This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിപ്പിടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരിപ്പിടി

Climbing perch

കരിപ്പിടി

കരയില്‍ നടക്കാന്‍ കഴിവുള്ള ഒരിനം ശുദ്ധജലമത്സ്യം. "കറൂപ്പ്‌' എന്നും ഇതിനു‌ പേരുണ്ട്‌. ശാ.നാ.: അനബാസ്‌ സ്‌കാന്‍ഡന്‍സ്‌. ഇന്ത്യ, ശ്രീലങ്ക, മ്യാന്‍മര്‍, മലയദ്വീപ്‌, ഫിലിപ്പീന്‍സ്‌ എന്നിവിടങ്ങളിലെ ശുദ്ധജലാശയങ്ങളിലും നദീമുഖങ്ങളിലും ഇത്‌ സമൃദ്ധമായി കാണപ്പെടുന്നു. 25 സെ.മീ.ല്‍ കുറയാതെ നീളംവയ്‌ക്കുന്ന ഇതിന്റെ ശരീരത്തിന്‌ ഒരു പ്രത്യേകയിനം പച്ചനിറമാണുള്ളത്‌ (rifle green). അടിഭാഗത്തെത്തുമ്പോഴേക്ക്‌ നിറം ക്രമേണ കുറഞ്ഞു വരുന്നു. കരിപ്പിടിയുടെ ശരീരത്തില്‍ നെടുകെയായി വീതിയുള്ള നാലു പട്ടകള്‍ കാണാം. പരന്ന ശരീരം ദൃഢമായ ചിതമ്പലുകളാല്‍ ആവൃതമാണ്‌. വലുപ്പമേറിയ പൃഷ്‌ഠ പത്രത്തിലെ ബലമുള്ള മുള്ളുകള്‍ മത്സ്യത്തെ കൈയില്‍ ഒതുക്കിപ്പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. മത്സ്യക്കുഞ്ഞുങ്ങളുടെ വാലിന്റെ അടിയറ്റത്തായി, വശത്ത്‌ ഒരു കറുത്ത പാടും അതിനെച്ചുറ്റി ഏതാണ്ട്‌ മഞ്ഞനിറമുള്ള ഒരു വളയവും കാണാം. പലപ്പോഴും ചെകിളയുടെ അഗ്രത്തിലും ഭുജപത്രത്തിന്റെ ആധാരഭാഗത്തും ഓരോ കറുത്ത പൊട്ട്‌ കാണാറുണ്ട്‌.

തലയ്‌ക്കുള്ളില്‍, കണ്ണിനു‌ പിന്നിലായി ഓരോ വായുഅറ കാണപ്പെടുന്നു. ഈ അറകള്‍ക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ഉപശ്വസനാവയവങ്ങള്‍ (accessory respiratory organs)ആണ്‌ മത്സ്യത്തെ അന്തരീക്ഷവായു ശ്വസിക്കുന്നതിന്‌ കെല്‌പുറ്റതാക്കിത്തീര്‍ക്കുന്നത്‌. ഏതാണ്ട്‌ വൃത്താകൃതിയിലുള്ള നേരിയ പ്‌ളേറ്റുകള്‍ കൊണ്ടു നിര്‍മിതമായ ഈ അവയവങ്ങളിലേക്ക്‌ രക്തം ധാരാളമായി പ്രവഹിച്ചു കൊണ്ടിരിക്കുന്നതിനാല്‍, രക്തത്തിന്റെ ശുദ്ധീകരണം സാമാന്യം ഉയര്‍ന്ന തോതില്‍ത്തന്നെ ഇവയ്‌ക്കുള്ളില്‍ നടക്കുന്നു. സാധാരണ മത്സ്യങ്ങളില്‍നിന്നു വ്യത്യസ്‌തമായി, കരിപ്പിടിയില്‍ രക്തശുദ്ധീകരണം നടക്കുന്നത്‌ പ്രധാനമായും ഈ അവയവത്തില്‍ വച്ചാണ്‌; ശകുലങ്ങള്‍ക്ക്‌ താരതമ്യേന അപ്രധാനമായ ഒരു പങ്കു മാത്രമേയുള്ളു. ഇക്കാരണത്താല്‍, വെള്ളമില്ലെങ്കിലും ദിവസങ്ങളോളം ഇവയ്‌ക്കു ജീവിച്ചിരിക്കുവാന്‍ സാധിക്കും; ശരീരത്തിലെ ഈര്‍പ്പം നഷ്ടപ്പെട്ടു പോകരുതെന്നുമാത്രം. എന്നാല്‍ അന്തരീക്ഷവായു ശ്വസിക്കാതെ ജീവിക്കുക ഇവയ്‌ക്ക്‌ അസാധ്യമാണ്‌. പത്തുമിനിറ്റില്‍ ഒരിക്കല്‍ അന്തരീക്ഷവായു വലിച്ചെടുക്കുന്നതിനായി ഇവ വെള്ളത്തിനു‌ മുകളിലേക്കുയര്‍ന്നു വരുന്നതും കാണാം.

വേനല്‍ക്കാലത്തു വറ്റിപ്പോകുന്ന കുളങ്ങളില്‍ നിന്ന്‌, അടുത്തുളള മറ്റു ജലാശയങ്ങളിലേക്ക്‌ ഇവ "നടന്നു' പോവുക പതിവാണ്‌. പാര്‍ശ്വപത്രങ്ങള്‍ക്കൊപ്പം കാണപ്പെടുന്ന നീണ്ടു കരുത്തുറ്റ മുള്ളുകള്‍ മണ്ണില്‍ കുത്തി, വാല്‍ വശങ്ങളിലേക്കാട്ടി, "ആടിക്കുഴഞ്ഞാ'ണ്‌ കരയിലൂടെയുള്ള ഇവയുടെ സഞ്ചാരം. റോഡുകളും വയലുകളും മൈതാനങ്ങളും താണ്ടിയുള്ള ഇവയുടെ യാത്ര പല മത്സ്യഗവേഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്‌. മിനിറ്റൊന്നിന്‌ 3 മീ. എന്ന വേഗതയില്‍ 90 മീ. ദൂരം ഒരു കരിപ്പിടി യാത്ര ചെയ്‌തതായി ഡോ. സ്‌മിത്ത്‌ എന്ന ശാസ്‌ത്രജ്ഞന്‍ രേഖപ്പെടുത്തിയിരിക്കുന്നു. ചെറുപ്രാണികള്‍, ഞാഞ്ഞൂല്‍, ചെമ്മീന്‍, ഒച്ചുകള്‍ തുടങ്ങിയവയാണ്‌ കരിപ്പിടിയുടെ പ്രധാനഭക്ഷണം. ചെറുമത്സ്യങ്ങളെയും അപൂര്‍വമായി ഇവ അകത്താക്കാറുണ്ട്‌. ജൂണ്‍ജൂല. മാസങ്ങളാണ്‌ വര്‍ഗോത്‌പാദനകാലം. ചൂണ്ടയിട്ടാല്‍ നിഷ്‌പ്രയാസം പിടിച്ചെടുക്കാവുന്ന ഈ മത്സ്യത്തെ, ആഴംകുറഞ്ഞ ജലാശയഭാഗങ്ങളില്‍ നിന്ന്‌ കൈകൊണ്ടു തപ്പിപ്പിടിക്കാന്‍പോലും ബുദ്ധിമുട്ടനു‌ഭവപ്പെടാറില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍