This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിമ്പന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരിമ്പന

Palmyra Palm

പാമേ (Palmae) സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു ഒറ്റത്തടി വൃക്ഷം. ശാ.നാ.: ബൊറാസ്‌സസ്‌ ഫ്‌ളാബെല്ലിഫര്‍ (Borassus flabellifer). താലവൃക്ഷം എന്നാണിതിന്റെ സംസ്‌കൃതനാമം. ഇതിന്റെ ജന്മദേശം ആഫ്രിക്കയാണെന്ന്‌ കരുതപ്പെടുന്നു. ഇന്ത്യയില്‍ കേരളം, തമിഴ്‌നാട്‌, ആന്ധ്ര, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കരിമ്പന വളരുന്നുണ്ട്‌. കേരളത്തില്‍ പാലക്കാട്ടും പാറശ്ശാലയിലുമാണ്‌ കരിമ്പന അധികമായി കണ്ടുവരുന്നത്‌. 1220 മീറ്ററോ അതില്‍ക്കൂടുതലോ ഉയരത്തില്‍ പന വളരുന്നു. ശരാശരി 3035 സെ.മീ. വ്യാസമുള്ള കാണ്ഡത്തിന്റെ അഗ്രത്തില്‍ വിശറിയുടെ ആകൃതിയിലുള്ള 3040 ഓലകള്‍ ക്രമീകരിച്ച ഒരു മകുടമുണ്ട്‌. ഇലഞെട്ട്‌ (മടല്‍) നല്ല ബലമുള്ളതും ചുവടുഭാഗം വീതി കൂടിയതുമാണ്‌. ഹസ്‌താകാരത്തില്‍ വിഭജിതമായിട്ടുള്ള ഇലകള്‍ വിശറിപോലെ കാണപ്പെടുന്നു. കരിമ്പന ഒരു ഏകലിംഗവൃക്ഷമാണ്‌. 12-15 വര്‍ഷം പ്രായമാകുമ്പോള്‍ ഇത്‌ പുഷ്‌പിക്കുന്നു. ന.മുതല്‍ മാ. വരെയാണ്‌ പൂക്കാലം. ആണ്‍പൂങ്കുലകളും പെണ്‍പൂങ്കുലകളും വ്യത്യസ്‌ത വൃക്ഷങ്ങളിലാണ്‌ കാണുക. ആണ്‍ പൂങ്കുലകള്‍ വിരലുകള്‍പോലെ കാണപ്പെടുന്നു. എന്നാല്‍ പെണ്‍പൂങ്കുലകള്‍ കാഴ്‌ചയ്‌ക്ക്‌ ചെറിയ ഫലങ്ങള്‍പോലെ തോന്നും. വായുമൂലമാണ്‌ പരാഗണം നടക്കുന്നത്‌. ഒരു വൃക്ഷത്തില്‍ 6-12 വരെ കുലകളും ഒരു കുലയില്‍ 10-20 ഫലങ്ങളും ഉണ്ടായിരിക്കും. 10-15 സെ.മീ. വ്യാസമുള്ള വലിയ ആമ്രക(drupe)മാണ്‌ ഫലം. ഏറ്റവും പുറമേ മിഌസമുള്ള ഒരു ആവരണവും (എപികാര്‍പ്‌) അതിനടിയില്‍ ഒരടുക്ക്‌ ചകിരിയും (മീസോകാര്‍പ്‌) ഉള്ളില്‍ ചിരട്ടപോലുള്ള ഭാഗവും (എന്‍ഡോകാര്‍പ്‌) കാണാം. 23 വിത്തുകളുണ്ടായിരിക്കും. വിത്തിഌള്ളില്‍ മൃദുവായ കഴമ്പും മാധുര്യമുള്ള നീരുമുണ്ട്‌. വിത്തുമുളച്ചാണ്‌ പനയുണ്ടാകുന്നത്‌. മുളയ്‌ക്കാന്‍ മൂന്നുമാസം വേണ്ടിവരും. ഫലപുഷ്ടി കുറഞ്ഞ മണ്ണിലും കാര്യമായ സംരക്ഷണമൊന്നും കൂടാതെ കരിമ്പന വളരും.

കരിമ്പനകൂട്ടം

പനയില്‍ നിന്നെടുക്കുന്ന നീര്‌ നല്ലൊരു പാനീയമാണ്‌. ജനു., ഫെ. മാസങ്ങളിലാണ്‌ ഈ ആവശ്യത്തിനായി പന ചെത്തുന്നത്‌. പുളിപ്പു കൂടുമ്പോള്‍ ഈ നീര്‌ ലഹരിയുള്ളതായിത്തീരും. പനനീര്‌ കുറുക്കി കരുപ്പെട്ടിയുണ്ടാക്കുന്നു. കരുപ്പെട്ടിയില്‍ ഇരുമ്പ്‌, കാല്‍സിയം, ഫോസ്‌ഫറസ്‌ എന്നിവ അടങ്ങിയിരിക്കുന്നു. വളരെ പഴക്കുള്ള ഒരു കുടില്‍ വ്യവസായമാണിത്‌. പുളിക്കാത്തനീര്‌ കുറുക്കി തയ്യാറാക്കുന്ന മറ്റൊരു പദാര്‍ഥമാണ്‌ പനം കല്‍ക്കണ്ടം. ഇതിന്‌ ഔഷധപ്രാധാന്യമുണ്ട്‌. പനങ്കള്ളില്‍ ചുണ്ണാമ്പ്‌ ചേര്‍ത്തുണ്ടാക്കുന്ന "അക്കാനി' ഒരു നല്ല പാനീയമാണ്‌.

താലവിലാസം എന്ന തമിഴ്‌ ഗ്രന്ഥത്തില്‍ കരിമ്പനയുടെ 801 വിധത്തിലുള്ള ഉപയോഗങ്ങളെക്കുറിച്ചു പറഞ്ഞിട്ടുണ്ട്‌. തെങ്ങിന്റേതെന്ന പോലെ പനയുടെയും എല്ലാ ഭാഗങ്ങളും പ്രയോജനമുള്ളതാണ്‌. തടിയുടെ പുറമേ കാണുന്ന ആരുള്ള ഭാഗം പണിയായുധങ്ങള്‍ക്കും ഗൃഹ നിര്‍മാണത്തിനും ഉപയോഗിക്കുന്നു. നടുവിലുള്ള "ചോറ്‌' എടുത്തു മാറ്റിയിട്ട്‌ ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക്‌ വെള്ളം കൊണ്ടുപോകുന്നതിഌള്ള പാത്തികളായി ഉപയുക്തമാക്കാം. തടി തീ കത്തിക്കാഌം പ്രയോജനപ്പെടും. ഓലമടലില്‍ നിന്ന്‌ ലഭിക്കുന്ന ഒരുതരം നാര്‌ ബ്രഷുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പനയോലകൊണ്ട്‌ ഓലക്കുട, വിശറി, കൗതുകവസ്‌തുക്കള്‍, കുട്ടികള്‍ക്കുള്ള കളിക്കോപ്പുകള്‍ എന്നിവയുണ്ടാക്കുന്നു. ഓലമെടഞ്ഞ്‌ കുട്ട, വട്ടി, തടുക്ക്‌, തൊപ്പി എന്നിവയുണ്ടാക്കാം. ഓല മുറിച്ച്‌ ചീകി വൃത്തിയാക്കി എഴുതാഌപയോഗിക്കുന്നു. ഈര്‍ക്കില്‍ കൊണ്ട്‌ ചൂലുണ്ടാക്കാം. ഫലങ്ങള്‍ മൂപ്പെത്തുന്നതിഌ മുമ്പ്‌ ചെത്തി ഭക്ഷിക്കുന്നു. കരിമ്പന ധാരാളമുള്ള പ്രദേശങ്ങളില്‍ വേനല്‍ക്കാലത്ത്‌ ഇളനീര്‍ ചെത്തി അക്കാനിയും ചേര്‍ത്ത്‌ ഒരു ശീതളപാനീയമായി ഉപയോഗിക്കാറുണ്ട്‌. പാകമായ ഫലങ്ങളിലെ കഴമ്പ്‌ ഉണക്കി സൂക്ഷിച്ച്‌ പലഹാരങ്ങളും മറ്റുമുണ്ടാക്കുന്നു. പക്ഷികളുടെയും നിരുപദ്രവകാരികളായ ചെറുപ്രാണികളുടെയും മറ്റും ഒരു രക്ഷാസങ്കേതം കൂടിയാണ്‌ പന. മൈന മുതലായ ചെറുപക്ഷികള്‍ കരിമ്പനയിലെപൊത്തുകളില്‍ കൂടുകെട്ടുന്നു. മണ്ണൊലിപ്പു തടയുന്ന ഒരു വൃക്ഷമെന്ന നിലയിലും കരിമ്പനയ്‌ക്ക്‌ പ്രാധാന്യമുണ്ട്‌. ഇതിന്‌ കാറ്റിനെ ചെറുത്തു നില്‌ക്കുവാഌള്ള ശക്തിയുമുണ്ട്‌.

കരിമ്പനയുടെ നീര്‌, പൂങ്കുല, തൊലി, ഫലം, വേര്‌ എന്നിവയ്‌ക്ക്‌ ഔഷധഗുണമുണ്ട്‌. കൊഴുപ്പ്‌, ഒരിനം പശ, ആല്‍ബുമിനോയിഡുകള്‍ എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. പനനീര്‌, നൊങ്ക്‌, പട്ട, വേര്‌, കുരുന്നില എന്നിവ ഉദരരോഗങ്ങള്‍ക്ക്‌ മരുന്നാണ്‌. നീര്‌ ഉത്തേജകവും മൂത്രവര്‍ധകവുമാകുന്നു; വിരേചനത്തെ സഹായിക്കുകയും ചെയ്യുന്നു. ആമാശയ നീര്‍വീക്കം, ഇക്കിള്‍, ഗൊണോറിയ എന്നിവയ്‌ക്ക്‌ ഔഷധവുമാണ്‌. പുളിച്ച പനങ്കള്ളില്‍ അരിമാവുചേര്‍ത്ത്‌ കുറുക്കി തുണിയില്‍ മുക്കി അര്‍ബുദ വ്രണങ്ങളിലും പ്രമേഹക്കുരുക്കളിലും വച്ചുകെട്ടുന്നത്‌ നല്ലതാണ്‌. പനങ്കല്‍ക്കണ്ട്‌ ചുമയ്‌ക്കും ശ്വാസകോശരോഗങ്ങള്‍ക്കും ഔഷധമാണ്‌. കരിമ്പനത്തൊലി കരിച്ചുപൊടിച്ച്‌ പല്ലു തേയ്‌ക്കുന്നതും തൊലി കൊണ്ടുള്ള കഷായം ഉപ്പുചേര്‍ത്ത്‌ കവിള്‍ക്കൊള്ളുന്നതും പല്ലിനു മോണയ്‌ക്കും ഉറപ്പു വരുത്തുവാന്‍ ഉത്തമമാണ്‌. പൂങ്കുല കത്തിച്ച ചാരം പിത്തസംബന്ധമായ രോഗങ്ങള്‍ക്കു ഫലപ്രദമത്ര. ഇത്‌ യകൃത്‌ പ്ലീഹകളുടെ വീക്കത്തിന്‌ മറ്റൗഷധങ്ങളോടു കൂടി ലേപനം ചെയ്യാം. വേരിന്‌ ദേഹം തണുപ്പിക്കാനു രക്തം ശുദ്ധീകരിക്കാഌമുള്ള ശക്തിയുണ്ട്‌. വേരിന്‍ കഷായം വയറ്റിലെ രോഗങ്ങള്‍ക്ക്‌ ആശ്വാസമേകും. ഇളം പനന്നൊങ്കിന്റെ മധുരജലം ശീതളമാണ്‌; പനങ്കായുടെ കഴമ്പ്‌ വയറുകടിക്കും അതിസാരത്തിഌമുള്ള ഔഷധവും ആണ്‌. ത്വഗ്രാഗങ്ങള്‍ക്ക്‌ കഴമ്പ്‌ ദേഹത്തു പുരട്ടാം. ഓലത്തണ്ട്‌ വാട്ടിപ്പിഴിഞ്ഞെടുക്കുന്ന ചാറ്‌ പല നേത്രരോഗങ്ങള്‍ക്കും ഔഷധമാണ്‌.

നമ്മുടെ ശ്രഷ്‌ഠമായ പൗരാണികസാഹിത്യ പാരമ്പര്യത്തെ അനുസ്‌മരിപ്പിക്കുന്ന ഒരു വൃക്ഷമാണ്‌ കരിമ്പന. ഋഷിവര്യന്മാര്‍ തങ്ങളുടെ ചിന്തകളും പുരാണങ്ങളും ആലേഖനം ചെയ്‌തിട്ടുള്ളത്‌ താളിയോലകളിലാണ്‌. കരിമ്പനയെക്കുറിച്ച്‌ വാല്‌മീകിയും കാളിദാസഌം പരാമര്‍ശിച്ചിട്ടുണ്ട്‌. "നാളീകം കരിമ്പന മേലെയ്‌ത പോലെയോ' (കുചേലവൃത്തം വഞ്ചിപ്പാട്ട്‌), "നീലക്കരിമ്പന ഓലയെടുത്തുവാര്‍ന്നു മുറിച്ചു തുളച്ചെഴുതി' (വടക്കന്‍ പാട്ടുകള്‍) "പച്ചക്കുടകള്‍ക്കൊത്ത കരിമ്പന ദ്രുമങ്ങള്‍' (സാഹിത്യമഞ്‌ജരി ഒന്നാംഭാഗം) എന്നിങ്ങനെ കരിമ്പനയെക്കുറിച്ച്‌ പല സാഹിത്യകൃതികളിലും പരാമര്‍ശങ്ങളുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B0%E0%B4%BF%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍