This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിനൊച്ചി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരിനൊച്ചി

Five-leaved chaste tree

കരിനൊച്ചി

വെര്‍ബിനേസീ (verbenaceae) സസ്യകുടുംബത്തില്‍പ്പെട്ട ഒരു ഔഷധച്ചെടി. ശാ.നാ.: വൈറ്റെക്‌സ്‌ നിഗുണ്‍ഡോ (Vitex negundo). കൃഷ്‌ണനിര്‍ഗുണ്ഡി എന്നും പേരുണ്ട്‌. ഇന്ത്യയിലും മ്യാന്‍മറിലും കാണപ്പെടുന്നു. ദക്ഷിണേന്ത്യയിലാണ്‌ മുഖ്യമായും ഈ ചെടി വളരുന്നത്‌.

കരിനൊച്ചി ഏകദേശം 3 മീ. ഉയരത്തില്‍ വളരുന്നു. ചതുരാകൃതിയിലുള്ള കാണ്ഡത്തിന്റെ പുറന്തൊലിക്ക്‌ ചാരനിറമാണ്‌. 1520 സെ.മീ. നീളമുള്ള ബഹുപത്രങ്ങള്‍ സമ്മുഖമായി ക്രമീകരിച്ചിരിക്കുന്നു. ഇലയുടെ അടിഭാഗത്തിന്‌ ഇളം വയലറ്റ്‌ നിറമാണ്‌. വര്‍ഷത്തിലുടനീളം ചെടി പൂവണിഞ്ഞു നില്‌ക്കുമെങ്കിലും മാ. മേയ്‌ കാലത്താണ്‌ പൂക്കള്‍ അധികമായി ഉണ്ടാകുന്നത്‌. അസമമിതങ്ങളായ പൂക്കള്‍ക്ക്‌ നീലകലര്‍ന്ന പര്‍പ്പിള്‍ നിറമാണ്‌; വലുപ്പവ്യത്യാസമുള്ള 5 ഇതളുകള്‍ ഒന്നു ചേര്‍ന്നതാണ്‌ ദളപുടം. ദളപുടക്കുഴലില്‍ സ്ഥിതി ചെയ്യുന്ന 4 കേസരങ്ങള്‍ ഒന്നിടവിട്ട്‌ നീളം കൂടിയും കുറഞ്ഞും കാണപ്പെടുന്നു.

തീക്ഷ്‌ണമായ വാതം, ഗൊണേറിയ എന്നീ രോഗങ്ങള്‍ക്ക്‌ കരിനൊച്ചിയുടെ ഇല കൈകണ്ട ഔഷധമാണ്‌. വാതം മൂലമുള്ള സന്ധികളിലെ നീര്‍വീക്കം, ഉളുക്ക്‌ എന്നിവയ്‌ക്ക്‌ ഇല തീയില്‍ വാട്ടി ഉപയോഗിക്കുന്നു. ഇല നിറച്ച തലയണ തലയ്‌ക്ക്‌ വച്ച്‌ കിടക്കുന്നതും ഇല ഉണക്കിപ്പൊടിച്ച്‌ പുകവലിക്കുന്നതും കടുത്ത തലവേദനയ്‌ക്കും ജലദോഷപ്പനിക്കും ഫലപ്രദമാണ്‌. ഇലച്ചാറു ചേര്‍ത്ത്‌ എണ്ണകാച്ചിത്തേക്കുന്നത്‌ ജലദോഷത്തിഌ നല്ലതാണ്‌. പേശീബലം വര്‍ധിപ്പിക്കാന്‍ ഇലച്ചാറും ആവണക്കെണ്ണയും ചേര്‍ത്ത്‌ എണ്ണകാച്ചി ഉപയോഗിക്കാറുണ്ട്‌. കരിനൊച്ചിയിലയും തിപ്പലിയും ചേര്‍ത്ത്‌ കഷായം വച്ചു കുടിക്കുന്നത്‌ ജലദോഷപ്പനിക്കു വളരെ നല്ലതാണ്‌. (ഭാവപ്രകാശം) ജ്വരത്തിന്‌ "കരിനൊച്ചി പിഴിഞ്ഞ വാരി തന്നില്‍ ചരതിച്ചെണ്ണ ചമച്ചു തേയ്‌ക്ക നീളെ' എന്ന്‌ യോഗാമൃതത്തിലും "കരിനൊച്ചിയിലാനീരില്‍ നസ്യം സന്നിക്കുമുത്തമം' എന്ന്‌ പ്രയോഗസമുച്ചയ(വിഷവൈദ്യം)ത്തിലും പറഞ്ഞുകാണുന്നു. പ്ലീഹാവീക്കം, അര്‍ശസ്സ്‌, വിരശല്യം, കുഷ്‌ഠം, സിഫിലിസ്‌ കൊണ്ടുണ്ടാകുന്ന ത്വഗ്‌രോഗങ്ങള്‍ എന്നിവയ്‌ക്കും കരിനൊച്ചിയില ഔഷധമാകുന്നു. വേരിന്‍ തൊലി വാതം, അര്‍ശസ്സ്‌, അതിസാരം ഇവയ്‌ക്കും; പൂവ്‌ വയറുകടി, കോളറ, പനി മുതലായ രോഗങ്ങള്‍ക്കും; വിത്ത്‌ കുഷ്‌ഠത്തിഌം; തൊലി തേള്‍വിഷത്തിഌം ഔഷധമാണ്‌.

"വെള്ളക്കുറവുള്ള സ്ഥലത്ത്‌ പുറ്റോടുകൂടി കരിനൊച്ചി നില്‌ക്കുന്നതിനാല്‍ അതിങ്കല്‍ നിന്നു മൂന്നു കോല്‍ തെക്കോട്ടു നീങ്ങി രണ്ടേകാല്‍ ആള്‍ക്കു കുഴിച്ചാല്‍ ഒരിക്കലും വറ്റിപ്പോകാത്തതും സ്വാദുള്ളതുമായ ജലം കാണപ്പെടും' എന്ന്‌ ബൃഹത്‌ സംഹിത (രത്‌നപ്രഭാ ഭാഷാവ്യാഖ്യാനം) യില്‍ കരിനൊച്ചിയെക്കുറിച്ച്‌ പറഞ്ഞിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍