This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍ട്ടിന്‍, ജോണ്‍ ജോസഫ്‌ (1885 - 1945)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കര്‍ട്ടിന്‍, ജോണ്‍ ജോസഫ്‌ (1885 - 1945)

Curtin, John Joseph

ജോണ്‍ ജോസഫ്‌ കര്‍ട്ടിന്‍

ആസ്‌റ്റ്രലിയയിലെ രാജ്യതന്ത്രജ്ഞനും മുന്‍പ്രധാനമന്ത്രിയും. വിക്‌റ്റോറിയയിലെ ക്രസ്‌വിക്കില്‍ 1885 ജനു. 8നു ജനിച്ചു. 13-ാം വയസ്സില്‍ വിദ്യാഭ്യാസത്തോടൊപ്പം മെല്‍ബണിലെ ഒരു പ്രസ്സില്‍ ജോലിയും നോക്കിയിരുന്നു. ബ്രിട്ടിഷ്‌ ലേബര്‍പാര്‍ട്ടി നേതാവും ബ്രിട്ടിഷ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്ഥാപകാംഗങ്ങളിലൊരാളുമായ ടോംമാന്റെ (Tom Mann 1856-1941) പ്രഭാഷണങ്ങളിലാകൃഷ്ടനായതോടെയാണ്‌ കര്‍ട്ടിന്‍ രാഷ്‌ട്രീയത്തിലേക്കു തിരിഞ്ഞത്‌.

ആസ്‌റ്റ്രലിയന്‍ ലേബര്‍ പാര്‍ട്ടിയുടെ പ്രഭാഷകക്കളരി (college for speakers)യിലൂടെ പ്രഗല്‌ഭനായിത്തീര്‍ന്ന കര്‍ട്ടിന്‍ 1911ല്‍ വിക്‌ടോറിയയിലെ "ടിംബര്‍ വര്‍ക്കേഴ്‌സ്‌ യൂണിയ'ന്റെ സെക്രട്ടറിയായി. 1916ല്‍ സെനിക സേവനം നിര്‍ബന്ധിതമാക്കുന്നതിനുള്ള പ്രധാനമന്ത്രി വില്യം മോറിസിന്റെ പദ്ധതിക്കെതിരായ "ആന്റി കോണ്‍സ്‌ക്രിപ്‌ഷന്‍ ലീഗി'ന്റെ സെക്രട്ടറിയായി. രാജ്യദ്രാഹക്കുറ്റം ചുമത്തി കര്‍ട്ടിന്‍ ജയിലില്‍ അടയ്‌ക്കപ്പെട്ടുവെങ്കിലും പെട്ടെന്ന്‌ മോചിതനായി. 1917 മുതല്‍ 28വരെ ആസ്‌റ്റ്രലിയന്‍ വര്‍ക്കര്‍ എന്ന പത്രത്തിന്റെ പത്രാധിപരായി പ്രവര്‍ത്തിച്ചു. 1918 മുതല്‍ 34 വരെയുള്ള കാലത്തിനിടയ്‌ക്ക്‌ പല പ്രാവശ്യവും ആസ്‌റ്റ്രലിയന്‍ ജനപ്രതിനിധി സഭയിലേക്കുതെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. 1924ല്‍ അന്താരാഷ്‌ട്ര തൊഴില്‍ സംഘടനയില്‍ ആസ്‌റ്റ്രലിയയുടെ പ്രതിനിധിയായി സേവനമനുഷ്‌ഠിച്ചു.

1927-28ല്‍ ആസ്‌റ്റ്രലിയയിലെ "ഫാമിലി അലവന്‍സസ്‌ കമ്മിഷന്‍' അംഗമായിരുന്നു.1933-35ല്‍ ഇദ്ദേഹം കോമണ്‍വെല്‍ത്ത്‌ ഗ്രാന്റ്‌സ്‌ കമ്മിഷനിലേക്കുള്ള പശ്ചിമ ആസ്‌റ്റ്രലിയന്‍ ഗവണ്‍മെന്റിന്റെ അഭിഭാഷകനായിരുന്നു. 1935ല്‍ ലേബര്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. മരണം വരെ ഈ സ്ഥാനത്ത്‌ ഇദ്ദേഹം തുടര്‍ന്നു.

1939ല്‍ ഒരു സര്‍വകക്ഷിയുദ്ധകാലഗവണ്‍മെന്റ്‌ രൂപവത്‌കരിക്കുന്നതിനുള്ള പ്രധാനമന്ത്രി റോബര്‍ട്ട്‌ ഗോര്‍ഡന്‍ മെന്‍സിസിന്റെ ക്ഷണം കര്‍ട്ടിന്‍ നിരാകരിച്ചു. എന്നാല്‍ 1940ല്‍ രൂപവത്‌കരിച്ച സര്‍വകക്ഷി യുദ്ധോപദേശകസമിതിയില്‍ ഇദ്ദേഹം പങ്കെടുത്തു.

1941 ഒ.ല്‍ ഗോര്‍ഡന്‍ മന്ത്രിസഭയ്‌ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരികയും രണ്ടു കക്ഷിരഹിത അംഗങ്ങളുടെ പിന്തുണയോടെ കേവലഭൂരിപക്ഷം നേടിയ കര്‍ട്ടിന്‍ പ്രധാനമന്ത്രിയായി ലേബര്‍ പാര്‍ട്ടി മന്ത്രിസഭ രൂപവത്‌കരിക്കുകയും ചെയ്‌തു. പേള്‍ ഹാര്‍ബര്‍ സംഭവത്തോടെ (1941 ഡി. 7) ആസ്‌റ്റ്രലിയ പൂര്‍ണമായും യുദ്ധത്തില്‍ പങ്കാളിയായി. 1942ല്‍ കര്‍ട്ടിന്‍ സംയുക്ത ആസ്‌റ്റ്രലിയന്‍ യു.എസ്‌. സേനയുടെ കമാന്‍ഡറായി യു.എസ്‌. ജനറല്‍ മക്‌ആര്‍തറെ ക്ഷണിച്ചുവരുത്തി. ആസ്‌റ്റ്രലിയ ജപ്പാനെതിരായ സഖ്യകക്ഷി ആക്രമണത്തിന്റെ ആസ്ഥാനമായി. 1943ലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നേടി.

യുദ്ധത്തിനുവേണ്ടി സൈനികര്‍ രാഷ്‌ട്രത്തിനു നല്‌കിയ ത്യാഗത്തിനു പകരമായി കൂടുതല്‍ സാമൂഹിക നീതിയും അവസരസമത്വവും ഉറപ്പു നല്‌കുന്ന ഒരു സാമൂഹിക സംവിധാനം പടുത്തുയര്‍ത്തേണ്ടതും യുദ്ധത്തിന്റെ കാരണങ്ങള്‍ ഒഴിവാക്കേണ്ടതുമാണെന്ന്‌ ഇദ്ദേഹം വിശ്വസിച്ചു. രാഷ്‌ട്രപുനര്‍നിര്‍മാണത്തിനും ദേശീയ മുന്നേറ്റത്തിനുമുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതോടൊപ്പം സൈനികരെ സിവിലിയന്‍ ജീവിതവുമായി വീണ്ടും ഇണക്കിച്ചേര്‍ക്കുന്നതിനുള്ള പദ്ധതികളും ഇദ്ദേഹം ആവിഷ്‌കരിക്കുകയുണ്ടായി. തൊഴിലില്ലായ്‌മാനിര്‍മാര്‍ജനമായിരുന്നു കര്‍ട്ടിന്‍ ഗവണ്‍മെന്റിന്റെ ലക്ഷ്യം. 1945ല്‍ യു.എന്‍.ന്റെ രൂപവത്‌കരണത്തില്‍ കര്‍ട്ടിന്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌.

1945 ജൂല. 5നു കാന്‍ബറയില്‍ വച്ച്‌ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍