This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരേലിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരേലിയ

Karelia

റഷ്യന്‍ ഫെഡറേഷന്റെ ഭാഗമായ ഒരു റിപ്പബ്ലിക്‌. മുന്‍പ്‌ സോവിയറ്റ്‌ യൂണിയനില്‍ റഷ്യന്‍ എസ്‌.എഫ്‌.എസ്‌.ആറിന്റെ ഭാഗമായ ഒരു സ്വയംഭരണ സോവിയറ്റ്‌ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കായിരുന്നു കരേലിയ. കരേലിയ യൂറോപ്യന്‍ റഷ്യയില്‍ പടിഞ്ഞാറുള്ള ഫിന്‍ലന്‍ഡിനോടു ചേര്‍ന്നാണ്‌ സ്ഥിതിചെയ്യുന്നത്‌. മറ്റു മൂന്നു ഭാഗങ്ങളിലും ജലാവൃതമായിട്ടുള്ള ഈ റിപ്പബ്ലിക്കിന്‌ 1,72,400 ച.കി.മീ. വിസ്‌തീര്‍ണമുണ്ട്‌. കരേലിയയുടെ തെക്കതിരു കൂടിയായ ലാഡൊഗാ (Ladoga)യൂറോപ്പിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ്‌; ഈ റിപ്പബ്ലിക്‌ കിഴക്കും വടക്കും വെള്ളക്കടലി(White Sea)നാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ലാഡൊഗ തടാകത്തിനും ഫിന്‍ലന്‍ഡ്‌ ഉള്‍ക്കടലിനുമ ഇടയ്‌ക്കുള്ള കരേലിയാ കടലിടുക്ക്‌ (Karelian isthmus)റഷ്യയെയും ഫിന്‍ലന്‍ഡിനെയും യോജിപ്പിക്കുന്നു. ലെനിന്‍ഗ്രാഡിന്‌ 300 കി.മീ. വ.കിഴക്കായുള്ള പെട്രാ സാവോഡ്‌സ്‌ക്‌ (Petroza-vodsk) ആണ്‌ തലസ്ഥാനം. ജനസംഖ്യ: 800,000 (1997).

പാറക്കെട്ടുകളും പൈന്‍ വനങ്ങളും അമ്പതിനായിരത്തോളം വരുന്ന തടാകങ്ങളും കൂടിച്ചേര്‍ന്ന്‌ റിപ്പബ്ലിക്കിന്റെ ഭൂപ്രദേശം ഒട്ടുമുക്കാലും അപഹരിച്ചിരിക്കുന്നു. ഭൂവിജ്ഞാനപരമായി ഈ മേഖല ബാള്‍ട്ടിക്‌ഷീല്‍ഡിന്റെ പൂര്‍വഭാഗത്തുള്ള ഒരു ഹിമാനീകൃത പീഠഭൂമിയാണ്‌. തീവ്രമായ ഹിമാതിക്രമണം രൂപപ്പെടുത്തിയ ഭൂതലം എസ്‌കര്‍ (eskar), കേമ്‌ (kame) തുടങ്ങിയ ഭൂരൂപങ്ങള്‍ നിറഞ്ഞു കാണപ്പെടുന്നു. സമതല പ്രായമായ പീഠഭൂമിയില്‍ ധാരാളമായി കുന്നുകൂടിയിട്ടുള്ള ഹിമോഢ നിക്ഷേപങ്ങള്‍ക്കിടയ്‌ക്ക്‌ ഹിമയുഗം അവശേഷിപ്പിച്ചിട്ടുള്ള തടാകങ്ങളുണ്ട്‌.

കരേലിയയിലെ റസ്‌കിയാലാ മാര്‍ബിള്‍ ക്വാറി

വെള്ളക്കടല്‍ത്തീരം തീവ്രമായ ഹിമാതിക്രമണം സൃഷ്ടിച്ച ഫിയോഡുകള്‍, ഉള്‍ക്കടലുകള്‍, മുനമ്പുകള്‍ എന്നിവയാല്‍ സങ്കീര്‍ണമാണ്‌. എണ്ണത്തില്‍ ധാരാളമായുള്ള നദികള്‍ നീളം കുറഞ്ഞവയാണെങ്കിലും ജലസംപുഷ്‌ടമാണ്‌; ചതുപ്പുകളും പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ തെയ്‌ഗവനങ്ങള്‍ ഭൂവിസ്‌തൃതിയുടെ 85 ശ.മാ.ത്തോളം വ്യാപിച്ചിരിക്കുന്നു. പൈന്‍, സ്‌പ്രൂസ്‌, റബ്ബര്‍, ബെര്‍ച്ച്‌ തുടങ്ങിയ വൃക്ഷങ്ങള്‍കൊണ്ട്‌ നിബിഡമായ കാനനങ്ങളില്‍ ധാരാളം ടൂറിസ്റ്റ്‌ കേന്ദ്രങ്ങളുണ്ട്‌.

സമുദ്രസാമീപ്യം മൂലം കാലാവസ്ഥ സമീകൃതമാക്കപ്പെടുന്നതിനാല്‍ താപനിലയില്‍ നാമമാത്രമായ തോതിലേ ഏറ്റക്കുറച്ചിലുണ്ടാകുന്നുള്ളൂ. വാര്‍ഷികവര്‍ഷപാതം 4060 സെ.മീ.; ഇതില്‍ ഏറിയകൂറും ഹിമപാതരൂപത്തിലുള്ളതാണ്‌. കരടി, മുയല്‍, ബീവര്‍, എല്‍ക്‌, കരിബു (caribou) തുടങ്ങിയ ജന്തുക്കളുടെ വിഹാരരംഗമാണ്‌ വനങ്ങള്‍. ശുദ്ധജലാശയങ്ങളിലും കടലിലും നിന്ന്‌ വ്യാവസായിക പ്രാധാന്യമുള്ള പലയിനം മത്സ്യങ്ങളും ബന്ധിക്കപ്പെടുന്നു.

തദ്ദേശീയമായ ജനവര്‍ഗമാണ്‌ കരേലിയര്‍. കരേലിയ ഭാഷ സംസാരിക്കുന്ന ഇവര്‍ ഇന്ന്‌ റിപ്പബ്ലിക്കിലെ മൊത്തം ജനസംഖ്യയുടെ 12 ശ.മാ. മാത്രമേ ഉള്ളു; കരേലിയ റിപ്പബ്ലിക്കിലെ ജനങ്ങളില്‍ ഏറിയപങ്കും (70 ശ.മാ.) റഷ്യാക്കാരാണ്‌.

കൃഷിയും ഗവ്യ വ്യവസായവും ഇവിടെ അഭിവൃദ്ധിപ്പെട്ടുവരുന്നു. പ്രകൃതിസമ്പത്ത്‌ ധാരാളമായുള്ള റിപ്പബ്ലിക്‌ വ്യാവസായികമായി ഏറെ പുരോഗമിച്ചിട്ടുണ്ട്‌. നിര്‍മാണ സാമഗ്രികള്‍, കടലാസ്‌, കപ്പല്‍ എന്നിവ ഇവിടെ നിര്‍മിക്കപ്പെടുന്നു. റോഡുകളും റെയില്‍പ്പാതകളും ജലവീഥികളും മാര്‍ഗമായി റിപ്പബ്ലിക്കിനുള്ളിലും സമീപത്തും ഉള്ള പട്ടണങ്ങള്‍ തമ്മില്‍ സുഗമമായ ഗതാഗതബന്ധം സ്ഥാപിച്ചിരിക്കുന്നു. തലസ്ഥാനത്ത്‌ ഒരു പ്രാദേശിക വിമാനത്താവളവുമുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B0%E0%B5%87%E0%B4%B2%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍