This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിങ്കടല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരിങ്കടല്‍

Black Sea

അത്‌ലാന്തിക്‌ സമുദ്രത്തിന്റെ ഒരു ഉള്‍നാടന്‍ ശാഖ. ഭൂമുഖത്തെ വിസ്‌തൃതിയേറിയ ഉപാന്ത കടലു(Marginal Sea)കളില്‍ ഒന്നാണ്‌ കരിങ്കടല്‍. ബോസ്‌പറസ്‌ (Bosporus) കെടലിടുക്കും മര്‍മാറ (Marmara) കടലും ചേര്‍ന്ന്‌ ഇതിനെ മെഡിറ്ററേനിയന്‍ കടലുമായി ബന്ധിപ്പിക്കുന്നു. തുര്‍ക്കി, റഷ്യ, ഉക്രന്‍, ജോര്‍ജിയ, ബള്‍ഗേറിയ, റുമേനിയ എന്നിവയാണ്‌ കരിങ്കടല്‍ത്തീരം പങ്കിടുന്ന രാജ്യങ്ങള്‍. ഏതാണ്ട്‌ പയര്‍മണിയുടെ ആകൃതിയില്‍ 4,13,488 ച.കി.മീ. (അസോവ്‌ കടല്‍ ഒഴിച്ച്‌) വ്യാപിച്ചുകിടക്കുന്ന കരിങ്കടലിനു മൂന്നു പേരുകളുണ്ട്‌. റഷ്യ, ഉക്രന്‍, ജോര്‍ജിയ, ബള്‍ഗേറിയ എന്നീ രാജ്യങ്ങളില്‍ ചെര്‍നോയ്‌ മോര്‍ (Chernoye More) എന്നും തുര്‍ക്കിയില്‍ കാരാ ദെനിസ്‌ (Kara Deniz)എന്നും റൂമാനിയയില്‍ മേരിയ നീഗ്ര (Marea Neagra) എന്നുമാണ്‌ കരിങ്കടലിനു പേരുകള്‍. റഷ്യഉക്രന്‍ പ്രദേശ(European Russia)ത്തു കയറിക്കിടക്കുന്ന അസോവ്‌ കടല്‍ കരിങ്കടലിന്റെ ഏറ്റവും വലിയ ശാഖയാണ്‌. കരിങ്കടലിന്റെ തെക്കുഭാഗത്തിനാണ്‌ ഏറ്റവും കൂടുതല്‍ ആഴമുള്ളത്‌ (2,211 മീ.). 5,37,300 ഘന കി.മീ. ജലമുള്‍ക്കൊള്ളുന്ന കരിങ്കടലില്‍ 100 മീ.ല്‍ താഴെയുള്ള വിതാനങ്ങളില്‍ ഓക്‌സിജന്റെ അഭാവവും ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ പ്രാഭവവുമാണുള്ളത്‌. യൂക്‌സീന്‍ കടല്‍ (Euxene Sea) എന്ന പേരിലും അറിയപ്പെടുന്ന കരിങ്കടലിന്റെ തീരത്ത്‌ ധാരാളം തുറമുഖങ്ങളും നഗരങ്ങളുമുണ്ട്‌.

കരിങ്കടല്‍

കരിങ്കടലിന്റെ കൂടിയ നീളം കി. പടിഞ്ഞാറ്‌ 1,130 കി.മീ;ഉം വീതി തെ. വടക്ക്‌ 610 കി.മീ.ഉം ആണ്‌. മെഡിറ്ററേനിയന്‍ കടലിന്റെ പിരിവായ ഈജിയന്‍ കടലുമായി കരിങ്കടല്‍ ബന്ധപ്പെട്ടിരിക്കുന്നു. ബോസ്‌പറസ്‌ ജലസന്ധി വഴി മര്‍മാറ കടലിലൂടെ ഡാര്‍ഡനെല്‍സ്‌ കടലിടുക്കു താണ്ടി കരിങ്കടലിലെ ജലം മെഡിറ്ററേനിയന്‍ ജലവുമായി ചേരാറുണ്ട്‌. തീരദേശത്തിന്റെ മൂന്നിലൊന്നോളം വരുന്ന ഏഷ്യന്‍ ഭാഗം തുര്‍ക്കിയുടേതും ബാക്കിയുള്ള യൂറോപ്യന്‍ തീരത്തിന്റെ അധിക പങ്കും റഷ്യയുടെയും ഭാഗമാണ്‌. കരിങ്കടലില്‍ പതിക്കുന്ന തുര്‍ക്കിയിലെ നദികളാണ്‌ കിസില്‍ ഇര്‍മാക്‌, സകാരിയ തുടങ്ങിയവ. ഡാന്യൂബ്‌, സിരെതുല്‍, പ്രൂറ്റ്‌ എന്നീ നദികള്‍ സംഗമിച്ചു നിപതിക്കുന്നതും ന-ീസ്റ്റര്‍, നീപര്‍ എന്നീ വന്‍നദികള്‍ക്കു പുറമെ പല ചെറു നദികളും പതിക്കുന്നതുമായ കരിങ്കടലിന്റെ പശ്ചിമോത്തരഭാഗം വന്‍തോതില്‍ എക്കലടിഞ്ഞതിന്റെ ഫലമായി ആഴം കുറഞ്ഞിരിക്കുന്നു; ഇവിടം ജീവജാലസമൃദ്ധവുമാണ്‌. പോണ്ടിക്‌ നിരകളുടെയും കാക്കസസ്‌ നിരകളുടെയും പ്രാന്തത്തിലുള്ള മറ്റു ഭാഗങ്ങളില്‍ കടലിന്റെ ആഴം കുത്തനെ വര്‍ധിക്കുകയും തീരരേഖയ്‌ക്ക്‌ ഉദ്ദേശം 100 മീ. അകലെയെത്തുമ്പോഴേക്കും കടല്‍ത്തറയുടെ താഴ്‌ച 2,000 മീ. വരെ ആവുകയും ചെയ്യുന്നു; തന്മൂലം വന്‍കരചെരിവിന്‌ 200 വരെ ചെരിവുമാനമുണ്ട്‌. തുടര്‍ന്ന്‌ 200 മീ.ഓളം മാത്രം ആഴ വ്യതിയാനമുള്ള സാമാന്യം നിരപ്പുള്ള ഒരു വിസ്‌തൃത മേഖലയാണ്‌ കരിങ്കടലിന്റെ അടിത്തറ. അസോവ്‌ കടലിനു ശരാശരി ആഴം 13.5 മീ. ആണ്‌.

ബള്‍ഗേറിയന്‍ റവിയോ എന്നറിയപ്പെടുന്ന കരിങ്കടല്‍ത്തീരം

കരിങ്കടല്‍ പണ്ടു കാലത്ത്‌ ഒരു തടാകമായിരുന്നു. 1976-77ല്‍ ഗ്ലോമര്‍ ചലഞ്ചര്‍ ഉപയോഗിച്ച്‌ കരിങ്കടലില്‍ നടത്തിയ പരീക്ഷണ പഠനങ്ങള്‍ ഇതിന്‌ ഉപോദ്‌ബലകമാണ്‌. 1,750 മീ. ആഴത്തില്‍ നിന്നു ശേഖരിച്ച അവസാദം കടലോരത്തു രൂപം കൊണ്ടവയുടെ സ്വഭാവവിശേഷങ്ങളോടു കൂടിയതാണ്‌. ഇന്ന്‌ 2,000 മീ.ല്‍ അധികം ആഴത്തിലുള്ള മധ്യഭാഗത്തു മാത്രം ഒരു കാലത്ത്‌ വ്യാപിച്ചിരുന്ന ഒരു ശുദ്ധജല തടാകമായിരുന്നു കരിങ്കടലെന്നും, ടെര്‍ഷ്യറി കല്‌പത്തില്‍ ഭൂവല്‌ക്കപരിണാമത്തിലൂടെ മധ്യധരണ്യാഴിയുമായി ബന്ധപ്പെട്ടതോടെ ഉപ്പുജലം കയറി സമീപസ്ഥ ഭാഗങ്ങള്‍ കൂടി ജലനിമഗ്‌നമായതാണെന്നും ഇതു സൂചിപ്പിക്കുന്നു. കരിങ്കടല്‍ ഇന്നത്തെ അവസ്ഥയിലെത്തിയിട്ട്‌ സു. 7000 വര്‍ഷങ്ങളേ ആയിട്ടുള്ളുവെന്ന്‌ കരുതപ്പെടുന്നു. ജീവാശ്‌മപഠനങ്ങളില്‍ നിന്ന്‌, ഭൂഗോളം മൊത്തത്തില്‍ വിധേയമായിട്ടുണ്ടെന്നു കരുതപ്പെടുന്ന 4 ഹിമയുഗങ്ങളില്‍ മൂന്നെണ്ണത്തിന്റെ പ്രഭാവം മാത്രമേ ഈ മേഖലയില്‍ അനുഭവപ്പെട്ടു കാണുന്നുള്ളു. ഇവിടെ 11.5 കി.മീ. കനത്തില്‍ അവസാദശിലകള്‍ രൂപം കൊണ്ടിരിക്കുന്നു. വര്‍ഷംപ്രതി യൂറോപ്യന്‍ നദികളിലൂടെ ഒഴുകിയെത്തുന്ന 3,50,000 ഘന കി.മീ. ശുദ്ധജലം കടല്‍ ജലത്തിന്റെ ലവണതയും സാന്ദ്രതയും കുറയ്‌ക്കുന്നു. ഉപരിതലത്തിലെ ശരാശരി ലവണത 1718 ശ.മാ. ആണ്‌. ഒഴുകിയെത്തുന്ന ശുദ്ധജലത്തിന്റെ പകുതിയോളം ബാഷ്‌പീകൃതമാവുകയും കുറെ ഭാഗം കരിങ്കടലിലെ അപ്രദക്ഷിണമായുള്ള പ്രവാഹങ്ങള്‍ക്കിടയ്‌ക്ക്‌ മുകള്‍പ്പരപ്പിലൂടെ മധ്യധരണ്യാഴിയിലേക്കു കടക്കുകയും ചെയ്യുന്നു. ഇപ്രകാരം ആണ്ടുതോറും 4,00000 ഘന.കി.മീറ്ററോളം ജലം കരിങ്കടലില്‍ നിന്ന്‌ ബോസ്‌പാറസ്‌ വഴി പുറത്തു പോകുമ്പോള്‍ ഇതിന്റെ പകുതിയോളം, ലവണതയേറിയ സാന്ദ്രജലം കരിങ്കടലിലേക്കു കടക്കുന്നു. തന്മൂലം കരിങ്കടലിലെ ജലത്തിന്റെ ലവണത കാര്യമായി വ്യതിചലിക്കുന്നില്ല. തികച്ചും പ്രക്ഷുബ്‌ധമായ അവസ്ഥയിലും മുകളില്‍ 100-125 മീ. കനത്തിലുള്ള ജലസ്‌തരത്തിനുള്ളില്‍ മാത്രമേ ചലനം നടക്കുന്നുള്ളു. കരിങ്കടല്‍ ജലം പാളികളായാണ്‌ സ്ഥിതിചെയ്യുന്നത്‌. 105-140 മീ. വരെ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന ഉപരിപാളിയില്‍ ഓക്‌സിജനുള്‍ക്കൊള്ളുന്നതാണ്‌. ഹൈഡ്രജന്‍ സള്‍ഫൈഡ്‌ വര്‍ധിച്ച തോതില്‍ വഹിക്കുന്ന കീഴ്‌പ്പാളി ജൈവരഹിതമാണ്‌. നിശ്ചലമായ അഗാധതലങ്ങളില്‍, പ്രാണവായുവിന്റെ അഭാവവും ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ ആധിക്യവും മൂലം ജീവന്റെ നിലനില്‌പിനെ തികച്ചും നിരോധിക്കുന്ന ഒരു പരിതഃസ്ഥിതിയാണുള്ളത്‌. മേല്‍ഭാഗങ്ങളില്‍ നിന്ന്‌ അടിഞ്ഞുതാഴുന്ന ജൈവപദാര്‍ഥങ്ങളുടെ ഓക്‌സീകരണം മൂലം ജലത്തില്‍ നിന്ന്‌ ധാരാളമായി പ്രാണവായു നഷ്ടപ്പെടുന്നു. എന്നാല്‍ മറ്റു തുറസ്സായ സമുദ്രങ്ങളിലേതില്‍ നിന്നു വ്യത്യസ്‌തമായി കരിങ്കടലില്‍ അധഃസ്ഥലങ്ങളില്‍ ജലസംചരണമില്ലാത്തതിനാല്‍ അവിടേക്കു ഓക്‌സിജന്‍ എത്തിക്കപ്പെടുന്നില്ല. ഈ സ്ഥിതിവിശേഷം ജീവാശ്‌മ പരിരക്ഷണത്തിനും അതിലേറെ പെട്രാളിയത്തിന്റെ രൂപീകരണത്തിനും സഹായകമാണ്‌.

410 മുതല്‍ 470 വരെയുള്ള വ. അക്ഷാംശങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന കരിങ്കടലില്‍ താപനില മധ്യധരണ്യാഴിയിലേതിനെക്കാള്‍ കുറവാണ്‌. ചൂടും മഴയും അനുഭവപ്പെടുന്ന മഞ്ഞുകാലവും, ചൂടേറിയ വരണ്ട വേനലും കരിങ്കടല്‍ പ്രദേശത്തെ കാലാവസ്ഥാസവിശേഷതകളാണ്‌. മഞ്ഞുകാലത്ത്‌ പൊതുവേ പ്രക്ഷുബ്‌ധമായ കാലാവസ്ഥ ഇവിടെയനുഭവപ്പെടുന്നു. കാക്കസസ്‌ തീരക്കടലില്‍ വീശുന്ന ബോറ(Bora)എന്ന ശീതകൊടുങ്കാറ്റ്‌ കരിങ്കടലിലൂടെയുള്ള ജലഗതാഗതത്തിന്‌ ഭീഷണിയാവുക ഇക്കാലത്ത്‌ പതിവാണ്‌. വേനല്‍ക്കാലത്ത്‌ കടലില്‍ ജലസ്‌തംഭങ്ങള്‍ രൂപം കൊള്ളാറുണ്ട്‌. ഇവിടെ കടല്‍ക്കൊടുങ്കാറ്റ്‌ ക്ഷണത്തില്‍ രൂപം കൊള്ളുക സാധാരണമാണെങ്കിലും തത്‌ഫലമായി അപൂര്‍വമായേ ലഘുവായ തോതിലെങ്കിലും വേലിയേറ്റമുണ്ടാകാറുള്ളു. വാര്‍ഷികമായും ഋതുഭേദങ്ങള്‍ക്കനുസൃതമായും കരിങ്കടലിലെ ജലനിരപ്പ്‌ വ്യത്യാസപ്പെടുന്നു; ഒരു നൂറ്റാണ്ടില്‍ ജലനിരപ്പ്‌ 2050 സെ.മീ. ഉയരുന്നുണ്ട്‌. ശീതകാലത്ത്‌, ഡി.ജനു. മാസങ്ങളില്‍, വ. പടിഞ്ഞാറു തീരത്തു മാത്രമേ ജലം തണുത്തുറയുന്നുള്ളു. തന്മൂലം ഗതാഗതയോഗ്യമല്ലാതാവുന്ന തുറമുഖങ്ങള്‍ ഫെ.മാ. മാസങ്ങളില്‍, പൂര്‍ണമായും മഞ്ഞുരുകുന്നതോടെ, ഗതാഗതയോഗ്യമാവുന്നു. കരിങ്കടലില്‍ പ്ലവകങ്ങള്‍ താരതമ്യേന കുറവാണ്‌. സാന്ദ്രതക്കുറവ്‌, താഴ്‌ന്ന താപനില, ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ പ്രാഭവം, പ്ലവകങ്ങളുടെ കുറവ്‌ എന്നിവ മൂലം ഇവിടത്തെ മത്സ്യസമ്പത്തും പുഷ്‌കലമല്ല. അയല, മത്തി, പൈക്ക്‌, പെര്‍ച്ച്‌, ബ്രീം തുടങ്ങിയവയാണ്‌ കരിങ്കടലില്‍ നിന്നു ബന്ധിക്കപ്പെടുന്ന മത്സ്യങ്ങള്‍; കരിങ്കടലില്‍ പോര്‍പീസും ധാരാളമായുണ്ട്‌. നീലമത്സ്യം, സ്‌കോംബര്‍ തുടങ്ങിയവയിലെ ചില സവിശേഷയിനങ്ങള്‍ കരിങ്കടലില്‍ മാത്രമാണുള്ളത്‌. 1966 മുതല്‍ കരിങ്കടല്‍ ഡോള്‍ഫിനുകളുടെ ഒരു സംരക്ഷിതമേഖലയാണ്‌. സോവിയറ്റ്‌ യൂണിയന്‌ സ്വാധീനമുള്ള കടലുകളില്‍ ഏറ്റവും സുഖോഷ്‌മളവും ഭൂമധ്യരേഖയ്‌ക്കു സമീപത്തുള്ള പുറംകടലുകളുമായി ബന്ധപ്പെട്ടിട്ടുള്ളതുമായ ഏകകടലാണിത്‌. ലക്ഷക്കണക്കിന്‌ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കടല്‍പ്പുറത്ത്‌ സൂര്യസ്‌നാനത്തിനായെത്തുന്നവരുടെ തിരക്കു വര്‍ധിച്ചുവരുന്നു.

ധാന്യങ്ങള്‍, ധാതുക്കള്‍, ഇന്ധനം, സിമന്റ്‌ എന്നിവയാണ്‌ കരിങ്കടലിലൂടെ വിദൂരങ്ങളിലേക്ക്‌ കൊണ്ടുപോകുന്ന മുഖ്യചരക്കുകള്‍. കരിങ്കടലിന്റെ സോവിയറ്റ്‌ തീരത്തുള്ള മുഖ്യതുറമുഖങ്ങള്‍ ഖര്‍സന്‍, നോവൊറൊസീസ്‌ക്‌, ഒഡെസാ, സെവസ്റ്റപോള്‍, സോഷി എന്നിവയാണ്‌. റൂമേനിയന്‍ തുറമുഖം കോണ്‍സ്റ്റാന്‍സായും, ബള്‍ഗേറിയന്‍ തുറമുഖം വാര്‍നെ, ബര്‍ഗാസ്‌ എന്നിവയുമാണ്‌.

ചരിത്രം. കരിങ്കടലിന്റെ തെക്കന്‍ തീരങ്ങളില്‍ ബി.സി. 7-ാം ശ.ത്തില്‍ത്തന്നെ ഗ്രീക്കുകാര്‍ കച്ചവടത്താവളങ്ങള്‍ സ്ഥാപിച്ചിരുന്നു. തുടര്‍ന്ന്‌ വളര്‍ന്നു വികസിച്ച പട്ടണങ്ങളാണ്‌ സിനോവ്‌, ട്രാബ്‌സന്‍ തുടങ്ങിയവ; അസോവ്‌ കടലിലും തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനായി ഇക്കൂട്ടര്‍ കെര്‍ച്ച്‌ കടലിടുക്കിന്റെ ഇരുഭാഗങ്ങളിലും അധിവാസമുറപ്പിച്ചു. ക്രിമിയയും ഇതോടെ വികസിതമായി.

കരിങ്കടലിന്റെ ചെങ്കുത്തായ തെക്കന്‍ തീരങ്ങളെയും ഈ ഭാഗത്തെ ആഴമേറിയ കടലിനെയും ഭയന്നിരുന്ന തുര്‍ക്കികള്‍ കറുത്ത കടല്‍ എന്നര്‍ഥം വരുമാറ്‌ കാരാ ദെനിസ്‌ (Kara Deniz)എന്നു കടലിനു പേരിട്ടു. ചെര്‍നോയ്‌ മോര്‍ എന്ന റഷ്യന്‍ നാമത്തിനും അര്‍ഥമിതാണ്‌; ഹേമന്തകാലത്ത്‌ കനത്ത മൂടല്‍മഞ്ഞു കാരണം ഇരുണ്ടുകാണപ്പെടുന്നതിനാലാണ്‌ കരിങ്കടല്‍ എന്ന പേര്‍ പ്രബലപ്പെട്ടത്‌. എന്നാല്‍ പ്രാക്കാലം മുതല്‍ സൗഹൃദസാഗരം എന്ന്‌ ധ്വനിയുള്ള പോണ്ടസ്‌ യൂക്‌സിനസ്‌ (Pondus Euxinus)എന്നാണ്‌ കടലിന്റെ ഗ്രീക്‌ നാമധേയം. റോമന്‍ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റാന്റീന്‍ ക (228-337) എ.ഡി. 380ല്‍ ബോസ്‌പറസ്‌ മര്‍മാറതീരം കിഴക്കന്‍ റോമാസാമ്രാജ്യത്തിന്റെ ആസ്ഥാനമാക്കി. ഇന്ന്‌ ഇസ്‌താന്‍ബുള്‍ എന്നു പേരുള്ള നഗരം മധ്യകാലഘട്ടത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നും അതിനും മുന്‍കാലങ്ങളില്‍ ബൈസാന്തിയം എന്നും അറിയപ്പെട്ടിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിള്‍ സ്ഥാപിതമായതോടെ കരിങ്കടലിന്റെ പ്രാധാന്യം പതിന്മടങ്ങു വര്‍ധിച്ചു. 8910 ശ.ങ്ങളില്‍ ഈ പട്ടണത്തിലെ വാണിജ്യ പുരോഗതിയില്‍ കരിങ്കടല്‍ ഗണ്യമായ പങ്കു വഹിക്കുകയുണ്ടായി.

1453ല്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയതോടെ മറ്റെല്ലാ രാജ്യങ്ങളുടെയും ജല നൗകകള്‍ക്കു കരിങ്കടലില്‍ നിരോധനം ഏര്‍പ്പെടുത്തപ്പെട്ടു. എന്നാല്‍ 1774ല്‍ റഷ്യന്‍ കപ്പലുകള്‍ കരിങ്കടലില്‍ പ്രവേശിക്കുന്നതിന്‌ അനുമതിനേടിയതിനെത്തുടര്‍ന്ന്‌ 1784ല്‍ ആസ്‌ട്രിയയും 1802ല്‍ ബ്രിട്ടന്‍, ഫ്രാന്‍സ്‌ എന്നീ രാജ്യങ്ങളും ഇതേ അവകാശം നേടിയെടുത്തു. റഷ്യയുടെ മേധാവിത്വമനോഭാവം പില്‌ക്കാലത്ത്‌ ക്രിമിയന്‍ യുദ്ധത്തിനു കളമൊരുക്കി. തുടര്‍ന്ന്‌ 1856ല്‍ പാരിസ്‌ ഉടമ്പടിയിലൂടെ കരിങ്കടല്‍ ഒരു സ്വതന്ത്രമേഖലയായി പ്രഖ്യാപിക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍