This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിന്താളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരിന്താളി

Ebony

കരിന്താളി

എബനേസീ (Ebenaceae) സസ്യകുടുംബത്തിലെ ഡയോസ്‌പൈറോസ്‌ ജീനസില്‍പ്പെടുന്ന വൃക്ഷം. ഉഷ്‌ണമേഖലാപ്രദേശങ്ങളിലാണ്‌ കരിന്താളി വൃക്ഷങ്ങള്‍ വളരുന്നത്‌. തടി നല്ല കടുപ്പവും ഈടും ഉള്ളതും മിനു‌സമേറിയതുമാണ്‌. ഇന്ത്യയിലും ശ്രീലങ്കയിലും വളരുന്ന ഡയോസ്‌പൈറോസ്‌ എബനം (Diospyros ebenum) എന്നയിനം കരിന്താളി വൃക്ഷത്തിന്റെ തടിയാണ്‌ ഏറ്റവും മേന്മയുള്ളതെന്ന്‌ കരുതപ്പെടുന്നു.

പുരാതനകാലം മുതല്‍ പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ളതാണ്‌ കരിന്താളിത്തടി. ദേവദാരുവിനോടും സൈപ്രസിനോടും കിട നില്‌ക്കുന്ന അതിന്റെ ദാര്‍ഢ്യത്തെക്കുറിച്ച്‌ പൗരാണികര്‍ മനസ്സിലാക്കിയിരുന്നു. ബി.സി. 350നു‌ മുമ്പുതന്നെ ഗ്രീക്കുകാര്‍ക്ക്‌ ഇന്ത്യയിലെ കരിന്താളിത്തടിയെക്കുറിച്ച്‌ അറിവുണ്ടായിരുന്നതായി കാണാം. പുരാതന ഈജിപ്‌തുകാര്‍ എത്യോപ്യയില്‍ നിന്നുള്ള കരിന്താളിത്തടി ഉപയോഗിച്ചിരുന്നുവെന്നുള്ളതിന്‌ തെളിവുകളുണ്ട്‌. ബൈബിളിലും അറബിക്കഥകളിലും ഇതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്‌. ഇന്ത്യയിലെ പുരാതന രാജാക്കന്മാര്‍ ചെങ്കോലും വിഗ്രഹങ്ങളും നിര്‍മിക്കാന്‍ ഈ തടി ഉപയോഗിച്ചിരുന്നതായി ഗേയൂസ്‌ സോളിനസ്‌ (Gaius Solinus)പോളിഹിസ്റ്റര്‍ (Polyhistor)എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എത്യോപ്യയില്‍ നിന്നു 3 വര്‍ഷത്തിലൊരിക്കല്‍ 200 കഷണം കരിന്താളിത്തടി വീതം ഉപഹാരമായി പേര്‍ഷ്യയിലേക്ക്‌ കയറ്റി അയച്ചിരുന്നതായി ഹെറഡോട്ടസ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. കറുകറുത്ത കരിന്താളിത്തടി കൊണ്ടുള്ള സിംഹാസനത്തില്‍ ഉപവിഷ്ടനായിട്ടാണ്‌ പാതാള അധിപനായ പ്ലൂട്ടോയെ റോമന്‍ഗ്രീക്‌ ഇതിഹാസങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നത്‌. തടിക്ക്‌ വിഷാംശം നശിപ്പിക്കാനു‌ള്ള കഴിവുണ്ടെന്ന്‌ കരുതപ്പെടുന്നതിനാല്‍ പാനപാത്രങ്ങളുണ്ടാക്കാന്‍ ഇതുപയോഗിച്ചിരുന്നു. ഏറ്റവും നല്ല ഇനങ്ങളുടെ തടിക്ക്‌ നല്ല ഈടും നല്ല കറുപ്പുനിറവുമുണ്ടായിരിക്കും. ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന ഡ. എബനം തടിയുടെ വണ്ണം, കറുപ്പിന്റെ തീവ്രത, മിനുപ്പ്‌ എന്നീ ഗുണങ്ങളില്‍ മറ്റുള്ളവയെയെല്ലാം പിന്നിലാക്കുന്നു. ഡ.വെര്‍ജീനിയാന എന്ന അമേരിക്കന്‍ കരിന്താളിയുടെയും വടക്കന്‍ ബംഗാള്‍ സ്വദേശിയായ ഡ. ടൊമന്‍ടോസയുടെയും തടിക്ക്‌ നല്ല കറുപ്പും ഈടുമുണ്ട്‌. ഈസ്റ്റിന്ത്യന്‍ എബണി എന്നറിയപ്പെടുന്ന ഡ. മെലനോക്‌ സിലോണ്‍ 2530 മീ. ഉയരത്തില്‍ വളരുന്നു. ഡ. മൊണ്ടാനയുടെ തടി മഞ്ഞകലര്‍ന്ന തവിട്ടു നിറത്തോടുകൂടിയതും അധികം കടുപ്പമില്ലാത്തതും എന്നാല്‍ ദീര്‍ഘകാലം നിലനില്‌ക്കുന്നതുമാണ്‌.

ഭംഗിയുള്ള വീട്ടുസാമാനങ്ങള്‍, കത്തിപ്പിടികള്‍, പിയാനോ കട്ടകള്‍, വയലിനിന്റെ ഫിങ്‌ഗര്‍ ബോര്‍ഡ്‌, കടഞ്ഞ ഉരുപ്പടികള്‍ എന്നിവ ഉണ്ടാക്കാ ഒട്ടുപണി ചെയ്യാ ഇതിന്റെ തടി ഉപയോഗിക്കുന്നു. യു.എസ്സിലെ ഡ. വെര്‍ജീനിയാന എന്ന ഇനത്തിന്റെ നന്നായി പഴുത്ത പഴങ്ങള്‍ ഭക്ഷ്യയോഗ്യമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍