This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരൂപ്പടന്ന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരൂപ്പടന്ന

തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍പ്പെട്ട ഒരു സ്ഥലം. കൊടുങ്ങല്ലൂരിന്‌ 9 കി.മീ. വടക്കുകിഴക്കാണ്‌ ഇതിന്റെ സ്ഥാനം. ഇതേപേരില്‍ ഒരു പുഴയും ഇവിടെയുണ്ട്‌. കിഴക്ക്‌ കാരുമാത്രയും പടിഞ്ഞാറ്‌ കൊടുങ്ങല്ലൂര്‍ക്കായലും തെക്ക്‌ പുല്ലൂറ്റും വടക്ക്‌ കോണത്തുകുന്നുമാണ്‌ അതിര്‍ത്തികള്‍.

ഒന്നാം ചേരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന വഞ്ചി ഇതാണെന്നു കരുതപ്പെടുന്നു. ചേരരാജാക്കന്മാരുടെ കുലപുരിയായിരുന്നു വഞ്ചി. സംഘകാലത്തെ പല പാട്ടുകളിലും വഞ്ചിയെ സ്‌തുതിച്ചിട്ടുണ്ട്‌. വിണ്ണോളമുയര്‍ത്തുന്ന കീര്‍ത്തിപ്പൊലിമയോടുകൂടിയ വഞ്ചിയെ ഇളവെയിനി വാഴ്‌ത്തിപ്പാടുന്നു. പ്രധാന പട്ടണം എന്ന അര്‍ഥത്തില്‍ വഞ്ചിമൂതൂര്‍ എന്നാണ്‌ ഈ പട്ടണത്തെപ്പറ്റി ചരിത്രരേഖകളില്‍ പരാമര്‍ശിച്ചിട്ടുള്ളത്‌. മൂതൂര്‍ എന്നുമാത്രം ഉപയോഗിച്ചിട്ടുള്ള സന്ദര്‍ഭങ്ങളുമുണ്ട്‌ ("മുഴവിമിഴ്‌മൂതൂര്‍' എന്ന പതിറ്റുപ്പത്തിലെ പരാമര്‍ശം ഇതിന്‌ ഉദാഹരണമാണ്‌). ഈ വഞ്ചി അഥവാ വഞ്ചിമൂതൂര്‍ എന്നിടെയാണെന്നത്‌ കേരളചരിത്രത്തിലെ ഒരു വിവാദവിഷയമാണ്‌. ഇത്‌ കരൂര്‍ (കരുവൂര്‍) ആണ്‌ എന്ന്‌ ഒരുകൂട്ടര്‍ പറയുമ്പോള്‍ തിരുവഞ്ചിക്കുളം ആണ്‌ എന്ന്‌ മറ്റൊരു കൂട്ടര്‍ അഭിപ്രായപ്പെടുന്നു. തൃക്കാരിയൂര്‍ എന്ന്‌ ഇനിയൊരു കൂട്ടരും, കരൂ(ര്‍)പ്പടന്നയെന്ന്‌ നാലാമതൊരു കൂട്ടരും.

ചേരരാജ്യതലസ്ഥാനത്തെ കുറിക്കാന്‍ വഞ്ചി, കരൂര്‍ (കരുവൂര്‍) എന്നീ പേരുകള്‍ സംഘം കൃതികളില്‍ പര്യായപദങ്ങളായി പ്രയോഗിച്ചുകാണുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും കരൂര്‍ എന്നു പേരുള്ള സ്ഥലങ്ങളിലേതെങ്കിലുമൊന്നില്‍ ചേരരാജധാനിയെ പ്രതിഷ്‌ഠിക്കാന്‍ സ്ഥലനാമങ്ങളില്‍ക്കാണുന്ന സാദൃശ്യം പണ്ഡിതന്മാരെ പ്രരിപ്പിച്ചിട്ടുണ്ട്‌. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയില്‍ അമരാവതീതീരത്തുള്ള കരുവൂരാണ്‌ വഞ്ചിയെന്ന്‌ വി.ആര്‍. രാമചന്ദ്രദീക്ഷിതര്‍, കെ.എ. നീലകണ്‌ഠശാസ്‌ത്രി തുടങ്ങിയവര്‍ സിദ്ധാന്തിക്കുന്നു. കരുവൂരിന്‌ വഞ്ചി എന്നുപേരുണ്ടായിരുന്നുവെന്ന്‌ എം.രാഘവയ്യങ്കാര്‍ സംശയാതീതമായി തെളിയ-ിച്ചിട്ടുണ്ട്‌. ദിവാകരത്തിലും പിംഗളത്തിലും വഞ്ചി എന്നതിന്‌ കരുവൂര്‍ എന്നുതന്നെയാണ്‌ അര്‍ഥം പറയുന്നത്‌. കാവേരിയുടെ പോഷകനദിയായ, പൊന്നി എന്നുകൂടി പേരുള്ള അമരാവതിയുടെ വടക്കേക്കരയിലാണ്‌ കരുവൂര്‍ സ്ഥിതി ചെയ്‌തിരുന്നത്‌. പത്താം ശതകത്തിലെ ചിന്നമാന്നൂര്‍ ശാസനത്തില്‍ പൊന്നി നദിയുടെ തീരത്തുള്ള വഞ്ചിയെക്കുറിച്ച്‌ സൂചിപ്പിക്കുന്നുണ്ട്‌. എന്നാല്‍ ചോളരാജ്യത്തിന്റെ തലസ്ഥാനമെന്ന നിലയിലും ഈ കരുവൂരിനെപ്പറ്റി പല സ്ഥലങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നു. ചേര, ചോള രാജധാനികള്‍ ഒരേ കാലഘട്ടത്തില്‍ എങ്ങനെ ഒരു പട്ടണത്തിലായിത്തീരും എന്ന പ്രശ്‌നം അവശേഷിക്കുന്നു.

കരുവൂര്‍ എന്ന പദത്തിന്‌ സുശക്തമായ നഗരം എന്നാണര്‍ഥമെന്നും അതൊരു സ്ഥലനാമമേ അല്ലെന്നും സംഘകാലചേരരാജചരിത്രകാരനായ കെ.ജി. ശേഷയ്യര്‍ പറയുന്നു. കൊടുങ്ങല്ലൂരും കരുവൂരും ഒന്നുതന്നെയായിരിക്കാമെന്നും, കരുവൂര്‍ കൊടുങ്ങല്ലൂരിനടുത്ത തിരുവഞ്ചിക്കുളം ആകാനാണ്‌ സാധ്യതയെന്നും അദ്ദേഹം പ്രസ്‌താവിക്കുന്നു. ഡോ.എസ്‌. കൃഷ്‌ണസ്വാമി അയ്യങ്കാര്‍ക്കും ഏതാണ്ട്‌ ഇതേ അഭിപ്രായമാണുള്ളത്‌. വഞ്ചി കോതമംഗലത്തിനടുത്തുള്ള തൃക്കാരിയൂരാണെന്ന വി. കനകസഭയുടെ അഭിപ്രായം ഗണ്യമേ അല്ല. കരൂര്‍പ്പടന്നയാണ്‌ വഞ്ചിമൂതൂരെന്ന്‌ ഇളംകുളം കുഞ്ഞന്‍പിള്ള അഭിപ്രായപ്പെടുന്നു. രാജാക്കന്മാര്‍ ശത്രുക്കളുടെ ആക്രമണം ഉണ്ടാകാവുന്ന സ്ഥലങ്ങളില്‍ ത-ാമസിക്കുക പതിവായിരുന്നു. വേണാട്ടരചന്മാര്‍ തങ്ങള്‍ പുതുതായി കൈവശപ്പെടുത്തിയ തിരുനെല്‍വേലിയുടെ സംരക്ഷണത്തിനായി കളക്കാട്ടായിരുന്നു അധികകാലവും പാര്‍ത്തിരുന്നത്‌. എങ്കിലും വേണാടിന്റെ രാജധാനി കൊല്ലം തന്നെയായിരുന്നു. അതുപോലെ ചേരന്മാര്‍ക്ക്‌ മറ്റു പട്ടണങ്ങളിലും കോവിലകങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും വഞ്ചി ആയിരുന്നു അവയുടെ കുലപുരി. കൊങ്ങുനാട്‌ പിടിച്ചടക്കി ചേരരാജാക്കന്‌മാര്‍ അമരാവതീതീരത്തു താമസമാക്കിയതില്‍ പിന്നീടാണ്‌ കൊങ്ങുനാട്ടിലെ കരൂരിന്‌ വഞ്ചി എന്നു പേരുണ്ടായത്‌. രണ്ടാം നൂറ്റാണ്ടിന്റെ മധ്യഘട്ടത്തില്‍ കേരളത്തെപ്പറ്റി വിവരണമെഴുതിയ ടോളമി, കേരബ്രാതന്റെ (കേരള പുത്രന്റെ) തലസ്ഥാനം കരൗര-(Karoura) ആണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്‌. പ്ലിനിയുടെ ഭൂമിശാസ്‌ത്രഗ്രന്ഥത്തിലും പെരിപ്ലസ്‌ എന്ന കൃതിയിലും ഈ സ്ഥലത്തെപ്പറ്റി സൂചിപ്പിച്ചിരിക്കുന്നു. ടോളമിയുടെ പ്രസ്‌താവം കരൂര്‍പ്പടന്നയെപ്പറ്റിയാണെന്നൂഹിക്കാന്‍ ഇവരുടെ സൂചനകളും സഹായിക്കും. കരൗരയുടെ സ്ഥാനം കുറേ ഉള്ളിലാണെന്ന ടോളമിയുടെ പ്രസ്‌താവം വഞ്ചി കരൂര്‍പ്പടന്നയായിരുന്നുവെന്ന അഭിപ്രായത്തിന്‌ കൂടുതല്‍ ബലം നല്‌കുന്നു. കരൂരിനടുത്തുനിന്നു കണ്ടുകിട്ടിയ പുഗലൂര്‍ ലിഖിതവും ഈ വാദത്തിനുപോദ്‌ബലകമാണ്‌.

കരൂര്‍ പട്ടണത്തിലെ വിസ്‌തൃതമായ നെയ്‌തല്‍ പ്രദേശം എന്നാണ്‌ കരൂ(ര്‍)പ്പടന്നയുടെ നിരുക്തി. "ചേരര്‍കോനഗരാകിയ കരൂവൂരിണര്‍ ഇവര്‍' എന്ന്‌ അകനാനൂറ്‌ വ്യാഖ്യാതാവ്‌ പരിചയപ്പെടുത്തുന്ന പൂതന്‍ ചാത്തന്‍ കരൂപ്പടന്നക്കാരനാകാന്‍ ഇടയുണ്ട്‌. കരൂപ്പടന്നയില്‍ നിന്ന്‌ അല്‌പം തെക്കുപടിഞ്ഞാറ്‌ സമുദ്രതീരത്തായിരുന്നു കുണവായില്‍ കോട്ടം എന്ന തൃക്കണാമതിലകം.

ഈ ചരിത്രസംസ്‌കാരത്തിന്റെ അവശിഷ്ടങ്ങളൊന്നും ഇന്നത്തെ കരൂപ്പടന്നയിലില്ല. മുസ്‌ലിങ്ങളും ഈഴവരും ഇന്ന്‌ ഇവിടെ ഇടതിങ്ങിപ്പാര്‍ക്കുന്നു. തൊണ്ടഴുക്കലും കയര്‍ വ്യവസായവുമാണ്‌ പ്രധാന തൊഴില്‍. കൊടുങ്ങല്ലൂരിന്റെ വികസനമാവണം കരൂപ്പടന്നയുടെ വളര്‍ച്ച മുരടിപ്പിക്കാനിടയാക്കിയത്‌. നോ: വഞ്ചി

(വിളക്കുടി രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍