This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിനിലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരിനിലം

അമ്ലതയും ജൈവാംശവും കൂടുതലായുള്ള മണ്ണിനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചതുപ്പുപ്രദേശം. കടലോരങ്ങളിലും കായലോരങ്ങളിലുമാണ്‌ കരിനിലങ്ങള്‍ സാധാരണയായി കാണപ്പെടുന്നത്‌. മുഖ്യമായും ഉഷ്‌ണമേഖലയിലെ ചതുപ്പുകളില്‍ വ്യാപിച്ചിരിക്കുന്ന കരിനിലങ്ങള്‍, അവയുടെ സങ്കീര്‍ണമായ സ്വഭാവവിശേഷങ്ങള്‍ക്കു പുറമേ ആണ്ടിലധികകാലവും ജലനിമഗ്‌നമായിരിക്കുന്നതിനാല്‍, ഒരു വിള മാത്രമേ കൃഷിചെയ്യാന്‍ ഉപയുക്തമാകുന്നുള്ളു. ബംഗ്ലാദേശിന്റെയും ഇന്ത്യയില്‍ പശ്ചിമബംഗാളിന്റെയും തീരപ്രദേശത്തുള്ള സുന്ദരവനങ്ങള്‍ (Sundar bans)ഏറിയ പങ്കും കരിനിലങ്ങളാണ്‌. കേരളത്തില്‍ കുട്ടനാടന്‍ മേഖലയില്‍ 5,000 ഹെക്ടറോളം കരിനിലങ്ങളുണ്ട്‌.

കരിനിലങ്ങളില്‍ സര്‍വസാധാരണമായുള്ളത്‌ അമ്ല സള്‍ഫേറ്റ്‌ വര്‍ഗത്തില്‍പ്പെട്ട മണ്ണിനങ്ങളായതിനാല്‍ ജലനിമഗ്‌നമായിരിക്കുമ്പോഴും നിര്‍ജലാവസ്ഥയിലും അവ വ്യത്യസ്‌ത രാസസ്വഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. കരിനിലങ്ങളില്‍ താരതമ്യേന അധികരിച്ചു കാണപ്പെടുന്ന അയണ്‍ പൈറൈറ്റ്‌സ്‌ (FeS)തുടങ്ങിയ ധാതുക്കളില്‍ നിന്ന്‌ നിര്‍ജലാവസ്ഥയില്‍ തയോബാസില്ലസ്‌ തയോക്‌സിഡന്‍സ്‌ എന്ന ബാക്‌റ്റീരിയ ഓക്‌സീകരണം വഴി സള്‍ഫ്യൂറിക്‌ അമ്ലം നിര്‍മിക്കുന്നതിനാല്‍ മണ്ണിലെ അമ്ലത വര്‍ധിക്കുന്നു. ജലാംശത്തിന്റെ അളവിനനുസൃതമായി കരിനിലങ്ങളി pH സൂചിക വ്യത്യാസപ്പെട്ടു കാണുന്നു. ആയതിനാലാണ്‌ നെല്‍ക്കൃഷിക്കായി കരിനിലങ്ങള്‍ പാകപ്പെടുത്തുമ്പോള്‍ കൂടുതലായി ഉണങ്ങാന്‍ അഌവദിക്കാത്തത്‌. ജലനിമഗ്‌നമായ മണ്ണില്‍ സള്‍ഫ്യൂറിക്‌ അമ്ലവും സള്‍ഫേറ്റുകളും നിരോക്‌സീകരണം വഴി സള്‍ഫൈഡ്‌ യൗഗികങ്ങളും ഹൈഡ്രജന്‍ സള്‍ഫൈഡ്‌ വാതകവുമായി മാറുന്നു. ഇരുമ്പ്‌, മാങ്‌ഗനീസ്‌ എന്നീ മൂലകങ്ങള്‍ അവയുടെ ദ്വിസംയോജക രൂപത്തിലുള്ളതും ലേയത്വമേറിയതുമായ "ഫെറസ്സും', "മാങ്‌ഗനസ്സും' അവസ്ഥയിലേക്ക്‌ പരിണമിക്കുന്നു. നൈട്രറ്റ്‌ യൗഗികങ്ങള്‍ അമോണിയ വാതകമായും, കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌ മീഥേന്‍ വാതകമായും അപചയിക്കപ്പെടുന്നു. ഈ രാസമാറ്റങ്ങളെല്ലാം വ്യത്യസ്‌ത ഇനങ്ങളിലുള്ള ബാക്‌റ്റീരിയങ്ങളുടെ സഹായത്താലാണ്‌ നടക്കുന്നത്‌.

സമുദ്ര നിരപ്പിലും താഴ്‌ന്ന വിതാനങ്ങളിലുള്ള കരിനിലങ്ങളില്‍ വേലിയേറ്റം മൂലം ഉപ്പുവെള്ളം കയറുവാനിടയാകുന്നു; ഉപ്പിന്റെ സാന്നിധ്യം കരിനിലങ്ങളുടെ സ്വതഃസിദ്ധമായ സങ്കീര്‍ണത വര്‍ധിപ്പിക്കുന്നു. ഉപ്പുവെള്ളത്തിലടങ്ങിയിട്ടുള്ള ക്ലോറൈഡ്‌, സള്‍ഫേറ്റ്‌ തുടങ്ങിയ രാസയൗഗികങ്ങളും, സോഡിയം മൂലകവും സസ്യവളര്‍ച്ചയെ ദോഷകരമായി ബാധിക്കുന്നു. ഘനത്വമേറിയതും നീര്‍വാര്‍ച്ച കുറഞ്ഞതുമായ കരിനിലങ്ങളുടെ ഭൗതികഘടന മോശമായിത്തീരുന്നതിന്‌ സോഡിയത്തിന്റെ സാന്നിധ്യം ഇടയാക്കുന്നു. മണ്ണ്‌ ഉണങ്ങുമ്പോള്‍ ചില കരിനിലങ്ങളുടെ വെളുത്ത പരല്‍പ്പാടകള്‍ തന്നെ ദൃശ്യമാകാറുണ്ട്‌. ഇത്‌ പലപ്പോഴും അലുമിനിയം സള്‍ഫേറ്റ്‌ എന്ന രാസയൗഗികമാണെന്ന്‌ കണ്ടിട്ടുണ്ട്‌. മണ്ണിലെ മേല്‍നിരകള്‍ ഉണങ്ങുമ്പോള്‍ കീഴ്‌നിരകളില്‍ നിന്നും ലവണപൂരിതമായ ജലം കേശികാകര്‍ഷണം (capillarity)വഴി മേല്‍ നിരയിലേക്ക്‌ ആവഹിക്കപ്പെട്ട്‌ മണ്ണിന്റെ പ്രതലത്തില്‍ വച്ച്‌ ബാഷ്‌പനം ചെയ്യപ്പെടുന്നതിനാലാണ്‌ ലവണനിക്ഷേപമുണ്ടാകുന്നത്‌.

ഇന്ത്യയില്‍ കേരളം, ഒറീസ, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കരിനിലങ്ങളുണ്ട്‌. കേരളത്തില്‍ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലും കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലുമാണ്‌ കരിനിലങ്ങളുള്ളത്‌. ഈ പ്രദേശങ്ങളിലെ പല സ്ഥലനാമങ്ങളും കരിനിലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കരുവാറ്റ, കൈനകരി, ചേന്നങ്കരി, ചതുര്‍ഥംകരി, രാമങ്കരി, മാമ്പുഴക്കരി എന്നീ സ്ഥലനാമങ്ങള്‍ ഇതിന്‌ ഉദാഹരണങ്ങളാണ്‌. തോട്ടപ്പള്ളി, പുറക്കാട്‌, അമ്പലപ്പുഴ, തകഴി, തുറവൂര്‍, വെച്ചൂര്‍, മുണ്ടാര്‍, വടയാര്‍, കല്ലറ എന്നിവിടങ്ങളിലെ വിസ്‌തൃതമായ പാടശേഖരങ്ങള്‍ കരിനിലങ്ങളാണ്‌. ഓരോ പ്രദേശത്തെയും വ്യത്യാസമഌസരിച്ച്‌ കരിനിലങ്ങളുടെ ഭൗതികരാസസ്വഭാവങ്ങളിലും ഭിന്നതകള്‍ കാണാറുണ്ട്‌. വൈക്കം താലൂക്കിലെ കല്ലറ എന്ന പ്രദേശത്താണ്‌ ഏറ്റവും അമ്ലതയേറിയ കരിനിലങ്ങള്‍ കാണപ്പെടുന്നത്‌. അവിടത്തെ pH സൂചിക സാധാരണയായി 3ല്‍ കുറവായാണ്‌ കണ്ടുവരുന്നത്‌.

കുട്ടനാട്ടിലെ കരിനിലങ്ങളുടെ ഉത്‌പത്തിയെപ്പറ്റി നിരവധി അഭ്യൂഹങ്ങളും അഌമാനങ്ങളും നിലവിലുണ്ട്‌. ചരിത്രാതീതകാലത്ത്‌ ഘോരവനമായിരുന്ന ഒരു പ്രദേശം ഭൂചലനം മൂലം ജലനിമഗ്‌നമായതാവാം എന്നാണ്‌ ഒരു കൂട്ടര്‍ അഭിപ്രായപ്പെടുന്നത്‌. വനപ്രദേശങ്ങളില്‍ നിന്നും ഉദ്‌ഭവിക്കുന്ന നാലു പ്രധാന നദികളായ പമ്പ, മണിമല, മീനച്ചില്‍, അച്ചന്‍കോവില്‍ എന്നിവയുടെ സംഗമപ്രദേശമായതിനാല്‍, വനപ്രദേശത്തു നിന്ന്‌ പ്രളയജലത്തോടൊപ്പം ഒലിച്ചിറങ്ങുന്ന ജൈവാംശങ്ങളും മരക്കഷണങ്ങളും ചെളിയും അടിഞ്ഞു കൂടിയതുമൂലമാണ്‌ ഈ നിലങ്ങളുണ്ടായതെന്ന്‌ മറ്റൊരു കൂട്ടര്‍ അഌമാനിക്കുന്നു. കാര്‍ഷികോത്‌പാദനത്തെ സംബന്ധിച്ചിടത്തോളം അവയെ പ്രശ്‌നമണ്ണുകളുടെ (problem soils) കൂട്ടത്തിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. കടുത്ത അമ്ലാംശമുള്ളതിനാലും വിഷമയമായ തോതില്‍ അലുമിനിയം, ഇരുമ്പ്‌, മാങ്‌ഗനീസ്‌, സള്‍ഫേറ്റ്‌, ക്ലോറൈഡ്‌ എന്നിവ അടങ്ങിയിട്ടുള്ളതുകൊണ്ടും ഇവയില്‍ സസ്യവളര്‍ച്ച സുകരമല്ല. "കതിര' എന്നറിയപ്പെടുന്ന ഉയരം കൂടിയ ഒരുതരം കാട്ടുപുല്ല്‌ മാത്രമേ ഈ നിലങ്ങളില്‍ പ്രകൃത്യാ വളരുന്നുള്ളു. ഈ നിലങ്ങളെ പുനരുദ്ധരിച്ച്‌ കൃഷിചെയ്യാനാരംഭിച്ചിട്ട്‌ അമ്പതു വര്‍ഷത്തില്‍ത്താഴെ മാത്രമേ ആയിട്ടുള്ളു. കൂടിയ തോതില്‍ കുമ്മായ പദാര്‍ഥങ്ങള്‍ (വാട്ടുകക്ക, നീറ്റുകക്ക, കുമ്മായം, ഡോളമൈറ്റ്‌) ചേര്‍ത്ത്‌ വെള്ളം കയറ്റി വാര്‍ത്തുകളയുകവഴി, ഇവയിലെ അമ്ലതയും മറ്റു ദോഷകരമായ വിഷാംശങ്ങളും പരിഹരിക്കുവാന്‍ തുടങ്ങിയതോടെ ഈ പ്രദേശങ്ങളില്‍ വന്‍തോതില്‍ നെല്‍ക്കൃഷി ആരംഭിക്കുകയുണ്ടായി. ആധുനിക കൃഷി സമ്പ്രദായങ്ങളവലംബിച്ച്‌ കരിനിലങ്ങളുടെ ഫലഭൂയിഷ്‌ഠത വര്‍ധിപ്പിക്കുവാന്‍ വിപുലമായ ശ്രമങ്ങള്‍ നടന്നുവരുന്നു. നെല്ലിഌ പുറമേ കരിനിലങ്ങളില്‍ പലേടത്തും വരമ്പ്‌ കുത്തി (പണകോരി) തെങ്ങുകൃഷിയും നടത്തിവരുന്നുണ്ട്‌.

(പ്രാഫ. തോമസ്‌ വര്‍ഗീസ്‌)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B0%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍