This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരൊലിന്‍ സംഭവം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരൊലിന്‍ സംഭവം

Caroline Affair

കരൊലിന്‍ എന്ന യു.എസ്‌. ആവിക്കപ്പല്‍ കനേഡിയന്‍ സേന തകര്‍ത്ത്‌ അഗ്‌നിക്കിരയാക്കിയതു സംബന്ധിച്ച്‌ യു.എസും ഗ്രറ്റ്‌ ബ്രിട്ടനും തമ്മിലുണ്ടായ സംഘര്‍ഷം. അപ്പര്‍ കാനഡയിലെ കലാപത്തിനു (1837) ശേഷം, യു.എസും ഗ്രറ്റ്‌ ബ്രിട്ടനും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടാക്കുന്നതിന്‌ ഈ സംഭവം വഴി തെളിച്ചു. 1837 ഡി.ല്‍ കാനഡയിലെ വിമത രാഷ്‌ട്രീയ നേതാവും പത്രപ്രവര്‍ത്തകനുമായ വില്യം ലയണ്‍ മക്കന്‍സി (1795-1861) ടൊറന്റോ കീഴടക്കാനും ലഫ്‌റ്റനന്റ്‌ ഗവര്‍ണറെ കീഴ്‌പ്പെടുത്താനും പുതിയൊരു റിപ്പബ്ലിക്‌ സ്ഥാപിക്കാനുമായി സൈന്യസമേതം മുന്നേറി. ഈ ശ്രമത്തില്‍ പരാജയപ്പെട്ട മക്കന്‍സി, നയാഗ്രാ നദിക്കടുത്ത്‌ കാനഡയുടെ ഭാഗത്തുള്ള നേവിദ്വീപില്‍ അഭയം പ്രാപിച്ചു. മക്കന്‍സിയുടെ ആവശ്യപ്രകാരം ഡി.29നു ആയുധങ്ങളും വെടിക്കോപ്പുകളുമായി "കരൊലിന്‍' എന്നു പേരുള്ള ഒരു യു.എസ്‌. ആവിക്കപ്പല്‍ ഈ ദ്വീപിലെത്തി. നേവി ദ്വീപിലെത്തിയ ഈ കപ്പല്‍ കനേഡിയന്‍ സേന അഗ്‌നിക്കിരയാക്കി. ഈ സംഭവംകരൊലിന്‍ സംഭവംയു.എസ്സിനെ പിടിച്ചു കുലുക്കി. 1838 ജനു. 5നു യു.എസ്‌. പ്രസിഡന്റ്‌ മാര്‍ട്ടിന്‍ വാന്‍ബറന്‍ നിഷ്‌പക്ഷതാനയം അംഗീകരിക്കണമെന്നും വെര്‍മോണ്ട്‌, ന്യൂയോര്‍ക്ക്‌ എന്നിവിടങ്ങളിലെ ഗവര്‍ണര്‍മാരോട്‌ അവരുടെ സൈന്യത്തെ കാനഡയുടെ പ്രദേശങ്ങളില്‍ നിന്നു പിന്‍വലിക്കണമെന്നും നിര്‍ദേശിച്ചു. ജനറല്‍ വിന്‍ഫീല്‍ഡ്‌സ്‌കോട്ടിന്റെ ശ്രമഫലമായി പിന്നീട്‌ ആക്രമണങ്ങളുണ്ടായില്ല. അതേസമയം യു.എസ്‌. ഗവണ്‍മെന്റ്‌ ബ്രിട്ടനോട്‌ നഷ്ടപരിഹാരം ആവശ്യപ്പെട്ടു; കൂടാതെ ഈ കൃത്യം ചെയ്‌തുപോയതില്‍ ക്ഷമായാചനം നടത്തണമെന്നും വാദമുന്നയിച്ചു.

കാനഡക്കാര്‍ ആത്മരക്ഷാര്‍ഥം ചെയ്‌ത ഒരു നടപടിയായിരുന്നു അതെന്ന്‌ കണക്കാക്കിക്കൊണ്ട്‌, ഗ്രറ്റ്‌ ബ്രിട്ടന്‍, യു.എസ്‌. നിവേദനങ്ങള്‍ക്ക്‌ വലിയ പ്രാധാന്യം കൊടുത്തില്ല. 1840 ന.ല്‍ കാനഡയിലെ ഒരു ഡെപ്യൂട്ടി ഷെരീഫ്‌ ആയ അലക്‌സാണ്ടര്‍ മക്‌ലിയോഡ്‌ ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ സന്ദര്‍ശിക്കുന്ന അവസരത്തില്‍, താന്‍ "കരൊലിന്‍' കപ്പല്‍ ആക്രമച്ചവരില്‍ ഒരാളാണെന്നും അതിലെ ഒരാളെ തന്റെ കൈകൊണ്ടു തന്നെ വധിച്ചുവെന്നും പ്രസ്‌താവിച്ചതിനെത്തുടര്‍ന്ന്‌ ലിയോഡിനെ അറസ്റ്റ്‌ ചെയ്യുകയും വധക്കുറ്റത്തിന്‌ വിചാരണ ചെയ്യുകയും ചെയ്‌തു. ലിയോഡിനെ മോചിപ്പിക്കണമെന്ന്‌ വാഷിങ്‌ടനിലെ ബ്രിട്ടീഷ്‌ പ്രതിനിധി ഹെന്‌റിസ്റ്റീഫന്‍ ഫോക്‌സ്‌ ആവശ്യപ്പെട്ടുവെങ്കിലും ന്യൂയോര്‍ക്കിലെ കോടതിയിലിരിക്കുന്ന കേസായതു കൊണ്ട്‌ അതില്‍ ഫെഡറല്‍ ഗവണ്‍മെന്റിന്‌ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന്‌ യു.എസ്‌. സ്റ്റേറ്റ്‌ സെക്രട്ടറി ജോണ്‍ഫോര്‍ഡ്‌ മറുപടി നല്‌കി. അതിനെത്തുടര്‍ന്ന്‌ ബ്രിട്ടീഷ്‌ വിദേശകാര്യ സെക്രട്ടറി പാമേഴ്‌സ്‌റ്റന്‍ ഈ പ്രശ്‌നം ഏറ്റെടുത്തു. രണ്ടു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന ബന്ധം വഷളായി. 1841 ഒ.ല്‍ ലിയോഡിനെ വെറുതെ വിട്ടുകൊണ്ട്‌ ന്യൂയോര്‍ക്കിലെ കോടതി വിധി പ്രസ്‌താവിച്ചു. 1842ല്‍ വെബ്‌സ്റ്റര്‍ആഷ്‌ബര്‍ടന്‍ ഉടമ്പടി ചര്‍ച്ചകള്‍ക്കിടയില്‍ യു.എസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഡാനിയല്‍ വെബ്‌സ്റ്ററിനോട്‌ കരോലിന്‍ സംഭവത്തില്‍ ബ്രിട്ടന്‍ മാപ്പു പറയേണ്ടതായിരുന്നു എന്ന അഭിപ്രായം ബ്രിട്ടനെ പ്രതിനിധീകരിച്ച ആഷ്‌ബര്‍ടന്‍ പ്രഭു പ്രകടിപ്പിച്ചു. കരോലിന്‍ സംഭവം ബ്രിട്ടന്‍ സ്വരക്ഷയ്‌ക്കായി നടത്തിയ നടപടിയാണെന്നുള്ള ഏറ്റുപറച്ചിലായി യുഎസ്‌ ഇതിനെ കണക്കാക്കുകയും ഇതേക്കുറിച്ച്‌ അനന്തര ചര്‍ച്ചകള്‍ക്കിടമില്ലാത്ത വിധത്തില്‍ കരോലിന്‍ സംഘര്‍ഷം അവസാനിപ്പിക്കുകയും ചെയ്‌തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍