This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരുമാടിക്കുട്ടന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരുമാടിക്കുട്ടന്‍

കേരളത്തില്‍ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ ക്ഷേത്രത്തിന്‌ 1.5 കി.മീ.തെ.കിഴക്കായി സ്ഥാപിച്ചിരിക്കുന്ന ഒരു പുരുഷശിലാവിഗ്രഹം. 7, 8, 9 ശ.ങ്ങളിലെ പ്രതിമാനിര്‍മാണ ശൈലിയില്‍ കൊത്തിയുണ്ടാക്കിയിരിക്കുന്ന കരുമാടിക്കുട്ടന്‌ സമാനമായി മാവേലിക്കര, പള്ളിക്കല്‍ എന്നിവിടങ്ങളിലും ശിലാപ്രതിമകളുണ്ട്‌. കരിനിലങ്ങളും ചിറകളും തോടുകളും നിറഞ്ഞ കരുമാടി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നതിനാലാണ്‌ ശിലാരൂപത്തെ കരുമാടിക്കുട്ടന്‍ എന്നു വിളിച്ചുവരുന്നത്‌. പദ്‌മാസനത്തില്‍ ധ്യാനനിമഗ്‌നനായിരിക്കുന്ന യോഗിവര്യനെ അനുസ്‌മരിപ്പിക്കുന്ന ഈ പ്രതിമ ബുദ്ധന്റേതാണെന്നും ജിനന്റേതാണെന്നും പക്ഷാന്തരമുണ്ട്‌; ബുദ്ധപ്രതിമയെന്ന അഭിപ്രായത്തിനാണ്‌ ആക്കം കൂടുതലുള്ളത്‌.

കരുമാടിക്കുട്ടനും മണ്‌ഡപവും

ബുദ്ധവിഗ്രഹങ്ങള്‍ക്കു പൊതുവേയുള്ള മിക്ക ലക്ഷണങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഈ ശിലാരൂപം കാമപുരം ക്ഷേത്രത്തിന്റെ പടിഞ്ഞാറുള്ള കരുമാടിത്തോട്ടിലെ ഉപ്പുവെള്ളത്തില്‍ പതിറ്റാണ്ടുകളായി മുങ്ങിക്കിടക്കുകയായിരുന്നു. വിഗ്രഹം കണ്ടെടുത്ത്‌, പശ്ചിമാസ്യമായി ഒരു മണ്ഡപത്തിനുള്ളില്‍ പ്രതിഷ്‌ഠിച്ചു സംരക്ഷിച്ചത്‌ തിരുവിതാംകൂറിലെ ചീഫ്‌ എന്‍ജിനീയറായിരുന്ന എ.എച്ച്‌. ബാസ്റ്റാ എന്ന ബ്രിട്ടീഷുകാരനാണ്‌. 91 സെ.മീ. ഉയരമുള്ള പ്രതിമയുടെ ഇടതു കൈ പൂര്‍ണമായും ഇടതുകാല്‍ ഭാഗികമായും നഷ്ടപ്പെട്ടിരിക്കുന്നു. പ്രതിമയിലെ ഉഷ്‌ണീഷവും ജപമാലയും ഉത്തരീയവും ബുദ്ധവിഗ്രഹമാണെന്ന്‌ ഏറെക്കുറെ വ്യക്തമാക്കുന്നു.

ചെമ്പകശ്ശേരി രാജാവിനെ നശിപ്പിക്കാനെത്തിയ ദുര്‍ദേവതകളിലൊന്നിനെ കാമപുരത്തു ദേവി ശപിച്ച്‌ ശിലയാക്കിയതാണ്‌ ഈ കരുമാടിക്കുട്ടന്‍ എന്ന ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്‌. തന്നെ തീണ്ടിയ പുലയനെ വില്വമംഗലത്തു സ്വാമിയാര്‍ ശപിച്ച്‌ ശിലയാക്കിയതാണീ പ്രതിമയെന്ന്‌ മറ്റൊരൈതിഹ്യം ഘോഷിക്കുന്നു. മുമ്പ്‌ കരുമാടിക്കുട്ടന്‌ വളരെ പ്രസിദ്ധിയുണ്ടായിരുന്നു; മൃഗബലിയും അര്‍പ്പിക്കപ്പെട്ടിരുന്നു. ഇന്ന്‌ പ്രതിമയും മണ്ഡപവും പുരാവസ്‌തു ഗവേഷണ വകുപ്പിന്റെ കീഴിലാണ്‌. 1965ല്‍ കേരള സര്‍ക്കാര്‍ കരുമാടിക്കുട്ടനെ ഒരു സംരക്ഷിത വസ്‌തുവാക്കി പ്രഖ്യാപിച്ചു. ഇതേ വര്‍ഷം കേരളത്തിലെത്തിയ ദലായി ലാമ കരുമാടിക്കുട്ടനെ സന്ദര്‍ശിച്ച്‌ ആരാധന നടത്തുകയുണ്ടായി.

(എന്‍.കെ. ദാമോദരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍