This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരുവാരക്കുരു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരുവാരക്കുരു

White-necked Stork

കരുവാരക്കുരു

കഴുകനോളം വലുപ്പം വരുന്ന ഒരിനം കൊറ്റി. സിക്കോണിഡേ കുടുംബത്തില്‍പ്പെടുന്ന ഇതിന്‌ കരിങ്കൊക്ക്‌ എന്നും പേരുണ്ട്‌. ശാ.നാ.: സിക്കോണിയ എപ്പിസ്‌കോപസ്‌ എപ്പിസ്‌കോപസ്‌ (Ciconia episcopus episcopus). ദൂരക്കാഴ്‌ചയില്‍ കഴുകനാണെന്ന്‌ തെറ്റിദ്ധരിക്കപ്പെടാനിടയുള്ള ഈ പക്ഷിക്ക്‌ നിവര്‍ന്നുനിന്നാല്‍ 90 സെ.മീ. ഉയരമുണ്ടാകും. തിളങ്ങുന്ന കറുപ്പുനിറമുള്ള ദേഹവും വെളുത്ത കഴുത്തും തലയിലെ കറുത്ത "വട്ടത്തൊപ്പി'യും ('skull cap') ഇതിന്റെ പ്രത്യേകതകളാണ്‌. ഉദരത്തിന്റെ താഴേ അറ്റവും വാലിന്റെ അടിഭാഗവും വെളുപ്പായിരിക്കും. നീണ്ടു ചുവന്ന കാലുകള്‍ മിക്കവാറും നഗ്‌നമാണെന്നു പറയാം. കൊക്ക്‌ നീണ്ടുതടിച്ചു കൂര്‍ത്തതാണ്‌. ലിംഗവ്യത്യാസം പ്രകടമല്ല. വെള്ളമുള്ള വയലുകളുടെയും ചതുപ്പുകളുടെയും മറ്റും കരകളിലാണ്‌ ഇവയെ കൂടുതലായി കാണുക.

കേരളത്തില്‍ ഷൊര്‍ണൂര്‍, പാലക്കാട്‌, പറളി, മങ്കര, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ ധാരാളമായി കാണപ്പെടുന്ന കരുവാരക്കുരു ഒരു സ്ഥിരവാസിയാണ്‌. ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും മ്യാന്‍മര്‍, ശ്രീലങ്ക, മലേഷ്യ എന്നിവിടങ്ങളിലും സെലബീസിന്റെ കിഴക്കുഭാഗത്തും ഇതിനെ കണ്ടെത്താം. ആഫ്രിക്കയില്‍ ഇതിന്റെ ഒരു ഉപസ്‌പീഷീസ്‌ കഴിയുന്നുണ്ട്‌.

ഒറ്റയ്‌ക്കും ജോടികളായും ചെറുപറ്റങ്ങളായും നടക്കുന്ന ഈ പക്ഷികള്‍ നദികളിലെ മണല്‍ത്തിട്ടകളും വെള്ളമുള്ള പുഞ്ചപ്പാടങ്ങളും ഇഷ്ടപ്പെടുന്നു. പുതുതായി നിര്‍മിക്കപ്പെട്ട അണക്കെട്ടുകളിലെ റിസര്‍വോയറുകളുടെ പരിസരങ്ങളും ഇവയ്‌ക്കിഷ്ടപ്പെട്ട തീറ്റസ്ഥലങ്ങള്‍തന്നെ. തവള, മീന്‍, ചെറിയ ഇനം ഇഴജന്തുക്കള്‍, വെള്ളത്തിലെ വണ്ടുകള്‍, വലിയ ഷഡ്‌പദങ്ങള്‍ തുടങ്ങിയവയാണ്‌ കരുവാരക്കുരുവിന്റെ ഭക്ഷണം. കഴുകന്മാരെപ്പോലെ വളരെ ഉയരത്തില്‍ വട്ടംചുറ്റി ഒഴുകിപ്പറക്കുന്നത്‌ ഇവയുടെ പതിവാണ്‌. ഇലകളില്ലാത്ത വൃക്ഷങ്ങളിലിരുന്നാണ്‌ സാധാരണയായി ഇവ വിശ്രമിക്കുക.

ശബ്‌ദോത്‌പാദനാവയവങ്ങളില്ലാത്ത പക്ഷികളാണ്‌ കൊറ്റികളെല്ലാം തന്നെ. അതിനാല്‍ ഇവയെ "നിശ്ശബ്‌ദ പക്ഷികള്‍' എന്നു വിശേഷിപ്പിക്കാറുണ്ട്‌. എന്നാല്‍ താടിയെല്ലുകള്‍ കൂട്ടിമുട്ടിച്ച്‌ ഒരു പ്രത്യേക ശബ്‌ദം അപൂര്‍വാവസരങ്ങളില്‍ പുറപ്പെടുവിക്കാറുമുണ്ട്‌.

ഇണചേരലിന്റെ സമയം കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. മഴക്കാലത്താകണം കൂടു കെട്ടുന്നത്‌. മാവ്‌, ആല്‍, ഞാവല്‍ തുടങ്ങിയ വന്‍വൃക്ഷങ്ങളുടെ കൊമ്പുകളില്‍, തറയില്‍നിന്ന്‌ 18 മീറ്ററിലേറെ ഉയരത്തില്‍ നിര്‍മിക്കപ്പെടുന്ന വലിയ തട്ടുകളാണ്‌ ഇവയുടെ കൂടുകള്‍. ചുള്ളിക്കമ്പുകള്‍ അടുക്കിവച്ചാണ്‌ കൂടുണ്ടാക്കുന്നത്‌. ഒരു തവണ 34 മുട്ടകള്‍ ഇടുന്നു. മുട്ടയ്‌ക്ക്‌ വെള്ള നിറമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍