This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍ക്കടോത്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കര്‍ക്കടോത്തി

കര്‍ക്കടകമാസം ഇരുപത്തെട്ടാം നാളില്‍ ഹൈന്ദവ ഭവനങ്ങള്‍ തോറും വന്ന്‌ ആടുന്ന "തെയ്യം'. ഇതിന്‌ കണ്ണൂര്‍ ജില്ലയില്‍ പ്രചാരമുണ്ട്‌. മുഖത്ത്‌ ചായില്യവും മനയോലയും കൊണ്ടുള്ള തേപ്പ്‌, തലയില്‍ ചെറിയ മുടി (കിരീടം), പട്ടുടുപ്പ്‌, മാലകള്‍, കടകങ്ങള്‍ എന്നിവയാണ്‌ കര്‍ക്കടോത്തിയുടെ രൂപാലങ്കാരങ്ങള്‍. മണികിലുക്കിക്കൊണ്ടാണ്‌ ഈ തെയ്യം വരുന്നത്‌. ഒപ്പം ചെണ്ടയുമായി ഒരാള്‍ കൂടെ ഉണ്ടായിരിക്കും. അയാള്‍ ചെണ്ടകൊട്ടിക്കൊണ്ട്‌ പാട്ടുപാടുമ്പോള്‍, തെയ്യം ആടിക്കളിക്കും. അഞ്ചുമിനിറ്റോളം നര്‍ത്തനമുണ്ടാകും. പിന്നെ, മറ്റൊരു ഗൃഹത്തിലേക്കുപോകും.

അര്‍ജുനന്‌ വരംകൊടുക്കുവാന്‍ കിരാതവേഷം ധരിച്ച പരമേശ്വരനോടൊപ്പം വേടനാരിയായിച്ചെന്ന പാര്‍വതിയുടെ സങ്കല്‌പത്തിലുള്ള തെയ്യമാണ്‌ "കര്‍ക്കടോത്തി'. കര്‍ക്കടകമാസത്തില്‍ വന്ന്‌ ആടുന്നതുകൊണ്ടാണ്‌ ഈ പേര്‌ സിദ്ധിച്ചത്‌. വണ്ണാന്‍ സമുദായക്കാരാണ്‌ ഇത്‌ കെട്ടിയാടുന്നത്‌. കാട്ടാളരൂപം ധരിച്ച പരമേശ്വരന്റെ സങ്കല്‌പത്തിലുള്ള തെയ്യമാണ്‌ കര്‍ക്കടകമാസം പതിനാറാം നാളില്‍ ഭവനംതോറും വരുന്ന "വേടന്‍' (ആടിവേടന്‍). കര്‍ക്കടോത്തിക്കും, വേടനും പാടാറുള്ള പാട്ടുകള്‍ കിരാതംകഥയെ ആസ്‌പദിച്ചുള്ളവയാണ്‌. പാട്ടിന്റെ അന്ത്യത്തില്‍ ഇവര്‍ വ്യാധികളെപ്പറ്റി സുഖവര്‍ധനവുണ്ടാക്കുന്ന ദേവതകളാണെന്ന്‌ സൂചിപ്പിച്ചിട്ടുണ്ട്‌. ഈ ദേവതകള്‍ ഗൃഹാങ്കണത്തില്‍ വന്നാടുമ്പോള്‍, കുരുതി കലക്കിയും കരികലക്കിയും ഉഴിഞ്ഞു പുറത്തുകളയുകയും; മഞ്ഞള്‍ക്കൊമ്പ്‌, കരിക്കട്ട തുടങ്ങിയവ ഉഴിഞ്ഞു കൊടുക്കുകയും ചെയ്യുന്ന പതിവും ചിലേടങ്ങളില്‍ ക്കാണാം. ഈതിബാധകളകറ്റുവാന്‍ വരുന്ന തെയ്യങ്ങള്‍ ഉര്‍വരാരാധനയുമായി ബന്ധപ്പെട്ട ദേവതകള്‍ കൂടിയാണ്‌. ഇവയെ ആടിച്ചാല്‍ കന്നുകാലികള്‍ക്ക്‌ അഭിവൃദ്ധിയുണ്ടാകുമെന്ന വിശ്വാസം നിലവിലുണ്ട്‌.

(എം.വി. വിഷ്‌ണുനമ്പൂതിരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍