This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരുതല്‍ത്തടങ്കല്‍ നിയമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരുതല്‍ത്തടങ്കല്‍ നിയമം

കുറ്റകൃത്യം ചെയ്യുമെന്നു സംശയിച്ച്‌ വ്യക്തികളെ മുന്‍കൂട്ടി തടവിലാക്കുന്നതിനുള്ള നിയമം. കുറ്റം തെളിയിക്കപ്പെടുകയോ കുറ്റം ചെയ്‌തതായി ചാര്‍ജുചെയ്യുകയോ നിയമപരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷിക്കപ്പെടുകയോ ഇവിടെ ചെയ്യുന്നില്ല. മറിച്ച്‌, കുറ്റം ചെയ്യുമെന്നു സംശയിച്ചോ കുറ്റം ചെയ്യാന്‍ സാധ്യതയുണ്ടെന്നു കരുതിയോ മാത്രമാണ്‌ ഒരാളെ കരുതല്‍ത്തടങ്കലിനു വിധേയനാക്കുന്നത്‌.

ബ്രിട്ടന്‍. ഒന്നാംലോകയുദ്ധാരംഭകാലത്ത്‌ ബ്രിട്ടനില്‍ പാസ്സാക്കപ്പെട്ട ഡിഫന്‍സ്‌ ഒഫ്‌ റിലം കണ്‍സോളിഡേഷന്‍ ആക്‌റ്റി(1914)ലെ 14ബി റഗുലേഷനിലാണ്‌ കരുതല്‍ത്തടങ്കല്‍ സംബന്ധിച്ച വ്യവസ്ഥകളുള്ളത്‌. രണ്ടാംലോകയുദ്ധകാലത്ത്‌ ബ്രിട്ടനില്‍ നടപ്പില്‍ വരുത്തിയ അടിയന്തിരാവസ്ഥാ നിയമങ്ങളിലും കരുതല്‍ത്തടങ്കല്‍ സംബന്ധിച്ച വ്യവസ്ഥകളുണ്ടായിരുന്നു.

ഈ റഗുലേഷനനുസരിച്ച്‌ ശത്രുരാജ്യത്തിലുള്ളതോ ശത്രുരാജ്യങ്ങളുമായി ബന്ധമുള്ളതോ ആയ ഏതെങ്കിലും ഒരു വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍ രാഷ്‌ട്രത്തിന്റെ ഭദ്രതയ്‌ക്കോ പൊതുസുരക്ഷിതത്വത്തിനോ ഭീഷണിയാകുമെന്നു നേവിമിലിറ്ററി അധികാരികള്‍ നിര്‍ദേശിക്കുകയും സ്റ്റേറ്റ്‌ സെക്രട്ടറിക്ക്‌ അതു നേരിട്ട്‌ ബോധ്യമാവുകയും ചെയ്‌താല്‍ ആ വ്യക്തിയെ ജയിലിലടയ്‌ക്കുന്നതിന്‌ ഉത്തരവിടാന്‍ സ്റ്റേറ്റ്‌ സെക്രട്ടറിക്ക്‌ അധികാരമുണ്ടായിരിക്കും.

യുദ്ധകാലത്തു നടക്കാനിടയുള്ള ചാരപ്പണി തടയാനും ശത്രുരാജ്യങ്ങളുടെ താത്‌പര്യമനുസരിച്ച്‌ രഹസ്യ ഏജന്റുമാര്‍ കപ്പല്‍, റെയില്‍വേ, ആയുധശേഖരങ്ങള്‍, പാലങ്ങള്‍ തുടങ്ങിയവയ്‌ക്കുണ്ടാക്കാവുന്ന നാശനഷ്ടങ്ങള്‍ തടയാനും വേണ്ടിയാണ്‌ ബ്രിട്ടന്‍ കരുതല്‍ത്തടങ്കല്‍ നടപടിക്കു നിയമസാധുത്വം നല്‌കിയത്‌.

രണ്ടാംലോകയുദ്ധകാലത്ത്‌ ലിവര്‍സിഡ്‌ജ്‌ എന്നയാളിനെ കരുതല്‍ത്തടങ്കലിനു വിധേയമാക്കിയതു സംബന്ധിച്ച കേസില്‍ (ലിവര്‍ സിഡ്‌ജ്‌ V. ആന്‍ഡേഴ്‌സണ്‍, 1942; അ.ഇ. 206) കരുതല്‍ത്തടങ്കലിന്റെ സാംഗത്യത്തെക്കുറിച്ച്‌ പ്രഭുസഭ നിര്‍ണായകമായ വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്‌. കരുതല്‍ത്തടങ്കല്‍ വ്യക്തി സ്വാതന്ത്യ്രത്തെ ഹനിക്കുന്നുവെന്നും 14 ബി റഗുലേഷന്‍ നിയമവിരുദ്ധമാണെന്നുമാണ്‌ ലിവര്‍സിഡ്‌ജ്‌ വാദിച്ചത്‌. 1971ല്‍ അയര്‍ലന്‍ഡിനുവേണ്ടി ബ്രിട്ടന്‍ നടപ്പില്‍ വരുത്തിയ കരുതല്‍ത്തടങ്കല്‍ നിയമം പില്‌ക്കാലത്ത്‌ പിന്‍വലിക്കപ്പെട്ടു.

ഇന്ത്യ. ഒന്നാംസ്വാതന്ത്യ്രസമരത്തിനു (1857) ശേഷം ബ്രിട്ടന്‍ ഇന്ത്യയില്‍ കരുതല്‍ത്തടങ്കല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തി. 1780 മുതല്‍ 1947 വരെയുള്ള കാലത്ത്‌ ബ്രിട്ടന്‍ ഇന്ത്യയില്‍ 11 പ്രാവശ്യം കരുതല്‍ത്തടങ്കല്‍ നിയമങ്ങള്‍ പാസ്സാക്കിയിരുന്നു; 1918ലെ ബംഗാള്‍ നിയമവും 1919ലെ റൗലത്ത്‌ ആക്‌റ്റും ഇക്കൂട്ടത്തില്‍ വളരെ കര്‍ക്കശമായിരുന്നു. ഈ നിയമങ്ങളനുസരിച്ച്‌ ബ്രിട്ടനോട്‌ രാഷ്‌ട്രീയവൈരം പുലര്‍ത്തിയ ആയിരക്കണക്കിന്‌ ഇന്ത്യാക്കാരെ ജയിലിലടയ്‌ക്കുകയുണ്ടായി.

1950ല്‍ കരുതല്‍ത്തടങ്കലിന്‌ ഭരണഘടനാപരമായ അംഗീകാരം ലഭിച്ചു. മൗലികാവകാശങ്ങളില്‍ പ്രധാനപ്പെട്ട വ്യക്തിസ്വാതന്ത്രത്തിനു വ്യവസ്ഥ ചെയ്‌തിട്ടുള്ള ഭാഗത്താണ്‌ (22-ാം അനുച്ഛേദം) കരുതല്‍ത്തടങ്കല്‍ നിയമത്തെ സംബന്ധിച്ച വ്യവസ്ഥകളുള്ളത്‌.

അമേരിക്ക, ബ്രിട്ടന്‍, കാനഡ തുടങ്ങിയ ജനാധിപത്യ രാജ്യങ്ങളില്‍ യുദ്ധകാലത്തുമാത്രമാണ്‌ ഈ നിയമം പ്രയോഗിക്കുന്നത്‌. ഇന്ത്യയില്‍ സ്ഥിതിവ്യത്യസ്‌തമാണ്‌. സമാധാനകാലത്തും ഇതൊരു സാധാരണ നടപടിയായിട്ടാണു ഭരണഘടന അംഗീകരിച്ചിരിക്കുന്നത്‌. വ്യക്തിസ്വാതന്ത്ര്യം മൗലികമായി അംഗീകരിക്കപ്പെടുമ്പോഴും രാജ്യത്തെ ക്രമസമാധാനസ്ഥിതി അസ്വസ്ഥമായതിനാലാണു ഈ വ്യത്യസ്‌ത നിലപാടു ഇന്ത്യന്‍ ഭരണഘടന സ്വീകരിച്ചിരിക്കുന്നത്‌. പാര്‍ലമെന്റിനും സംസ്ഥാനനിയമസഭകള്‍ക്കും നിശ്ചിതകാരണങ്ങള്‍ മുന്‍നിര്‍ത്തി കരുതല്‍ത്തടങ്കല്‍ നിയമങ്ങള്‍ നിര്‍മിക്കാനുള്ള അധികാരം ലഭ്യമാക്കുന്നു. അതിന്‍പ്രകാരം കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടേതായി ഇന്നു നിലവിലുള്ള അത്തരം നിയമങ്ങളുടെ സംഖ്യ വളരെ ഗണനീയമാണ്‌.

1950ല്‍ സര്‍ദാര്‍ പട്ടേല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരുതല്‍ത്തടങ്കല്‍ ബില്‍ ആ വര്‍ഷം തന്നെ നിയമമാക്കുകയുണ്ടായി. ഈ നിയമമനുസരിച്ച്‌ കരുതല്‍ത്തടങ്കലിന്‌ ആദ്യമായി വിധേയനായത്‌ എ.കെ. ഗോപാലനായിരുന്നു. ഈ നിയമം 1969 വരെ പ്രാബല്യത്തിലിരുന്നു.

1971ല്‍ നടന്ന ഇന്തോപാകിസ്‌താന്‍ യുദ്ധത്തിനിടയ്‌ക്കു പാസ്സാക്കപ്പെട്ട മിസാ (മെയിന്റനന്‍സ്‌ ഒഫ്‌ ഇന്റേണല്‍ സെക്യൂരിറ്റി ആക്‌റ്റ്‌)യില്‍ കരുതല്‍ത്തടങ്കലിനു വ്യവസ്ഥയുണ്ടായിരുന്നു. ഈ നിയമം യുദ്ധവിരാമത്തിനുശേഷവും പ്രാബല്യത്തിലിരുന്നുവെന്നു മാത്രമല്ല, അത്‌ ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തു.

1975 ജൂണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന്‌ മിസാ അനുസരിച്ചുള്ള കരുതല്‍ത്തടങ്കല്‍ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കി നടപ്പില്‍ വരുത്തി.

1978ല്‍ ജനതാഭരണകാലത്തു ജമ്മുകശ്‌മീര്‍, മധ്യപ്രദേശ്‌, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ കരുതല്‍ത്തടങ്കല്‍ നിയമം പാസ്സാക്കി നടപ്പില്‍ വരുത്തിയിരുന്നു. ക്രിമിനല്‍ നടപടിസംഹിതയിലെ കരുതല്‍ത്തടങ്കല്‍ വ്യവസ്ഥ ചെയ്യുന്ന വകുപ്പുകള്‍ (107, 108, 109, 110, 144, 151) ക്കു പുറമേയായിരുന്നു ഇത്‌.

1979ല്‍ ചരണ്‍സിങ്‌ കെയര്‍ ടേക്കര്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത്‌ കരുതല്‍ത്തടങ്കല്‍ നിയമത്തോടു സാദൃശ്യമുള്ള ഒരു ഓര്‍ഡിനന്‍സ്‌ പാസ്സാക്കുകയുണ്ടായി (പ്രിവന്‍ഷന്‍ ഒഫ്‌ ബ്ലാക്ക്‌ മാര്‍ക്കറ്റിങ്‌ ആന്‍ഡ്‌ മെയിന്റനന്‍സ്‌ ഒഫ്‌ സപ്ലൈസ്‌ ഒഫ്‌ എസ്സന്‍ഷ്യല്‍ കമ്മോഡിറ്റീസ്‌ ഓര്‍ഡിനന്‍സ്‌ 1979). ഇതാണ്‌ നാഷണല്‍ സെക്യൂരിറ്റി ആക്‌റ്റ്‌എന്‍.എസ്‌.എ (NSA) എന്നറിയപ്പെടുന്നതും ഇന്നു പ്രാബല്യത്തില്‍ ഇരിക്കുന്നതും. 1980ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ്‌ സമഗ്രമായ നാഷണല്‍ സെക്യൂരിറ്റി നിയമം പാസ്സാക്കുകയുണ്ടായി. ഇതനുസരിച്ച്‌ ഇന്ത്യയുടെ ഭദ്രതയ്‌ക്കും പൊതുസുരക്ഷിതത്വത്തിനുമെതിരായി പ്രവര്‍ത്തിക്കുന്ന ഏതൊരാളെയും കരുതല്‍ത്തടങ്കലില്‍ വയ്‌ക്കുന്നതിനു കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക്‌ അധികാരമുണ്ടായിരിക്കും.

1987ല്‍ പാസ്സാക്കിയ കരുതല്‍ത്തടങ്കല്‍ നിയമങ്ങളായ 'ദി ടെററിസ്റ്റ്‌ ആന്‍ഡ്‌ ഡിസ്‌റ്‌പ്പട്ടീവ്‌ ആക്‌ടിവിറ്റീസ്‌ (പ്രിവന്‍ഷന്‍) ആക്‌ട്‌ (ടാഡാ), 2002ലെ ദി പ്രിവന്‍ഷന്‍ ഒഫ്‌ ടെററിസം ആക്‌ട്‌ (പോട്ടാ) എന്നീ നിയമങ്ങള്‍ ഇപ്പോള്‍ നിലവിലില്ല.

സാമ്പത്തിക കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവരെ കരുതല്‍ത്തടങ്കലില്‍ വയ്‌ക്കാന്‍ അതതു നിയമങ്ങളില്‍ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. ഉദാ. എസ്സന്‍ഷ്യല്‍ കമ്മോഡിറ്റീസ്‌ ആക്‌റ്റ്‌, എസ്സന്‍ഷ്യല്‍ സര്‍വിസസ്‌ മെയിന്റനന്‍സ്‌ ആക്‌റ്റ്‌, കസ്റ്റംസ്‌ ആക്‌റ്റ്‌, ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ റഗുലേഷന്‍ ആക്‌റ്റ്‌, വെയിറ്റ്‌സ്‌ ആന്‍ഡ്‌ മെഷേഴ്‌സ്‌ ആക്‌റ്റ്‌, കോഫിപോസാ (കണ്‍സര്‍വേഷന്‍ ഒഫ്‌ ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ ആന്‍ഡ്‌ പ്രിവന്‍ഷല്‍ ഒഫ്‌ സ്‌മഗ്ലിങ്‌ ആക്‌റ്റ്‌).

(പ്രാഫ. വി. വിജയബാലന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍