This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരുണാകരമേനോന്‍, പി.കെ. (1916 - 70)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരുണാകരമേനോന്‍, പി.കെ. (1916 - 70)

പി.കെ. കരുണാകരമേനോന്‍

കേരളീയ ചരിത്രകാരന്‍. 1916 ഏ. 12നു മലബാറിലെ പൊന്നാനിത്താലൂക്കില്‍ പന്നിക്കോട്‌ കുഞ്ഞിക്കേളുമേനോന്റെയും കരുവാംപുറത്ത്‌ അമ്മാളുഅമ്മയുടെയും പുത്രനായി ജനിച്ചു. തലശ്ശേരിയിലും പൊന്നാനിയിലുമായി പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോഴിക്കോട്‌ സാമൂതിരി കോളജില്‍ നിന്ന്‌ ഇന്റര്‍മീഡിയറ്റും തിരുവനന്തപുരം മഹാരാജാസ്‌ കോളജ്‌ ഒഫ്‌ ആര്‍ട്ട്‌സില്‍ നിന്നു ബി.എ. ഓണേഴ്‌സും പാസ്സായി. തുടര്‍ന്ന്‌ ചരിത്രഗവേഷണരംഗത്തേക്കു തിരിഞ്ഞു. പൊളിറ്റിക്കല്‍ ഹിസ്റ്ററി ഒഫ്‌ മലബാര്‍ (1792-1810) എന്ന ഇദ്ദേഹത്തിന്റെ ഗവേഷണപ്രബന്ധത്തിന്‌ മദ്രാസ്‌ സര്‍വകലാശാല എം.ലിറ്റ്‌. ബിരുദം നല്‌കി. പിന്നീട്‌ ഇദ്ദേഹം എല്‍.റ്റി. ബിരുദവും നേടുകയുണ്ടായി.

1942ല്‍ കരുണാകരമേനോന്‍ അധ്യാപകവൃത്തിയില്‍ പ്രവേശിച്ചു. പ്രഗല്‌ഭനായ ഒരു ചരിത്രാധ്യാപകനായിരുന്ന ഇദ്ദേഹം തമിഴ്‌നാട്ടിലെ പല ഗവണ്‍മെന്റ്‌ കോളജുകളിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. മദ്രാസിലെ പ്രസിഡന്‍സി കോളജില്‍ ചരിത്രരാഷ്‌ട്രമീമാംസാ വിഭാഗത്തില്‍ അഡീഷണല്‍ പ്രാഫസറായിരുന്ന ഇദ്ദേഹം കേരളപ്പിറവിയെ (1956)ത്തുടര്‍ന്ന്‌ കേരള സംസ്ഥാനസര്‍വിസില്‍ പ്രവേശിച്ചു. 1963ല്‍ കേരളസര്‍വകലാശാലയില്‍ ചരിത്രവിഭാഗം റീഡറായി നിയമിക്കപ്പെട്ടു. ഇതേവര്‍ഷം തന്നെ സര്‍വകലാശാലാപ്രസിദ്ധീകരണമായ ജേര്‍ണല്‍ ഒഫ്‌ ഇന്ത്യന്‍ ഹിസ്റ്ററിയുടെ പത്രാധിപത്യവും ഇദ്ദേഹം ഏറ്റെടുത്തു. 1966ല്‍ പ്രാഫസറും ചരിത്രവകുപ്പുമേധാവിയുമായി. ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്‌, ഇന്ത്യന്‍ ഹിസ്‌റ്റോറിക്കല്‍ റിക്കാര്‍ഡ്‌സ്‌ കമ്മിഷന്‍, സ്റ്റേറ്റ്‌ ആര്‍ക്കൈവ്‌സ്‌ അഡ്വൈസറി കമ്മിറ്റി, സെന്‍ട്രല്‍ അഡ്വൈസറി ബോര്‍ഡ്‌ ഒഫ്‌ ആര്‍ക്കിയോളജി, കേന്ദ്രവിദ്യാഭ്യാസവകുപ്പ്‌ നിയോഗിച്ച എക്‌സ്‌പെര്‍ട്ട്‌ അഡ്വൈസറി കമ്മിഷന്‍ ഫോര്‍ സയന്റിഫിക്‌ ആന്‍ഡ്‌ ടെക്‌നിക്കല്‍ ടെര്‍മിനോളജി എന്നിവയിലും കേരളസര്‍വകലാശാലയുടെ വിവിധ ഭരണസമിതികളിലും അംഗമായിരുന്നു. കേരളത്തിന്റെ സ്വാതന്ത്യ്രസമരചരിത്രം രചിക്കുവാന്‍ രൂപവത്‌കൃതമായ റീജിയണല്‍ റിക്കാര്‍ഡ്‌സ്‌ സര്‍വേ കമ്മിറ്റിയുടെ കണ്‍വീനറായും ഇന്ത്യാഗവണ്‍മെന്റിന്റെ ഹൂ ഈസ്‌ ഹൂ ഒഫ്‌ ഇന്ത്യന്‍ മാര്‍ട്ടിയേഴ്‌സിന്റെ പ്രാജക്‌റ്റ്‌ ഓഫീസറായും പ്രവര്‍ത്തിച്ചു.

ഹിസ്റ്ററി ഒഫ്‌ ഫ്രീഡം മൂവ്‌മെന്റ്‌ ഇന്‍ കേരള എന്ന പ്രശസ്‌ത ചരിത്രകൃതിക്കു പുറമേ, ഉണ്ടയില്ലാത്ത വെടികള്‍, നവോദയം, പാഴ്‌നിഴല്‍, പുല്‍കൊല്ല നീ എന്നീ മലയാളകൃതികളും മേനോന്റേതായുണ്ട്‌. റീജിയണല്‍ റിക്കാര്‍ഡ്‌സ്‌ സര്‍വേ കമ്മിറ്റിയുടെ കണ്‍വീനറായിരുന്ന കാലത്താണ്‌ ഇദ്ദേഹം ഹൂ ഈസ്‌ ഹൂ ഒഫ്‌ ഫ്രീഡം ഫൈറ്റേഴ്‌സ്‌ ഇന്‍ കേരള എന്ന കൃതിയുടെ രചന ആരംഭിച്ചത്‌. ഒറ്റപ്പാലത്ത്‌ പുത്തന്‍വീട്ടില്‍ ശാരദയാണ്‌ ഇദ്ദേഹത്തിന്റെ പത്‌നി. 1970 ആഗ. 4നു‌ ഇദ്ദേഹം നിര്യാതനായി.

(ഡോ. കെ.കെ. കുസുമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍