This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിക്ക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരിക്ക്‌

ഇളനീര്‍

മൂപ്പെത്താത്ത നാളികേരം. ഇളനീര്‍, കുരുമ്പ എന്നും പേരുകളുണ്ട്‌. കരുക്കായ്‌ (കരു പിടിച്ചുവരുന്ന കായ്‌) എന്ന അര്‍ഥത്തിലായിരിക്കണം ഈ പദം പ്രയോഗത്തിലെത്തിയത്‌. സ്വാദേറിയതും സുഖശീതളമായതും പോഷകഗുണമുള്ളതുമായ കരിക്കിന്‍വെള്ളം ഒരു നല്ല പാനീയമാണ്‌. പുരാതന കാലം മുതല്‌ക്കുതന്നെ കരിക്ക്‌ വിദേശസഞ്ചാരികളെ ആകര്‍ഷിച്ചിരുന്നു. 1342ല്‍ കേരളം സന്ദര്‍ശിച്ച ലോകസഞ്ചാരിയായ ഇബ്‌നുബത്തൂത്ത തന്റെ യാത്രാവിവരണങ്ങളില്‍ കരിക്കിനെക്കുറിച്ച്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ ഇങ്ങനെയാണ്‌: "വേണ്ടത്ര മൂപ്പെത്താത്ത നാളികേരത്തിന്‌ ഇളനീര്‍ എന്നാണ്‌ പേര്‌. കത്തികൊണ്ട്‌ അതിന്റെ തൊലി ചെത്തിക്കളഞ്ഞ്‌ മുകള്‍ഭാഗം തുരന്ന്‌ വെള്ളം കുടിക്കുന്നു. വളരെ മധുരമുള്ളതും തണുത്തതുമായ ആ വെള്ളം ശരീരത്തിന്‌ ഉത്തമമാണ്‌. വെള്ളം കുടിച്ചുകഴിഞ്ഞാല്‍ അതിന്‍െറ പുറം തോടുകൊണ്ട്‌ ഒരു സ്‌പൂണ്‍പോലെ ഉണ്ടാക്കി ഉള്ളിലുള്ള ഭക്ഷ്യ പദാര്‍ഥം ചുരണ്ടിത്തിന്നുന്നു. കോഴിമുട്ടയുടെ രുചിയാണിതിന്‌. അത്‌ ഭക്ഷണപദാര്‍ഥങ്ങളില്‍ ചേര്‍ത്ത്‌ ഉപയോഗിക്കുന്നു'.

വിളഞ്ഞ തേങ്ങയെയപേക്ഷിച്ച്‌ കരിക്കിന്‌ ഭാരക്കൂടുതലുണ്ടായിരിക്കും. ഉള്ളില്‍ വെള്ളം പൂര്‍ണമായി നിറഞ്ഞിരിക്കുന്നതിനാല്‍ തേങ്ങ കുലുക്കുമ്പോഴുണ്ടാകുന്നതു പോലെ ശബ്‌ദമുണ്ടാകുകയില്ല. പുറംതൊണ്ടു (exocarp) നല്ല പച്ചനിറവും മിനുസമേറിയതുമാണ്‌; ഫലം പാകമെത്തുന്നതോടെ മഞ്ഞയും പച്ചയും കലര്‍ന്ന നിറമായിത്തീരുന്നു. മീസോകാര്‍പ്‌ (mesocarp) കട്ടിയുള്ള നാരുകള്‍ നിറഞ്ഞതാണ്‌. പാകമായിക്കഴിയുമ്പോള്‍ ഇതില്‍നിന്നു കയറുണ്ടാക്കാം. മീസോകാര്‍പ്പിനുള്ളില്‍ എന്‍ഡോകാര്‍പ്പ്‌ (endocarp) കാണാം. ഇതാണ്‌ ചിരട്ട. ഉള്ളില്‍ നേര്‍ത്ത്‌ വെളുത്ത്‌ മാംസളമായ ഒരു ഭാഗവും നടുവില്‍ പോഷകഗുണങ്ങള്‍ തികഞ്ഞ ഒരു ദ്രാവകം നിറഞ്ഞ കോടരവും ഉണ്ട്‌. കരിക്ക്‌ മൂപ്പെത്തുന്നതോടെ വെളുത്ത മാംസളഭാഗത്തിന്‌ (പരിപ്പ്‌) കട്ടികൂടുകയും നടുവിലുള്ള കോടരത്തിലെ ദ്രാവകത്തിന്റെ അളവ്‌ കുറയുകയും ചെയ്യും. ബീജസംയോഗം കഴിഞ്ഞാല്‍ ഉദ്ദേശം ഒരു വര്‍ഷംകൊണ്ടേ ഫലം മൂപ്പെത്തുകയുള്ളു. മൂപ്പെത്തുമ്പോള്‍ മാത്രമാണ്‌ പരിപ്പില്‍ എണ്ണയുടെ അംശം രൂപപ്പെടുന്നത്‌. ചിരട്ടയുടെ മുഖപ്പിലെ മൂന്നു കുഴികളെ "കണ്ണുകള്‍' എന്നു വിളിക്കുന്നു. ഏറ്റവും വലുപ്പമുള്ള കണ്ണിന്റെ തൊട്ടുതാഴെയാണ്‌ പാകമെത്തുമ്പോള്‍ ഭ്രൂണം സ്ഥിതി ചെയ്യുക. കരിക്കിനുള്ളിലെ മാധുര്യമുള്ള വെള്ളം വേനല്‍ക്കാലത്തെ ഹൃദ്യമായ ഒരു ശീതളപാനീയമാണ്‌. ഇപ്പോള്‍ ഇത്‌ കുപ്പികളിലടച്ച്‌ കമ്പോളങ്ങളില്‍ വിപണനത്തിനായി എത്തിക്കുന്നുണ്ട്‌. ദാഹശമനത്തിനുള്ള പാനീയമെന്നതിനു പുറമേ രോഗികള്‍ക്കും ഇത്‌ നല്‌കിവരുന്നു.

"ലഘുശീതം സ്വാദുവൃഷ്യം സ്‌നിഗ്‌ധം താനിള 
					നീര്‍ജലം
തൃഷ്‌ണപോം വാതപിത്തഘ്‌നം ദീപനം വസ്‌തി 
 					ശോധനം'
എന്നാണ്‌ ആയുര്‍വേദപ്രകാരം ഇളനീരി(തരുണഫലം)ന്റെ ഗുണങ്ങള്‍.
"ഇളനീര്‍ ശീതളം ഹൃദ്യം മധുരം പിത്തനാശനം
ദാഹാസ്ഥിസ്രാവകൃച്ഛ്‌റാദി രോഗാണാം ച 
					വിനാശകം'
(ഭാഷാവൈദ്യമാലിക)
 

ഇളനീര്‍വെള്ളം ക്ഷാരഗുണത്തോടും കഷായരസത്തോടും കൂടിയതും വളരെ ഗുരുവുമാണ്‌. കരിക്കിന്‍വെള്ളം പ്രായേണ വിരേചനകരവും ശീതവും, ഛര്‍ദി, പിത്തജ്വരം ഇവ ശമിപ്പിക്കുന്നതുമാണെന്ന്‌ രാജവല്ലഭനും; ദീപനകരവും മധുരവും ജീര്‍ണജ്വരം ശമിപ്പിക്കുന്നതും വസ്‌തിശുദ്ധി വരുത്തുന്നതുമാണെന്ന്‌ ഭോജസംഹിതയും പ്രസ്‌താവിക്കുന്നു.

ക്ഷേത്രങ്ങളില്‍ നിവേദിക്കാനും അഭിഷേകത്തിനും ഇളനീര്‍ ഉപയോഗിക്കുന്നുണ്ട്‌. കരിക്കുകൊണ്ട്‌ പുഡ്ഡിങ്‌ പോലുള്ള വിഭവങ്ങളും ഉണ്ടാക്കാം. സാഹിത്യകൃതികളിലും കരിക്കിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്‌. "കരിക്കും കൊട്ടത്തേങ്ങ വിരിപ്പാത്തോലും തഞ്ചി' എന്ന്‌ ഹര്യക്ഷമാസ സമരോത്‌സവത്തിലും "സുതനുവിരു കരിക്കിലൊന്നിനാല്‍ത്തന്‍ വ്രജത പിപാസയടക്കുവാനൊരുങ്ങീ' എന്ന്‌ സാഹിത്യമഞ്‌ജരിയിലും കാണുന്നത്‌ ഇതിനുദാഹരണമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍