടിവരും. കുട്ടികള്‍ക്കു സാധാരണയായി മധ്യകര്‍ണത്തിലാണ്‌ ഓട്ടൈറ്റിസ്‌ മീഡിയ എന്ന അസുഖം ഉണ്ടാകുന്നത്‌. ഓറിസ്‌കോപ്പ്‌ (auriscope) എന്ന ഉപകരണമാണ്‌ രോഗനിര്‍ണയത്തിന്‌ ഉപയോഗിക്കുന്നത്‌. ജലദോഷം, ഇന്‍ഫ്‌ളുവന്‍സ, ടോണ്‍സിലൈറ്റിസ്‌, അഞ്ചാംപനി (മണ്ണന്‍), ചെമ്പനി (സ്‌കാര്‍ലറ്റ്‌ ഫീവര്‍) എന്നീ രോഗങ്ങള്‍ ഓട്ടൈറ്റിസ്‌ മീഡിയയ്‌ക്കു കാരണമാവാറുണ്ട്‌. യൂസ്‌റ്റേഷ്യന്‍ ട്യൂബുവഴിയാണ്‌ രോഗം പിടിപെടുന്നത്‌. ചെവിക്കുള്ളില്‍ പഴുപ്പ്‌ നിറയുന്നതുകൊണ്ട്‌ കര്‍ണപടം (ear drum) പൊട്ടിപ്പോവാം. ശക്തിയായ വേദനകൊണ്ട്‌ രോഗി വിഷമിക്കാറുണ്ട്‌. ചെവിക്കുള്ളില്‍ മുഴക്കവും അതോടൊപ്പം ബാധിര്യവും ഉണ്ടാകുന്നു. കടുത്ത പനിയും അനുഭവപ്പെടും. ക്രമേണ ചെവിയില്‍ നിന്നു വെള്ളം ഒലിക്കുകയും ഇതു പിന്നീട്‌ പഴുപ്പായി മാറുകയും ചെയ്യും. ആന്റിബയോട്ടിക്കുകള്‍ കൊണ്ട്‌ രോഗം ഭേദമാവുന്നതാണ്‌. മരുന്നുകൊണ്ട്‌ നസ്യം ചെയ്യുകയോ മരുന്ന്‌ മൂക്കില്‍ക്കൂടി വലിച്ചുകയറ്റുകയോ ചെയ്‌ത്‌ യൂസ്‌റ്റേഷ്യന്‍ ട്യൂബിലെ പഴുപ്പ്‌ അകറ്റാം. പഴുപ്പ്‌ അധികമായാല്‍ ശസ്‌ത്രക്രിയ വേണ്ടി വരും. അല്ലാത്തപക്ഷം മസ്‌തിഷ്‌കശോഥം ഉണ്ടാകാനിടയുണ്ട്‌. ടോണ്‍സിലൈറ്റിസ്‌ കൊണ്ടുണ്ടാകുന്ന കര്‍ണരോഗം ടോണ്‍സില്‍സ്‌ ശസ്‌ത്രക്രിയ ചെയ്‌ത്‌ മാറ്റുന്നതോടെ സുഖപ്പെടുന്നതാണ്‌.

ചെവിക്കായം വളരെ അധികം ഉണ്ടാകുന്നതുകൊണ്ടും ചെവിവേദന അനുഭവപ്പെടാറുണ്ട്‌. "സിറിഞ്ചിങ്‌' എന്ന രീതി ഉപയോഗിച്ച്‌ ചെവിക്കായം മാറ്റാവുന്നതാണ്‌. എന്നാല്‍ അധികം കട്ടിപിടിച്ചിട്ടുണ്ടെങ്കില്‍ ആദ്യം നിര്‍ദിഷ്ട മരുന്നൊഴിച്ച്‌ അത്‌ മൃദുപ്പെടുത്തിയശേഷം എടുത്തുകളയേണ്ടിവരും. വലിയ ശബ്‌ദങ്ങള്‍, തണുത്തകാറ്റ്‌ തുടങ്ങിയവയും ചെവിക്കുത്തിന്‌ കാരണമാകുന്നു. മീന്‍മുള്ള്‌, എല്ല്‌ തുടങ്ങിയ പദാര്‍ഥങ്ങള്‍ തൊണ്ടയില്‍ തടയുമ്പോള്‍ തൊണ്ടയുടെ പിന്‍ഭാഗത്തുള്ള എപിഗ്ലോട്ടിസിനു കേടു സംഭവിക്കാം. ഇതും ചെവിവേദനയ്‌ക്കു കാരണമാകുന്നു.

ചെവിക്കു അസുഖം യാതൊന്നും ഇല്ലാതെയും ചെവിവേദന അനുഭവപ്പെടാറുണ്ട്‌. ചെവിയിലെ ഞരമ്പുകള്‍ തലച്ചോറിലെ ഞരമ്പുകളുമായി ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ട്‌, തലച്ചോറില്‍ വേദനയുടെ ഉദ്‌ഭവത്തെപ്പറ്റി തെറ്റായ ധാരണ ഉണ്ടായാലും ചെവിവേദന ഉള്ളതായിത്തോന്നാം. പല്ലുവേദന മൂലം ചെവിവേദന അനുഭവപ്പെടുന്നത്‌ ഇത്തരത്തിലാണ്‌. പല്ലിന്റെ കുഴപ്പംകൊണ്ടോ "റുമറ്റോയിഡ്‌ ആര്‍ത്രറ്റിസ്‌' കൊണ്ടോ കീഴ്‌ത്താടി സന്ധിക്കുണ്ടാകുന്ന വൈകല്യം ചെവിവേദനയ്‌ക്കു കാരണമാകാറുണ്ട്‌. പാരമ്പര്യമായുണ്ടാകുന്ന ചില അപൂര്‍വ ത്വഗ്രാഗങ്ങളും കര്‍ണരോഗങ്ങള്‍ ഉണ്ടാക്കാറുണ്ട്‌.

ചിലര്‍ക്ക്‌ ചെവിക്കകത്ത്‌ ദുസ്സഹമായ ചൊറിച്ചില്‍ ഉണ്ടാകുന്നു. ഇതിന്റെ കാരണം അജ്ഞാതമാണ്‌. ഇങ്ങനെ ചൊറിച്ചിലുണ്ടാകുമ്പോള്‍ തീപ്പെട്ടിക്കോല്‍, ചെവിത്തോണ്ടി, നഖം, ഹെയര്‍പിന്‍ തുടങ്ങിയവ ചെവിയില്‍ കടത്തി ചൊറിയാറുണ്ട്‌. ഇതുമൂലം സൂക്ഷ്‌മജീവികളും വാര്‍ണിഷ്‌, നിക്കല്‍, ചില രാസപദാര്‍ഥങ്ങള്‍ തുടങ്ങിയവയും ചെവിയില്‍ പറ്റാനിടയാകുന്നു. ഇതുമൂലം ഒരു തരം ശോഥം (meatus) ഉണ്ടാകുന്നു. സ്റ്റെഫൈലോകോക്കസ്‌ പയോജനിസ്‌, സ്‌ട്രപ്‌ടോകോക്കസ്‌ ഹീമോലിറ്റിക്കസ്‌, സ്‌ട്രപ്‌ടോകോക്കസ്‌ പയോജനിസ്‌, പ്രാട്ടിയസ്‌ എന്ററോ കോക്കൈ, എഷ്‌ടെറീഷ്യാകോളി, കാന്‍ഡിഡാ ആല്‍ബിക്കന്‍സ്‌ തുടങ്ങിയ സൂക്ഷ്‌മജീവികളാണ്‌ ഈ അവസരത്തില്‍ പഴുപ്പില്‍ കണ്ടുവരാറുള്ളത്‌. നോ: ബധിരത.

ആയുര്‍വേദത്തില്‍. ഇരുപത്തെട്ടുതരം കര്‍ണരോഗങ്ങളെ സുശ്രുതന്‍ വിവരിക്കുന്നുണ്ട്‌. കര്‍ണശൂലം, കര്‍ണനാദം, കര്‍ണക്ഷ്വേഡം, കര്‍ണസ്രാവം, കര്‍ണകണ്‌ഡൂ, കര്‍ണവര്‍ച്ചസ്സ്‌, കൃമികര്‍ണം, കര്‍ണപ്രതീനാഹം, കര്‍ണവിദ്രധി (രണ്ടുതരംദോഷവിദ്രധി, ക്ഷതവിദ്രധി), കര്‍ണപാകം, പൂത-ി കര്‍ണം, കര്‍ണാര്‍ശസ്സ്‌ (നാലുതരം: വാതജം, പിത്തജം, കഫജം, സന്നിപാതജം), കര്‍ണാര്‍ബുദം (ഏഴുവിധം: വാതജം, പിത്തജം, കഫജം, രക്തജം, മാംസജം, മേദോജം, സര്‍വാത്‌മകം), കര്‍ണശോഫം (വാതജം, പിത്തജം, കഫജം, സന്നിപാതജം).

അഷ്ടാംഗഹൃദയ കര്‍ത്താവായ വാഗ്‌ഭടന്റെ അപഗ്രഥനത്തില്‍ കര്‍ണരോഗങ്ങള്‍ ആകെ 25 എണ്ണമാണ്‌. കര്‍ണഷ്വേഡം, കര്‍ണസ്രാവം, കര്‍ണവര്‍ച്ചസ്സ്‌ എന്നിവയെ അദ്ദേഹം വേറെ എടുത്തുപറഞ്ഞിട്ടില്ല. കര്‍ണാര്‍ശസ്സ്‌, കര്‍ണശോഥം, കര്‍ണാര്‍ബുദം എന്നിവയ്‌ക്ക്‌ അവാന്തരവിഭാഗങ്ങളും കൊടുത്തിട്ടില്ല. അങ്ങനെ സുശ്രുതന്‍ എണ്ണിക്കണക്കാക്കിയ 28ല്‍ നിന്ന്‌ ആകെ 15 ഇനം വിട്ടുകളഞ്ഞ്‌ ബാക്കി 13 എണ്ണം വാഗ്‌ഭടന്‍ അംഗീകരിക്കുകയും പുതുതായി 12 ഇനം കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു. ആകെ 25 എണ്ണത്തിന്റെ പേരുകള്‍ ലക്ഷണങ്ങള്‍ മുതലായവയും അവയ്‌ക്കുള്ള ചികിത്സകളും അഷ്ടാംഗഹൃദയത്തില്‍ സംഗ്രഹിച്ചു പറഞ്ഞിരിക്കുന്നു. (ഉ.അ. 17). പുതുതായി ചേര്‍ത്ത 12 രോഗനാമങ്ങള്‍ കര്‍ണമൂലത്തെയും കര്‍ണപാളി (ശഷ്‌കുലി)യെയും മാത്രം സംബന്ധിക്കുന്നവയാണ്‌. വാഗ്‌ഭടന്റെ അഭിപ്രായത്തിലുള്ള 25 കര്‍ണരോഗങ്ങള്‍ ഇവയാണ്‌: കര്‍ണശൂലം, കര്‍ണനാദം, ബാധിര്യം, പ്രതീനാഹം, കര്‍ണ കാണ്‌ഡൂ, കര്‍ണ ശോഥം, പൂതി കര്‍ണം, കൃമി കര്‍ണം, വിദ്രധി (അഞ്ചുവിധംവെവ്വേറെ) കര്‍ണാര്‍ശസ്സ്‌, കര്‍ണാര്‍ബുദം, കൂചികര്‍ണകം, പിപ്പലി, വിദാരികാ, കാളീശോഷം, താന്ത്രികാ, പരിപോടം, ഉത്‌പാദം, ഉന്‌മന്‌ഥം (ഗല്ലിരം), ദുഃഖവര്‍ദ്ധനം, ലിഹ്യ. ഇവയില്‍ കൂചികര്‍ണകം തൊട്ടുള്ള 12 എണ്ണമാണ്‌ സുശ്രുതന്റെ മേല്‍പറഞ്ഞ പട്ടികയില്‍പ്പെടാത്തവ.

കര്‍ണപാളികളെ ആശ്രയിച്ചുണ്ടാകുന്ന രോഗങ്ങളെ സുശ്രുതസംഹിത(സു.സൂ.അ. 16)യിലെ കര്‍ണവ്യധബന്ധവിധി എന്ന അധ്യായത്തില്‍ രചിച്ചിരിക്കുന്നു. കര്‍ണപാളിയെ ബാധിക്കുന്ന മിക്ക രോഗങ്ങളിലും ശസ്‌ത്രക്രിയാപ്രയോഗം ആധിക്യേന വേണ്ടിവരുന്നതുകൊണ്ട്‌, അവയെ ശാലാക്യ (ഊര്‍ധ്വാംഗ) തന്ത്രത്തില്‍പ്പെടുത്താതെ, ശല്യതന്ത്ര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്‌ സുശ്രുതന്‍.

കര്‍ണപാളി മുറിഞ്ഞുപോയാല്‍ അതു കൂട്ടി യോജിപ്പിക്കാന്‍ വേണ്ട "ബന്ധന'ങ്ങളുടെ "ആകൃതി' ചുരുക്കത്തില്‍ 15 വിധത്തില്‍ പറഞ്ഞിരിക്കുന്നു: നേമി, ബന്ധാനകം, ഉത്‌പലഭേദ്യകം, വല്ലൂരകം, ആസംഗിമം, ഗണ്ഡകര്‍ണം, ആഹാര്യം, നിര്‍വേദിതം, വ്യായോജിതം, കപാടസന്ധികം, അര്‍ഥകപാടസന്ധികം, സംക്ഷിപ്‌തം, ഹീനകര്‍ണം, വല്ലീകര്‍ണം, യഷ്‌ടീകര്‍ണം, കാകൗഷ്‌ഠകം.

പലതരം ശസ്‌ത്രക്രിയാരീതികള്‍ പറയുന്ന കൂട്ടത്തില്‍, കര്‍ണപാളി മുറിഞ്ഞുപോയാല്‍ കാതിന്റെ വള്ളിക്ക്‌ യോജിക്കുന്നത്ര മാംസം കവിള്‍ത്തടത്തില്‍ നിന്നു മുറിച്ചെടുത്ത്‌ കര്‍ണപാളിയുണ്ടാക്കി അവിടെ യോജിപ്പിച്ചു വച്ചുകെട്ടണം ("ഗണ്‌ഡാദുല്‌പാട്യമാംസേന സാനുബന്ധേന ജീവതാ കര്‍ണപാളീമ പാളേസ്‌തു കുര്യാന്നിര്‍ലിഖ്യ ശാസ്‌ത്രവിത്‌') എന്നു നിര്‍ദേശിച്ച്‌ അതിനുവേണ്ട ഉപായങ്ങള്‍ വിവരിച്ചിട്ടുണ്ട്‌. ശസ്‌ത്രക്രിയകളോടനുബന്ധിച്ചും അല്ലാതെയും പ്രയോഗിക്കേണ്ട പലതരം ഔഷധങ്ങളെയും അതില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. ഉടുമ്പ്‌, പരുന്ത്‌, ആട്‌, ആമ മുതലായവയുടെ വസയും മജ്ജയും പശുവിന്‍പാലും പശുവിന്‍നെയ്യുമെല്ലാം ബാഹ്യോപയോഗത്തിനുള്ള മരുന്നുകളുടെ കൂട്ടത്തില്‍പ്പെടുന്നു. ഉത്‌പാടകം, ഉത്‌പുടകം, ശ്യാവം, കണ്‌ഡുയുതം, അവമന്‌ഥം, സകണ്‌ഡൂകം, ഗ്രന്ഥികം, ജംബുലം, സ്രാവി, ദാഹവാന്‍ എന്നിങ്ങനെ കര്‍ണപാളിയില്‍ ഉണ്ടാകുന്ന ഔഷധസാധ്യങ്ങളായ പത്ത്‌ ഉപദ്രവരോഗങ്ങളെ വേറെ എടുത്തുപറഞ്ഞിട്ടുമുണ്ട്‌. നോ: ഊര്‍ധ്വാംഗരോഗങ്ങള്‍

(ഡോ. പി.ആര്‍. വാരിയര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍