This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിവിവള്ളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരിവിവള്ളി

കുക്കുര്‍ബിറ്റേസീ സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു വള്ളിച്ചെടി. ശാ.നാ.: ബ്രയോണിയാ അംബല്ലേറ്റ (Bryonia umbellata). ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലും വളരുന്ന ഒരു ഓഷധിയാണിത്‌. പ്രതാനങ്ങളുപയോഗിച്ചു മറ്റു സസ്യങ്ങളില്‍ ചുറ്റിപ്പിടിച്ചു വളരുന്നു. ഡി. ആണ്‌ പൂക്കാലം. വേര്‌ ഔഷധമായി ഉപയോഗിക്കുന്നു. വേരില്‍ കയ്‌പുരസമുള്ള "ബ്രയോണിന്‍' എന്ന ഒരു ഗ്ലൂക്കൊസൈഡ്‌, അന്നജം, റെസിന്‍, ലവണങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്നു.

വേര്‌ ആരോഗ്യദായകവും കൃമിനാശകവും വിരേചനകാരിയുമാണ്‌. ഗുഹ്യരോഗങ്ങള്‍ക്ക്‌ വേര്‌ കൈകണ്ട ഔഷധമാണെന്നു കരുതപ്പെടുന്നു. വയറുകടി, വാതം, വിഷം എന്നിവയ്‌ക്കും ഫലപ്രദമാണ്‌. വാതത്തിന്‌ ചുവന്നുള്ളി, ജീരകം, ആവണക്കെണ്ണ എന്നിവ ചേര്‍ത്ത്‌ കുഴമ്പുണ്ടാക്കി തേച്ചു പിടിപ്പിക്കാം. വേരിന്‍നീര്‌ ജീരകവും പഞ്ചസാരയും കൂട്ടി തണുത്ത പാലില്‍ കഴിക്കുന്നത്‌ ധാതുസ്രാവ(spermatorrhoea)ത്തിന്‌ ഉത്തമ ചികിത്സയാണ്‌. വേരും ഫലങ്ങളും വേവിച്ച്‌ ഭക്ഷിക്കാറുണ്ട്‌. ചേര്‍ക്കുരുവിന്റെ കറകൊണ്ട്‌ പൊള്ളലുണ്ടായാല്‍ അത്‌ ശമിപ്പിക്കാന്‍ കരിവിവള്ളിയുടെ വേരിന്‍ നീര്‌ പുരട്ടുന്നതു നന്നാണ്‌. ഹൃദ്‌രോഗങ്ങള്‍, ദഹനക്കേട്‌, കല്ലടപ്പ്‌, മലബന്ധം, ചുമ, ആസ്‌ത്‌മ, അര്‍ശസ്സ്‌, വായുക്ഷോഭം എന്നിവയ്‌ക്ക്‌ വേര്‌ പൊടിച്ച്‌ നെയ്യും ചേര്‍ത്ത്‌ കഴിക്കുന്നത്‌ ഫലപ്രദമാകുന്നു. ഇലച്ചാറ്‌ സുഖവിരേചനം നല്‌കുന്നു. വേര്‌ നെയ്യില്‍ വറുത്തുപൊടിച്ച്‌ വ്രണങ്ങളില്‍ പുരട്ടാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍