This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരുണാനിധി, എം. (1924 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരുണാനിധി, എം. (1924 )

എം. കരുണാനിധി

തമിഴ്‌നാട്ടിലെ രാഷ്‌ട്രീയനേതാവും സാഹിത്യകാരനും. അഞ്ചു തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദം കരുണാനിധി വഹിച്ചിട്ടുണ്ട്‌ (2010). തഞ്ചാവൂരിലെ തിരുക്കുവലൈ ഗ്രാമത്തില്‍ 1924 ജൂണ്‍ 3നു മുത്തുവേലിന്റെയും അഞ്ചുഗം അമ്മായിയാറിന്റെയും മകനായി മുത്തുവേല്‍ കരുണാനിധി ജനിച്ചു. തിരുവാരൂര്‍ ബോര്‍ഡ്‌ ഹൈസ്‌കൂളില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു; ദ്രാവിഡ കഴകവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ഇദ്ദേഹം 1942ല്‍ കഴകത്തിന്റെ വിദ്യാര്‍ഥിവിഭാഗം രൂപവത്‌കരിച്ചു. പിന്നീട്‌ ദ്രാവിഡ കഴകംവിട്ട്‌, അണ്ണാദുരൈയും മറ്റു സുഹൃത്തുക്കളും ചേര്‍ന്ന്‌ 1948ല്‍ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ.) സ്ഥാപിച്ചു; 1960ല്‍ ഈ പാര്‍ട്ടിയുടെ ഖജാന്‍ജി ആയി. രാഷ്‌ട്രീയ കാരണങ്ങളാല്‍ നിരവധി തവണ ജയില്‍ ശിക്ഷയ്‌ക്കു കരുണാനിധി വിധേയനായിട്ടുണ്ട്‌. ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങള്‍, വിലക്കയറ്റത്തിനെതിരെ നടത്തിയ സമരങ്ങള്‍, ശ്രീലങ്കന്‍ തമി ഴര്‍ക്കു വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ എന്നിവ ഉദാഹരണങ്ങളാണ്‌. 1957 മുതല്‍ മദ്രാസ്‌ (തമിഴ്‌നാട്‌) നിയമസഭാംഗമായിരുന്നു. 1957 മുതല്‍ 2006 വരെ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ചു എന്നത്‌ കരുണാനിധിയുടെ ശ്രദ്ധേയമായ ഒരു രാഷ്‌ട്രീയ നേട്ടമാണ്‌. 196267 കാലത്ത്‌ നിയമസഭയില്‍ ഡി.എം.കെ.യുടെ ഡെപ്യൂട്ടി ലീഡറായിരുന്നു. 1967ലെ തെരഞ്ഞെടുപ്പില്‍ മദ്രാസ്‌ നിയമസഭയില്‍ ഡി.എം.കെ. ഭൂരിപക്ഷം കരസ്ഥമാക്കിയപ്പോള്‍ കരുണാനിധി പൊതുമരാമത്ത്‌ വകുപ്പുമന്ത്രിയായി. അണ്ണാദുരൈ രോഗബാധിതനായതിനെത്തുടര്‍ന്ന്‌ ഇദ്ദേഹം 1969 ഫെ. 9നു ഡി.എം.കെ.യുടെ നിയമസഭാ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന്‌ ഇദ്ദേഹം തമിഴ്‌നാട്‌ മുഖ്യമന്ത്രിയായി. 1969ല്‍ പാര്‍ട്ടി പ്രസിഡന്റുമായി. ലോക തമിഴ്‌ സാഹിത്യ സമ്മേളനം 1970ല്‍ സംഘടിപ്പിച്ചത്‌ കരുണാനിധി മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ്‌. 1969 മുതല്‍ 1976 വരെ തമിഴ്‌നാട്‌ മുഖ്യമന്ത്രിയായിരുന്ന കരുണാനിധി, ഡി.എം.കെ.യിലുണ്ടായ പിളര്‍പ്പിനെത്തുടര്‍ന്ന്‌ മുഖ്യമന്ത്രിപദം രാജിവയ്‌ക്കാന്‍ നിര്‍ബന്ധിതനായി. 1977 മുതല്‍ 80 വരെ ഇദ്ദേഹം പ്രതിപക്ഷത്തായിരുന്നു. 1980 ഫെ.ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കരുണാനിധി തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ഡി.എം.കെ.ക്ക്‌ ഭൂരിപക്ഷം ലഭിച്ചില്ല. തുടര്‍ന്ന്‌, കരുണാനിധി പ്രതിപക്ഷ നേതാവായി.

ശ്രീലങ്കയിലെ തമിഴര്‍ക്കു വേണ്ടി കൈക്കൊണ്ട നിലപാടുകളുടെ പേരില്‍ 1983ല്‍ നിയമസഭാംഗത്വം രാജിവച്ചു. തുടര്‍ന്നു വീണ്ടും 198991, 19962001 കാലയളവുകളിലും കരുണാനിധി തമിഴ്‌നാട്‌ മുഖ്യമന്ത്രിയായിരുന്നു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം നേടിയ ഡി.എം.കെ.യെ പ്രതിനിധീകരിച്ച്‌ കരുണാനിധി മുഖ്യമന്ത്രി സ്ഥാനമേറ്റു. "ടിഡല്‍ സോഫ്‌റ്റ്‌വെയര്‍ പാര്‍ക്ക്‌' (Tidel Software Park)പോലുള്ള ആധുനിക വികസനപദ്ധതികള്‍ക്കു പുറമേ സാധാരണക്കാരുടെ, പ്രത്യേകിച്ച്‌ പ്രാന്തവത്‌കൃത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി കരുണാനിധി നിരവധി ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്‌. ചേരിനിര്‍മാര്‍ജന ബോര്‍ഡ്‌, യാചക പുനരധിവാസ കേന്ദ്രങ്ങള്‍, പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക ക്ഷേമവകുപ്പുകള്‍ എന്നിവയും തമിഴ്‌നാട്‌ ആസൂത്രണ കമ്മിഷനും രൂപീകൃതമായത്‌ കരുണാനിധിയുടെ ഭരണകാലത്താണ്‌. മനുഷ്യര്‍ വലിക്കുന്ന റിക്ഷകള്‍ നിരോധിച്ചു കൊണ്ടുള്ള നിയമവും സ്‌ത്രീകള്‍ക്ക്‌ തുല്യ സ്വത്തവകാശ നിയമവും കരുണാനിധി നടപ്പിലാക്കി. വിശേഷദിവസങ്ങളില്‍ സൗജന്യ അരിവിതരണം, നിര്‍ധനരായ യുവതികളുടെ വിവാഹത്തിനു ധനദാനം, മിശ്ര, വിധവാ വിവാഹങ്ങള്‍ക്ക്‌ പ്രാത്‌സാഹന ധന സഹായം, നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക്‌ ബിരുദതലം വരെയുള്ള സൗജന്യ വിദ്യാഭ്യാസം, ആദിവാസികള്‍ക്ക്‌ സൗജന്യ പാര്‍പ്പിട പദ്ധതി എന്നിവ കരുണാനിധിയുടെ ക്ഷേമപദ്ധതികളില്‍ ചിലതാണ്‌.

മുരശൊലി (ദിനപത്രം), മറവന്‍ മടല്‍ (വാരിക), മുത്താരം (ദ്വൈമാസികം) എന്നീ കാലിക പ്രസിദ്ധീകരണങ്ങളുടെ സ്ഥാപക പത്രാധിപരായിരുന്നു ഇദ്ദേഹം. കവി, വാഗ്‌മി, നാടകകൃത്ത്‌ എന്നീ നിലകളില്‍ പ്രശസ്‌തനായ കരുണാനിധി, അനവധി ചെറുകഥകളും തൂക്കുമേട, ഉദയസൂര്യന്‍ തുടങ്ങിയ നോവലുകളും എഴുതിയിട്ടുണ്ട്‌.

രോമപുരി പാണ്ഡ്യന്‍, തെന്‍പാണ്ഡി ശിങ്കം, വെള്ളിക്കഴമേ, നെഞ്ചുക്കുനീതി, സംഘതമിഴ്‌, കുരലോവിയം, തിരുക്കുറല്‍ ഉറൈ തുടങ്ങിയ നൂറില്‍പ്പരം ഗദ്യപദ്യ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മണിമകുടം, ഒരേ രക്തം, പളനിയപ്പന്‍, തൂക്കുമേടൈ, നാനേ അറിവാളി, വെള്ളിക്കഴമൈ, ഉദയസൂര്യന്‍ തുടങ്ങി നിരവധി നാടകങ്ങളും രാജകുമാരി, അഭിമന്യു, മരുതനാട്ടു ഇളവരശി, മണമകന്‍, പരാശക്തി, തിരുമ്പിപാര്‍, രങ്കുണ്‍ രാധ, രാജാരാണി, എല്ലോരും ഇന്നാട്ടു മന്നര്‍, തായില്ലാപിള്ളൈ, പൂംപുഹാര്‍, പാലൈവന റോജാക്കള്‍, പാശപ്പറവൈകള്‍ തുടങ്ങി എഴുപതിലേറെ തമിഴ്‌ ചലച്ചിത്രങ്ങള്‍ക്ക്‌ തിരക്കഥയും കരുണാനിധി രചിച്ചിട്ടുണ്ട്‌.

"കലൈഞ്‌ജര്‍' എന്ന പേരിലാണ്‌ ഇദ്ദേഹം പരക്കെ അറിയപ്പെടുന്നത്‌.

കരുണാനിധിയുടെ തെന്‍പാണ്ഡിശിങ്കം എന്ന ഗ്രന്ഥത്തിനു തഞ്ചാവൂരിലെ തമിഴ്‌ സര്‍വകലാശാലയുടെ രാജരാജന്‍ അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌. 1971ല്‍ അണ്ണാമലൈ സര്‍വകലാശാലയും 2006ല്‍ മധുരൈ കാമരാജ്‌ സര്‍വകലാശാലയും ഇദ്ദേഹത്തിനു ഡോക്ടറേറ്റ്‌ നല്‌കി ആദരിച്ചു.

മൂന്നു വിവാഹം കഴിച്ചിട്ടുള്ള ഇദ്ദേഹത്തിനു നാല്‌ പുത്രന്മാരും രണ്ട്‌ പുത്രിമാരുമാണുള്ളത്‌. പുത്രന്മാരായ എം.കെ. സ്റ്റാലിനും എം.കെ. അഴഗിരിയും തമിഴ്‌നാട്‌ രാഷ്‌ട്രീയത്തില്‍ സജീവമാണ്‌. മകള്‍ കനിമൊഴി തമിഴ്‌ കവയിത്രിയും രാജ്യസഭാംഗ(2006)വുമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍