This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിങ്കൊച്ച

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരിങ്കൊച്ച

Black bittern

കരിങ്കൊച്ച

"കൊറ്റി'വര്‍ഗത്തില്‍പ്പെട്ട ഒരു പക്ഷി. കൈതപ്പൊന്തകളില്‍ കൂടുതലായി കാണാറുള്ളതിനാല്‍ കൈതക്കൊക്ക്‌ എന്നും കൂടി പേരുണ്ട്‌. ശാ.നാ.: ഡൂപ്പെറ്റര്‍ ഫ്‌ളാവികോളീസ്‌. വലുപ്പം, ആകൃതി എന്നിവയില്‍ കുളക്കൊക്കിനോടു സാദൃശ്യമുള്ള കരിങ്കൊച്ച കുളക്കൊക്കിനേക്കാള്‍ കൂടുതല്‍ കറുത്തതാണ്‌. ഇതിന്റെ മുന്‍കഴുത്തിലും മാറിടത്തിന്റെ മുകള്‍ഭാഗത്തും കാവിനിറത്തിലും അരണ്ട മഞ്ഞനിറത്തിലുമുള്ള വരകള്‍ കാണാം. താടിയും കഴുത്തും വെളുപ്പാണ്‌. ശരീരത്തിന്റെ മധ്യഭാഗത്തായി, താഴേക്ക്‌, ഇരുണ്ട ചുവപ്പുനിറമുള്ള ഒരു രേഖ കാണുന്നു. പെണ്‍പക്ഷിയുടെ ശരീരത്തിന്റെ മുകള്‍ഭാഗം താരതമ്യേന തവിട്ടുനിറം കൂടുതലുള്ളതും അടിഭാഗം മങ്ങിയതുമായിരിക്കും. ഇതിന്റെ മാറിടത്തില്‍ ഇരുണ്ട ചുവപ്പു നിറത്തിലും വെള്ളനിറത്തിലുമുള്ള വരകളും ഉണ്ട്‌. ഉദരഭാഗം ഏതാണ്ടു വെളുത്തതുതന്നെ. കൊറ്റികളുടെ പ്രത്യേകതകളായ നീണ്ടു കൂര്‍ത്ത കൊക്കും, നീണ്ട കഴുത്തും കാലുകളും കരിങ്കൊച്ചയ്‌ക്കുമുണ്ട്‌. ചതുപ്പുകളുടെയും മറ്റു ജലാശയങ്ങളുടെയും തീരങ്ങളിലുള്ള കൈതക്കൂട്ടങ്ങളിലും പാടത്ത്‌ നെല്ലിനിടയിലും ഇവ കഴിയുന്നു.

തവള, മത്സ്യം, പുഴുക്കള്‍ തുടങ്ങിയ ചെറിയ ജലജന്തുക്കളാണ്‌ കരിങ്കൊച്ചയുടെ ആഹാരം. വെള്ളത്തില്‍ നിന്നും ചെളിയില്‍ നിന്നുമായി ഇവ ഇരയെ മുഴുവന്‍ സ്വായത്തമാക്കുന്നു. പ്രധാനമായി സന്ധ്യയ്‌ക്കാണ്‌ വേട്ടയ്‌ക്കിറങ്ങുന്നതെങ്കിലും, മഴക്കാലത്തെ മൂടിക്കെട്ടിയ ദിവസങ്ങളില്‍ പകല്‍സമയത്തും ഇവ പുറത്തിറങ്ങി പറന്നു നടക്കുകയും ഇരതേടുകയും ചെയ്യാറുണ്ട്‌.

ഇണചേരലിനു കാലമാകുന്നതോടെ വളരെ ഉച്ചത്തില്‍, മുഴങ്ങുന്ന ഒരുതരം ശബ്‌ദം പുറപ്പെടുവിക്കാന്‍ ഇതിനു കഴിവുള്ളതായി പറയപ്പെടുന്നു. നീണ്ട കഴുത്ത്‌, കഴിവുള്ളിടത്തോളം നീട്ടി, കൊക്ക്‌ നേരെ ആകാശത്തേക്കു ചൂണ്ടിപ്പിടിച്ച്‌, ദേഹത്തെ വടിപോലെ നിര്‍ത്തി, കണ്ണുകള്‍ തുറിച്ചുപിടിച്ചുകൊണ്ടുള്ള നില്‌പ്‌ ശത്രുക്കളില്‍ നിന്നു രക്ഷ നേടുന്നതിന്‌ കരിങ്കൊച്ച അതിസമര്‍ഥമായി പ്രയോഗിച്ചുവരുന്ന ഉപായം ആകുന്നു. ശത്രുവിന്റെ ഗതിക്കനുസരണമായി ദേഹം തിരിക്കുകയും സദാ ശത്രുവിന്റെ മേല്‍ തന്നെ നോട്ടം വയ്‌ക്കുകയും ചെയ്യുന്നത്‌ ഇതിന്റെ പതിവാണ്‌.

ഈ പക്ഷി കൈതപ്പൊന്തകളില്‍, വള്ളിത്തണ്ടുകളും ചെറുചില്ലകളുമുപയോഗിച്ച്‌ കൂടു കെട്ടുന്നു. കൈതത്തലപ്പിലോ, കൈതയോലകള്‍ മീതെമീതെയായി കിടന്നുണ്ടാവുന്ന തട്ടുകള്‍ക്കു മുകളിലോ ഈ വള്ളിത്തണ്ടുകളും ചെറുചില്ലകളും ചുരുട്ടി വച്ചുണ്ടാക്കുന്നതാണ്‌ കൂട്‌. കൂടിന്‌ തറയില്‍ നിന്നു 90-150 സെ.മീ. ഉയരമുണ്ടായിരിക്കും. മേയ്‌ജൂണ്‍ മാസങ്ങളിലാണ്‌ കൂടുണ്ടാക്കുന്നത്‌. ഒരു തവണ സാധാരണയായി 4 മുട്ടകള്‍ കാണും. താരതമ്യേന പരന്ന്‌, ദീര്‍ഘവൃത്താകാരമായ മുട്ടകള്‍ക്ക്‌ ഏതാണ്ടു വെള്ളനിറം തന്നെയായിരിക്കും. കൂടും മുട്ടകളും മനുഷ്യശ്രദ്ധയില്‍ പെടാതിരിക്കാന്‍ പക്ഷി പ്രത്യേകം ശ്രദ്ധിക്കുന്നു.

കേരളത്തില്‍ ജനക്ഷാമമനുഭവപ്പെടാത്ത തിരുകൊച്ചി പ്രദേശങ്ങളില്‍ കരിങ്കൊച്ച ഒരു സ്ഥിരതാമസക്കാരനാണ്‌. എന്നാല്‍ മലബാര്‍ഭാഗങ്ങളില്‍ മഴ തുടങ്ങുന്നതോടെയാണ്‌ ഇവ എത്തുന്നത്‌; ഡി. മാസത്തിനുശേഷം തെക്കോട്ടു നീങ്ങി കായലുകളെയും മറ്റു ജലാശയങ്ങളെയും ആശ്രയിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ മിക്കവാറും എല്ലായിടത്തും തന്നെ കാണപ്പെടുന്ന ഈ കൊക്കിനെ മ്യാന്‍മര്‍, മലേഷ്യാ, ദക്ഷിണചൈന, സെലബീസ്‌ (ഇന്‍ഡോനേഷ്യ), ഫിലിപ്പീന്‍സ്‌, ശ്രീലങ്ക എന്നിവിടങ്ങളിലും കണ്ടെത്താം. ആസ്‌റ്റ്രലിയ വരെ ഈ സ്‌പീഷീസ്‌ എത്തിയിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍