This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരൊലിന്‍ ദ്വീപുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരൊലിന്‍ ദ്വീപുകള്‍

Caroline Islands

പസിഫിക്‌ സമുദ്രത്തിന്റെ പശ്ചിമഭാഗത്തായി ഭൂമധ്യരേഖയ്‌ക്ക്‌ വടക്ക്‌, തികച്ചും ഒറ്റപ്പെട്ടു സ്ഥിതി ചെയ്യുന്ന ദ്വീപസഞ്ചയം. സു. 3,200 കി.മീ. ദൂരത്തില്‍ വ്യാപിച്ചു കിടക്കുന്ന 48 ദ്വീപസമൂഹങ്ങളിലെ 930ലധികം വരുന്ന ദ്വീപുകളാണ്‌ കരൊലിന്‍ ദ്വീപസമൂഹത്തില്‍ ഉള്‍പ്പെടുന്നത്‌. ദ്വീപുകള്‍ക്ക്‌ മൊത്തം വിസ്‌തൃതി 1,165 ച.കി.മീ. ആണ്‌. യു.എന്‍. ട്രസ്റ്റ്‌ ടെറിട്ടറിയില്‍പ്പെടുന്ന ഈ ദ്വീപുകള്‍ യു.എസ്സിന്റെ ഭരണത്തിന്‍ കീഴിലാണ്‌. കരൊലിന്‍, മാര്‍ഷല്‍, മരീയന എന്നീ ട്രസ്റ്റീഷിപ്പിന്റെ കീഴിലുള്ള പസിഫിക്‌ ദ്വീപുകള്‍ (Trust Territory of the Pacific Islands) മൈക്രാനേഷ്യയുടെ ഏറിയപങ്കും അപഹരിച്ചിരിക്കുന്നു. കരൊലിന്‍ ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്ന അഞ്ചു പ്രമുഖ ദ്വീപസമൂഹങ്ങള്‍, പടിഞ്ഞാറ്‌ നിന്ന്‌ കിഴക്കോട്ട്‌ പലാവൂ (Palau), യാപ്‌ (Yap, റ്റ്രക്‌ (Truk), പോനേപ്‌ (Ponape), കുസായ്‌ (Kusaie) എന്നിവയാണ്‌. ഇവിടെ എ.ഡി. 2-ാം ശ. മുതല്‌ക്കേ മനുഷ്യാധിവാസം ആരംഭിച്ചിരുന്നു.

പലാവു ദ്വീപുനിവാസികള്‍

ഭൂമിശാസ്‌ത്രപരമായി കരൊലിന്‍ ദ്വീപുകളെ രണ്ടു വിഭാഗങ്ങളില്‍പ്പെടുത്താം. പൂര്‍വാര്‍ധത്തിലുള്ളവ സമുദ്രാന്തരിത അഗ്‌നിപര്‍വതശിഖരങ്ങളില്‍ പവിഴപ്പുറ്റുകള്‍ പടുത്തുയര്‍ത്തിയ ദ്വീപുകളാണ്‌. പടിഞ്ഞാറുള്ളവ വിവര്‍ത്തനിക പ്രക്രിയകളുടെ ഫലമായി ജന്മമെടുത്തവയും. വലിയ ഒരു ദ്വീപും അതിനെ ചൂഴ്‌ന്ന്‌ ധാരാളമായുള്ള ചെറു തുരുത്തുകളും ചേര്‍ന്നു സൃഷ്ടിച്ചിട്ടുള്ള ദ്വീപസമൂഹങ്ങള്‍ മിക്കവാറും എല്ലാം വലിയ ദ്വീപിന്റെ പേരിനാല്‍ അറിയപ്പെടുന്നു. ഏറ്റവും വലിയ ദ്വീപായ ബാബല്‍തൂപ്‌ (Babelthup) പലാവൂസമൂഹത്തിലാണ്‌; ഈ ദ്വീപിന്റെ വിസ്‌തൃതി 397 ച.കി.മീറ്ററും. മറ്റു വലിയ ദ്വീപുകള്‍ പോനേപ്‌ (334 ച.കി.മീ.), കുസായ്‌ (110 ച.കി.മീ.), റ്റ്രക്‌ (100 ച.കി.മീ.), യാപ്‌ (100 ച.കി.മീ.) എന്നിവയാണ്‌. ദ്വീപുകളില്‍ ഏറ്റവും ഉയരക്കൂടുതലുള്ളത്‌ പോനേപ്പിനാണ്‌ (791 മീ.). റ്റ്രക്‌ ദ്വീപിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്തിന്‌ സമുദ്രനിരപ്പില്‍ നിന്ന്‌ 370 മീ.ഉം ബാബല്‍തൂപ്പിലേതിന്‌ 239 മീ.ഉം ഉയരമുണ്ട്‌. കരൊലിന്‍ ദ്വീപുകള്‍ക്ക്‌ 604 കി.മീ. ദൂരത്തില്‍ കടലോരമുണ്ട്‌.

പലാവു, യാപ്‌ എന്നീ ദ്വീപസമൂഹങ്ങള്‍ മരീയന, ബോനിന്‍ എന്നീ സമൂഹങ്ങളെക്കൂടിയുള്‍ക്കൊള്ളുന്ന ഒരു സമുദ്രാന്തരിത മലനിരയിലെ ഘടക ശൃംഗങ്ങളാണ്‌; മറ്റുള്ള കരൊലിന്‍ ദ്വീപുകള്‍ മാര്‍ഷല്‍, ഗില്‍ബര്‍ട്ട്‌ എന്നീ ദ്വീപസഞ്ചയങ്ങളെ കൂടിയുള്‍ക്കൊള്ളുന്ന മറ്റൊരു സമുദ്രാന്തരിതമലനിരയിലേതും. ഉഷ്‌ണമേഖലാ കാലാവസ്ഥയ്‌ക്കധീനമായ ദ്വീപുകളില്‍ ധാരാളമായുള്ള മഴയും (പ്രതിവര്‍ഷം 3,000-4,500 മി.മീ.) താരതമ്യേന കുറഞ്ഞ താപനിലയും (260-250C) കാരണം അവയെല്ലാം തന്നെ സസ്യനിബിഡമാണ്‌. പസിഫിക്‌ സമുദ്രത്തില്‍ ചുഴലിക്കൊടുങ്കാറ്റ്‌ രൂപംകൊള്ളുന്ന മേഖലകളിലൊന്നിലാണ്‌ കരൊലിന്‍ ദ്വീപുകള്‍ വ്യാപിച്ചിട്ടുള്ളത്‌.

കൊപ്രയാണ്‌ ഇവിടത്തെ മുഖ്യ കയറ്റുമതിച്ചരക്ക്‌. പലാവൂവില്‍നിന്ന്‌ ബോക്‌സൈറ്റ്‌, ഫോസ്‌ഫേറ്റ്‌ എന്നിവ ശേഖരിക്കപ്പെടുന്നു. സമ്പദ്‌ഘടന മുഖ്യമായും ആശ്രയിച്ചിരിക്കുന്നത്‌ വിനോദസഞ്ചാരത്തെയാണ്‌. മത്സ്യബന്ധനവും പുരോഗമിച്ചു വരുന്നു. മൈക്രാനേഷ്യരായ തദ്ദേശീയര്‍ നരവംശപരമായും ഭാഷാപരമായും പലവിഭാഗങ്ങളായി പിരിഞ്ഞിരിക്കുന്നു. പല നിലകളിലും വൈവിധ്യപൂര്‍ണമായ ദ്വീപുകളില്‍ ആധുനിക സംസ്‌കാരം വികാസം പ്രാപിച്ചുവരുന്നു. മുഖ്യ തുറമുഖങ്ങള്‍ മലാക്കാല്‍ (പലാവൂ), തോമിന്‍ (യാപ്‌), യൂലിതി ലഗൂണ്‍, റ്റ്രക്‌ലഗൂണ്‍, പോനേപ്‌ തുറമുഖം എന്നിവയാണ്‌.

ചരിത്രം. ക്രിസ്‌ത്വബ്‌ദത്തിന്റെ ആരംഭം മുതല്‌ക്കേ അധിവാസ വിധേയമായിരുന്ന ദ്വീപുകള്‍ക്ക്‌ 7-ാം ശ. മുതല്‍ ചൈനയുമായി വ്യാപാരബന്ധമുണ്ടായിരുന്നു. 16-ാം ശ.ത്തില്‍ സ്‌പെയിന്‍, പോര്‍ത്തുഗല്‍ എന്നിവിടങ്ങളില്‍ നിന്ന്‌ ധാരാളമായി നാവിക പര്യവേക്ഷകര്‍ ഇവിടെ എത്തുകയുണ്ടായി. 1686ല്‍ സ്‌പാനിഷ്‌ അഡ്‌മിറല്‍ ഫ്രാന്‍സിസ്‌കോ ലെസ്‌കാനോ ആണ്‌ യാപ്‌ എന്നറിയപ്പെടുന്ന ദ്വീപിന്‌ തങ്ങളുടെ രാജാവായിരുന്ന ചാള്‍സ്‌ IIനെ ആദരിച്ച്‌ കരൊലീന എന്ന പേര്‌ നല്‌കിയത്‌ (കരൊലിന്‍ എന്നാല്‍ ചാള്‍സ്‌ I, ചാള്‍സ്‌ II രാജാക്കന്മാരെ സംബന്ധിക്കുന്നത്‌ എന്നാണര്‍ഥം); തുടര്‍ന്ന്‌ ഈ ഭാഗത്തുള്ള ദ്വീപസഞ്ചയങ്ങളെല്ലാം ഈ പേരില്‍ വ്യവഹരിക്കപ്പെട്ടുപോന്നു.

19-ാം ശ.ത്തില്‍ സ്‌പാനിഷ്‌ കോളനിയായിത്തീര്‍ന്ന കരൊലിന്‍ ദ്വീപുകളെ 1898ലെ സ്‌പാനിഷ്‌അമേരിക്കന്‍ യുദ്ധത്തിനുശേഷം 1899ല്‍ ജര്‍മനിക്കു വില്‌ക്കുകയുണ്ടായി. ഒന്നാം ലോക യുദ്ധാരംഭത്തില്‍ത്തന്നെ (1914) ജപ്പാന്‍ ഇവ കൈവശപ്പെടുത്തി. യുദ്ധാനന്തരം 1919ല്‍, ലീഗ്‌ ഒഫ്‌ നേഷന്‍സിന്റെ മാന്‍ഡേറ്റായി ഇവ ജപ്പാനു നല്‌കപ്പെട്ടു. രണ്ടാം ലോകയുദ്ധ കാലത്ത്‌ യു.എസ്‌. ചില കരൊലിന്‍ ദ്വീപുകള്‍ അധീനപ്പെടുത്തി; 1947ല്‍ ഐക്യരാഷ്‌ട്ര സംഘടന കരൊലിന്‍ ദ്വീപുകളെ മൊത്തത്തില്‍ തന്ത്രപ്രാധാന്യമുള്ള ട്രസ്റ്റ്‌ പ്രവിശ്യകളില്‍ ഉള്‍പ്പെടുത്തി. ഭരണസാരഥ്യം യു.എസ്സില്‍ നിക്ഷിപ്‌തമാവുകയും ചെയ്‌തു. പലവു, പോനേപ്‌,റ്റ്രക്‌, യാപ്‌ എന്നിങ്ങനെ നാലു ജില്ലകളായി വിഭജിക്കപ്പെട്ടിരിക്കുന്ന കരൊലിന്‍ ദ്വീപുകളില്‍, മരീയാനയിലെ സായ്‌പന്‍ ദ്വീപ്‌ ആസ്ഥാനമാക്കി ഒരു യു.എസ്‌. ഹൈക്കമ്മിഷണറാണ്‌ ഭരണം നടത്തുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍