This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിക്കാട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരിക്കാട്‌

പരശുരാമന്‍ കേരളത്തില്‍ സ്ഥാപിച്ചതെന്നു വിശ്വസിക്കപ്പെടുന്ന അറുപത്തിനാലു ഗ്രാമങ്ങളിലൊന്ന്‌. മധ്യകാല സംസ്‌കൃത കൃതികളില്‍ ഈ പ്രദേശത്തെ ഹസ്‌തിനവനമെന്നാണ്‌ പരാമര്‍ശിച്ചിട്ടുള്ളത്‌. കാടു കരിച്ച്‌ ആ ഭാഗത്ത്‌ ജനങ്ങളെ അധിവസിപ്പിച്ചതുകൊണ്ടാവാം ഈ പ്രദേശത്തിന്‌ കരിക്കാട്‌ എന്ന്‌ പേരുണ്ടായത്‌. ആനകള്‍ ധാരാളമുള്ള കാട്‌ എന്ന നിഷ്‌പത്തിയും സംഗതമാണ്‌. മലപ്പുറം ജില്ലയില്‍ ഏറനാട്‌ താലൂക്കിലെ തൃക്കലങ്ങോട്‌ വില്ലേജില്‍പ്പെട്ട രണ്ടു കരകളില്‍ ഒന്നാണ്‌ ഇത്‌. കരിക്കാട്‌ ക്ഷേത്രമാണ്‌ ഈ ഗ്രാമത്തെ പ്രസിദ്ധമാക്കിയിരിക്കുന്നത്‌. മഞ്ചേരിയില്‍ നിന്ന്‌ അഞ്ച്‌ കി.മീ. വടക്ക്‌ മഞ്ചേരിനിലമ്പൂര്‍ റോഡിനു സമീപമാണ്‌ ക്ഷേത്രം; ചേരമാന്‍ പെരുമാക്കന്മാരുടെ ക്ഷേത്രനിര്‍മാണ ശൈലിയിലാണ്‌ ഇവിടത്തെ വാസ്‌തുശില്‌പങ്ങള്‍ തീര്‍ത്തിട്ടുള്ളത്‌. ധ്വജപ്രതിഷ്‌ഠയോടു കൂടിയ മതില്‍ക്കെട്ടിനകത്ത്‌ രണ്ടു സുബ്രഹ്മണ്യക്ഷേത്രങ്ങളും ഒരു ശാസ്‌താക്ഷേത്രവും സ്ഥിതി ചെയ്യുന്നു. തുല്യ പ്രാധാന്യമാണ്‌ മൂന്നിനുമുള്ളത്‌. വടക്കുംതേവരെന്നും തെക്കുംതേവരെന്നും അറിയപ്പെടുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങള്‍ക്കാണ്‌ കൂടുതല്‍ പഴക്കവും ചരിത്രപ്രാധാന്യവും. എന്നാല്‍ ശാസ്‌താവാണ്‌ പ്രധാന ഉപാസനാമൂര്‍ത്തി. ഈ ക്ഷേത്രങ്ങള്‍ സു.എ.ഡി. 10-ാം ശ.ത്തില്‍ പണികഴിപ്പിക്കപ്പെട്ടവയായിരിക്കണമെന്ന്‌ ക്ഷേത്രത്തില്‍ കാണപ്പെടുന്ന അഞ്ച്‌ ശിലാലിഖിതങ്ങള്‍ സൂചിപ്പിക്കുന്നു. കന്നി 1ല്‍ തുടങ്ങി 12ഓടു കൂടി അവസാനിക്കുന്ന ഈശ്വരസേവ, മകരമാസത്തില്‍ തൈപ്പൂയത്തോടുകൂടി അവസാനിക്കുന്ന ഏഴു ദിവസത്തെ ഉത്സവം എന്നിവയാണ്‌ ഇവിടത്തെ പ്രധാന ആഘോഷങ്ങള്‍. വറുത്ത അരിപ്പൊടിയും ചിരകിയ നാളികേരവും കൂടി ശര്‍ക്കരപ്പാനിയിലിട്ടിളക്കി തയ്യാറാക്കുന്ന "തരിപ്പണം' ശാസ്‌താവിനുള്ള പ്രത്യേക വഴിപാടാണ്‌. വലുതും ചെറുതുമായ ഏതാനും ക്ഷേത്രങ്ങള്‍ കരിക്കാട്‌ ക്ഷേത്രത്തിന്റെ കീഴിലുണ്ട്‌. ഓരോ ഇല്ലക്കാരുടെ ഉപാസനാമൂര്‍ത്തികളായിരുന്നു ഇവയിലധികവും. ശാകുന്തളം വ്യാഖ്യാതാവായ അഭിരാമന്‍, കരിക്കാട്‌ സ്വദേശിയാണെന്ന്‌ ഒരു അഭിപ്രായമുണ്ട്‌.

(വിളക്കുടി രാജേന്ദ്രന്‍; കേശവന്‍ വെളുത്താട്ട്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍