This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍ണന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കര്‍ണന്‍

1. മഹാഭാരതത്തിലെ ഒരു ധീരോദാത്ത നായകന്‍. സൂര്യന്‌ കന്യകയായ കുന്തിയില്‍ ജനിച്ച പുത്രനാണ്‌ ഇദ്ദേഹം. അപവാദഭയംകൊണ്ട്‌ പ്രസവിച്ചു കഴിഞ്ഞയുടനെ കുഞ്ഞിനെ ഒരു പെട്ടിയില്‍ അടക്കം ചെയ്‌ത്‌ അശ്വനദിയിലൂടെ ഒഴുക്കുകയാണ്‌ കുന്തി ചെയ്‌തത്‌ (നോ: കുന്തി). കൗരവന്മാരുടെ ആശ്രിതനായിരുന്ന അതിരഥന്‍ എന്ന സൂതന്‍ ഈ പെട്ടി ഒഴുകി വരുന്നതു കണ്ടു. പെട്ടി തുറന്നപ്പോള്‍ കണ്ട പിഞ്ചുകുട്ടിയെ അതിരഥനും ഭാര്യ രാധയുംകൂടി വളര്‍ത്തുകയും ചെയ്‌തു. വസുഷേണന്‍ എന്ന പേരില്‍ വളര്‍ന്ന ഈ ശിശുവാണ്‌ പിന്നീട്‌ കര്‍ണന്‍ എന്ന പേരില്‍ പ്രശസ്‌തനായത്‌. കവച കുണ്ഡലങ്ങളോടുകൂടിയായിരുന്നു ശിശുവിന്റെ ജനനം. പുത്രനായ അര്‍ജുനനെ രക്ഷിക്കാന്‍ ബ്രാഹ്മണവേഷധാരിയായിവന്ന ഇന്ദ്രന്‌ ദാനശീലരില്‍ മുമ്പനെന്നു പേരുകേട്ട ഈ സേനാപതി ജനനാത്‌ പ്രഭൃതിയുള്ള ഈ ആഭരണങ്ങള്‍ നിസ്സന്ദേഹം അറുത്തെടുത്തുകൊടുത്തതുകൊണ്ടാണ്‌ കര്‍ണന്‍ എന്ന പേരു കിട്ടിയതെന്ന്‌ മഹാഭാരതം പറയുന്നു.

"അടര്‍ത്തെടുത്തേകിനാന്‍ കുണ്ഡലങ്ങള്‍
കര്‍ണത്തില്‍ നിന്നതിനാല്‍ കര്‍ണനായി'
(ആരണ്യപര്‍വം, അധ്യായം 310.)
 

കൗരവ പാണ്ഡവ കുമാരന്മാരൊത്തായിരുന്നു വസുഷേണന്റെ ബാല്യകാല വിദ്യാഭ്യാസം കഴിഞ്ഞത്‌. ദ്രാണര്‍, കൃപര്‍, പരശുരാമന്‍ എന്നിവരില്‍ നിന്ന്‌ അസ്‌ത്രശസ്‌ത്രാഭ്യാസങ്ങള്‍ പൂര്‍ത്തിയാക്കി. പരശുരാമന്റെ ശിഷ്യത്വം സ്വീകരിച്ച്‌ അദ്ദേഹത്തിന്റെ ആശ്രമത്തില്‍ കഴിഞ്ഞുവരവേ തന്റെമേല്‍ പതിച്ച രണ്ടു ശാപങ്ങള്‍ കര്‍ണനെ മരണംവരെ പിന്തുടര്‍ന്ന കഥ മഹാഭാരതം വിവരിക്കുന്നുണ്ട്‌. ആശ്രമത്തില്‍വച്ച്‌ ഒരു പശുവിനെ അമ്പെയ്‌തു കൊന്നതിനാല്‍ അതിന്റെ ഉടമസ്ഥനായ ബ്രാഹ്മണന്‍, പ്രധാന ശത്രുവുമായി ഏറ്റുമുട്ടുമ്പോള്‍ കര്‍ണന്റെ രഥചക്രങ്ങള്‍ മണ്ണില്‍ പുതഞ്ഞുപോകട്ടെ എന്നു ശപിച്ചതാണ്‌ അവയിലൊന്ന്‌. രണ്ടാമത്തെ ശാപം ഗുരുവായ ഭാര്‍ഗവരാമനില്‍ നിന്നുതന്നെയാണ്‌ കിട്ടിയത്‌. ബ്രാഹ്മണേതരരെ ധനുര്‍വിദ്യ അഭ്യസിപ്പിക്കയില്ലെന്ന്‌ പരശുരാമന്‍ ശപഥംചെയ്‌ത വിവരം അറിയാവുന്ന കര്‍ണന്‍ താനും ഭൃഗുവംശത്തില്‍പ്പെട്ട ഒരു ബ്രാഹ്മണനാണെന്നു തെറ്റിദ്ധരിപ്പിച്ചാണ്‌ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ ആശ്രമത്തില്‍ ചെന്നത്‌. ഒരിക്കല്‍ പരിക്ഷീണനായ ഗുരു ശിഷ്യന്റെ മടിയില്‍ തലവച്ചു കിടന്ന്‌ ഉറങ്ങിയെന്നും അപ്പോള്‍ ഒരു വണ്ട്‌ പറന്നെത്തി കര്‍ണന്റെ തുടയില്‍ കടിച്ചു രക്തം കുടിച്ചുതുട ങ്ങിയെന്നും ഗുരുവിനെ ഉണര്‍ത്തിയാലോ എന്ന ഭയം കൊണ്ട്‌ നിശ്ശബ്‌ദനായി കര്‍ണന്‍ ഈ വേദന സഹിച്ചുവെന്നുമാണ്‌ കഥ. ഇത്രയും വേദന സഹിക്കുവാനുള്ള ത്രാണി ഒരു ക്ഷത്രിയനു മാത്രമേ ഉണ്ടായിരിക്കുകയുള്ളു എന്നറിയാവുന്ന പരശുരാമന്‍ ചോദ്യം ചെയ്‌തപ്പോള്‍ പരമാര്‍ഥം തുറന്നു പറയാന്‍ കര്‍ണന്‍ നിര്‍ബന്ധിതനായി. തന്റെ കൈയില്‍ നിന്ന്‌ അഭ്യസിച്ച ബ്രഹ്മാസ്‌ത്രവിദ്യ ആവശ്യംവരുന്ന സന്ദര്‍ഭത്തില്‍ നിഷ്‌ഫലമാകട്ടെ എന്ന്‌ പരശുരാമനും ശപിച്ചു.

കുരു, പാണ്ഡു കുമാരന്മാരുടെ അസ്‌ത്രവിദ്യാഭ്യസനം പൂര്‍ത്തിയായതോടെ ശിഷ്യരെല്ലാവരും പങ്കെടുത്ത ഒരായുധമത്സരത്തിന്‌ ഏര്‍പ്പാടു ചെയ്യപ്പെട്ടു. അര്‍ജുനനും കര്‍ണനുമായിരുന്നു മുഖ്യപ്രതിദ്വന്ദ്വികള്‍; അര്‍ജുനന്‍ പ്രകടിപ്പിച്ച വിദ്യകള്‍ ഒട്ടും കുറയാതെ കര്‍ണനും പ്രകടിപ്പിച്ചു. ഇത്‌ ദ്രാണരുള്‍പ്പെടെയുള്ളവര്‍ക്കു സഹിക്കാമായിരുന്നില്ല; അവരുടെയെല്ലാം പ്രത്യേക വാത്സല്യത്തിന്‌ പാത്രീഭവിച്ചാണ്‌ അര്‍ജുനന്‍ വളര്‍ന്നുവന്നത്‌. കര്‍ണന്‍ രാജവംശത്തില്‍ ജനിച്ചവനല്ലെന്നും അതിനാല്‍ രാജകുമാരന്മാരുടെ സമനായി മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കപ്പെട്ടുകൂടാ എന്നും കൃപര്‍ പ്രതിഷേധം അറിയിച്ചു. തത്‌സമയം കര്‍ണസുഹൃത്തായ ദുര്യോധനന്‍ കര്‍ണനെ അംഗരാജാവായി അഭിഷേകം ചെയ്യുകയും കിരീടമണിയിക്കുകയും ചെയ്‌തു. സൂതവംശ്യനെന്ന നിന്ദാപൂര്‍വമായ അവഗണനയ്‌ക്കു പാത്രമായിരുന്ന കര്‍ണന്‍ തന്റെ അധഃസ്ഥിതത്വം നീക്കിയ ദുര്യോധനനോട്‌ ആമരണം കടപ്പെട്ടവനായിത്തീര്‍ന്നു.

ജനിച്ചപ്പോള്‍ത്തന്നെ ദേഹത്തുണ്ടായിരുന്ന കവചകുണ്ഡലങ്ങള്‍ യഥാസ്ഥാനങ്ങളിലുള്ളിടത്തോളം കാലം കര്‍ണന്‍ ആരാലും അവധ്യനാണെന്ന്‌ സൂര്യന്റെ അനുഗ്രഹം ഉണ്ടായിരുന്നു. കുരുക്ഷേത്രത്തില്‍ വച്ച്‌ ഏറ്റുമുട്ടുമ്പോള്‍ കര്‍ണനെക്കൊല്ലാന്‍ അര്‍ജുനന്‌ സാധിക്കുകയില്ലെന്നും ഒരുവേള മറിച്ച്‌ സംഭവിച്ചേക്കുമെന്നും ഭയപ്പെട്ട ഇന്ദ്രന്‍ കവചകുണ്ഡലങ്ങള്‍ കര്‍ണനില്‍ നിന്ന്‌ എങ്ങനെയും കൈവശപ്പെടുത്തണമെന്ന്‌ നിശ്ചയിച്ചു. ഈ വിവരം നേരത്തേ മനസ്സിലാക്കിയ സൂര്യന്‍, ഇന്ദ്രന്‍ ഇതിന്നായി വരുന്നുണ്ടെന്ന കാര്യം മുന്‍കൂട്ടി കര്‍ണനെ അറിയിച്ചെങ്കിലും അര്‍ഥി ആവശ്യപ്പെടുന്നത്‌ നിഷേധിക്കാന്‍ താന്‍ ആളാവുകയില്ലെന്നു പറഞ്ഞ്‌ അദ്ദേഹം സ്വപിതാവിനെ മടക്കുകയാണുണ്ടായത്‌. സൂര്യന്‍ പോയിക്കഴിഞ്ഞ ഉടനെ ഇന്ദ്രന്‍ ബ്രാഹ്മണ വേഷത്തില്‍ വന്ന്‌ കര്‍ണന്റെ കവചകുണ്ഡലങ്ങള്‍ യാചിക്കുകയും ഒരു മടിയും കൂടാതെ കര്‍ണന്‍ അവ അറുത്തുകൊടുക്കുകയും ചെയ്‌തു. അതിനുപകരം ഒരാളെ മാത്രം വധിക്കാന്‍ സാധിക്കുന്ന വൈജയന്തി എന്ന വേല്‍ ഇന്ദ്രന്‍ കര്‍ണനു കൊടുത്തു. അര്‍ജുനനുമായുള്ള യുദ്ധത്തില്‍ അതു പ്രയോജനപ്പെടുത്താമെന്ന്‌ കര്‍ണന്‍ കരുതിയിരുന്നെങ്കിലും അതിനുമുമ്പ്‌ ഭീമപുത്രനായ ഘടോല്‍കചനെ വധിക്കാന്‍ അദ്ദേഹത്തിന്‌ അതു പ്രയോഗിക്കാതെ ഗത്യന്തരമില്ലെന്നു വന്നു.

ഇങ്ങനെ സ്വരക്ഷയ്‌ക്കുള്ള ആയുധങ്ങളെല്ലാം നഷ്ടപ്പെട്ട്‌, ഇരുശാപങ്ങളുടെ കരിനിഴലില്‍ തപ്പിത്തടഞ്ഞാണ്‌ കര്‍ണന്‍ കുരുക്ഷേത്രത്തില്‍ വച്ച്‌ അര്‍ജുനനുമായി ഏറ്റുമുട്ടുന്നത്‌. എന്നാല്‍ യുദ്ധത്തിനു മുമ്പ്‌ കര്‍ണനെ കൗരവപക്ഷത്തു നിന്നു പിന്തിരിപ്പിക്കുന്നതിനുവേണ്ടി മാതാവായ കുന്തി അദ്ദേഹത്തെ ഏകാകിനിയായി ചെന്നു കാണുന്നുണ്ട്‌. കര്‍ണന്റെ ജനനവൃത്താന്തവും പില്‌ക്കാല ചരിത്രവും വിവരിച്ചുകൊടുത്ത്‌ പ്രഥമപാണ്ഡവനായി തിരിച്ചുവരാന്‍ ആ വൃദ്ധമാതാവ്‌ വാത്സല്യത്തില്‍ മുഴുകിയ യാചനയും അര്‍ഥനയും പ്രലോഭനവും ഒക്കെ പ്രയോഗിച്ചു നോക്കിയിട്ടും ഫലമുണ്ടായില്ല; തന്നെ വളര്‍ത്തിയ വൃദ്ധദമ്പതികളെയും തനിക്ക്‌ രാജത്വം നല്‌കിയ ദുര്യോധനനെയും ഒരു കാലത്തും ഉപേക്ഷിക്കയില്ലെന്നു പറഞ്ഞ കര്‍ണന്‍, താന്‍ അര്‍ജുനനൊഴിച്ചുള്ള പാണ്ഡവസഹോദരന്മാരെ വധിക്കയില്ലെന്നുറപ്പു കൊടുത്ത്‌ അമ്മയെ യാത്രയാക്കുകയാണുണ്ടായത്‌.

ദ്രാണര്‍ വധിക്കപ്പെട്ടതോടുകൂടി കര്‍ണന്‍ കൗരവ സര്‍വസൈന്യാധിപനായി; ശല്യരായിരുന്നു സാരഥി. യുദ്ധരംഗം അതുവരെ ദര്‍ശിച്ചിട്ടില്ലാതിരുന്ന പരാക്രമത്തോടുകൂടി മുന്നേറിയ കര്‍ണനെ ഒടുവില്‍ ഗുരുബ്രാഹ്മണശാപങ്ങള്‍ ഗ്രസിച്ചു. മണലില്‍ പുതഞ്ഞുപോയ തേരുരുളുകള്‍ ഇളക്കി എടുക്കുന്നതുവരെ യുദ്ധം നിര്‍ത്തിവയ്‌ക്കണമെന്ന കര്‍ണന്റെ അപേക്ഷ സ്വീകരിക്കാന്‍ അര്‍ജുനന്‍ തയ്യാറായിരുന്നുവെങ്കിലും നയചതുരനായ സ്വസാരഥി കൃഷ്‌ണന്റെ പ്രരണമൂലം ആ തക്കംനോക്കി അര്‍ജുനന്‍ കര്‍ണനെ അമ്പെയ്‌തു വധിക്കുകയാണുണ്ടായത്‌.

കുറെയൊക്കെ പാണ്ഡവപക്ഷപാതംമൂലമായിരിക്കാം അത്ര വലിയ നിറപ്പകിട്ടാര്‍ന്ന ഒരു കഥാപാത്രമായിട്ടല്ല വേദവ്യാസന്‍ കര്‍ണന്റെ ജീവിതകഥ അവതരിപ്പിച്ചിരിക്കുന്നത്‌. ഭീഷ്‌മരുള്‍പ്പെടെയുള്ള സ്വകക്ഷി നായകന്മാര്‍ പലരുടെയും അധിക്ഷേപത്തിന്‌ കര്‍ണനെ കൂടക്കൂടെ പാത്രമാക്കിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭങ്ങള്‍ മഹാഭാരതത്തില്‍ പലയിടത്തും മുഴച്ചുനില്‌ക്കുന്നു. കൃപരും ശല്യരുമായിരുന്നു കര്‍ണനെ പരിഹസിക്കുന്നതില്‍ മുന്‍പന്തിയില്‍. തേരാളിയായിച്ചെന്നിട്ടും ശല്യര്‍ യുദ്ധരംഗത്തു വച്ചുതന്നെ കര്‍ണനെ കണക്കറ്റു പരിഹസിക്കുന്നുണ്ട്‌. ഇതൊക്കെ നേരിട്ടുകൊണ്ടിരുന്നപ്പോഴും കര്‍ണന്‍ ഉദാത്തമായ ഒരു നിര്‍ല്ലേപതയാണ്‌ കൈക്കൊണ്ടിരുന്നത്‌. സേനാപതിസ്ഥാനം സ്വീകരിച്ചു യുദ്ധരംഗത്തേക്കു പോകുന്നതിനുമുമ്പ്‌ കര്‍ണന്‍ ഏകാകിയായി ശരശയ്യാഗതനായ ഭീഷ്‌മപിതാമഹന്റെ മുന്നില്‍ച്ചെന്നു കുമ്പിട്ട്‌ അനുഗ്രഹം വാങ്ങുന്ന കഥ വ്യാസന്‍ ഹൃദയസ്‌പൃക്കാകുംവിധം വര്‍ണിക്കുന്നുണ്ട്‌ (ദ്രാണപര്‍വം, അധ്യായം3). യുദ്ധരംഗത്തുവച്ച്‌ വീരചരമം പ്രാപിച്ച കര്‍ണന്‍ സ്വപിതാവിന്റെ ദിവ്യമഹസ്സില്‍ വിലയംപ്രാപിക്കുകയാണുണ്ടായത്‌ (സ്വര്‍ഗാരോഹണപര്‍വം, അധ്യായം5, പദ്യം, 20). ചിത്രസേനന്‍, സത്യസേനന്‍, സുഷേണന്‍ എന്നീ കര്‍ണന്റെ മൂന്നു പുത്രന്മാരും കുരുക്ഷേത്രയുദ്ധത്തില്‍ നകുലനാല്‍ കൊല്ലപ്പെട്ടു (ശല്യപര്‍വം, അധ്യായം10).

കൗരവ പക്ഷപാതിയും പരനിന്ദാസഹിഷ്‌ണുവുമായ കര്‍ണന്‍ മഹാഭാരതപിപഠിഷുകള്‍ക്ക്‌ പ്രിയപ്പെട്ട ഒരു കഥാപാത്രമായാണ്‌ എന്നും നിലകൊണ്ടിട്ടുള്ളത്‌. കുരുക്ഷേത്രയുദ്ധത്തില്‍ അര്‍ജുനനു പുറമേ ഭീമന്‍, ധൃഷ്ടദ്യുമ്‌നന്‍, സാത്യകി, അഭിമന്യു, ഘടോല്‍കചന്‍ എന്നിവരുമായി ഏറ്റുമുട്ടുകയും ഘടോല്‍ക്കചനെ വധിക്കുകയും ഭീമനെ അസ്‌ത്രപ്രജ്ഞനാക്കുകയും അര്‍ജുനന്റെ കിരീടത്തെ തട്ടിത്തെറിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. നിരായുധനായിരുന്ന കര്‍ണനെയാണ്‌ കൃഷ്‌ണന്റെ കുടിലോപദേശം കൊണ്ട്‌ അര്‍ജുനന്‍ വധിച്ച തെന്ന വസ്‌തുതപോലും അദ്ദേഹത്തിന്റെ സവിശേഷവ്യക്തിത്വത്തെയും മഹിമയെയും ഉയര്‍ത്തിക്കാണിക്കുകയേ ചെയ്‌തിട്ടുള്ളു.

കര്‍ണനെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട്‌ പില്‌ക്കാലത്തുണ്ടായ സാഹിത്യസൃഷ്ടികളെല്ലാം തന്നെ അതുല്യധനുര്‍ധരനായ ആ സൂതപുത്രനെ അതുല്യമായ ഒരു പദവിയില്‍ പ്രതിഷ്‌ഠിച്ചു കൊണ്ടുള്ളവയാണ്‌. യുദ്ധദിനങ്ങള്‍ക്കിടയിലൊരു സായാഹ്‌നത്തില്‍ സന്ധ്യാവന്ദനം ചെയ്‌തുകൊണ്ടിരിക്കുന്ന തന്റെ സീമന്തപുത്രനെ വാത്സല്യദുഗ്‌ധം ചുരന്നുകൊണ്ടെത്തുന്ന മാതാവ്‌ കണ്ടു നടത്തുന്ന സംഭാഷണത്തെ നാടകീയമായി അവതരിപ്പിക്കുന്ന കര്‍ണനും കുന്തിയും എന്ന രവീന്ദ്രനാഥ ടാഗോറിന്റെ രൂപകം ഇക്കൂട്ടത്തില്‍ അഗ്രിമസ്ഥാനത്തു നില്‌ക്കുന്നു. കര്‍ണന്റെ ജനനം മുതലുള്ള കഥകള്‍ വിവരിച്ചു കൊണ്ട്‌ പ്രഥമ പാണ്ഡവനായി ഭാരതചക്രവര്‍ത്തി പദത്തിലേക്കു മടങ്ങിവരാന്‍ ക്ഷണിച്ച കുന്തിയോട്‌ "ജനിച്ചുവീണപ്പോള്‍ മുലപ്പാല്‍ നിഷേധിച്ച മാതാവിതാ സുവര്‍ണ കിരീടവുമായി ക്ഷണിക്കുന്നു' എന്നു കര്‍ണന്‍ പറയുന്നതോടെയാണ്‌ ഈ നാടകശില്‌പം അവസാനിക്കുന്നത്‌.

"അക്കര്‍ണനുംഅതേ കര്‍ണന്‍
അഭൗമം തന്റെ കുണ്ഡലം
അറുത്തര്‍ഥിക്കരുളിയോ
രവനീ ഹരിചന്ദനം'
 

എന്ന കഥാഭാഗത്തെ ഉത്‌കൃഷ്ടഭാവത്തോടുകൂടി വിവരിക്കുന്നതാണ്‌ ഉള്ളൂര്‍ പരമേശ്വരയ്യരുടെ കര്‍ണഭൂഷണം എന്ന ഖണ്ഡ കാവ്യം (1929); ഭാസന്റെ കര്‍ണഭാരം നാടകം ഈ.വി. രാമന്‍ നമ്പൂതിരിയും (1918) ചെറുളിയില്‍ കുഞ്ഞുണ്ണി നമ്പീശനും (1950) കെ. കൃഷ്‌ണവാരിയരും (1954) പാലാ ഗോപാലന്‍ നായരും (1966) മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. എന്‍.പി. ചെല്ലപ്പന്‍ നായര്‍ (1935), കുട്ടനാട്‌ രാമകൃഷ്‌ണപിള്ള (1956), പൊന്‍കുന്നം വര്‍ക്കി (1959) എന്നിവര്‍ കര്‍ണകഥ നാടകമാക്കിയിരിക്കുന്നു. ആഖ്യാന രൂപത്തില്‍ ഗദ്യത്തിലുള്ള സൃഷ്ടികളാണ്‌ പി.കുഞ്ഞിരാമന്‍ നായരുടെയും (1945) പി.എം. കുമാരന്‍ നായരുടെയും (1959). കര്‍ണശപഥം എന്ന പേരില്‍ ഒരാട്ടക്കഥയും 1970കളില്‍ പ്രചാരത്തില്‍ വന്നിട്ടുണ്ട്‌.

2. ധൃതരാഷ്‌ട്രപുത്രന്മാരായ നൂറ്റുവരില്‍ ഒരാളുടെ പേര്‍ കര്‍ണനെന്നായിരുന്നു; ഈ ആളെ യുദ്ധഭൂമിയില്‍ വച്ചു വധിച്ചത്‌ ഭീമസേനനാണ്‌ (ഭീഷ്‌മപര്‍വം, അധ്യായം67).

3. ഭാഗവതത്തില്‍ വിഷ്‌ണുഭക്തികൊണ്ടു മോക്ഷം പ്രാപിച്ച ഘണ്ടാകര്‍ണന്മാര്‍ എന്നു പേരുള്ള രണ്ട്‌ അസുരന്മാരെപ്പറ്റി പറയുന്നുണ്ട്‌. ജ്യേഷ്‌ഠന്റെ പേര്‍ ഘണ്ടനെന്നും അനുജന്റെ പേര്‍ കര്‍ണനെന്നും ആണെന്നു പറയുന്നുണ്ടെങ്കിലും ജ്യേഷ്‌ഠനെ ഘണ്ടാകര്‍ണനെന്ന പേരുകൊണ്ടാണ്‌ പരാമര്‍ശിച്ചുകാണുന്നത്‌ (ദശമസ്‌കന്ധം). നോ: ഘണ്ടാകര്‍ണന്‍; കര്‍ണഭൂഷണം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍