This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിയിലക്കിളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരിയിലക്കിളി

Jungle Babbler

കരിയിലക്കിളി

ദേശാടനസ്വഭാവമുള്ള ഒരു പക്ഷി. ശാ.നാ.: റ്റര്‍ഡോയ്‌ഡസ്‌ സ്‌ട്രയാറ്റസ്‌ (Turdoides Striatus). കെരിയിലക്കിളിയോട്‌ തികച്ചും സാദൃശ്യമുള്ള മറ്റൊരു പക്ഷിയാണ്‌ പൂത്താങ്കീരി (White Headed Babbler). ഇതിന്റെ ശാ.നാ. റ്റര്‍ഡോയ്‌ഡസ്‌ അഫിനസ്‌ എന്നാണ്‌. ചിലപ്പന്‍ കിളികള്‍ (Babblers)എന്നു പറയാവുന്ന വര്‍ഗത്തില്‍പ്പെട്ടതാണിവ രണ്ടും.

ഏകദേശം മൈനയോളം വലുപ്പം വരുന്ന ഈ പക്ഷിയുടെ തലയില്‍ വെണ്ണയുടെ നിറമുള്ള ഒരു കിരീടമുണ്ട്‌. ചെവിയുടെ ഭാഗത്തു കറുപ്പുനിറമാണുള്ളത്‌. മൈനയുടേതിനെക്കാള്‍ കൂടുതല്‍ ഇരുണ്ട തവിട്ടുനിറമുള്ള നെഞ്ചും ഇളം മഞ്ഞനിറത്തില്‍, കുറേക്കൂടി ചെറുതും മൂര്‍ച്ചയേറിയതുമായ കൊക്കും കൂടുതല്‍ സംഗീതാത്‌മകമായ ശബ്‌ദവും ഇതിന്റെ പ്രത്യേകതകളാണ്‌. ലിംഗവ്യത്യാസം ദൃശ്യമല്ല. കേരളത്തിലുടനീളം സാധാരണ കാണപ്പെടുന്ന ഒരിനം പക്ഷിയാണിത്‌. 300 മീ. വരെ ഉയരമുള്ള ഭൂഭാഗങ്ങളില്‍ മിക്കവാറും എല്ലായ്‌പോഴും തന്നെ ഇവ കാണപ്പെടുന്നു. കുറ്റിച്ചെടികളും പൊന്തക്കാടുകളും നിറഞ്ഞ്‌, താരതമ്യേന വരണ്ട ഭൂപ്രദേശങ്ങളാണ്‌ ഇതിനിഷ്ടം. ആള്‍പ്പാര്‍പ്പുള്ളിടങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും അടുത്തായി ഇത്‌ കൂട്ടംചേര്‍ന്നു കാണപ്പെടുന്നു.

മധ്യപ്രദേശിന്റെ തെക്കുഭാഗം മുതല്‍ ദക്ഷിണേന്ത്യയുടെ ഏതാണ്ട്‌ മുഴുവന്‍ ഭാഗത്തും ഇതിനെ കാണാവുന്നതാണ്‌. വരണ്ട സമതലങ്ങളും ഉയര്‍ന്ന പീഠഭൂമികളും ഇതിന്റെ ആവാസകേന്ദ്രങ്ങളാകുന്നു.

ശ്രീലങ്കയില്‍ ഇതിന്റെ മറ്റൊരിനം കാണപ്പെടുന്നുണ്ട്‌. ആറേഴംഗങ്ങളുള്ള ചെറുകൂട്ടങ്ങളായേ ഇവ കാണപ്പെടാറുള്ളു. പൂവനും പിടയും സദാ ഒന്നിച്ചുനടക്കുന്നതു പോലെ ഒരു സംഘത്തില്‍പ്പെട്ട കരിയിലക്കിളികളും ഒരിക്കലും വേര്‍പിരിയാറില്ല. വേറൊരു കൂട്ടത്തില്‍ ചെന്നുചേരുകയോ സ്വന്തം കൂട്ടരെ പിരിഞ്ഞ്‌ അധികദൂരം പോകുകയോ ഈ പക്ഷികള്‍ക്കു പതിവില്ല. ഇവ ഒരുമിച്ചു നിലത്തു തുള്ളിനടന്ന്‌ സദാ കരിയിലകളെ കൊത്തി മറിക്കുന്നതു കാണാം. ഭക്ഷണം മുഖ്യമായും ചെറുപ്രാണികളാകുന്നു. നിലത്തു ചാടിച്ചാടി കരിയിലകളെയും മറ്റും ഇളക്കി മറിച്ചാണ്‌ ആഹാരസമ്പാദനം നടത്തുന്നത്‌.

നടക്കുവാനും ഓടുവാനും തീരെ കഴിവില്ലാത്തവയാണ്‌ കരിയിലക്കിളികള്‍. രണ്ടു കാലും ഒരുമിച്ചു വച്ച്‌ പെട്ടെന്നു പെട്ടെന്നു ചാടുകയാണ്‌ ഇവയുടെ പതിവ്‌. ഒരിടത്തുനിന്ന്‌ മറ്റൊരിടത്തേക്കു പോകുന്നതും ഉയരത്തിലേക്കു കയറിപ്പറ്റുന്നതും ഒരേപോലെ സാവധാനത്തിലാണ്‌. കുറച്ചു പറന്ന്‌ അല്‌പം വിശ്രമിക്കുകയും വീണ്ടും പറക്കുകയുമാണ്‌ ഇവയുടെ രീതി. താഴത്തെ കൊമ്പില്‍ നിന്ന്‌ ചാടിയും പാറിയും ഇവ അറ്റത്തെ ചില്ലകളിലെത്തുന്നു. എപ്പോഴും ചിലച്ചുകൊണ്ടിരിക്കുന്നത്‌ കൂട്ടം വിട്ടുപോകാതിരിക്കാനു‌ള്ള ഒരു വിദ്യയാണെന്നുവേണം കരുതാന്‍. മരക്കൊമ്പുകളിലും മറ്റും ഇരുന്ന്‌ ഇടയ്‌ക്കിടെ ഇവ വിശ്രമിക്കാറുണ്ട്‌. അപ്പോള്‍ ഒന്ന്‌ മറ്റൊന്നിന്റെ മുതുകത്തും തലയിലും നിന്ന്‌ ചെറുകൃമികളെ കൊക്കുകൊണ്ടു ചിനക്കി എടുത്തു ഭക്ഷിക്കുന്നതു കാണാം.

ഇവ കൂട്ടമായി മാത്രമേ ഇരതേടുകയുള്ളു. കീരി, പൂച്ച, പാമ്പ്‌, പ്രാപ്പിടിയന്‍ തുടങ്ങിയ ശത്രുക്കളില്‍നിന്ന്‌ രക്ഷപ്പെടുവാനു‌ള്ള വേഗമോ ശക്തിയോ ഇല്ലാത്തതിനാലാണ്‌ ഈ പക്ഷികള്‍ ഇപ്രകാരം കൂട്ടം ചേര്‍ന്നു നടക്കുന്നത്‌ എന്നു കരുതപ്പെടുന്നു. ശത്രു ദൂര ത്തെത്തുമ്പോള്‍ത്തന്നെ കൂട്ടത്തിലെ ഏതെങ്കിലുമൊരംഗം അതിനെ കാണുകയും ഉടന്‍ ശബ്‌ദമുയര്‍ത്തുകയും ചെയ്യുന്നു. ഈ അപായസൂചന കേട്ടാലുടന്‍ പക്ഷികളെല്ലാമൊരുമിച്ച്‌ അടുത്തേതെങ്കിലും മരത്തില്‍ അഭയം പ്രാപിക്കുകയായി. അവിടെ ചെന്നിരുന്നാലുടന്‍ എല്ലാ പക്ഷികളും ഒരുമിച്ച്‌ "ചീചീച്വില്‍ല്‍' ശബ്‌ദം ഉണ്ടാക്കാന്‍ തുടങ്ങും; ശത്രു അകലെ മറയുന്നതുവരെ ഇതു നര്‍ത്തുകയില്ല. ശത്രുബാധ തീര്‍ന്നു എന്ന്‌ പൂര്‍ണവിശ്വാസമാകുന്നതുവരെ ഇവ നിലത്തിറങ്ങുകയോ ആഹാരം തേടുകയോ ചെയ്യുകയുമില്ല.

എന്നാല്‍ തങ്ങളുടെ കൂട്ടത്തില്‍ ഒരംഗം ശത്രുവിന്റെ കൈയിലകപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ ഇവയുടെ ഭയമൊക്കെ പമ്പകടക്കുകയായി. ശത്രുവിന്റെ ചുറ്റും പറന്നു നിലവിളിക്കുകയും കൂടക്കൂടെ അതിന്റെ തലയ്‌ക്കും മുതുകത്തും കൊത്തുകയും ചെയ്യുന്നത്‌ സഹിക്കാനാവാതെ ശത്രു ഇരയെ ഉപേക്ഷിച്ചു പോവുകയാണ്‌ പലപ്പോഴും സംഭവിക്കുന്നത്‌. ശത്രുക്കളെ കാണുമ്പോള്‍ത്തന്നെ ബഹളം കൂട്ടുന്നതിനാല്‍ ഇവ മറ്റു പക്ഷികള്‍ക്കും രക്ഷപ്പെടാന്‍ മുന്‍കൂട്ടി അറിവുനല്‌കുന്നു എന്നു പറയാം.

കൂടുകെട്ടല്‍ ഏതു സമയത്താണെന്ന്‌ വ്യക്തമായി പറയാന്‍ പറ്റില്ലെങ്കിലും മാ.ജൂലൈ മാസങ്ങള്‍ക്കിടയിലാണ്‌ കൂടുതലും കാണപ്പെടുന്നത്‌. തറയില്‍നിന്ന്‌ സു. 2.53 മീ. ഉയരത്തില്‍, മരങ്ങളുടെ ഇലക്കൂട്ടങ്ങള്‍ക്കുള്ളിലും മുളങ്കൂട്ടത്തിലും തെങ്ങ്‌, ചെറിയ പന എന്നീ വൃക്ഷങ്ങളുടെ തലയ്‌ക്കലും ഗോപ്യമായാണ്‌ നീഡനിര്‍മാ ണം. ചുള്ളിക്കമ്പുകള്‍, വേരുകള്‍, പുല്ലുകള്‍, ഈറ, ചെറിയ വള്ളിത്തുണ്ടുകള്‍ എന്നിവ ചേര്‍ത്ത്‌ ഒരു ചെറിയ കപ്പിന്റെ രൂപത്തില്‍ കൂടുണ്ടാക്കുന്നു. കൂടിന്‌ വലിയ വൃത്തിയോ ഭംഗിയോ ഉണ്ടാവില്ല.

പെണ്‍പക്ഷി ഒരു തവണ 34 മുട്ടകളിടുന്നു. പച്ച കലര്‍ന്ന നീലനിറമുള്ള മുട്ടകള്‍ മനോഹരമാണ്‌. അടയിരിക്കുന്നതും തള്ളപ്പക്ഷി തന്നെ. എന്നാല്‍ ചില ജാതി കുയിലുകള്‍പേക്കുയിലുകള്‍ഈ കൂട്ടിനു‌ള്ളില്‍ കടന്നു കൂടി രഹസ്യമായി മുട്ടയിടുന്നത്‌ പതിവാണ്‌. ഈ കുയില്‍ മുട്ടകള്‍ക്കും ഹരിതനീല നിറമായതിനാല്‍ തള്ളപ്പക്ഷി എല്ലാ മുട്ടകളും ഒരുമിച്ചു വിരിയിച്ചിറക്കും. പക്ഷേ കുയില്‍ക്കുഞ്ഞ്‌ അധികം താമസിയാതെ കരിയിലക്കിളിയുടെ വിരിയാത്ത മുട്ടകളെയും വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെയും പുറത്തെറിയുന്നതായി കാണാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍