This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിമ്പന്‍ കാടക്കൊക്ക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരിമ്പന്‍ കാടക്കൊക്ക്‌

Green sandpiper

കരിമ്പന്‍ കാടക്കൊക്ക്‌

മിക്ക സ്ഥലങ്ങളിലും കാണാവുന്ന ഒരു ദേശാടനപ്പക്ഷി. "കാടക്കൊക്ക്‌' എന്ന്‌ സാധാരണ അറിയപ്പെടുന്ന ഈ പക്ഷി നീര്‍ക്കാടയുടെ അടുത്ത ബന്ധുവാണ്‌. ശാ.നാ.: ട്രിങ്‌ഗാ ഒക്രാപസ്‌. കരാഡ്രിയിഡേയാണ്‌ ഇതിന്റെ കുടുംബം. ഇതിന്‌ നീര്‍ക്കാടയെക്കാള്‍ അല്‌പംകൂടി വലുപ്പമുണ്ടാകും. ദേഹത്തിന്റെ മുകള്‍ ഭാഗം മുഴുവന്‍ ഇരുണ്ട തവിട്ടുനിറമാണ്‌; ഇതില്‍ പച്ചത്തേപ്പുണ്ടാവും. അടിഭാഗം വെള്ളയായിരിക്കും. കഴുത്ത്‌, മാറിടം, വശങ്ങള്‍ (flanks)എന്നീ ഭാഗങ്ങളില്‍ തവിട്ടുനിറത്തിലുള്ള നേരിയ വരകള്‍ കാണപ്പെടുന്നു. പൃഷ്‌ഠ ഭാഗവും വാലും തൂവെള്ളയെന്നുതന്നെ പറയാം (ഇതില്‍ നേര്‍ത്ത കറുത്ത വരകള്‍ ഉണ്ടെങ്കിലും വളരെ അടുത്തു ചെന്നാല്‍ മാത്രമേ കാണാനാവൂ). പറക്കുമ്പോള്‍ ദേഹത്തിന്റെ കറുത്ത മുകള്‍ഭാഗവും വെളുത്ത പൃഷ്‌ഠഭാഗവും വാലും അടിഭാഗവും നമ്മുടെ ശ്രദ്ധയെ ഹഠാദാകര്‍ഷിക്കുന്നു. കൂടാതെ, പറന്നു തുടങ്ങുമ്പോഴും പറക്കുമ്പോഴും "ടിട്വി' എന്നോ "ട്വീട്വീട്വീ' എന്നോ ശബ്‌ദമുണ്ടാക്കുന്ന സ്വഭാവവും ഇതിനുണ്ട്‌. ഈ സ്വഭാവവിശേഷങ്ങളാല്‍ നിഷ്‌പ്രയാസം ഈ പക്ഷിയെ തിരിച്ചറിയാനാവുന്നു. നീര്‍ക്കാടയ്‌ക്കുള്ളതുപോലെ ചിറകില്‍ നെടുനീളെ വെള്ളപ്പട്ട കാണ്‍മാനില്ല. കാഴ്‌ചയില്‍ ആണിനെയും പെണ്ണിനെയും തിരിച്ചറിയുക വിഷമമാണ്‌.

പുഴത്തടത്തിലുള്ള കുണ്ടുകളിലും കുളക്കരയിലും ചതുപ്പുപ്രദേശങ്ങളിലും ചെറുതോടുകളിലും, ഒറ്റയ്‌ക്കോ അപൂര്‍വമായി ഇണകളായോ ഇവ ഇര തേടുന്നു. എന്നാല്‍ ഇതിനെ ഉപ്പുവെള്ളത്തിനരികെ കാണുക അപൂര്‍വമാണ്‌. 1,850 മീ. വരെ ഉയരമുള്ള പ്രദേശങ്ങളില്‍, സമൃദ്ധമായല്ലെങ്കിലും ഇതിനെ കണ്ടെത്താം.

നീണ്ടുനേര്‍ത്ത്‌ ഋജുവായ കൊക്കും കുറിയ വാലും ഇതിന്റെ പ്രത്യേകതകളാണ്‌. തറയില്‍ നിന്നോ ചെളിയില്‍ നിന്നോ ഓടിനടന്ന്‌ പക്ഷി ആഹാരസമ്പാദനം നടത്തുന്നത്‌ കൗതുകകരമായ ഒരു കാഴ്‌ചയാണ്‌. വെള്ളത്തില്‍ ആഴം കുറഞ്ഞ ഭാഗങ്ങളില്‍ നീന്തുന്നതും പതിവാകുന്നു. കഴുത്തുവരെ വെള്ളത്തില്‍ മുക്കിയാണ്‌ ഭക്ഷണം തേടുന്നത്‌. പുഴുക്കള്‍, ചെറിയയിനം ഒച്ച്‌, കക്ക, കൊഞ്ച്‌ തുടങ്ങിയവയും അവയുടെ ലാര്‍വകളുമാണ്‌ ഇതിന്റെ ഭക്ഷണം. ഭയമുണ്ടാകുമ്പോള്‍, ശക്തിയായി തലയിളക്കുകയും പൃഷ്‌ഠഭാഗം ഉയര്‍ത്തുകയും താഴ്‌ത്തുകയും ചെയ്യുന്നത്‌ ഇതിന്റെ ഒരു പ്രത്യേക സ്വഭാവമാണ്‌. വ. യൂറോപ്പിലും വ. ഏഷ്യയിലുമാണ്‌ ഈ പക്ഷി വേനല്‌ക്കാലം കഴിച്ചുകൂട്ടുക. ഇണചേരലും ഈ സമയത്തു നടക്കുന്നു. ശീതകാലമാകുന്നതോടെ ശ്രീലങ്ക, ഇന്ത്യ, മ്യാന്‍മര്‍, മലേഷ്യ എന്നിവിടങ്ങളിലേക്കു കുടിയേറുന്നു. മോസ്‌കോ "ബേഡ്‌ ബാന്‍ഡിങ്‌ ബ്യൂറോ'യിലെ ശാസ്‌ത്രജ്ഞര്‍ കാസാനിയില്‍ നിന്ന്‌ 1929 ജൂണില്‍ "വളയ'മിട്ടു വിട്ട ഒരു പക്ഷിയെ 1933 സെപ്‌.ല്‍ കോട്ടയത്തിനടുത്തു നിന്ന്‌ പിടിക്കാനിടയായി. ഉദ്ദേശം 5,600 കി.മീ. ആണ്‌ കാസാനി സിറ്റിയും കോട്ടയവും തമ്മിലുള്ള ദൂരം എന്നത്‌ ഈ പക്ഷിയുടെ ദേശാടനവ്യഗ്രത വ്യക്തമാക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍