This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍ണഭാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കര്‍ണഭാരം

ഒരു സംസ്‌കൃത ഏകാങ്കനാടകം; ഭാസന്റേതായി കരുതപ്പെടുന്നതും ഭാസനാടകചക്രം എന്ന പേരില്‍ അറിയപ്പെടുന്നതുമായ 13 സംസ്‌കൃതനാടകങ്ങളില്‍ ഒന്ന്‌. ടി. ഗണപതിശാസ്‌ത്രികള്‍ പദ്‌മനാഭപുരത്തിനടുത്തുള്ള മണലിക്കരമഠത്തില്‍ നിന്ന്‌ 1909ല്‍ കണ്ടെടുത്ത ഈ നാടകം തിരുവനന്തപുരം ഹസ്‌തലിഖിത ഗ്രന്ഥശാലയില്‍ നിന്ന്‌ 1912ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

കര്‍ണഭാരത്തിന്റെ കഥ മഹാഭാരതത്തില്‍ നിന്നെടുത്തിട്ടുള്ളതാണ്‌. കര്‍ണന്‍ ഇന്ദ്രന്‌ കവചകുണ്ഡലങ്ങള്‍ ദാനം ചെയ്‌ത കഥ ആദിപര്‍വത്തിലും വനപര്‍വത്തിലും; സ്വന്തം ഊരും പേരും മറച്ചുവച്ച്‌ കര്‍ണന്‍ പരശുരാമന്റെ ശിഷ്യനായി ശാപം വാങ്ങിയ കഥ ശാന്തിപര്‍വത്തിലും കാണാവുന്നതാണ്‌. നാടകത്തിന്‌ കര്‍ണഭാരം എന്നു പേരിട്ടത്‌ ഇന്ദ്രന്‌ കുണ്ഡലങ്ങള്‍ ദാനം ചെയ്‌ത്‌ കര്‍ണത്തിന്റെ ഭാരം തീര്‍ത്തതുകൊണ്ടാണെന്നും വാഗ്‌ദാനം നിറവേറ്റി കവചകുണ്ഡലങ്ങള്‍ കൊടുത്ത്‌ കര്‍ണന്‍ തന്റെ ഹൃദയഭാരം തീര്‍ത്തതിനാല്‍ ഈ പേരുണ്ടായി എന്നും അഭിപ്രായമുണ്ട്‌. കര്‍ണഭാരം എന്ന നാടകനാമത്തിന്‌ "കര്‍ണത്തിന്‌ കേള്‍ക്കാന്‍ വിഷമമായ കാര്യം' എന്ന്‌ ചിലര്‍ അര്‍ഥം കല്‌പിക്കുമ്പോള്‍ കൗരവപക്ഷത്തെ ജയിപ്പിക്കേണ്ട ഭാരം കര്‍ണനില്‍ അര്‍പ്പിതമാകയാലാണ്‌ ഈ പേരു കിട്ടിയത്‌ എന്ന്‌ മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു.

കാവാലം നാരായണപണിക്കരുടെ "കര്‍ണഭാരം' - മോഹന്‍ലാല്‍ കര്‍ണന്റെ വേഷത്തില്‍

ദേവേന്ദ്രന്‍ ബ്രാഹ്മണവേഷത്തില്‍ വന്നു കര്‍ണനോട്‌ അദ്ദേഹത്തിന്റെ അജയ്യതയ്‌ക്കു കാരണമായ കവചകുണ്ഡലങ്ങള്‍ യാചിച്ചുവാങ്ങുന്നതാണ്‌ ഈ നാടകത്തിന്റെ കഥാവസ്‌തു. ശൂരവീരപരാക്രമിയും ദാനശീലനുമായ കര്‍ണന്റെ മഹത്ത്വം ഈ നാടകത്തിലൂടെ അനാവൃതമായിട്ടുണ്ട്‌. നാടകത്തില്‍ കര്‍ണന്റെ തേരാളിയായി വരുന്ന ശല്യര്‍ മഹാഭാരതകഥയ്‌ക്കു വിപരീതമായി സംയമിയും വിനയശാലിയും കര്‍ണന്റെ ഹിതകാമിയുമായിട്ടാണ്‌ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്‌. മാതൃഭക്തനും ലോകോത്തര ദാനശീലനും സമരവീരനുമായ കര്‍ണന്റെ പൗരുഷോജ്ജ്വലമായ ജീവിതത്തിന്റെ പുനരാഖ്യാനമാണീ കൃതി. കരുണവും വീരവുമാണിതിലെ മുഖ്യ രസങ്ങള്‍. ഈ നാടകത്തെ ആസ്‌പദമാക്കി നിരവധി സ്വതന്ത്രാവിഷ്‌കാരങ്ങള്‍ ഉണ്ടായിട്ടുണ്ട്‌.

ഇ.വി. രാമന്‍ നമ്പൂതിരി (1918), ചെറുളിയില്‍ കുഞ്ഞുണ്ണി നമ്പീശന്‍ (1953), കെ. കൃഷ്‌ണവാരിയര്‍ (മൂന്ന്‌ ഏകാങ്ക രൂപകങ്ങള്‍1954), പാലാ ഗോപാലന്‍ നായര്‍ (1966) എന്നിവര്‍ കര്‍ണഭാരം മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌.

(പ്രാഫ. മാവേലിക്കര അച്യുതന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍