This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരുണാകരമേനോന്‍, ഇടപ്പള്ളി (1905-65)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരുണാകരമേനോന്‍, ഇടപ്പള്ളി (1905-65)

പ്രസിദ്ധനായ മലയാളസാഹിത്യകാരന്‍. കൊ.വ. 1080 (1905)ല്‍ ഇടപ്പള്ളി കൃഷ്‌ണരാജാവിന്റെയും പുല്യാട്ട്‌ ഗൗരിക്കുട്ടിയമ്മയുടെയും മൂത്തപുത്രനായി ജനിച്ചു. ഇടപ്പള്ളിയില്‍ത്തന്നെയായിരുന്നു ആദ്യകാല വിദ്യാഭ്യാസം, പിന്നീട്‌ എറണാകുളം, കോഴിക്കോട്‌ എന്നിവിടങ്ങളില്‍ പഠിച്ച്‌ മെട്രിക്കുലേഷന്‍ ജയിച്ചു തുടര്‍ന്ന്‌ എറണാകുളം മഹാരാജാസ്‌ കോളജില്‍ ചേര്‍ന്നെങ്കിലും അനാരോഗ്യം മൂലം കലാലയവിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പിന്നീട്‌ കുറച്ചുകാലം സംസ്‌കൃതം പഠിച്ചു. കവിതിലകന്‍ കെ.സി. കുട്ട്യപ്പ നമ്പ്യാരായിരുന്നു അധ്യാപകന്‍.

കവനകൗമുദി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കവിതകള്‍ എഴുതി സാഹിത്യരംഗത്തേക്കു കടന്നു. ഡോക്ടര്‍ സിബില്‍ എന്ന തൂലികാനാമത്തിലും ചിലപ്പോഴൊക്കെ കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്നു. 1930ല്‍ ഇടപ്പള്ളിയില്‍ രൂപം കൊള്ളുകയും പിന്നീട്‌ സമസ്‌ത കേരളസാഹിത്യപരിഷത്തായി വളരുകയും ചെയ്‌ത സാഹിത്യസമാജത്തിന്റെ ആദ്യകാലപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു കരുണാകരമേനോന്‍. പ്രസ്‌തുത സാഹിത്യസമാജത്തിലൂടെ രംഗപ്രവേശം ചെയ്‌തവരായിരുന്നു ഇടപ്പള്ളി രാഘവന്‍ പിള്ളയും ചങ്ങമ്പുഴ കൃഷ്‌ണപിള്ളയും മറ്റും. 1931ല്‍ എറണാകുളത്ത്‌ തത്തംപിള്ളില്‍ സരസ്വതി അമ്മയെ വിവാഹം ചെയ്‌തു. വിവര്‍ത്തനസാഹിത്യത്തില്‍ കരുണാകരമേനോന്‍ വിലപ്പെട്ട സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌. ദസ്‌തയവ്‌സ്‌കിയുടെ കുറ്റവും ശിക്ഷയും ആണ്‌ ആദ്യം വിവര്‍ത്തനം ചെയ്‌തത്‌. ഇതു മംഗളോദയം കമ്പനി പ്രസിദ്ധീകരിച്ചു. കൂടാതെ തൊണ്ണൂറ്റിമൂന്ന്‌ (വിക്‌റ്റര്‍യൂഗോ), യുദ്ധവും സമാധാനവും (തള്‍സ്‌തായി), ഇഡിയറ്റ്‌ (ദസ്‌തയവ്‌സ്‌കി) എന്നീ നോവലുകളും ഇദ്ദേഹം വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌.

മകന്‍, പെരുമാളുടെ തേവാരി, ഭൂതനാഥോദ്‌ഭവം എന്നീ കാവ്യഗ്രന്ഥങ്ങളും ചങ്ങമ്പുഴ മാര്‍ത്താണ്ഡന്‍ എന്നൊരു നാടകവും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ഇവയ്‌ക്കു പുറമേ ഇടപ്പള്ളി സ്വരൂപം ഗ്രന്ഥശേഖരത്തില്‍ നിന്ന്‌ ദന്തളീശോപാഖ്യാനം എന്നൊരു സംസ്‌കൃത ഗ്രന്ഥം ഇദ്ദേഹം കണ്ടെടുത്തു പ്രകാശിപ്പിക്കുകയുണ്ടായി.

ഭൂതനാഥോദ്‌ഭവം എന്ന ആട്ടക്കഥയും നാനാര്‍ഥ മഞ്‌ജരി, പണച്ചരിത്രം എന്നീ ഗദ്യകൃതികളും അപ്രകാശിതങ്ങളായി അവശേഷിക്കുന്നു.

1965 ആഗ. 11ന്‌ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍