This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരുണരസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരുണരസം

കരുണം: ഒരു ശില്‌പം

നവരസങ്ങളില്‍ ഒന്ന്‌. കരുണത്തിനു പുറമേ ശൃംഗാരം, ഹാസ്യം, വീരം, രൗദ്രം, ഭയാനകം, ബീഭത്സം, അദ്‌ഭുതം എന്നിങ്ങനെ ഏഴു രസങ്ങള്‍ കൂടി ഭരതന്റെ നാട്യശാസ്‌ത്രത്തില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്‌. ശാന്തം എന്നൊരു രസം പില്‌ക്കാലത്തു കൂട്ടിച്ചേര്‍ക്കപ്പെട്ടു. കരുണരസമെന്നാല്‍ മനസ്സിന്‌ അലിവുണ്ടാക്കുന്ന, മനസ്സിനെ അനു‌കൂലപ്പെടുത്തുന്ന രസം എന്നര്‍ഥം (കരോതി മനഃ ആനുകൂല്യായ എന്നു നിഷ്‌പത്തി). ആഗ്‌നേയ മഹാപുരാണപ്രകാരം രൗദ്രത്തില്‍ നിന്നാണ്‌ കരുണത്തിന്റെ ഉത്‌പത്തി. നാട്യശാസ്‌ത്രത്തില്‍ "അഥ കരുണോനാമ ശോകസ്ഥായിഭാവപ്രഭവ.... വൈവര്‍ണ്യാശ്രുസ്വരഭേദാദയഃ' എന്നൊരു ചെറുഗദ്യത്തില്‍ കരുണത്തെ അതിന്റെ വിഭാവാദ്യനു‌ഭാവാദികളോടെ പ്രതിപാദിച്ചശേഷം,

"ഇഷ്ടവധ ദര്‍ശനാദ്വാ,
വിപ്രിയവചനസ്യ സംശ്രവാദ്വാളപി
ഏഭിര്‍ഭാവ വിശേഷൈഃ
കരുണ രസോനാമ സംഭവതി'
 

എന്നൊരു ആര്യാപദ്യം കൊണ്ട്‌ നിര്‍വചിച്ചിരിക്കുന്നു. ഈ രസം സ്‌ഫുരിപ്പിക്കേണ്ടത്‌ എങ്ങനെയാണെന്നും ഭരതന്‍ വിവരിക്കുന്നുണ്ട്‌. കരുണം എന്ന്‌ ഒരു രസമേയുള്ളു. മറ്റുള്ള രസങ്ങള്‍ അതിന്റെ രൂപഭേദങ്ങള്‍ മാത്രമാണ്‌. ("ഏകോരസഃ കരുണ ഏവ നിമിത്തഭേദാത്‌'ഉത്തരരാമചരിതം) എന്ന്‌ ഭവഭൂതി കരുണത്തെ രസജനനിയായിട്ട്‌ ഉദ്‌ഭാവനം ചെയ്‌തിരിക്കുന്നു. വിശ്വനാഥ കവിരാജന്‍ ഈ രസത്തെ,

"ഇഷ്ടനാശാദനിഷ്‌ടാപ്‌തേഃ
കരുണാഖ്യോരസോഭണോളയം
കഥിതോയമദൈവതഃ
ശോകോളത്ര സ്ഥായിഭാവഃ സ്യാ
ചഛോച്യമാലംബനംമതം
തസ്യദാഹാദികാവസ്ഥാ
ഭവേദുദ്ദീപനം പുനഃ
അനു‌ഭാവാദൈവനിന്ദാ
ഭൂപാതക്രന്ദിതാദയഃ
വൈവര്‍ണ്യോ ളച്ഛാസനിശ്വാസ
സ്‌തംഭപ്രളയനാനിച
നിര്‍വേദമോഹാപസ്‌മാര
വ്യാധിഗ്ലാനിസ്‌മൃതിശ്രമാഃ
വിഷാദജഡതോന്‌മാദ
ചിന്താദ്യാവ്യഭിചാരിണഃ'
(സാഹിത്യദര്‍പ്പണം കകക)
 

എന്നിങ്ങനെ സാംഗോപാംഗം പ്രതിപാദിച്ചിട്ടുണ്ട്‌. "ശോകസ്യ കരുണഃ' (സൂത്രം) "പ്രിയ ജന വിഭവനാശ വധബന്ധാദിഭിശ്‌ശോകഃ സഞ്‌ജയാതേ, തസ്യവൈവര്‍ണ്യ മുഖശോഷണ സ്രസ്‌തഗാത്രതാശ്രുപാത വിലപിതാദയോളനു‌ഭാവാഃ ഗ്ലാനിദൈന്യചിന്താവിഷാദനിര്‍വേദ വ്യാധ്യുന്‌മാദമരണാദയോ വ്യഭിചാരിണഃ' (വൃത്തി) എന്നിങ്ങനെയാണ്‌ പ്രസ്‌തുത രസത്തെ ലീലാതിലകത്തില്‍ വിവരിക്കുന്നത്‌.

ഇഷ്ടനാശത്താലോ അനിഷ്ടലാഭത്താലോ ഹൃദയത്തിനു‌ണ്ടാകുന്ന ക്ഷോഭമായ, ശോകം എന്ന വികാരത്തിന്റെ പ്രകര്‍ഷമാണ്‌ കരുണരസം. യമനാണ്‌ ഇതിന്റെ അധിദേവത, നിറം മാടപ്പിറാവിന്റേത്‌; സ്ഥായിഭാവം ശോകം. വിഭാവത്താല്‍ ഉദ്‌ബുദ്ധവും അനു‌ഭാവത്താല്‍ പ്രതീതിയോഗ്യവും സഞ്ചാരിഭാവ(വ്യഭിചാരി)ത്താല്‍ പരിപുഷ്ടവുമാകുമ്പോഴാണ്‌ സ്ഥായിഭാവം രസമായി പരിണമിക്കുന്നത്‌. നഷ്ടപ്പെട്ട വ്യക്തിയോ വസ്‌തുവോ മറ്റെന്തെങ്കിലുമോ ആണ്‌ കരുണത്തിന്‌ ആലംബനവിഭാവം. ആലംബനസംബന്ധമായ വസ്‌തുക്കളോ വാര്‍ത്തകളോ (തദ്‌ദാഹാദികള്‍) ആണ്‌ ഉദ്ദീപനവിഭാവം. വിധ്യപലപനം, വിലാപം, നിശ്വാസോച്ഛാസങ്ങള്‍ തുടങ്ങിയവ അനു‌ഭാവങ്ങളും; നിര്‍വേദം, മോഹം, വ്യാധി, ഗ്ലാനി, സ്‌മൃതി, ശ്രമം, വിഷാദം, ജഡത, ഉന്‌മാദം ചിന്ത, ദൈന്യം തുടങ്ങിയവ സഞ്ചാരിഭാവങ്ങളും ആകുന്നു. കരുണരസ പ്രകര്‍ഷത്തിന്‌ ഉത്തമോദാഹരണങ്ങളാണ്‌ മഹാഭാരതത്തിലെ സ്‌ത്രീപര്‍വവും വിലാപകാവ്യങ്ങള്‍ പൊതുവെയും. ഉത്തരരാമചരിതത്തിലെ

"അന്നിത്തന്വംഗിയാള്‍ക്കും രഹസി കണവനും
			ശണ്‌ഠയുണ്ടാം ചിലപ്പോ
ളെന്നാല്‍ പ്രത്യക്ഷമായിട്ടിരുവരുടെ ശകാ
			രത്തിനും പാത്രമാം ഞാന്‍,
പിന്നെക്കോപ പ്രസാദാദികളുടെ നില
			ഞാന്‍ നിശ്ചയിക്കും പ്രകാരം
തന്നേ ചിന്തിപ്പതെന്തിന്നവ മമ ഹൃദയം
			ഹന്ത! വേവിച്ചിടുന്നു'.
(വിവര്‍ത്തനംചാത്തുക്കുട്ടി മന്നാടിയാര്‍)
 

ജനകന്‍ കൗസല്യയെക്കുറിച്ച്‌ അരുന്ധതിയോടു പറയുന്ന ഈ കരുണരസ പ്രധാനമായ ശ്ലോകത്തില്‍ ദിവംഗതനായ ദശരഥന്‍ ആലംബനവും, ദശരഥപത്‌നീദര്‍ശനാദികള്‍ ഉദ്ദീപനവുമാകുന്നു. ഉള്ളുരുക്കുന്ന വിഷാദമാണ്‌ ഇവിടത്തെ സഞ്ചാരിഭാവം. ചിന്താവിഷ്ടയായ സീതയിലെ

"പുരികം പുഴുപോല്‍ പിടഞ്ഞകം
ഞെരിയും തന്‍തല താങ്ങി കൈകളാല്‍
പിരിവാനരുതാഞ്ഞു കണ്ണുനീര്‍
ചൊരിയും ലക്ഷ്‌മണനെ സ്‌മരിപ്പു ഞാന്‍'
(ആശാന്‍)
 

എന്ന പദ്യത്തില്‍ പുരികം പിടയുക, തലതാങ്ങുക, കണ്ണുനീര്‍ ചൊരിയുക എന്നിവ അനു‌ഭാവങ്ങളും; വിഷാദം, ജഡത മുതലായവ സഞ്ചാരിഭാവങ്ങളും ആണ്‌. പരിത്യക്തയായ സീത ആലംബനവിഭാവവും നിയതി ഉദ്ദീപനവിഭാവവുമാകുന്നു. ഇവിടെ സീതയുടെ ശോകം വിഭാവാനുഭവവ്യഭിചാരിഭാവങ്ങളുടെ സംയോഗത്തിലൂടെ കരുണരസമായിത്തീരുന്നു.

ഈ രസം സ്‌ഫുരിപ്പിക്കേണ്ടത്‌ എങ്ങനെയാണെന്ന്‌ കേരളത്തിലെ നാട്യശാസ്‌ത്രകാരന്മാരും വിസ്‌തരിച്ചു പ്രപഞ്ചനം ചെയ്‌തിട്ടുണ്ട്‌.

"പതിതോര്‍ധ്വപുടാ സാസ്രാമന്യുമന്‌ഥര താരകാ,
നാസാഗ്രാനുഗതാദൃഷ്ടിഃ കരുണാ കരുണേ രസേ' 

എന്നു ഹസ്‌തലക്ഷണ ദീപികയിലും,

"കണ്‍ചെറുക്കിക്കരുമിഴി ചെറ്റേറ്റി പുഞ്ചിരിക്കും പോല്‍,
ചിറിയല്‌പം വലിച്ചീടില്‍ കരുണസ്‌ഫുരണം വരും'

എന്നു കഥകളിപ്രകാര (പന്നിശ്ശേരി നാണുപിള്ള)ത്തിലും കരുണരസസ്‌ഫുരണം വരുത്തേണ്ടത്‌ എങ്ങനെയെന്നു വ്യക്തമാക്കിയിരിക്കുന്നു. ഹംസാസ്യമുദ്ര പിടിച്ച്‌ "കൃഷ്‌ണമണി ശക്തികുറച്ചു കീഴ്‌പോട്ടു വീഴ്‌ത്തുകയും മൂക്കു നിശ്ചലമാക്കുകയും കവിള്‍ ഒടിച്ചിടുകയും കഴുത്ത്‌ ഓരോ ഭാഗത്തേക്കു ക്രമേണ ചരിക്കുകയും മുഖരാഗം ശ്യാമമാക്കുകയും ചെയ്‌ത്‌' (അഭിനയാങ്കുരം) ആണ്‌ കഥകളിയില്‍ കരുണരസം സ്‌ഫുടിപ്പിക്കുന്നത്‌. നളചരിതത്തിലെ ചൂതിനു‌ശേഷം ദമയന്തീസമാഗമം വരെയുള്ള കഥാഭാഗത്തിലെ സ്ഥായി കരുണമാണ്‌. ദക്ഷയാഗം ആട്ടക്കഥയിലെ "ഹന്ത! ദൈവമേ! എന്തു ചെയ്‌വൂ ഞാന്‍', സന്താനഗോപാലം ആട്ടക്കഥയിലെ "ആഹാ കരോമി കിം' തുടങ്ങിയ പദങ്ങള്‍ കഥകളി നടന്മാരുടെ കരുണരസാഭിനയ നികഷോപലങ്ങളാണ്‌. ശൃംഗാരത്തിന്റെ ഒരു പിരിവായ വിപ്രലംഭത്തില്‍ നായികാനായകന്മാരിലൊരാളുടെ നിര്യാണത്തിനു‌ശേഷം, ഏതെങ്കിലും വിധത്തില്‍ പുനസ്സമാഗമമുണ്ടായേക്കാമെന്ന പ്രത്യാശയോടെ കഴിയുന്ന മറ്റേ ആളുടെ വിയോഗാവസ്ഥയെ "കരുണവിപ്രലംഭ'മെന്നാണ്‌ വിശേഷിപ്പിക്കുന്നത്‌.

"ശോകസ്ഥായിതയാഭിന്നോ വിപ്രലംഭാദയം രസഃ
വിപ്രലംഭേരതിഃ സ്ഥായീ പുനസ്സംഭോഗ ഹേതുകഃ' 

എന്നിങ്ങനെയാണ്‌ സാഹിത്യദര്‍പ്പണത്തില്‍ കരുണത്തെ കരുണവിപ്രലംഭത്തില്‍ നിന്നു വ്യാവര്‍ത്തിപ്പിച്ചിരിക്കുന്നത്‌. ഭാരതീയരുടെയും പാശ്ചാത്യരുടെയും രസാസ്വാദന സിദ്ധാന്തങ്ങള്‍ തമ്മില്‍ സമന്വയിപ്പിക്കുന്നതിന്‌ കരുണം എന്ന രസത്തിന്റെയും കഥാര്‍സിസ്‌ (ഹൃദയവിമലീകരണം) എന്ന മാനസികാനു‌ഭവത്തിന്റെയും താരതമ്യപഠനം അത്യന്തം സഹായകമാണ്‌. നോ: കഥാര്‍സിസ്‌; നവരസങ്ങള്‍; രസങ്ങള്‍; സ്ഥായിഭാവം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B0%E0%B5%81%E0%B4%A3%E0%B4%B0%E0%B4%B8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍