This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിന്തീയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരിന്തീയ

Carinthia

ഹോക്കൊസ്‌റ്റര്‍ വിറ്റ്‌സ്‌

ആസ്റ്റ്രിയയില്‍ കേര്‍ണ്‌ടന്‍ എന്ന പേരിലുള്ള ഘടക സംസ്ഥാനത്തിന്റെ പൂര്‍വനാമം. ദക്ഷിണ ആസ്റ്റ്രിയയില്‍ ആല്‍പ്‌സ്‌ മേഖലയിലുള്ള ഈ സംസ്ഥാനത്തെ ജനങ്ങളില്‍ ഭൂരിഭാഗവും ജര്‍മന്‍കാരാണ്‌. കരിന്തീയ (Carinthia)എന്നതിന്റെ ജര്‍മന്‍ രൂപമാണ്‌ കേര്‍ണ്‌ടന്‍ (Karnten); പ്രാചീന കാലം മുതല്‍ ഇവിടെ വസിച്ചിരുന്ന കെല്‍റ്റിക്‌ ജനവര്‍ഗത്തിന്റെ പേരായ "കാര്‍നി' എന്ന സംജ്ഞയില്‍ നിന്നാണ്‌ കരിന്തീയ എന്ന പദം നിഷ്‌പന്നമായിട്ടുള്ളത്‌. ഇറ്റലി, യൂഗോസ്ലാവിയ എന്നീ രാജ്യങ്ങളെ സ്‌പര്‍ശിച്ചു സ്ഥിതി ചെയ്യുന്ന കേര്‍ണ്‌ടന്‍ അഥവാ കരിന്തീയ ആസ്‌ട്രിയയിലെ സമ്പന്ന സംസ്ഥാനങ്ങളിലൊന്നാണ്‌; സംസ്ഥാനത്തിന്റെ ഇന്നത്തെ വിസ്‌തൃതി 9,533 ച.കി.മീ. ആണ്‌; ജനസംഖ്യ 561114 (2001). ആല്‍പ്‌സ്‌ മേഖലയിലെ വശ്യമോഹനങ്ങളായ കൊടുമുടികളും ശീതകാലത്തു തണുത്തുറയുന്ന തടാകങ്ങളും ഹിമാനികളും ആണ്ടുതോറും ലക്ഷക്കണക്കിനു‌ വിനോദസഞ്ചാരികളെ ആകര്‍ഷിച്ചുവരുന്നു. തലസ്ഥാനം ക്ലാജന്‍ഫര്‍ട്ട്‌. മധ്യ യൂറോപ്പില്‍ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ കെല്‍റ്റിക്‌ നഗരത്തിന്റെ ഭഗ്‌നാവശിഷ്ടങ്ങള്‍ ഈ പ്രവിശ്യയിലാണ്‌.

സമുദ്രനിരപ്പില്‍ നിന്ന്‌ നന്നേ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പൊതുവേ നിമ്‌നോന്നതമാണ്‌. വിസ്‌തൃത തടാകങ്ങളും 10 കി.മീ.ല്‍ അധികം നീളമുള്ള ഹിമാനികളും ധാരാളം പര്‍വതശിഖരങ്ങളുമുള്ള ഈ സംസാനത്തെ മുഖ്യ നദിയാണ്‌ ഡ്രാവ്‌ (Drau). സംസ്ഥാനത്തിന്റെ അധികപങ്കും ഡ്രാവ്‌ നദീവ്യൂഹത്തിന്റെ തടപ്രദേശമാണ്‌. ഡ്രാവ്‌, ഗേയ്‌ല്‍ നദീസംഗമത്തിനു‌ പശ്ചിമഭാഗം ഉയരമേറിയ പര്‍വതമേഖലയാണ്‌ (Upper Carinthia). പശ്ചിമ സീമയ്‌ക്കരികിലായി സംസ്ഥാനത്തെ ഏറ്റവും ഉയരമേറിയ ഗ്രാസ്‌ഗ്ലോക്‌നര്‍ (Grossglockner) കൊടുമുടി (3,797 മീ.) സ്ഥിതി ചെയ്യുന്നു. ഇവിടെ നാകം, കാരീയം, ഇരുമ്പ്‌ എന്നിവയുടെ അയിരുകളും കല്‍ക്കരിയും ഖനനം ചെയ്യപ്പെടുന്നു. ഡ്രാവ്‌, ഗേയ്‌ല്‍ നദീസംഗമത്തിനു‌ പൂര്‍വഭാഗം (Lower Carinthia) ഫലഭൂയിഷ്‌ഠമായ എക്കല്‍തടാകമാകയാല്‍ ഇവിടെ ഗോതമ്പ്‌, റൈ, ചോളം, ഓട്‌സ്‌, പഴവര്‍ഗങ്ങള്‍ എന്നിവ കൃഷി ചെയ്യപ്പെടുന്നു. സംസ്ഥാന വിസ്‌തൃതിയുടെ 40 ശതമാനത്തിലേറെ വരുന്ന പ്രദേശത്തുള്ള വനങ്ങള്‍ സമ്പദ്‌വ്യവസ്ഥയെ സാരമായി സ്വാധീനിക്കുന്നു; വനങ്ങളില്‍ ഏറിയപങ്കും സ്വകാര്യ ഉടമയിലുള്ളവയാണ്‌; വ്യാവസായികമായി പിന്നോക്കാവസ്ഥയിലുള്ള സംസ്ഥാനത്ത്‌ തടിയെ ആധാരമാക്കിയുള്ള പേപ്പര്‍, സെല്ലുലോസ്‌, പ്ലൈവുഡ്‌ തുടങ്ങിയ വ്യവസായങ്ങള്‍ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. ശാസ്‌ത്രീയാടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന കാലിസംരക്ഷണകേന്ദ്രങ്ങളുമുണ്ട്‌. ഒരു വ്യവസായ കേന്ദ്രം കൂടിയായ വില്ലാക്‌ (Villach) ആണ്‌ സംസ്ഥാനത്തെ ഏറ്റവും വലിയ ഗതാഗതകേന്ദ്രം. പതിനാലു പടിപ്പുരകളുള്ള വന്‍മതിലിനകത്ത്‌ സ്ഥിതിചെയ്യുന്ന കൊട്ടാരവും (ഹോക്കൊസ്‌റ്റര്‍ വിറ്റ്‌സ്‌) റോമാപ്പള്ളിയും (ഗുര്‍ക്‌) ആണ്‌ ഇവിടുത്തെ പ്രധാനവാസ്‌തു ശില്‌പ കൗതുകങ്ങള്‍.

ചരിത്രം. ചരിത്രാതീതകാലം മുതല്‍ ഒരു കെല്‍റ്റിക്‌ രാജസ്ഥാനമായിരുന്ന ഈ പ്രദേശം ബി.സി. 16ല്‍ റോമന്‍ ആധിപത്യത്തിലായി. അഗസ്റ്റസ്‌ ചക്രവര്‍ത്തിയുടെ കാലത്ത്‌ ഇവിടം റോമന്‍ പ്രവിശ്യയായ നോറിക്ക(Noricum)മിന്റെ ഭാഗമായിരുന്നു. റോമാസാമ്രാജ്യത്തിന്റെ അധഃപതനത്തോടെ ജര്‍മന്‍കാരും സ്ലാവുകളും ഇവിടം അധീനപ്പെടുത്തി. 5-ാം ശ.ത്തില്‍ ഗോത്തുകളും തുടര്‍ന്ന്‌ അവാര്‍ജനതയും ഇവിടം കൈയടക്കുകയുണ്ടായി. 7-ാം ശ.ത്തില്‍ സാമോ എന്ന ഫ്രാങ്കിഷ്‌ സാഹസികന്‍ ഇവിടം കേന്ദ്രമാക്കി കരിന്താനിയ എന്ന പേരിലൊരു ചെറുരാജ്യം സ്ഥാപിച്ചു. 8-ാംശ.ത്തില്‍ ബവേറിയക്കാര്‍ ഇവിടം കൈക്കലാക്കി. തുടര്‍ന്ന്‌ 12 നൂറ്റാണ്ടുകാലം പല ചക്രവര്‍ത്തിമാരുടെയും പ്രഭുക്കന്മാരുടെയും അധീനതയിലായിരുന്ന ഈ മേഖലയുടെ അല്‌പഭാഗം 180914 കാലത്ത്‌ ഫ്രഞ്ച്‌ പ്രവിശ്യയായ ഇലീരിയയുടെ ഭാഗമായിരുന്നു. 20-ാം ശ.ത്തിന്റെ ആരംഭത്തോടെ കരിന്തീയയുടെ തെക്കുകിഴക്കന്‍ ഭാഗം ഒഴിച്ചുള്ള മേഖലയാകെ ജര്‍മന്‍ സംസ്‌കാരം പടര്‍ന്നു കഴിഞ്ഞിരുന്നു; 1910ല്‍ ജനതതിയുടെ 80 ശ.മാ.ത്തോളം ജര്‍മന്‍കാരായിരുന്നു. ഒന്നാം ലോക യുദ്ധാനന്തരം ഇറ്റലിയിലെയും യൂഗോസ്ലാവിയയിലെയും പല രാജാക്കന്മാരും ഈ മേഖലയില്‍ അവകാശമുന്നയിക്കുകയുണ്ടായി; 1919 സെപ്‌. 10നു‌ ഒപ്പുവച്ച സെയ്‌ന്റ്‌ ജര്‍മെയ്‌ന്‍ ഉടമ്പടി പ്രകാരം യൂഗോസ്ലാവിയയ്‌ക്ക്‌ 332 ച.കി.മീ.ഉം ഇറ്റലിക്ക്‌ 445 ച.കി.മീ.ഉം പ്രദേശങ്ങള്‍ ലഭിച്ചു. ജര്‍മന്‍കാര്‍ക്ക്‌ ഭൂരിപക്ഷമുള്ള കരിന്തീയയിലെ ന്യൂനപക്ഷമായ സ്ലാവുകള്‍ക്ക്‌ ആസ്‌ട്രിയന്‍ ഭരണാധിപത്യത്തിന്‍ കീഴില്‍ സംരക്ഷണം ലഭിച്ചു വരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍