This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിഞ്ചന്ത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരിഞ്ചന്ത

റേഷനിങ്‌, നിയന്ത്രിതവില എന്നിവ സംബന്ധിച്ച വ്യസ്ഥകള്‍ ലംഘിച്ചുകൊണ്ടു സാധനങ്ങള്‍ പൂഴ്‌ത്തിവച്ച്‌ അമിതമായ വിലയ്‌ക്കു വില്‌പന നടത്തുന്ന കള്ളക്കച്ചവടം. നിയമവിധേയമായ വിപണനത്തിനു സമാന്തരമായിത്തന്നെയാണ്‌ കരിഞ്ചന്തവ്യാപാരവും നടക്കാറുള്ളത്‌. ഒരു സാധനത്തിന്റെ ഉത്‌പാദനം മുതല്‍ വിപണനം വരെയുള്ള വിവിധ ഘട്ടങ്ങളില്‍ കരിഞ്ചന്ത സാധ്യമാണ്‌. ഉദാഹരണമായി കൃഷിക്കാരും മറ്റും ഉത്‌പാദകര്‍ക്ക്‌ അസംസ്‌കൃത സാധനങ്ങള്‍ വില്‌പന നടത്തുമ്പോഴും, ഉത്‌പാദകര്‍ തങ്ങളുടെ ഉത്‌പന്നങ്ങള്‍ മൊത്ത വില്‌പനക്കാര്‍ക്കു വില്‌ക്കുമ്പോഴും, മൊത്തവ്യാപാരികള്‍ ചില്ലറ വ്യാപാരികള്‍ക്കു വില്‌ക്കുമ്പോഴും, അവസാനമായി ചില്ലറവ്യാപാരികള്‍ ഉപഭോക്താക്കള്‍ക്ക്‌ വില്‌ക്കുമ്പോഴും കരിഞ്ചന്ത ഉണ്ടാകാം. സാധനങ്ങളുടെ ചോദനപ്രദാനങ്ങളനുസരിച്ച്‌ കരിഞ്ചന്തയില്‍ ഒരു വ്യാപാരിയോ ഒരു ഉപഭോക്താവോ മാത്രമാകാം. ഇവരുടെ എണ്ണത്തില്‍ കൂടുതലും വരാം. നിയമവിധേയമായ വിപണനത്തെയപേക്ഷിച്ച്‌ കരിഞ്ചന്തയിലുള്ള കൂടുതല്‍ വിലയും അതില്‍ നിന്നുള്ള അമിതലാഭവും നിയമവിധേയമായ കമ്പോളങ്ങളില്‍ നിന്ന്‌ ആവശ്യത്തിനു സാധനങ്ങള്‍ കിട്ടാതെ വരുന്നതുകൊണ്ട്‌ കൂടുതല്‍ വിലകൊടുത്തു സാധനങ്ങള്‍ വാങ്ങാനുള്ള ഉപഭോക്താക്കളുടെ ഗതികേടുമാണ്‌ കരിഞ്ചന്തയെ പ്രാത്സാഹിപ്പിക്കുന്ന ഘടകങ്ങള്‍. ജനതയ്‌ക്കാവശ്യമായ സാധനങ്ങള്‍ മുഴുവന്‍ ഉത്‌പാദിപ്പിക്കുവാനോ ന്യായമായ വിലയ്‌ക്കു വിതരണം ചെയ്യുവാനോ കഴിയാത്ത രാജ്യങ്ങളിലാണു കരിഞ്ചന്ത വിജയകരമായി നടക്കുന്നത്‌. പ്രതിസന്ധികാലത്തെ ഒരു പ്രതിഭാസമാണ്‌ കരിഞ്ചന്ത. യുദ്ധം പോലെയുള്ള അടിയന്തിരാവസ്ഥ നിലവിലുള്ള സാഹചര്യങ്ങളില്‍ അവശ്യസാധനങ്ങള്‍ക്ക്‌ അസാധാരണമായ ദൗര്‍ലഭ്യമുണ്ടായേക്കും. ഇത്തരം സാഹചര്യങ്ങളില്‍ ദുര്‍ലഭ സാധനങ്ങളുടെ ന്യായമായ വിതരണം ലക്ഷ്യമാക്കി ഗവണ്‍മെന്റ്‌ അത്തരം സാധനങ്ങള്‍ക്ക്‌ റേഷനിങ്‌ ഏര്‍പ്പെടുത്തുകയും വിലയില്‍ നിയന്ത്രണങ്ങള്‍ വരുത്തുകയും ചെയ്യാറുണ്ട്‌. റേഷനിങ്‌ ഏര്‍പ്പെടുത്തുമ്പോള്‍ ആവശ്യത്തിനു മതിയാകുന്ന അളവില്‍ സാധനങ്ങള്‍ കിട്ടിയെന്നു വരില്ല. ഏതു വിലകൊടുത്തും സാധനങ്ങള്‍ സംഭരിക്കാന്‍ തയ്യാറാകുന്ന ആളുകളെയാണ്‌ കരിഞ്ചന്തക്കാര്‍ ചൂഷണം ചെയ്യുന്നത്‌.

ക്രയവിക്രയങ്ങളില്‍ ഗവണ്‍മെന്റ്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കാലത്തോളം പഴക്കമുണ്ട്‌ കരിഞ്ചന്തയ്‌ക്കും. എ.ഡി. 301ല്‍ റോമാചക്രവര്‍ത്തി ഡയോക്ലേഷ്യന്‍ വിലയിലും ഉയര്‍ന്ന വേതനത്തിലും വരുത്തിയ നിയന്ത്രണങ്ങളുടെ ഫലമായുണ്ടായ കരിഞ്ചന്ത ആദ്യത്തെ ഉദാഹരണമായി പറയാം. മൊത്തചില്ലറ വിലകള്‍ നിശ്ചയിക്കാതിരുന്നതും ഗതാഗതച്ചെലവിന്‌ വക കൊള്ളിക്കാതിരുന്നതും മൂലം ഈ നിയന്ത്രണം ഫലവത്തായില്ല. കരിഞ്ചന്ത എന്ന നിയമവിരുദ്ധക്കമ്പോളം കൂടുതല്‍ പ്രചാരത്തിലായത്‌ ഒന്നാം ലോകയുദ്ധകാലത്താണ്‌. യുദ്ധത്തിലേര്‍പ്പെട്ട രാജ്യങ്ങളില്‍ ദുര്‍ലഭമായ സാധനങ്ങള്‍ക്ക്‌ റേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയതിന്റെ ഫലമായി ഇത്തരം സാധനങ്ങള്‍ നിയന്ത്രിത വിലയെക്കാളും ഉയര്‍ന്ന വിലയ്‌ക്ക്‌ വിറ്റു ധനവാന്മാരാകാന്‍ അത്തരം സാധനങ്ങളുടെ സ്രാതസ്സുകളുമായി ബന്ധമുള്ളയാളുകള്‍ക്കു കഴിഞ്ഞു. ഇക്കാലത്ത്‌ സാധനങ്ങളുടെ വിലയിലും വിതരണത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പ്രമുഖ രാഷ്‌ട്രം ജര്‍മനിയാണ്‌; ഇറച്ചി, വെണ്ണ, മറ്റ്‌ അവശ്യസാധനങ്ങള്‍ എന്നിവയിലുള്ള നിയമവിരുദ്ധ ഇടപാടുകള്‍ കരിഞ്ചന്തയായി പ്രഖ്യാപിച്ചു.

1920-33 കാലത്ത്‌ യു.എസ്സിലും കരിഞ്ചന്ത വ്യാപകമായ തോതില്‍ നടന്നു. ഏതാണ്ട്‌ ഇക്കാലത്ത്‌ സോവിയറ്റ്‌ യൂണിയനിലെ ആസൂത്രിത സമ്പദ്‌വ്യവസ്ഥയില്‍ പോലും കരിഞ്ചന്ത നാമമാത്രമായ തോതിലെങ്കിലും ഉണ്ടായിരുന്നുവെന്നു കാണാം. രണ്ടാം ലോകയുദ്ധകാലത്ത്‌ അവശ്യസാധനങ്ങളുടെ പ്രദാനത്തിലുണ്ടായ ഗണ്യമായ ഇടിവുമൂലം മിക്ക രാജ്യങ്ങളും വില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും വാങ്ങിക്കാവുന്ന സാധനങ്ങളുടെ അളവില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തതോടെ കരിഞ്ചന്ത സാര്‍വത്രികമായി. യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന രാജ്യങ്ങളില്‍ പൊതുവായും യുദ്ധത്തില്‍ പരാജിതരായ രാജ്യങ്ങളില്‍ പ്രത്യേകിച്ചും കരിഞ്ചന്ത രൂക്ഷതരമായി.

കരിഞ്ചന്തയ്‌ക്കനുകൂലമായ ഘടകങ്ങളില്‍ ഏറ്റവും പ്രധാനം സാധനങ്ങളുടെ പ്രദാനത്തെ അപേക്ഷിച്ച്‌ ചോദനത്തിലുള്ള അടിയന്തര സ്വഭാവമാണ്‌. ഭക്ഷ്യസാധനങ്ങളിലും മറ്റവശ്യസാധനങ്ങളിലുമാണ്‌ ഇത്‌ ഏറ്റവും പ്രകടമാകുന്നത്‌. സാധനങ്ങളുടെ ദുര്‍ഭിക്ഷതയുടെ തോത്‌ വളരെയല്ലെങ്കിലും റേഷനിങ്ങിലൂടെ നിശ്ചിത വിലയ്‌ക്ക്‌ അവശ്യസാധനങ്ങള്‍ ആവശ്യാനുസരണം കിട്ടുമെന്നുറപ്പുണ്ടെങ്കില്‍ കരിഞ്ചന്തയ്‌ക്കുള്ള പ്രരണ കുറവായിരിക്കും. ഈയവസരങ്ങളില്‍ കരിഞ്ചന്ത വഴി വില്‌ക്കപ്പെടുന്ന സാധനങ്ങളുടെ വിലയിലുള്ള വര്‍ദ്ധനവിന്റെ തോത്‌ നാമമാത്രമായിരിക്കും. മാത്രമല്ല, കരിഞ്ചന്തയ്‌ക്കുള്ള ശിക്ഷയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതില്‍ നിന്നു കിട്ടുന്ന ലാഭം അഭികാമ്യമായിരിക്കുകയുമില്ല. സാധനങ്ങളുടെ ദൗര്‍ലഭ്യം രൂക്ഷതരമാകുമ്പോഴും പട്ടിണി അകറ്റാനുള്ള തോതില്‍ മാത്രം സാധനങ്ങളുടെ റേഷനിങ്‌ ഉള്ളപ്പോഴുമാണ്‌ കരിഞ്ചന്തയുടെ തോത്‌ ക്രമാതീതമാകുന്നത്‌. ഈയവസരങ്ങളില്‍ കരിഞ്ചന്തയില്‍ ഏര്‍പ്പെടുന്നവര്‍ക്കു മരണശിക്ഷ വിധിക്കുമെന്നുവന്നാല്‍പ്പോലും ആളുകള്‍ കരിഞ്ചന്തയ്‌ക്ക്‌ തയ്യാറാകുന്നു.

1941-43 കാലത്ത്‌ ജര്‍മനി പോളണ്ട്‌ കൈവശപ്പെടുത്തിയപ്പോള്‍ പോളണ്ടിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന അവശ്യസാധനറേഷനിങ്‌ ജീവസന്ധാരണത്തിനു മതിയാകുന്നതായിരുന്നില്ല. പട്ടിണി ഒഴിവാക്കുന്നതിനു ജനങ്ങള്‍ക്കു കരിഞ്ചന്തയെ ആശ്രയിക്കേണ്ടിവന്നു. കരിഞ്ചന്തയിലുള്ള വില വിവരണാതീതമായ തോതില്‍ അമിതമായിരുന്നു. 1942-45 കാലത്ത്‌ ഇറ്റലിയിലെ ഭക്ഷ്യവിതരണം താറുമാറായപ്പോള്‍ റേഷനിങ്ങിലൂടെ അവശ്യ ഭക്ഷ്യസാധനങ്ങളുടെ 8ശ.മാ. മാത്രമേ വിതരണം ചെയ്‌തിരുന്നുള്ളു. ബാക്കി മുഴുവന്‍ കരിഞ്ചന്തയിലൂടെയാണ്‌ ലഭിച്ചിരുന്നത്‌. ജര്‍മനിയില്‍ കര്‍ശനമായി ഏര്‍പ്പെടുത്തിയിരുന്ന വില നിയന്ത്രണങ്ങളെയും റേഷനിങ്ങിനെയും പരാജയപ്പെടുത്തുന്ന രീതിയില്‍ 1942ല്‍ മാറ്റക്കച്ചവടം പ്രബലമായിരുന്നു. ഈ മാറ്റക്കച്ചവടത്തില്‍ പണത്തിനു പകരമായി വര്‍ത്തിച്ചത്‌ സിഗററ്റായിരുന്നു. രണ്ടാം ലോകയുദ്ധകാലത്തും അതിനുശേഷവും ചൈനയില്‍ കരിഞ്ചന്ത പ്രചാരത്തിലിരുന്നു. ചില പ്രദേശങ്ങളില്‍ ചില സാധനങ്ങള്‍ക്കുള്ള വിപണി കരിഞ്ചന്ത മാത്രമായിരുന്നു. അവശ്യസാധനങ്ങള്‍ക്കുള്ള ദൗര്‍ലഭ്യം സോവിയറ്റ്‌ യൂണിയനിലുണ്ടായിരുന്നിട്ടും ആസൂത്രിതമായ ഉത്‌പാദന പ്രക്രിയയും വില നിയന്ത്രണവും കര്‍ശനമായ നിയമ നടപടികളും പൊതുജന പിന്തുണയും മൂലം കരിഞ്ചന്ത അവിടെ തടയാന്‍ കഴിഞ്ഞു.

ബ്രിട്ടനില്‍ വിലനിയന്ത്രണ നടപടികള്‍ കാര്യമായ തോതിലുണ്ടായിരുന്നില്ല. രണ്ടാം ലോകയുദ്ധകാലത്തെ ബോംബിടലുകള്‍ അവശ്യസാധനങ്ങളുടെ വിതരണത്തെ പ്രതികൂലമായി ബാധിച്ചിരുന്നുതാനും. എങ്കിലും വില നിയന്ത്രണത്തിനും റേഷനിങ്ങിനും പറ്റിയ സാഹചര്യങ്ങള്‍ നിലവിലിരുന്നു. നികുതി നടപടികള്‍ വഴി വരുമാനവര്‍ധനവ്‌ തടഞ്ഞും അവശ്യസാധനങ്ങളുടെ വിതരണത്തിന്‌ റേഷനിങ്‌ ഏര്‍പ്പെടുത്തിയും മറ്റും കരിഞ്ചന്തയുടെ ആക്കം കുറയ്‌ക്കാന്‍ കഴിഞ്ഞു.

യു.എസ്സില്‍ രണ്ടാം ലോകയുദ്ധകാലത്ത്‌ പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ചോളം, തുണിത്തരങ്ങള്‍ എന്നിവ ഒഴിച്ചുള്ള സാധനങ്ങള്‍ക്ക്‌ കരിഞ്ചന്തയുണ്ടായിരുന്നു. എന്നാല്‍ സാധനങ്ങളുടെ ദൗര്‍ലഭ്യം മറ്റു രാജ്യങ്ങളുടേതുപോലെ ഭീകരമായിരുന്നില്ല. യുദ്ധാനന്തരം റേഷനിങ്‌ നിര്‍ത്തലാക്കിയെങ്കിലും വിലനിയന്ത്രണം തുടര്‍ന്നു. എന്നാല്‍ നിയന്ത്രിതവിലയെക്കാള്‍ ഉയര്‍ന്ന വിലയ്‌ക്കു സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കെതിരെ ശിക്ഷണനടപടികള്‍ കൈക്കൊള്ളാന്‍ വ്യവസ്ഥകളുണ്ടായിരുന്നില്ല. ഇതിന്റെ ഫലമായി കരിഞ്ചന്ത വ്യാപകമായ തോതിലുയര്‍ന്നു. പൊതുജനാഭിപ്രായവും തുറന്ന വിപണിക്കനുകൂലമായിരുന്നു. 1946 ന. 5നു എല്ലാ വിലനിയന്ത്രണങ്ങളും റേഷനിങ്ങും പിന്‍വലിക്കപ്പെട്ടു.

നാണയങ്ങളുടെ നിയമവിരുദ്ധമായ വിനിമയവും കരിഞ്ചന്തയുടെ പരിധിയില്‍പ്പെടുന്നു. ഒരു രാജ്യത്തെ നാണയത്തിന്റെ ഔദ്യോഗിക വിനിമയമൂല്യം അതിന്റെ യഥാര്‍ഥ വിനിമയമൂല്യത്തില്‍ കുറവാകുമ്പോഴാണ്‌ നാണയക്കരിഞ്ചന്ത ഉണ്ടാകുന്നത്‌. ഈ അവസരങ്ങളില്‍ വിദേശനാണയ ശേഖരം ഉള്ള വ്യക്തികള്‍ ഔദ്യോഗിക നിരക്കിലുള്ള വിനിമയത്തെയപേക്ഷിച്ച്‌ ലാഭകരമായ നിയമവിരുദ്ധ ഇടപാടുകള്‍ നടത്തുന്നു.

ഇന്ത്യയില്‍. രണ്ടാം ലോകയുദ്ധകാലത്തു തന്നെ ഇന്ത്യയില്‍ ഭക്ഷ്യസാധനങ്ങള്‍ക്കും മറ്റു അവശ്യസാധനങ്ങള്‍ക്കും റേഷനിങ്‌ ഏര്‍പ്പെടുത്തിയിരുന്നു. സ്വാതന്ത്യ്രലബ്‌ധിക്കുശേഷവും അവശ്യസാധനങ്ങള്‍ക്കു റേഷനിങ്‌ തുടരുന്നുണ്ട്‌. 1955ല്‍ ഏതാനും അവശ്യസാധനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ ഗവണ്‍മെന്റ്‌ "എസ്സന്‍ഷ്യല്‍ കമ്മോഡിറ്റീസ്‌ ആക്‌റ്റ്‌' എന്ന നിയമം പാസ്സാക്കി. ഇപ്പോള്‍ 65ഓളം സാധനങ്ങള്‍ ഈ നിയമമനുസരിച്ച്‌ അവശ്യസാധനങ്ങളാണ്‌. ഗോതമ്പ്‌, അരി, പഞ്ചസാര, തുണി, വനസ്‌പതി, ഭക്ഷ്യ എണ്ണ, മണ്ണെണ്ണ, പാര്‍പ്പിടനിര്‍മാണത്തിനും കാര്‍ഷികാവശ്യങ്ങള്‍ക്കും വേണ്ട സിമന്റ്‌, സ്‌കൂള്‍ കുട്ടികള്‍ക്കാവശ്യമായ കടലാസ്‌, കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ഡീസല്‍ എണ്ണ, അത്യാവശ്യമായ ഔഷധങ്ങള്‍, സോപ്പ്‌, തീപ്പെട്ടി, ബേബി ഫുഡ്‌, വാഹനങ്ങള്‍ക്കാവശ്യമായ ടയര്‍, ട്യൂബ്‌ എന്നിവ ഇതില്‍ പെടുന്നു. പൂഴ്‌ത്തിവയ്‌പും കരിഞ്ചന്തയും തടയാന്‍ ഈ നിയമത്തിലും കരുതല്‍ത്തടങ്കല്‍ നിയമത്തിലും മറ്റു സദൃശനിയമങ്ങളിലും വ്യവസ്ഥകളുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍