This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍ണയക്ഷി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കര്‍ണയക്ഷി

തന്ത്രഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള യക്ഷികളില്‍ ഒന്ന്‌. ഉപാസകന്‍െറ കര്‍ണപുടങ്ങളില്‍ ത്രികാലഫലങ്ങളും പറഞ്ഞുകൊടുക്കുമെന്നതുകൊണ്ടാണ്‌ ഈ ദേവതയ്‌ക്കു പ്രസ്‌തുതപേര്‍ സിദ്ധിച്ചത്‌; കര്‍ണപിശാച്‌, കര്‍ണപിശാചിനി എന്നും പേരുകള്‍ ഉണ്ട്‌. ഈ യക്ഷിയുടെ സഹായത്താല്‍ മാത്രം ഫലം പറയുന്ന ഒരു പ്രവചനസമ്പ്രദായവും നിലവിലിരുന്നു.

തന്ത്രഗ്രന്ഥങ്ങളില്‍ യക്ഷിണീമന്ത്രസാധനയെക്കുറിച്ചു പറയുമ്പോഴാണ്‌ കര്‍ണയക്ഷ്യുപാസനയും പ്രതിപാദിക്കപ്പെടുന്നത്‌. നാഗാര്‍ജുനന്റെ (സുമാര്‍ 12-ാം ശ.) കക്ഷപുടത്തില്‍,

"ത്രിസപ്‌താഹേന സാതുഷ്ടാം ശയ്യാം ഗത്വാ പിശാചികാ
പഞ്ചവിംശതി ദീനാരാന്‍ ദദാതി പ്രതിവാസരം
കര്‍ണേ കഥയതിക്ഷിപ്രം യദ്യത്‌ പൃച്ഛത്യ സൗക്രമാത്‌'  
					  (14-ാം പടലം)
 

(വേണ്ടവിധത്തില്‍ പൂജിച്ചാല്‍, 21 ദിവസംകൊണ്ട്‌ പിശാചികാദേവത പ്രസാദിച്ച്‌ ഓരോ ദിവസവും 25 സ്വര്‍ണനാണ്യം (ദീനാര്‍) എന്ന കണക്കിനു ധനം നല്‌കുകയും ത്രികാലഫലങ്ങളെക്കുറിച്ച്‌ യഥാകാലം ചെവിയില്‍ പറഞ്ഞുതരികയും ചെയ്യും) എന്നാണ്‌ കര്‍ണപിശാചിനീ സാധനയെക്കുറിച്ചു പറഞ്ഞിട്ടുള്ളത്‌. "മന്ത്രസിദ്ധി വരുത്തുന്നതിനുവേണ്ടി സാധകന്‍ ശ്‌മശാനത്തിലോ ശവത്തിനു മേലോ, ശവാസനസ്ഥിതനായിക്കൊണ്ടോ വ്രതത്തോടും ധ്യാനത്തോടും കൂടി, ഓംഹ്രീം കര്‍ണപിശാചിനി കര്‍ണേ കഥയസ്വാഹ എന്ന മന്ത്രം ഒരു ലക്ഷം ജപിച്ച്‌ കൊന്നച്ചമത പതിനായിരം ഉരു ഹോമിച്ചാല്‍ ദേവി പ്രസാദിച്ച്‌ ഉപാസകന്റെ ചെവിയില്‍ അന്യന്റെ വിചാരങ്ങളും ഭൂതഭവിഷ്യദ്വര്‍ത്തമാനഫലങ്ങളും പറഞ്ഞുകൊടുക്കു'മെന്നു മാന്ത്രികതന്ത്ര (ഭാഷാവ്യാഖ്യാനംകക്കാട്ടു നാരായണന്‍ നമ്പൂതിരി)ത്തിലും പ്രസ്‌താവിച്ചു കാണുന്നു.

കലിയുഗത്തില്‍ കര്‍ണയക്ഷി ഉപാസകന്‌ പെട്ടെന്ന്‌ അധീനയായിത്തീരുമെന്നാണ്‌ വിശ്വാസം. കര്‍ണപിശാചിനീമന്ത്രം, താരാമന്ത്രം, ശബരീമന്ത്രം തുടങ്ങിയവ "കലിയുഗത്തില്‍ ഇഷ്ടപ്രാപ്‌തിയെ കൊടുക്കുന്നതുകളാകുന്നു'വെന്ന്‌ തന്ത്രരത്‌നം എന്ന മന്ത്രവാദഗ്രന്ഥ (പ്രസാധകന്‍, ടി.സി. പരമേശ്വരന്‍ മൂസ്സത്‌)ത്തില്‍ പറയുന്നു.ഈ ദേവതയുടെ ന്യാസപൂജാധ്യാനാദികള്‍ ഗുരൂപദേശപ്രകാരം അത്യന്തം ശ്രദ്ധയോടെ ചെയ്യേണ്ടതും പിഴച്ചാല്‍ ദോഷഫലങ്ങളുളവാക്കുന്നതുമാണെന്നാണ്‌ താന്ത്രികന്മാരുടെ ദൃഢമായ വിശ്വാസം. നോ: യക്ഷി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍