This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിങ്ങാലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരിങ്ങാലി

Cutch Tree

കരിങ്ങാലി

ലെഗുമിനോസേ സസ്യകുടുംബത്തില്‍ പെടുന്ന ഇടത്തരം വലുപ്പമുള്ള ഒരു വൃക്ഷം. ശാ.നാ.: അക്കേഷ്യാ കറ്റേച്ചു (Acacia catechu). ഖദിര, ഖദ്യപത്രി, ഗായത്രി, ദന്തധാവനം, ബാലതനയം, ബാലദലകം എന്നൊക്കെ സംസ്‌കൃതത്തില്‍ അറിയപ്പെടുന്നു. പൂക്കളിലെ ചില പ്രത്യേകതകളെ അടിസ്ഥാനമാക്കി കറ്റേച്ചു സ്‌പീഷീസിനെ മൂന്നിനങ്ങളായി തിരിച്ചിട്ടുണ്ട്‌. അക്കേഷ്യാ കറ്റേച്ചു (A. catechu proper) എന്ന ഒന്നാമത്തെയിനം മ്യാന്‍മറിലും ഇന്ത്യയില്‍ പഞ്ചാബ്‌, ബിഹാര്‍ എന്നിവിടങ്ങളിലുമാണ്‌ മുഖ്യമായും കണ്ടുവരുന്നത്‌. രണ്ടാമത്തെ ഇനമായ അ. കറ്റേച്ചുവോയിഡ്‌സ്‌ (A. catechuoides) മ്യൊന്‍മറിലും സിക്കിം, അസം, നീലഗിരിക്കുന്നുകള്‍ എന്നിവിടങ്ങളിലും ധാരാളമായി വളരുന്നു. ദക്ഷിണേന്ത്യയിലും ബര്‍മയിലെ ചില ഭാഗങ്ങളിലും കണ്ടുവരുന്ന അ. സുണ്‍ഡ്ര (A. Sundra)ആണ്‌ മൂന്നാമത്തെയിനം.

ഇല പൊഴിക്കുന്ന സ്വഭാവമുള്ള കരിങ്ങാലി വൃക്ഷത്തിന്റെ പരുത്ത പുറന്തൊലിക്ക്‌ കടും തവിട്ടുനിറമാണ്‌. ചിലപ്പോള്‍ തൊലി നീളത്തില്‍ ഇളകി വൃക്ഷത്തില്‍ തന്നെ തൂങ്ങി നില്‌ക്കുന്നതു കാണാം. ചെറുശിഖരങ്ങളില്‍ മുള്ളുകളുണ്ട്‌. നല്ല ഈടുള്ള ഇതിന്റെ കാതലിന്റെ നിറം കടും ചുവപ്പാണ്‌. മേയ്‌ മുതല്‍ ഒ. വരെയാണ്‌ പൂക്കാലം. ഇളം മഞ്ഞനിറമുള്ള പൂക്കള്‍ പ്രകീല(spike)ങ്ങളില്‍ ക്രമീകരിച്ചിരിക്കും. കായ്‌കള്‍ക്ക്‌ 575 സെ.മീ. നീളമുണ്ടായിരിക്കും. കരിങ്ങാലിയുടെ പട്ട, കാതല്‍, ഇളം പൂങ്കുല, പശ എന്നിവയ്‌ക്ക്‌ ഔഷധഗുണമുണ്ട്‌. കരിങ്ങാലിക്കാതലില്‍ 35 ശ.മാ. കറ്റേച്ചു ടാനിക്‌ അമ്ലം ((Catechu tanic acid)അഥവാ കാറ്റക്കിന്‍ (catechin), കറ്റേച്ചുറെഡ്‌, ടാനിന്‍, പശ, ക്വിര്‍സെറ്റിന്‍ (quercetin) എന്നിവ അടങ്ങിയിരിക്കുന്നു.

കരിങ്ങാലിക്കാതലില്‍ നിന്നെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പദാര്‍ഥമാണ്‌ കറ്റേച്ചു. ഇത്‌ കഷായരസമുള്ളതും ശീതളവും ദീപകവുമാണ്‌. ഇളംതവിട്ടു നിറമുള്ള "കഥ്‌' (kath) കടും തവിട്ടുനിറമുള്ള "കച്ച്‌' (cutch) എന്നിങ്ങനെ രണ്ടു രൂപത്തില്‍ കറ്റേച്ചു വിപണിയില്‍ ലഭിക്കുന്നു. 2530 വര്‍ഷം പ്രായമുള്ള വൃക്ഷങ്ങളുടെ കാതല്‍ തുണ്ടുകളാക്കി വെള്ളത്തില്‍ തിളപ്പിച്ചു കുറുക്കിയാണ്‌ "കച്ച്‌' ഉണ്ടാക്കുന്നത്‌. ഇത്‌ തുകല്‍ വ്യവസായത്തിന്‌ ഉപയോഗപ്പെടുത്തിവരുന്നു. "കച്ചി'ല്‍ നിന്നു കാറ്റക്കിന്‍ എന്ന ഘടകം വേര്‍പെടുത്തി "കഥ്‌' ഉണ്ടാക്കുന്നു. താംബൂലത്തോടൊപ്പം ചര്‍വണം ചെയ്യാനും ഔഷധമായും ഇത്‌ ഉപയോഗിക്കുന്നു. കരിങ്ങാലിപ്പശ മധുരരസമുള്ളതും ശുക്ലബലവര്‍ധകവുമാണ്‌.

ആരണ്യകവര്‍ഗത്തില്‍ ചേര്‍ന്ന സംഗ്രാഹി ദ്രവ്യമായ കരിങ്ങാലി അതിസാരം, ചുമ, രക്തസ്രാവം, കുഷ്‌ഠം, ത്വഗ്രാഗങ്ങള്‍, ദുര്‍മേദസ്സ്‌, പ്രമേഹം എന്നിവയെ ശമിപ്പിക്കുന്ന ഔഷധമാണ്‌. അതിസാരം ശമിക്കുന്നതിന്‌ കറ്റേച്ചുവും കറുവാപ്പട്ടയും പൊടിച്ച്‌ തേനില്‍ കുഴച്ചു കഴിക്കാറുണ്ട്‌. കറുവാപ്പട്ട, ജാതിക്ക എന്നിവയോടൊപ്പം കറ്റേച്ചു വായിലിട്ടാല്‍ പല്ലുവേദന, തൊണ്ടവേദന, ഒച്ചയടപ്പ്‌ എന്നിവ ശമിക്കും. വ്രണങ്ങള്‍ക്കും മുലക്കണ്ണില്‍ വിള്ളലുണ്ടാകുന്നതിനും ഇതിന്റെ കഷായം കൊണ്ട്‌ കഴുകുന്നത്‌ ആശ്വാസപ്രദമാണ്‌ (നദ്‌കര്‍ണി). ത്വഗ്‌രോഗങ്ങള്‍ക്കുള്ള ഔഷധമായ ഖദിരാരിഷ്ടത്തിലെ ഒരവിഭാജ്യഘടകമാണ്‌ കരിങ്ങാലിക്കാതല്‍. കരിങ്ങാലിക്കാതലിട്ടു തിളപ്പിച്ചു തണുപ്പിച്ച വെള്ളം കുടിക്കുന്നത്‌ ദാഹശമനത്തിന്‌ ഉത്തമമാണ്‌. ഉറപ്പും ഈടുമുള്ള കരിങ്ങാലിത്തടി ചിതലിന്റെ ആക്രമണത്തിന്‌ വിധേയമാകുന്നില്ല. കാര്‍ഷികോപകരണങ്ങള്‍, വണ്ടിച്ചക്രം, എണ്ണച്ചക്ക്‌, ഉലക്ക, കത്തിപ്പിടി എന്നിവയുണ്ടാക്കാന്‍ ഇതുപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍