This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിമീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരിമീന്‍

Pearl spot

കരിമീന്‍

ഒരിനം മത്സ്യം. ഇരുണ്ട ദേഹത്തിലാകെ വെളുത്ത മുത്തുകള്‍ വാരിവിതറിയതുപോലെയുള്ള പുള്ളികളോടു കൂടിയ ശരീരമാണ്‌ ഇതിനു‌ള്ളത്‌. "പേള്‍ സ്‌പോട്ട്‌' എന്ന പേരിനു‌ കാരണം ഈ പുള്ളികളാണ്‌. ഉപ്പുവെള്ളത്തിലും ശുദ്ധജലത്തിലും ഒരു പോലെ കഴിയാന്‍ പറ്റുന്ന ഒരു മത്സ്യമാണിത്‌. ശാ.നാ.: എറ്റ്രാപ്‌ളസ്‌ സൂററ്റെന്‍സിസ്‌. സൂറത്തില്‍ നിന്നാണ്‌ ആദ്യത്തെ മത്സ്യം ലഭിച്ചത്‌ എന്ന വിശ്വാസമായിരുന്നു ബ്ലോക്ക്‌ എന്ന ശാസ്‌ത്രജ്ഞന്‌ ഇതിനെ സൂററ്റെന്‍സിസ്‌ എന്നു വിളിക്കാന്‍ പ്രരകമായത്‌. എന്നാല്‍ വാസ്‌തവത്തില്‍ സൂറത്തില്‍ കരിമീന്‍ കാണപ്പെടുന്നതേയില്ല. ശ്രീലങ്കയുടെ തീരങ്ങളിലും ഇന്ത്യയില്‍ ഒറീസവരെയുള്ള ഭൂഭാഗങ്ങളിലെ ജലാശയങ്ങളിലും ഇതിനെ കണ്ടെത്താം. കേരളത്തിലെ കായലുകളിലും കുളങ്ങളിലും ഇത്‌ സമൃദ്ധമായി കാണപ്പെടുന്നു. ക്രാമിഡസ്‌ മത്സ്യകുടുംബത്തിലെ ഒരു പ്രധാനാംഗമാണ്‌ കരിമീന്‍. തിലാപ്പിയ, പള്ളത്തി എന്നിവ കരിമീനിന്റെ അടുത്ത ബന്ധുക്കളാണ്‌. വീതി കൂടി പരന്ന ശരീരമാണ്‌ കരിമീനിനു‌ള്ളത്‌. ഇളം പച്ചനിറമുള്ള ശല്‌ക്കങ്ങളാല്‍ ദേഹമാകെ ആവൃതമായിരിക്കുന്നു. ഇവയില്‍ അവിടവിടെയായാണ്‌ വെളുത്ത മുത്തുപോലെയുള്ള ബിന്ദുക്കള്‍. ഈ "മുത്തു'കള്‍ കൂടാതെ ദേഹത്തില്‍, ഓരോ വശത്തും കുറുകെ, എട്ട്‌ കറുത്ത "പട്ട'കള്‍ കാണാം. ഈ പട്ടകള്‍ കരിമീനിന്റെ ഒരു പ്രത്യേകതയാണ്‌. ഈ മുത്തുകളും പട്ടകളും എല്ലാം കൂടി കരിമീനിനെ സുന്ദരമാക്കിത്തീര്‍ക്കുന്നു. ഉദ്ദേശം 30 സെ.മീ. വരെ നീളവും ഒരു കിലോഗ്രാമിലധികം തൂക്കവും ഉണ്ടാകാവുന്ന ഇത്‌ സ്വാദേറിയ ഒരു ഭക്ഷ്യമത്സ്യമാണ്‌.

ഇതിന്റെ വായ്‌ വളരെ ചെറുതാണ്‌. കീഴ്‌ത്താടി മേല്‍ത്താടിയേക്കാള്‍ അല്‌പം മുമ്പോട്ടു തള്ളിനില്‌ക്കുന്നു. ഓരോ അണയിലും, അകത്തും പുറത്തുമായി, രണ്ടുവരി പല്ലുകളുണ്ടാവും. പത്രങ്ങളിലെ ബലമേറിയ മുള്ളുകള്‍ സ്വരക്ഷയ്‌ക്കുള്ള ആയുധമായി ഉപയോഗിക്കപ്പെടുന്നു. വെള്ളത്തിലെ പായല്‍, മറ്റു ജലസസ്യങ്ങള്‍ എന്നിവയാണ്‌ കരിമീനിന്റെ സാധാരണ ഭക്ഷണം. എന്നാല്‍ അപൂര്‍വമായി പുഴുക്കളും ചെമ്മീന്‍ കുഞ്ഞുങ്ങളും മറ്റും കൂടി ഇതിന്‍െറ ആഹാരമാകാറുണ്ട്‌. എങ്കിലും സ്‌പൈറൊഗൈറ എന്നയിനം ജലസസ്യമാണ്‌ ഇത്‌ ഏറ്റവും ഇഷ്ടപ്പെടുന്നത്‌. ജലസസ്യങ്ങളോടൊപ്പം കൊതുകിന്റെ മുട്ടകളെയും കൂത്താടികളെയും കൂടി അകത്താക്കാറുമുണ്ട്‌.

ഏതാണ്ട്‌ രണ്ടു വര്‍ഷം പ്രായമെത്തുന്നതോടെ കരിമീന്‍ മുട്ടയിടാനാരംഭിക്കും. മേയ്‌ജൂണ്‍, ഡി.ഫെ. എന്നീ കാലങ്ങളിലായി ആണ്ടില്‍ രണ്ടു തവണ ഇതു മുട്ടയിടുന്നു. ആണ്‍ കരിമീനിന്‌ പെണ്ണിനെക്കാള്‍ വലുപ്പക്കൂടുതലുണ്ട്‌. മുട്ടയിടാനു‌ള്ള കാലമാകുന്നതോടെ ഇവ ജോടിയായി കാണപ്പെടുന്നു. ജലാശയത്തിന്റെ ആഴം കുറഞ്ഞ ഭാഗങ്ങളില്‍ക്കാണുന്ന കല്ലുകളിലോ മരക്കൊമ്പുകളിലോ ആണ്‌ പെണ്‍മത്സ്യം സാധാരണയായി മുട്ടയിടുന്നത്‌. മുട്ടകളെ അവയില്‍ ഒട്ടിച്ചു വയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌. ഒരുതവണ പെണ്‍മത്സ്യം രണ്ടായിരം മുട്ടകള്‍ വരെ ഇടാറുണ്ട്‌. ബീജസങ്കലനം ബാഹ്യമാണ്‌: മരക്കൊമ്പുകളിലും മറ്റും ഒട്ടിയിരിക്കുന്ന മുട്ടകളിലേക്ക്‌ ആണ്‍മത്സ്യം ബീജനിക്ഷേപം നടത്തുന്നു. ഉദ്ദേശം 5 ദിവസം കഴിയുന്നതോടെ മുട്ട വിര-ിയാന്‍ തുടങ്ങും. മുട്ട വിരിയുന്നതുവരെ മാതാപിതാക്കള്‍ ചുറ്റും നീന്തിനടന്ന്‌ അവയെ കാത്തു സൂക്ഷിക്കുന്നതു കാണാം. ഈ ദിവസങ്ങളില്‍ സ്വന്തം ആഹാരത്തെക്കുറിച്ചുപോലും അവ ശ്രദ്ധിക്കാറില്ല. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ ഒന്നുരണ്ടുമാസം വളര്‍ച്ചയെത്തുന്നതുവരെ അമ്മയുമച്ഛനും സംരക്ഷിക്കുന്നു. ചൂണ്ടയിലെ ഇരയെ അതിവേഗം കൊത്തിവിഴുങ്ങുന്ന കരിമീന്‍ വലയ്‌ക്കുള്ളില്‍ എളുപ്പത്തില്‍ പെടാറില്ല. ചെളിയില്‍ പുതഞ്ഞു കിടക്കാനും, വലയ്‌ക്കടിയിലൂടെ ഊളിയിട്ടു രക്ഷപ്പെടാനു‌മുള്ള കഴിവാണ്‌ ഇതിനു‌ കാരണം. കേരളത്തില്‍ കരിമീന്‍ പിടിക്കുന്നത്‌ പ്രധാനമായും ചൂണ്ടയിട്ടാണ്‌. ആഴം കുറഞ്ഞ കായലുകളില്‍ മറ്റൊരു രീതിയും പ്രയോഗിക്കാറുണ്ട്‌: പറങ്കിമാവുപോലെ ഇലകള്‍ ധാരാളമുള്ള വൃക്ഷക്കൊമ്പുകള്‍ കായലിന്റെ ചില ഭാഗങ്ങളില്‍ കൂട്ടിയിടുന്നു. മുട്ടയിടാന്‍ പറ്റിയ സ്ഥലമായതിനാല്‍ കരിമീനു‌കള്‍ ഈ കൊമ്പുകള്‍ക്കു താഴെ താവളമടിക്കും. ഇതു കണ്ടാലുടന്‍ ഇവയ്‌ക്കു ചുറ്റിലും വലകൊണ്ട്‌ "വേലി' കെട്ടി, അകത്തുനിന്നു കൊമ്പുകള്‍ പെറുക്കി മാറ്റുന്നു. അതിനു‌ശേഷം ഇവയെ എളുപ്പ ത്തില്‍ പിടിച്ചെടുക്കാം. 2010ല്‍ കരിമീനിന്‌ കേരളത്തിന്റെ സംസ്ഥാനമത്സ്യം എന്ന പദവി ലഭിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍