This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരീംഖാന്‍ (? 1779)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരീംഖാന്‍ (? 1779)

കരീംഖാന്‍

പേര്‍ഷ്യന്‍ ഭരണാധികാരി. ദക്ഷിണ പേര്‍ഷ്യയിലുള്ള ലാകി (Lak) ലെ ആര്യവംശീയമായ സാങ്‌വര്‍ഗത്തിലാണ്‌ കരീംഖാന്‍ ജനിച്ചത്‌. ഒരു സാധാരണ പട്ടാളക്കാരനായിരുന്ന ഇദ്ദേഹം സ്വന്തം കഴിവുകൊണ്ട്‌ ഉയര്‍ന്നുവന്നയാളാണ്‌. നാദിര്‍ഷായുടെ മരണ (1747) ശേഷം പേര്‍ഷ്യയുടെ ഭരണഭാരം ഏറ്റെടുത്ത പ്രായപൂര്‍ത്തിയാകാത്ത സഫാവി രാജകുമാരനുംവേണ്ടി റീജന്റുമാരായി നാടുഭരിക്കാന്‍ കരീംഖാനും ബഖതിയാരി അലിമര്‍ദാന്‍ഖാനും നിയോഗിക്കപ്പെട്ടു. അലിമര്‍ദാന്‍ വധിക്കപ്പെട്ടപ്പോള്‍ ദക്ഷിണ പേര്‍ഷ്യയിലെ പരമാധികാരി കരീംഖാനായിത്തീര്‍ന്നു. അസെര്‍ബൈജാന്റെ ഭരണാധികാരിയും പേര്‍ഷ്യന്‍ സിംഹാസനത്തിന്റെ മറ്റൊരു എതിരാളിയുമായിരുന്ന ആസാദുമായുണ്ടായ ഏറ്റുമുട്ടലില്‍ (1752) കരീംഖാന്‍ വിജയിയായി. ബാഗ്‌ദാദിലും പിന്നീട്‌ തിഫിലിസിലും അഭയം പ്രാപിച്ച ആസാദിനെ കരീംഖാന്‍ തടവിലാക്കി. പിന്നീട്‌ കരീംഖാന്‍ ആസാദിനോട്‌ സ്‌നേഹപൂര്‍വം പെരുമാറുകയും അവര്‍ ഉറ്റ സുഹൃത്തുക്കളായിത്തീരുകയും ചെയ്‌തു. കരീംഖാന്റെ അവസാനത്തെ എതിരാളി, ഉത്തര പേര്‍ഷ്യ ഭരിച്ചിരുന്ന മുഹമ്മദ്‌ ഹസന്‍ഖാന്‍ കാജാര്‍ ആയിരുന്നു. യുദ്ധരംഗത്ത്‌ പലപ്പോഴും കരീംഖാന്‍ പരാജയപ്പെട്ടിരുന്നു. പക്ഷേ കരീംഖാന്റെ ജനസമ്മതിമൂലം കാജാറിന്റെ പല സുഹൃത്തുക്കളും കാജാറിനെ കൈവെടിഞ്ഞു. 1757ല്‍ കാജാര്‍ വധിക്കപ്പെട്ടതോടെ കരീം പേര്‍ഷ്യയിലെ ഏക ഭരണാധികാരിയായി.

യുദ്ധം കൊണ്ടു കഷ്ടപ്പെട്ടിരുന്ന പേര്‍ഷ്യന്‍ ജനതയ്‌ക്കു ശാന്തിയും സുരക്ഷിതത്വവും നീതിയും ഉണ്ടാക്കിക്കൊടുക്കാന്‍ കരീംഖാന്റെ 20 വര്‍ഷക്കാലത്തെ ഭരണത്തിനും കഴിഞ്ഞു. പേര്‍ഷ്യന്‍ ഗള്‍ഫിലെ വാണിജ്യം രക്ഷിക്കാനായി ഒട്ടോമന്‍കാരുമായി നടത്തിയ യുദ്ധത്തിലൂടെ ബസ്ര പിടിച്ചെടുക്കാനും കരീംഖാനും സാധിച്ചു. കര്‍ബലയില്‍ പേര്‍ഷ്യയിലെ ഷിയാമുസ്‌ലിങ്ങള്‍ക്ക്‌ തീര്‍ഥയാത്ര നടത്താന്‍ സൗകര്യമുണ്ടാക്കാനായി അദ്ദേഹം ബാഗ്‌ദാദും കീഴടക്കി. ഒരിക്കലും "ഷാ' എന്ന സ്ഥാനം സ്വീകരിക്കാതെ "വക്കീല്‍' (റീജന്റ്‌) സ്ഥാനംകൊണ്ട്‌ കരീംഖാന്‍ തൃപ്‌തിപ്പെട്ടു. ഷിറാസ്‌ പുതിയ തലസ്ഥാന നഗരമാക്കി; പള്ളികള്‍, അങ്ങാടികള്‍, പൂന്തോട്ടങ്ങള്‍ തുടങ്ങിയവ നിര്‍മിച്ച്‌ നഗരത്തെ മോടി പിടിപ്പിക്കുകയും ചെയ്‌തു. 1779ല്‍ കരീംഖാന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍