This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിഞ്‌ജീരകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരിഞ്‌ജീരകം

Black cumin

കരിഞ്‌ജീരകം

റനന്‍കുലേസീ സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു ഔഷധച്ചെടി. ശാ.നാ.: നൈജെല്ലാ സറ്റെവ (Nigella sativa). "കൃഷ്‌ണജീരക'മെന്നും പേരുണ്ട്‌. അസം, ബിഹാര്‍, ഹിമാചല്‍പ്രദേശ്‌, പഞ്ചാബ്‌ എന്നിവിടങ്ങളില്‍ ഈ ചെറുചെടി വളരുന്നു. സാധാരണ ഒരു കാട്ടുചെടിയായി കാണപ്പെടുന്നു; അപൂര്‍വമായി കൃഷിചെയ്യാറുണ്ട്‌.

വാര്‍ഷിക ഓഷധിയായ കരിഞ്‌ജീരകം ഏകദേശം 45 സെ.മീ. ഉയരത്തില്‍ വളരുന്നു. 2.55 സെ.മീ. നീളമുള്ള ഇലകള്‍ കര്‍ണിതങ്ങളാണ്‌. മങ്ങിയ നീല നിറമുള്ള പൂക്കള്‍ക്ക്‌ നീണ്ട ഞെട്ടുണ്ട്‌. ദളാഭമായ അഞ്ച്‌ വരി ദളങ്ങളുണ്ട്‌. തേന്‍ സ്രവിപ്പിക്കുന്ന ഗ്രന്ഥികളുള്ള പൂക്കള്‍ പ്രാണികളെ ആകര്‍ഷിക്കാന്‍ പോന്നവയാണ്‌. പൂവില്‍ നിരവധി കേസരങ്ങളും 512 വരെ അണ്ഡപര്‍ണങ്ങളും (carpels) കാണപ്പെടുന്നു. ഉണങ്ങിയ വിത്തുകളാണ്‌ ഔഷധമായി ഉപയോഗിക്കുന്നത്‌. വിത്തില്‍ മഞ്ഞനിറമുള്ള ഒരു ബാഷ്‌പശീലതൈലം, ആല്‍ബുമിന്‍, പഞ്ചസാര, മ്യൂസിലേജ്‌, ജൈവഅമ്ലങ്ങള്‍, ഗ്ലൈക്കൊസൈഡ്‌, ഹെല്ലബോറിനോടു സാദൃശ്യമുള്ള മെലാന്‍ത്രിന്‍ (melanthrin) എന്നിവ അടങ്ങിയിരിക്കുന്നു. ഇലകളില്‍ അസ്‌കോര്‍ബിക്‌ അമ്ലവും അതിന്റെ ഉപവിഭാഗങ്ങളുമാണ്‌ മുഖ്യഘടകം. സുരഭിലമായ വിത്തുകള്‍ മൂത്രവര്‍ധകവും സ്വേദജനകവും ദീപനവും പിത്തഹരവും കൃമിഘ്‌നവുമാണ്‌. ദഹനക്കേടിനുള്ള മരുന്നായും ഉപയോഗിക്കുന്നു. പ്രസവാനന്തരമുള്ള ഗര്‍ഭാശയസങ്കോചത്തെ ത്വരിതപ്പെടുത്താന്‍ ഇതിനു കഴിവുണ്ട്‌. ത്വഗ്‌രോഗങ്ങള്‍, വിശപ്പില്ലായ്‌മ, പനി, വയറുകടി, നീര്‍വീക്കം, തേള്‍വിഷം എന്നിവയ്‌ക്കും കരിഞ്‌ജീരകം മരുന്നാണ്‌.

കരിഞ്‌ജീരകത്തെക്കുറിച്ച്‌ പല സാഹിത്യകൃതികളിലും ആയുര്‍വേദഗ്രന്ഥങ്ങളിലും പരാമര്‍ശിച്ചുകാണുന്നു. "തുത്തം കൊത്തംപാലരി കരിഞ്‌ജീരകം' (ഉണ്ണിയാടിചരിതം), "കായം കരിഞ്‌ജീരകവുമളവോളം വിഴാലരി' (വൈദ്യമഞ്‌ജരി), "കൊള്ളേരണ്ഡം കരിഞ്‌ജീരക പടുഹപുഷാകാടിധാരാചമോരും' (ആന്ത്രവൃദ്ധിചികിത്സയോഗാമൃതം), "ഉള്ളിയുമുലുവായുമുപ്പും ഗന്ധകം കരിതെള്ളി തിപ്പലി കരിഞ്‌ജീരകമോടകവും' (ഹര്യക്ഷമാസ സമരോത്സവം) എന്നിവ ഉദാഹരണങ്ങളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍