This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരുവേലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരുവേലം

Babul

കരുവേലം

മൈമോസേസീ സസ്യകുടുംബത്തില്‍പ്പെട്ട ഒരു വൃക്ഷം. ശാ.നാ.: അക്കേഷ്യാ നിലോട്ടിക്ക (Acacia nilotica). ഇന്ത്യയില്‍ ചൂടുകൂടിയ വരണ്ടപ്രദേശങ്ങളിലും മണലാരണ്യത്തോടടുത്ത നദീതീരപ്രദേശങ്ങളിലും കരുവേലം ധാരാളമായി വളരുന്നു. പശ്ചിമതീരമൊഴികെയുള്ള പ്രദേശങ്ങള്‍ ഇതിന്റെ വളര്‍ച്ചയ്‌ക്ക്‌ അനുയോജ്യമാണ്‌. വളരെ താഴ്‌ചയിലേക്കു വളര്‍ന്നിറങ്ങുന്ന വേരുകള്‍, കട്ടിയുള്ള മുള്ളുകള്‍, കട്ടിയുള്ള ഇലകള്‍ എന്നിവ വരള്‍ച്ചയെ ചെറുത്തുനില്‌ക്കാന്‍ സഹായിക്കുന്നു. അതിവര്‍ഷമോ മണ്ണ്‌ ഉണങ്ങിവരണ്ടുപോകുന്ന വേനലോ കരുവേലത്തിന്റെ സമൃദ്ധമായ വളര്‍ച്ചയ്‌ക്ക്‌ തടസ്സമാകുകയില്ല.

15 മീറ്ററോളം ഉയരത്തില്‍ വളരുന്ന ഇതിന്റെ വൃക്ഷത്തലപ്പ്‌ ധാരാളം ശാഖകളോടുകൂടി പടര്‍ന്നു പന്തലിച്ചു നില്‌ക്കുന്നു. ഇല ദ്വിപിച്ഛക (bipinnate)രൂപത്തിലുള്ളതാണ്‌. 1520 ജോടി പത്രകങ്ങള്‍ പുളിയിലപോലെ ക്രമീകരിച്ചിരിക്കും. അധികം ചൂടുള്ള ദിവസങ്ങളില്‍ ഇലകള്‍ മയങ്ങി കൂമ്പിനില്‌ക്കുന്നത്‌ ചൂടില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കുന്നു. ഇലയുടെ റാക്കിസി(rachis)ന്റെ ചുവട്ടിലുള്ള രണ്ടു അനുപര്‍ണങ്ങള്‍ (stipules) നല്ല കട്ടിയും 5 സെ.മീ.ഓളം നീളവുമുള്ള മുള്ളുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇല ഭക്ഷിക്കുന്ന ജന്തുക്കളില്‍ നിന്നും രക്ഷ നേടാനുള്ള ഒരു ഉപാധിയായി ഇതിനെ കണക്കാക്കാം. ഫെ. മുതല്‍ ഏ. വരെ തളിരണിഞ്ഞു നില്‌ക്കുന്ന വൃക്ഷത്തില്‍ ജൂണ്‍ മുതല്‍ സെപ്‌. വരെയാണ്‌ പൂക്കളുണ്ടാവുന്നത്‌. മഞ്ഞ നിറത്തിലുള്ള ചെറിയ പൂക്കള്‍ ഒന്നുചേര്‍ന്ന്‌ ഉരുണ്ട മുണ്ഡമഞ്‌ജരികളില്‍ കാണപ്പെടുന്നു. തണുപ്പു കാലത്ത്‌ കായ്‌കള്‍ ഉണ്ടാകുന്നു. കായ്‌കള്‍ക്ക്‌ 1215 സെ.മീ. നീളമുണ്ടായിരിക്കും.

കരുവേലത്തിന്റെ കാതലിന്‌ ഇളം ചുവപ്പു നിറമാണ്‌. എണ്ണച്ചക്കുകള്‍, കാര്‍ഷികോപകരണങ്ങള്‍, വള്ളം തുടങ്ങിയവ നിര്‍മിക്കാന്‍ കരുവേലത്തിന്റെ ഈടുള്ള തടി ഉപയോഗിക്കുന്നു. പട്ടയും കായും തുകല്‍ വ്യവസായത്തില്‍ ഉപയോഗപ്പെടുത്താറുണ്ട്‌. പട്ടയിലുള്ള നാര്‌ പരുക്കന്‍ കയറുകള്‍ ഉണ്ടാക്കാന്‍ ഉത്തമമാണ്‌. തടിയില്‍ മുറിവുണ്ടാക്കിയാല്‍ കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഊറി വരുന്ന പശ ഭക്ഷ്യയോഗ്യമാണ്‌. ഇത്‌ മധുരപലഹാരനിര്‍മാണം, അച്ചടി, തുണിത്തരങ്ങള്‍ക്കു ചായമിടല്‍, പെയിന്റ്‌ നിര്‍മാണം, ഔഷധ വ്യവസായം എന്നിവയിലെല്ലാം ഉപയോഗപ്രദവുമാണ്‌. കായ്‌കള്‍ നല്ല കാലിത്തീറ്റയാണ്‌.

ഇല, കായ്‌, പട്ട, പശ എന്നിവയ്‌ക്ക്‌ ഔഷധഗുണമുണ്ട്‌. പട്ടയില്‍ ടാനിന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പട്ടയും പശയും രൂക്ഷവും ശമനം, വാജീകരണം, പോഷണം എന്നിവ ഉണ്ടാക്കുന്നതും കഫഹരവുമാണ്‌. കുരുന്നിലയും പശയും അതിസാരം, വയറുകടി എന്നിവയ്‌ക്ക്‌ ഔഷധമായി ഉപയോഗിക്കുന്നു. കുരുന്നില അരച്ചു കലക്കിയ വെള്ളം വായ്‌കൊള്ളുന്നത്‌ തൊണ്ടവേദനയ്‌ക്ക്‌ ഫലപ്രദമാണ്‌. ഈ വെള്ളം ഉപയോഗിച്ച്‌ മുറിവുകളും വ്രണങ്ങളും കഴുകുന്നത്‌ രക്തസ്രാവം തടയാന്‍ സഹായിക്കുന്നു. പട്ടകൊണ്ടുള്ള കഷായം ഗുഹ്യരോഗങ്ങള്‍, വിട്ടുമാറാത്ത വയറുകടി, പ്രമേഹം എന്നിവയ്‌ക്ക്‌ ഫലപ്രദമാണ്‌. കരുവേലപ്പട്ടയും മാവിന്‍പട്ടയും ചേര്‍ത്ത്‌ തിളപ്പിച്ച വെള്ളംകൊണ്ട്‌ വായ്‌ കഴുകുന്നത്‌ മോണരോഗങ്ങള്‍, ദന്തക്ഷയം ഇവയുടെ നിവാരണത്തിന്‌ ഉത്തമമാണ്‌. പട്ടച്ചാറ്‌ മുലപ്പാല്‍ ചേര്‍ത്തു നേത്രരോഗങ്ങള്‍ക്ക്‌ കണ്ണിലൊഴിക്കാം. അതിസാരത്തോടൊപ്പമുള്ള പനിക്ക്‌ പശപൊടിച്ച്‌ ക്വിനൈനുമായിച്ചേര്‍ത്ത്‌ നല്‌കാം. മുട്ടയുടെ വെള്ളയോടൊപ്പം തീപ്പൊള്ളലിന്‌ പുരട്ടാം. ശ്വാസകോശരോഗങ്ങള്‍ക്കുള്ള മരുന്നുകളില്‍ മ്യൂസിലേജ്‌ രൂപത്തിലുള്ള പശ ധാരാളമായി ചേര്‍ക്കാറുണ്ട്‌. പശ വായിലിട്ട്‌ അലിയിപ്പിക്കുന്നത്‌ ചുമ ശമിപ്പിക്കാന്‍ സഹായിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B0%E0%B5%81%E0%B4%B5%E0%B5%87%E0%B4%B2%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍