This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരുണാകരന്‍ നായര്‍, കെ. (1920 - 75)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരുണാകരന്‍ നായര്‍, കെ. (1920 - 75)

കെ. കരുണാകരന്‍ നായര്‍

പ്രശസ്‌ത കേരളീയ ശാസ്‌ത്രകാരന്‍, ഡോ. കെ.കെ. നായര്‍ എന്ന പേരിലാണ്‌ ഇദ്ദേഹം അറിയപ്പെടുന്നത്‌. 1920 ജൂണ്‍ 12നു കൊട്ടാരക്കരയില്‍ ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം സ്വദേശത്തു നിര്‍വഹിച്ചശേഷം തിരുവനന്തപുരം സയന്‍സ്‌ കോളജില്‍ ചേര്‍ന്നു. 1939ല്‍ ജന്തുശാസ്‌ത്രത്തില്‍ ബിരുദം സമ്പാദിച്ചു. തുടര്‍ന്ന്‌ 1941ല്‍ മദ്രാസ്‌ പ്രസിഡന്‍സി കോളജില്‍ നിന്ന്‌ ബി.എസ്‌സി (ഓണേഴ്‌സ്‌) ബിരുദം നേടി. പിന്നീട്‌ മദ്രാസ്‌ സര്‍വകലാശാലയുടെ എം.എ. ബിരുദം (1947) സമ്പാദിക്കുകയും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ജന്തുശാസ്‌ത്രാധ്യാപകനായി ചേരുകയും ചെയ്‌തു. തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ നിന്നു പിഎച്ച്‌.ഡി. ബിരുദം കരസ്ഥമാക്കി. ജന്തുശാസ്‌ത്രത്തില്‍ ഉന്നത പരിശീലനത്തിനായി 1953-54ല്‍ കരുണാകരന്‍ നായര്‍ ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയിലും കേംബ്രിഡ്‌ജ്‌ സര്‍വകലാശാലയിലും ഗവേഷണം നടത്തുകയുണ്ടായി. 1963ല്‍ കേരളസര്‍വകലാശാലയുടെ ജന്തുശാസ്‌ത്രവകുപ്പു മേധാവിയായി ജോലിയില്‍ പ്രവേശിച്ച കരുണാകരന്‍ നായര്‍ 1965ല്‍ പ്രാഫസറായി നിയമിതമായി.

പ്രാണികളുടെ രൂപാന്തരണത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളെക്കുറിച്ചും അകശേരുകികളുടെ പുനരുത്‌പാദനത്തില്‍ സ്വാധീനം ചെലുത്തുന്ന അന്തഃസ്രാവികളെക്കുറിച്ചുമാണ്‌ ഇദ്ദേഹം പ്രധാനമായും ഗവേഷണം നടത്തിയത്‌. ഷഡ്‌പദങ്ങളിലെ ഒരിനമായ "ഗാളു'കളെക്കുറിച്ച്‌ ഇദ്ദേഹം വിപുല പഠനങ്ങള്‍ നടത്തിയിട്ടുണ്ട്‌. ഷഡ്‌പദങ്ങളുടെ നാഡീസ്രവം, അകശേരുകികളുടെ നാഡീസ്രവ കോശങ്ങള്‍, കൊതുകുകളുടെ ഉമിനീര്‍ ക്രാമസോമുകള്‍, ഞണ്ടിനങ്ങളുടെ നാഡീസ്രവം, ഞണ്ടുകളിലും ഷഡ്‌പദങ്ങളിലും അന്തഃസ്രാവിമൂലമുള്ള പ്രത്യുത്‌പാദന നിയന്ത്രണം എന്നിവയെല്ലാം കരുണാകരന്‍ നായര്‍ ഗവേഷണ വിഷയമാക്കിയ മേഖലകളാണ്‌. 195965 കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീ ബോര്‍ഡിന്റെ സാമ്പത്തികസഹായത്തോടെ ഇദ്ദേഹം തേയിലത്തോട്ടങ്ങളിലെ സൂക്ഷ്‌മ ജീവികളെക്കുറിച്ചു പഠനം നടത്തുകയുണ്ടായി. 196467 വരെ ആണവോര്‍ജ വകുപ്പിന്റെ സഹകരണത്തോടെ കേരളത്തിലെ മോണസൈറ്റ്‌ മേഖലയിലെ മണ്ണില്‍ വളരുന്ന കോളംബോള എന്നയിനം പ്രാണികളെ പഠനവിധേയമാക്കി.

ഇന്ത്യയ്‌ക്കകത്തും പുറത്തുമുള്ള നിരവധി അന്താരാഷ്‌ട്ര ശാസ്‌ത്രസമ്മേളനങ്ങളില്‍ കരുണാകരന്‍ നായര്‍ പങ്കെടുത്തിട്ടുണ്ട്‌. അന്തര്‍ദേശീയ ജന്തുശാസ്‌ത്രകോണ്‍ഗ്രസ്‌ (കോപ്പന്‍ഹേഗന്‍ 1953); മൂന്നാം അന്താരാഷ്‌ട്ര ന്യൂറോ സെക്രീഷന്‍ സിമ്പോസിയം (ബ്രിസ്റ്റള്‍ 1961); അന്തഃസ്രാവങ്ങളെക്കുറിച്ചുള്ള ശാസ്‌ത്രസിമ്പോസിയം(ജര്‍മനി 1965); പ്രാണിഹോര്‍മോണ്‍ സിമ്പോസിയം (ചെക്കോസ്ലവാക്കിയ 1966); എന്‍ഡോക്രനോളജി അന്താരാഷ്‌ട്ര കോണ്‍ഫറന്‍സ്‌ (ഡല്‍ഹി 1967); അന്താരാഷ്‌ട്ര എന്‍ഡോക്രനോളജി കോണ്‍ഗ്രസ്‌ (മെക്‌സിക്കോ 1968) എന്നിവ കരുണാകരന്‍ നായര്‍ പങ്കെടുത്ത ചില ശാസ്‌ത്രസമ്മേളനങ്ങളാണ്‌. 196869ല്‍ ഇംഗ്ലണ്ടിലെ ഈസ്റ്റ്‌ ആംഗ്ലിയാ സര്‍വകലാശാലയുടെ സ്‌കൂള്‍ ഒഫ്‌ ബയോളജിയില്‍ വിസിറ്റിങ്‌ പ്രാഫസറായി സേവനം അനുഷ്‌ഠിക്കുകയുണ്ടായി. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ 1969ല്‍ റിസര്‍ച്ച്‌ പ്രാഫസറായി പ്രവര്‍ത്തിച്ചു. 1971ല്‍ ഇന്ത്യന്‍ സയന്‍സ്‌ അക്കാദമിയുടെ ഫെലോഷിപ്പും ഇദ്ദേഹത്തിനു ലഭിച്ചു.

ഇന്ത്യയിലും വിദേശങ്ങളിലുമുള്ള ഗവേഷണമാസികകളില്‍ നിരവധി ശാസ്‌ത്രപ്രബന്ധങ്ങള്‍ കരുണാകരന്‍ നായര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ യുജി.സി. പ്രസംഗപരിപാടിയുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹം ചെയ്‌ത പ്രസംഗങ്ങളുടെ സമാഹാരമായ എലിമെന്റ്‌സ്‌ ഒഫ്‌ ഇന്‍സെക്‌റ്റ്‌ എന്‍ഡോക്രനോളജി (1973) കനപ്പെട്ട ഒരു കൃതിയാണ്‌. ഇന്‍വെര്‍ട്ടിബ്രറ്റ്‌ റീപ്രാഡക്ഷന്‍ എന്ന പുസ്‌തകവും ശ്രദ്ധേയമാണ്‌.

ഡോ. ടി.എന്‍. അനന്തകൃഷ്‌ണന്‍, ഡോ. ബി.വി. ഡേവിഡ്‌ എന്നിവരുമായി ചേര്‍ന്ന്‌ ഡോ. നായര്‍ പ്രിന്‍സിപ്പിള്‍സ്‌ ഒഫ്‌ ജനറല്‍ ആന്‍ഡ്‌ അപ്‌ളൈഡ്‌ എന്റമോളജി എന്നൊരു ഗ്രന്ഥം കൂടി രചിച്ചിട്ടുണ്ട്‌. ഷഡ്‌പദങ്ങളുടെ ലോകം (1961), പാരമ്പര്യശാസ്‌ത്രം (1964) എന്നീ മലയാള ഗ്രന്ഥങ്ങളുടെ കര്‍ത്താവുകൂടിയാണിദ്ദേഹം. ഡോ. നായര്‍ 1975 ജൂണ്‍ 26ന്‌ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍