This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരേര, ജോസ്‌മിഗ്വല്‍ (1785 - 1821)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരേര, ജോസ്‌മിഗ്വല്‍ (1785 - 1821)

Carrera, Jose Miguelle

ജോസ്‌മിഗ്വല്‍ കരേര

ചിലിയന്‍ വിപ്ലവകാരി. സാന്‍ ഡീയാഗേയിലെ ഉന്നതകുടുംബത്തില്‍ 1785 ഒ. 15നു കരേര ജനിച്ചു. വിദ്യാഭ്യാസാര്‍ഥം സ്‌പെയിനിലെത്തിയ ഇദ്ദേഹം അത്‌ പൂര്‍ത്തീകരിക്കാതെ സൈന്യത്തില്‍ ചേര്‍ന്നു. ഒരു ദേശീയ സമരം സ്വരാജ്യത്ത്‌ ഉടലെടുക്കുന്നുവെന്നു മനസ്സിലാക്കിയ ഇദ്ദേഹം ചിലിയില്‍ തിരിച്ചെത്തി, ദേശസ്‌നേഹികളുടെ കൂട്ടത്തില്‍ ചേര്‍ന്നു. അല്‌പകാലത്തിനുള്ളില്‍ ഇദ്ദേഹം അവരുടെ നേതാവായി. ചിലിയിലെ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ യാഥാസ്ഥിതികത്വത്തില്‍ അക്ഷമനായ ഇദ്ദേഹം തന്റെ സഹോദരന്മാരായ ലൂയി, ജൂവാന്‍ ജോസ്‌ എന്നിവരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ 1811 സെപ്‌. 4ന്‌ ഒരു കലാപം നടത്തി വിജയിച്ചു. കോണ്‍ഗ്രസ്‌ ഇദ്ദേഹത്തിനു വഴങ്ങി. കരേര പുതിയ നയപരിപാടികള്‍ സ്വീകരിച്ചു. അടിമത്തം നിര്‍ത്തലാക്കിയത്‌ ഇതില്‍പ്പെട്ട ഒന്നായിരുന്നു. കരേര 1812ല്‍ ഒരു റിപ്പബ്ലിക്കന്‍ ഭരണം പ്രഖ്യാപിച്ചു എങ്കിലും സ്‌പാനിഷ്‌ രാജാവിനോട്‌ നാമമാത്രമായി ചിലി വിധേയത്വം പുലര്‍ത്തിയിരുന്നു. ആദ്യത്തെ ദേശീയ ദിനപത്രം ഇക്കാലത്ത്‌ പ്രസിദ്ധീകരിക്കപ്പെട്ടു. ദേശീയപതാകയുടെ രൂപരേഖ തയ്യാറാക്കി. വിദ്യാഭ്യാസം പ്രാത്സാഹിപ്പിച്ചു. ഈ പദ്ധതികളെല്ലാം 1813 മാ.ല്‍ സ്‌പാനിഷ്‌ സൈന്യം ആക്രമണം ആരംഭിച്ചതോടെ നിലച്ചു. പിന്നീട്‌ ചിലിയുടെ സര്‍വസൈന്യാധിപനായി കരേര നിയമിതനായി. കൂടെക്കൂടെയുള്ള പരാജയങ്ങള്‍മൂലം കരേരയുടെ പൊതുജനസമ്മതി കുറഞ്ഞു. തുടര്‍ന്ന്‌ ബര്‍ണാര്‍ഡൊ ഒ' ഹിഗിന്‍സ്‌ ആ സ്ഥാനം ഏറ്റെടുത്തു. കരേരയെ സ്‌പെയിന്‍കാര്‍ തടവുകാരനായി പിടിച്ചു. 1814 മേയില്‍ താത്‌കാലിക സന്ധിയനുസരിച്ച്‌ കരേര മോചിതനായി. അധികം താമസിയാതെ ജനസ്വാധീനം വീണ്ടെടുക്കാന്‍ കഴിഞ്ഞ കരേര ഭരണം പിടിച്ചെടുത്തു. സ്‌പാനിഷ്‌സൈന്യം 1814 സെപ്‌. 30നു ചിലിയിലെത്തിയതിനെത്തുടര്‍ന്ന്‌ കരേരയും അനുയായി കളും അര്‍ജന്റീനയിലെ മെന്‍ഡോസയില്‍ അഭയം പ്രാപിച്ചു.

ചിലിയന്‍ സ്ഥാനഭ്രഷ്ടരുടെ നേതൃസ്ഥാനം അവകാശപ്പെട്ട കരേരയെ അവിടത്തെ പ്രാവിന്‍ഷ്യല്‍ ഗവര്‍ണറായ ജോസ്‌ ദെ സാന്‍മാര്‍ട്ടിന്‍ അംഗീകരിച്ചു. പിന്നീട്‌ അവിടെനിന്ന്‌ പുറത്താക്കപ്പെട്ട കരേര ബ്യൂനസ്‌ അയര്‍സിലെത്തി അനുയായികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കരേരയുടെ സഹോദരന്മാര്‍ ഇതിനിടയ്‌ക്ക്‌ വിപ്ലവം നയിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്‌. മാത്രമല്ല അവരും 1818 ഏ.ല്‍ വധിക്കപ്പെട്ടു. മെന്‍ഡോസയിലെ ഗവര്‍ണര്‍ കരേരയെ ബന്ധനസ്ഥനാക്കുകയും 1821 സെപ്‌. 4നു വധിക്കുകയും ചെയ്‌തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍