This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിയര്‍ പ്ലാനിങ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരിയര്‍ പ്ലാനിങ്‌

Career Planning

ഒരു പ്രത്യേക തൊഴിലിനാവശ്യമായ വൈദഗ്‌ധ്യം കണ്ടറിഞ്ഞ്‌ അതിനെ സ്വന്തം ജന്മവാസന, പഠനശേഷി, താത്‌പര്യം എന്നിവയുമായി സമന്വയിപ്പിക്കാനാവുമോ എന്നു വിലയിരുത്തിയശേഷം, ആ തൊഴില്‍ നേടി എടുക്കുന്നതിനു‌ള്ള ആസൂത്രിതശ്രമം. സംതൃപ്‌തി പകരാനാവുന്ന തൊഴില്‍ ഒരാളില്‍ യാദൃച്ഛികമായി വന്നെത്തുന്നതല്ല; മറിച്ച്‌ അത്‌ അയാള്‍ തന്നെ തിരഞ്ഞെടുക്കുന്നു എന്നതാണ്‌ കരിയര്‍ പ്ലാനിങ്ങിന്റെ അടിസ്ഥാനതത്ത്വം. ആഗോളവ്യാപകമായി മുതിര്‍ന്ന തലമുറയിലെ ഭൂരിപക്ഷം പേരും ഇപ്പോള്‍ തങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലില്‍ തൃപ്‌തരല്ല എന്നാണ്‌ ഗവേഷണഫലങ്ങള്‍ വ്യക്തമാക്കുന്നത്‌. ഇതിനു‌ കാരണം കരിയര്‍ പ്ലാനിങ്ങിന്റെ അഭാവമാണെന്നും കണ്ടെത്തിയിട്ടുണ്ട്‌.

ജന്മവാസന, അഭുരുചി, പഠനശേഷി, ശിക്ഷണസമ്പ്രദായം, സ്ഥാപന സാമീപ്യം, സാമ്പത്തികശേഷി, ലിംഗവ്യത്യാസം, ഉപരിപഠനസാധ്യത, തൊഴിലവസരങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങളും കരിയര്‍ പ്ലാനിങ്ങില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ട്‌. സ്വന്തം കഴിവ്‌ കണ്ടെത്തല്‍, പഠനപരിശീലന സൗകര്യങ്ങളെക്കുറിച്ചുള്ള വിലയിരുത്തല്‍, മികവ്‌ പ്രകടിപ്പിക്കാന്‍ കഴിയുന്ന മേഖലകള്‍ ഏതൊക്കെ എന്ന അന്വേഷണം, വിദഗ്‌ധരുമായുള്ള ചര്‍ച്ച, പൊതുവായ കാര്യങ്ങളെക്കുറിച്ചുള്ള അറിവുതേടല്‍ തുടങ്ങിയ കടമ്പകളാണ്‌ കരിയര്‍ പ്ലാനിംഗില്‍ ഉള്‍ക്കൊണ്ടിട്ടുള്ളത്‌. സ്വന്തം കഴിവ്‌ കണ്ടെത്തുന്നതിന്‌ അഭിരുചി, പ്രാപ്‌തി, മൂല്യബോധം, വ്യക്തി വൈശിഷ്‌ട്യം എന്നിവ ആഴത്തില്‍ വിശകലനം ചെയ്‌താലേ അനു‌യോജ്യമായ മേഖലകളിലേക്ക്‌ തിരയാനാകൂ. ഇതുകൊണ്ടുതന്നെ സ്വയം വിലയിരുത്തലിന്‌ പുറമേ, വിദഗ്‌ധരുമായി നടത്തുന്ന ചര്‍ച്ച ഏറെ ഫലപ്രദമാകാറുണ്ട്‌. കരിയര്‍ പ്ലാനിങ്ങുമായി ബന്ധപ്പെട്ട്‌ ആപ്‌റ്റിറ്റ്യൂഡ്‌ ടെസ്റ്റ്‌ നടത്താനും വിദഗ്‌ധസഹായം ആവശ്യമായി വരും.

കരിയര്‍ പ്ലാനിങ്ങിനു‌വേണ്ടി തൊഴിലുകളെ പല തട്ടുകളില്‍ ഉള്‍ക്കൊള്ളിക്കാറുണ്ട്‌. ആദ്യതട്ടില്‍ ഏറ്റവും കുറഞ്ഞ വൈദഗ്‌ധ്യവും പഠനവും ആവശ്യമായ തൊഴിലുകളെയാണ്‌ ഉള്‍പ്പെടുത്തുക. ഷോപ്പ്‌ അസിസ്റ്റന്റ്‌, വെയിറ്റര്‍, സെയില്‍സ്‌ ഡെമോണ്‍സ്‌ട്രറ്റര്‍ എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. സാമാന്യ വൈദഗ്‌ധ്യം ആവശ്യമായ തൊഴിലുകളാണ്‌ രണ്ടാമത്‌ തട്ടില്‍പ്പെടുത്തുക. മോട്ടോര്‍ മെക്കാനിക്‌, ഇലക്‌ട്രീഷ്യന്‍, മാര്‍ക്കറ്റ്‌ റിസര്‍ച്ച്‌ ഇന്‍റര്‍വ്യൂവര്‍, കോള്‍ സെന്റര്‍ അസിസ്‌റ്റന്റ്‌ തുടങ്ങിയ തൊഴിലുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. വൊക്കേഷണല്‍ പരിശീലനം ആവശ്യമായ തൊഴിലുകളാണിവ. അല്‌പംകൂടി ഉയര്‍ന്ന തലത്തിലുള്ള ശിക്ഷണവും പരിശീലനവും ആവശ്യമായ തൊഴിലുകളാണ്‌ മൂന്നാമത്തെ വിഭാഗത്തില്‍ വരുന്നത്‌. ടെക്‌നീഷ്യന്‍, ഫോട്ടോഗ്രാഫര്‍, ട്രാവല്‍ ഏജന്റ്‌, നഴ്‌സറിപ്രമറി തല അധ്യാപകന്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടും. പ്രാഫഷണല്‍ നിരയിലുള്ള ജോലികളാണ്‌ നാലാമത്തെ വിഭാഗത്തില്‍പ്പെടുക. ലൈബ്രറിയന്‍, സോഷ്യല്‍വര്‍ക്കര്‍, അധ്യാപകര്‍, സ്‌പീച്ച്‌ തെറാപ്പിസ്റ്റ്‌, കംപ്യൂട്ടര്‍ പ്രാഗ്രാമര്‍, നഴ്‌സ്‌, ഫിസിയോതെറാപ്പിസ്റ്റ്‌, സ്റ്റാറ്റിസ്റ്റീഷ്യന്‍, കെമിസ്റ്റ്‌ തുടങ്ങിയ തലങ്ങളിലെ പ്രാഫഷണലുകള്‍ ഈ വിഭാഗത്തില്‍പ്പെടും. സ്വന്തമായ സംരംഭങ്ങള്‍ നടത്താന്‍ തക്ക വൈദഗ്‌ധ്യം നേടിയ പ്രാഫഷണലുകളും സീനിയര്‍ മാനേജീരിയല്‍ ഉദ്യോഗങ്ങളും ഉള്‍ക്കൊണ്ട വിഭാഗമാണ്‌ അഞ്ചാമത്തെ തട്ടിലുള്ളത്‌. അഭിഭാഷകന്‍, ഡോക്ടര്‍, എഞ്ചിനീയര്‍, യൂണിവേഴ്‌സിറ്റി അധ്യാപകര്‍, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ്‌, കമ്പനി സെക്രട്ടറി, ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌, സീനിയര്‍ എക്‌സിക്യൂട്ടീവ്‌ തുടങ്ങിയ തൊഴിലുകള്‍ ഈ ഗണത്തില്‍ ഉള്‍പ്പെടുത്താം.

(ഡോ. എം. ശാര്‍ങ്‌ധരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍