This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരോതേഴ്‌സ്‌, വാലസ്‌ ഹ്യൂം (1896-1937)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരോതേഴ്‌സ്‌, വാലസ്‌ ഹ്യൂം (1896-1937)

Carothers, Wallace Hume

വാലസ്‌ ഹ്യൂം കരോതേഴ്‌സ്‌

"നൈലോണ്‍' കണ്ടുപിടിച്ച യു.എസ്‌. രസതന്ത്രജ്ഞന്‍. 1896 ഏ. 27നു ബര്‍ലിങ്‌ടണില്‍ ജനിച്ചു. ടാര്‍കിയോ കോളജ്‌, ഇല്ലിനോയ്‌ സര്‍വകലാശാല എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം ഇദ്ദേഹം ഇല്ലിനോയിയിലും പിന്നീട്‌ ഹാര്‍വാര്‍ഡിലും രസതന്ത്രാധ്യാപകനായി. 1928ല്‍ ഡ്യുപോണ്ട്‌കമ്പനിയുടെ വില്‍മിങ്‌ടണ്‍ പരീക്ഷണശാലയില്‍ കാര്‍ബണികരസതന്ത്രവിഭാഗത്തില്‍ ഗവേഷണ ഡയറക്ടറായി. ഇവിടത്തെ പരീക്ഷണങ്ങളുടെ ഫലമായി വാണിജ്യപ്രാധാന്യമുള്ള ഒട്ടനവധി പ്ലാസ്റ്റിക്കുകളും സംശ്ലേഷിത നാരുകളും വികസിപ്പിച്ചെടുക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ഇവിടെ വച്ച്‌ ഇദ്ദേഹം ആദ്യമായി കണ്ടുപിടിച്ച രാസവസ്‌തു ക്ലോറോപ്രീനാണ്‌. ക്ലോറോപ്രീനും അതിന്റെ പോളിമറും വളരെ വേഗം വ്യാവസായികപ്രാധാന്യം ആര്‍ജിച്ചു. ബലമേറിയ നാരുകളുണ്ടാക്കാന്‍ കഴിയുന്ന ഒരു പോളിമര്‍ സംശ്ലേഷണം ചെയ്യുകയായിരുന്നു കരോതേഴ്‌സിന്റെ ലക്ഷ്യം. വിവിധ അഭികാരകങ്ങള്‍ ഉപയോഗിച്ച്‌ സൂപ്പര്‍ പോളിമറുകള്‍ സംശ്ലേഷണം ചെയ്യാനുള്ള നിരവധി പരീക്ഷണങ്ങള്‍ക്കൊടുവില്‍ അഡിപിക്‌ അമ്ലവും ഹെക്‌സാമെഥിലിന്‍ ഡൈഅമീനും പ്രതിപ്രവര്‍ത്തിപ്പിച്ച്‌ ഒരു റെസിന്‍ ഉത്‌പാദിപ്പിക്കാന്‍ കരോതേഴ്‌സിനു സാധിച്ചു. 6 കാര്‍ബണ്‍ അണുകങ്ങള്‍ വീതമുള്ള ഈരണ്ട്‌ അഭികാരകങ്ങളില്‍ നിന്ന്‌ ഉത്‌പാദിപ്പിച്ച പോളിമറാണ്‌ നൈലോണ്‍ 66. നാരുകളായി വലിച്ചെടുക്കുമ്പോള്‍ പരലുകളുടെ പുനര്‍വിന്യാസത്തിലൂടെ നൈലോണ്‍ ബലമുള്ളതായിത്തീരുന്നു.

നൈലോണിനുപുറമേ നിയോപ്രീന്‍ എന്നറിയപ്പെടുന്ന ഒരു കൃത്രിമ റബ്ബറും ഇദ്ദേഹം കണ്ടുപിടിച്ചു. കരോതേഴ്‌സ്‌ 1937 ഏ. 29നു ഫിലഡല്‍ഫിയയില്‍ വച്ച്‌ അന്തരിച്ചു. ഇദ്ദേഹത്തിന്റെ മരണത്തിനു മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷ(1940)മാണ്‌ നൈലോണിന്റെ വ്യാവസായിക ഉത്‌പാദനം ആരംഭിച്ചത്‌. നോ: നൈലോണ്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍