This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കരിതപ്പി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കരിതപ്പി
Marsh harrier
ചക്കിപ്പരുന്തിനെക്കാള്‍ അല്‌പം ചെറിയ ഒരു പക്ഷി. "വിളനോക്കി' എന്നും ഇതിഌ പേരുണ്ട്. ശാ.നാ.: സെര്‍കസ് എറൂജിനോസസ്. പ്രായപൂര്‍ത്തിയെത്തിയ ആണ്‍പക്ഷിയുടെ പുറത്തിന് പൊതുവേ കടുത്ത തവിട്ടുനിറമായിരിക്കും; ചിറകുകള്‍ക്കും വാലുള്‍പ്പെടെയുള്ള ബാക്കി മുകള്‍ഭാഗങ്ങള്‍ക്കും വെള്ളിനിറം കലര്‍ന്ന ചാരനിറവും. തലയ്‌ക്കും മുഖത്തിഌം ദേഹത്തിന്റെ അടിഭാഗത്തിഌമെല്ലാം നേരിയ ചെമ്പിച്ച തവിട്ടുനിറമാണുള്ളത്. പെണ്‍പക്ഷിയും പ്രായമെത്താത്ത കുഞ്ഞുങ്ങളും കാഴ്‌ചയില്‍ പൊതുവേ ചക്കിപ്പരുന്തിനെപ്പോലെ ഇരിക്കുമെങ്കിലും, കുറച്ചുകൂടി മെലിഞ്ഞതാണ്. തലയില്‍ സാധാരണയായി കാണാവുന്ന വെളുത്ത തൊപ്പിയും വൃത്താകാരമായ വാലും ഇവയുടെ പ്രത്യേകതകളാകുന്നു (ചക്കിപ്പരുന്തിന്റെ വാല്‍ രണ്ടായി പിരിഞ്ഞതായിരിക്കും). ചെളിയും വെള്ളവും ധാരാളമായുള്ള പ്രദേശങ്ങളിലാണ് ഇവയെ പതിവായി കാണാറുള്ളത്. മിക്കവാറും ഒറ്റയ്‌ക്കു നടക്കാനാണ് ഇവയ്‌ക്കിഷ്ടം.
ഒ. മുതല്‍ ഏ. വരെയുള്ള മാസങ്ങളില്‍ കേരളത്തിലെ താരതമ്യേന ഉയരം കുറഞ്ഞ പ്രദേശങ്ങളില്‍, തീരപ്രദേശത്തു പ്രത്യേകിച്ചും സമൃദ്ധമായി കാണപ്പെടുന്ന ഒരിനം പക്ഷിയാണ് കരിതപ്പി. ഇവ തങ്ങളുടെ വീതികൂടിയ ചിറകുകള്‍ അഞ്ചാറു പ്രാവശ്യം പൊക്കിത്താഴ്‌ത്തിയ ശേഷം ചിറകു വിടര്‍ത്തിപ്പിച്ച് കുറെ ദൂരത്തേക്ക് ഒഴുകിപ്പറക്കുന്നു. ഇത് തറയില്‍ നിന്ന് ഉദ്ദേശം അഞ്ചു മീറ്റര്‍ ഉയരത്തിലായിരിക്കും. ഇതിനിടയില്‍ ഭോജ്യവസ്‌തുക്കളായ എലിയോ, തവളയോ, പക്ഷിക്കുഞ്ഞുങ്ങളോ മറ്റോ കണ്ണില്‍പ്പെട്ടാല്‍ ചിറകുകള്‍ പൊക്കിപ്പിടിച്ച് ഒരു ചോദ്യചിഹ്നത്തിന്റെ ആകൃതിയില്‍ പെട്ടെന്നു താഴേക്കു വീഴുന്നു. കൊക്കിഌള്ളിലായ ഇരയെ മുഴുവഌം അകത്താക്കിയ ശേഷം മാത്രമേ അടുത്ത "വേട്ട' ആരംഭിക്കുകയുള്ളു.
വൃക്ഷങ്ങളോട് പ്രത്യേകപ്രതിപത്തിയൊന്നും പ്രകടിപ്പിക്കാത്ത ഈ പക്ഷികള്‍ തുറസ്സായ സ്ഥലങ്ങളില്‍ കഴിയാന്‍ ഇഷ്ടപ്പെടുന്നവയാണ്. വിശ്രമത്തിനായിപ്പോലും മരക്കൊമ്പുകളെ ആശ്രയിക്കുന്ന പതിവ് ഇവയ്‌ക്കില്ല. രാത്രിയിലെ ഉറക്കവും നിലത്തിരുന്നു തന്നെ. പകല്‍സമയത്ത് ഒറ്റയ്‌ക്കൊറ്റയ്‌ക്ക് ഇരതേടുന്ന കരിതപ്പികളെല്ലാം രാത്രിയാകുന്നതോടെ വല്ല പാറക്കുന്നുകളിലോ മറ്റോ പറന്നു ചെന്ന് ഒരുമിച്ചു ചേക്കയിരിക്കുന്നു. ദേശാടനസ്വഭാവമുള്ള ഈ പക്ഷി നമ്മുടെ നാട്ടിലായിരിക്കുമ്പോള്‍ ശബ്‌ദിക്കാറേയില്ല എന്നു തന്നെ പറയാം. വേനല്‌ക്കാലമാകുന്നതോടെ ഇവ യൂറോപ്പു മുതല്‍ പശ്ചിമസൈബീരിയ വരെയുള്ള പ്രദേശങ്ങളിലേക്ക് കുടിയേറുന്നു. ഇണചേരല്‍ അവിടെ വച്ചാണ്. ശീതകാലാരംഭത്തില്‍ ഇന്ത്യ, ശ്രീലങ്ക, മ്യാന്‍മര്‍, മലേഷ്യ എന്നിവിടങ്ങളിലേക്കു തിരിച്ചുവരുന്നു. ഇവ പതിവായി കൂടുകെട്ടി കുഞ്ഞുങ്ങളെ വളര്‍ത്തുന്നത് തറയിലും പുല്‌പരപ്പുകളിലുമാണ്.
പക്ഷിക്കുഞ്ഞുങ്ങളെ ഭക്ഷണമാക്കാന്‍ വളരെയേറെ ഇഷ്ടപ്പെടുന്ന കരിതപ്പി കോഴിക്കുഞ്ഞുങ്ങളെ അധികം ആക്രമിക്കാറില്ല. എന്നാല്‍ ശിക്കാറികള്‍ വെടിവച്ചിടുന്ന പക്ഷികളെ ഇവ റാഞ്ചിക്കൊണ്ടു പോകാറുണ്ട്.