This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരുനാഗപ്പള്ളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരുനാഗപ്പള്ളി

കൊല്ലം ജില്ലയിലെ ഒരു താലൂക്ക്‌. താലൂക്കിന്റെയും കരുനാഗപ്പള്ളി ബ്ലോക്കിന്റെയും ആസ്ഥാനമാണ്‌ കരുനാഗപ്പള്ളി. അറബിക്കടലിന്റെ തീരത്ത്‌ ആലപ്പുഴ ജില്ലയോടു ചേര്‍ന്നു കിടക്കുന്ന കരുനാഗപ്പള്ളിത്താലൂക്കിന്റെ തെക്കതിര്‌ അഷ്ടമുടിക്കായലാണ്‌; കിഴക്ക്‌ കുന്നത്തൂര്‍ താലൂക്കും. തഴവ, കുലശേഖരപുരം, തൊടിയൂര്‍, പന്മന, ചവറ, തെക്കുംഭാഗം, തേവലക്കര, കരുനാഗപ്പള്ളി, ആലപ്പാട്‌, ക്ലാപ്പന, ഓച്ചിറ, പാവുമ്പ, ആദിനാട്‌, കല്ലേലിഭാഗം, വടക്കുംതല അയണി, വെളികുളങ്ങര എന്നീ 16 വില്ലേജുകള്‍ ഉള്‍ക്കൊള്ളുന്ന താലൂക്കിന്റെ വിസ്‌തൃതി 211.9 ച.കി.മീ. ആണ്‌; ജനസംഖ്യ: 4,10,514 (2001)മുന്‍കാലത്ത്‌ ആയ്‌ രാജ്യത്തില്‍പ്പെട്ടിരുന്നുവെന്ന്‌ കരുതപ്പെടുന്ന കരുനാഗപ്പള്ളി പ്രദേശം പിന്നീട്‌ ഓടനാടിന്റെ ഭാഗമായിരുന്നു.

ഓച്ചിറ പരബ്രഹ്മക്ഷേത്രം

കായംകുളം രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന കരുനാഗപ്പള്ളി കൊല്ലത്തിനു സു. 25 കി.മീ. വടക്കായി സ്ഥിതിചെയ്യുന്നു. താലൂക്കാസ്ഥാനമെന്ന നിലയ്‌ക്ക്‌ പ്രാധാന്യമുള്ള കരുനാഗപ്പള്ളി വില്ലേജിന്റെ വിസ്‌തൃതി 8.43 ച.കി.മീ. ആണ്‌, ജനസംഖ്യ: 24353 (2001)കരുനാഗപ്പള്ളിത്താലൂക്കില്‍ നിന്നു ലഭിച്ച ശ്രദ്ധേയമായ പുരാവസ്‌തുവാണ്‌ മരുതൂര്‍ക്കുളങ്ങരയില്‍ നിന്നു കണ്ടെടുത്ത ബുദ്ധവിഗ്രഹം. പള്ളിക്കല്‍ കുളത്തിന്റെ കരയില്‍ നിന്നാണ്‌ 9-ാം ശ.ത്തിലേതെന്നു കരുതപ്പെടുന്ന യോഗാസനസ്ഥനായ ശ്രീബുദ്ധന്റെ വിഗ്രഹം കണ്ടെടുത്തത്‌. താലൂക്കാഫീസിനു മുന്‍വശത്ത്‌ റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന ഈ വിഗ്രഹം പള്ളിക്കല്‍ പുത്രച്ചന്‍ എന്ന പേരിലറിയപ്പെടുന്നു.

താലൂക്കിലെ ഇരുപ്പൂ നിലങ്ങളില്‍ രണ്ടുതവണ നെല്ലും ഒരു തവണ എള്ളും കൃഷിചെയ്യുന്നു. സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ഒരു നെല്ലുവിത്തുത്‌പാദന കേന്ദ്രം ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. നെല്ലു കഴിഞ്ഞാല്‍ തെങ്ങാണ്‌ വ്യാപകമായി കൃഷി ചെയ്യപ്പെടുന്നത്‌.

ചവറപന്മന തീരപ്രദേശങ്ങളില്‍ അമൂല്യങ്ങളായ ധാതുനിക്ഷേപങ്ങളുണ്ട്‌. ലോഹമണല്‍ നിക്ഷേപം ചവറയുടെ സവിശേഷ സമ്പത്താണ്‌. മുന്‍കാലത്തു ലോകമൊട്ടാകെ ആവശ്യമുള്ള ഇല്‍മനൈറ്റിന്റെ 90 ശ.മാ. ഇവിടെ നിന്നാണ്‌ കയറ്റി അയച്ചുകൊണ്ടിരുന്നത്‌. ഇവിടത്തെ ലോഹമണലില്‍ റൂട്ടൈല്‍, സിര്‍ക്കോണ്‍, സിലിമനൈറ്റ്‌ തുടങ്ങിയ വിലയേറിയ ധാതുക്കള്‍ അടങ്ങിയിരിക്കുന്നു. ഇന്ത്യയുടെ സമ്പദ്‌ഘടനയില്‍ ഗണ്യമായ പങ്കു വഹിക്കുന്ന സ്ഥാപനങ്ങളാണ്‌ ചവറയിലെ മണല്‍ക്കമ്പനികള്‍. ചവറ പഞ്ചായത്തിലുള്ള കോയിത്തോട്ടം, ധാതുമണലിന്റെ കയറ്റുമതി കൈകാര്യം ചെയ്യുന്ന ഒരു കൊച്ചു തുറമുഖമാണ്‌.

തീരപ്രദേശങ്ങളിലെ പ്രധാന ഉപജീവന മാര്‍ഗമാണ്‌ കയര്‍ വ്യവസായം. "ചവറ, പന്മന, തേവലക്കരചകിരികൊണ്ടുപജീവനം' എന്നൊരു ചൊല്ലുതന്നെ ഉണ്ട്‌. തൊടിയൂര്‍, കുലശേഖരപുരം, ഓച്ചിറ, തഴവ എന്നീ സ്ഥലങ്ങളിലെ ഒരു പ്രധാന കുടില്‍ വ്യവസായമാണിത്‌. കലാഭംഗിയുള്ള കൈതയോലയുത്‌പന്നങ്ങള്‍ വിദേശങ്ങളിലേക്കുപോലും ഇവിടെനിന്നു കയറ്റി അയയ്‌ക്കാറുണ്ട്‌.

പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ ഓച്ചിറയും ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥാനമായ ശ്രീഭട്ടാരകേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്ന പന്മനയും നിരവധി ഭക്തജനങ്ങളെ ആകര്‍ഷിക്കുന്നു. നാഷണല്‍ ഹൈവേ 47ഉം തിരുവനന്തപുരംഷൊര്‍ണൂര്‍ കനാലും (T.S. Canal) കൊല്ലം എറണാകുളം റെയില്‍പ്പാതയും ഈ താലൂക്കിന്റെ ഹൃദയഭാഗത്തുകൂടിയാണ്‌ കടന്നുപോകുന്നത്‌.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍